ദിവ്യബലി വായനകൾ Wednesday of week 26 in Ordinary Time

🔵🔵🔵🔵🔵🔵🔵🔵🔵🔵🔵_____________
🌺🕯🕯 ….✝🍛🍸🙏🏼….🕯🕯🌺
ദിവ്യബലി വായനകൾ – ലത്തീൻക്രമം
_____________

🔵 ബുധൻ, 30/9/2020


Saint Jerome, Priest, Doctor 
on Wednesday of week 26 in Ordinary Time

Liturgical Colour: White.

പ്രവേശകപ്രഭണിതം

cf. സങ്കീ 1:2-3

രാവും പകലും കര്‍ത്താവിന്റെ നിയമം ധ്യാനിക്കുന്നവന്‍ ഭാഗ്യവാനാണ്;
അതിന്റെ ഫലം യഥാകാലം അവന്‍ നല്കും.

സമിതിപ്രാര്‍ത്ഥന

ദൈവമേ, വിശുദ്ധഗ്രന്ഥത്തോട് മാധുര്യം നിറഞ്ഞതും
വാത്സല്യപൂര്‍വകവും സജീവവുമായ സ്‌നേഹം,
വൈദികനായ വിശുദ്ധ ജെറോമിന് അങ്ങ് നല്കിയല്ലോ.
അങ്ങേ ജനം, അങ്ങേ വചനത്താല്‍
സമൃദ്ധമായി പരിപോഷിപ്പിക്കപ്പെടാനും
അതില്‍ ജീവന്റെ ഉറവ കണ്ടെത്താനും അനുഗ്രഹിക്കണമേ.
അങ്ങയോടുകൂടെ പരിശുദ്ധാത്മാവുമായുള്ള ഐക്യത്തില്‍
എന്നെന്നും ദൈവമായി ജീവിക്കുകയും വാഴുകയും ചെയ്യുന്ന
അങ്ങേ പുത്രനും ഞങ്ങളുടെ കര്‍ത്താവുമായ യേശുക്രിസ്തുവഴി
ഈ പ്രാര്‍ഥന കേട്ടരുളണമേ.

ഒന്നാം വായന

ജോബ് 9:1-13,14-16
ഒരുവന് ദൈവത്തിന്റെ മുന്‍പില്‍ എങ്ങനെ നീതിമാനാകാന്‍ കഴിയും?

ജോബ് തന്റെ സ്‌നേഹിതരോട് മറുപടി പറഞ്ഞു: ഒരുവന് ദൈവത്തിന്റെ മുന്‍പില്‍ എങ്ങനെ നീതിമാനാകാന്‍ കഴിയും? ഒരുവന്‍ അവിടുത്തോട് വാഗ്വാദത്തിലേര്‍പ്പെട്ടാല്‍ ആയിരത്തില്‍ ഒരു തവണപോലും അവിടുത്തോട് ഉത്തരം പറയാന്‍ കഴിയുകയില്ല. അവിടുന്ന് ജ്ഞാനിയും ബലിഷ്ഠനുമാണ്. അവിടുത്തോട് എതിര്‍ത്ത് ആര് ജയിച്ചിട്ടുണ്ട്? അവിടുന്ന് പര്‍വതങ്ങളെ നീക്കിക്കളയുന്നു. തന്റെ കോപത്തില്‍ അവയെ മറിച്ചുകളയുന്നു, എന്നാല്‍ അവ അതറിയുന്നില്ല. അവിടുന്ന് ഭൂമിയെ പ്രകമ്പനം കൊള്ളിക്കുന്നു. അതിന്റെ തൂണുകള്‍ വിറയ്ക്കുന്നു. അവിടുന്ന് സൂര്യനോടു കല്‍പിക്കുന്നു; അത് ഉദിക്കുന്നില്ല. അവിടുന്ന് നക്ഷത്രങ്ങള്‍ക്കു മുദ്രവയ്ക്കുന്നു. അവിടുന്ന് മാത്രമാണ് ആകാശത്തെ വിരിച്ചത്; അവിടുന്ന് സമുദ്രത്തിലെ തിരമാലകളെ ചവിട്ടി മെതിക്കുന്നു. സപ്തര്‍ഷിമണ്ഡലം, മകയിരം, കാര്‍ത്തിക എന്നിവയെയും, തെക്കേ നക്ഷത്രമണ്ഡലത്തെയും അവിടുന്ന് സൃഷ്ടിച്ചു. ദുര്‍ജ്‌ഞേയമായ മഹാകൃത്യങ്ങളും എണ്ണമറ്റ അദ്ഭുതങ്ങളും അവിടുന്ന് പ്രവര്‍ത്തിക്കുന്നു. അവിടുന്ന് എന്നെ കടന്നുപോകുന്നു, ഞാന്‍ അവിടുത്തെ കാണുന്നില്ല; അവിടുന്ന് നടന്നു നീങ്ങുന്നു, ഞാന്‍ അവിടുത്തെ അറിയുന്നില്ല. അവിടുന്നു പിടിച്ചെടുക്കുന്നു, തടയാന്‍ ആര്‍ക്കു കഴിയും? എന്താണീ ചെയ്യുന്നത് എന്ന് ആര്‍ക്കു ചോദിക്കാന്‍ കഴിയും? അപ്പോള്‍ അവിടുത്തോട് ഉത്തരം പറയാന്‍ എനിക്ക് എങ്ങനെ വാക്കു കിട്ടും? ഞാന്‍ നീതിമാനായിരുന്നാലും അവിടുത്തോട് മറുപടി പറയാന്‍ എനിക്കു കഴിയുകയില്ല. എന്നെ കുറ്റം വിധിക്കുന്ന അവിടുത്തെ കരുണയ്ക്കു വേണ്ടി ഞാന്‍ യാചിക്കണം. ഞാന്‍ വിളിച്ചപേക്ഷിച്ചിട്ട് അവിടുന്ന് ഉത്തരമരുളിയാലും അവിടുന്ന് എന്റെ ശബ്ദം ശ്രവിക്കുകയായിരുന്നുവെന്ന് ഞാന്‍ വിശ്വസിക്കുകയില്ല.

കർത്താവിന്റെ വചനം.

പ്രതിവചനസങ്കീർത്തനം

സങ്കീ 88:9bc-10,11-12,13-14

എന്റെ പ്രാര്‍ഥന അങ്ങേ മുന്‍പില്‍ എത്തുമാറാകട്ടെ.

കര്‍ത്താവേ, എന്നും ഞാന്‍ അങ്ങയെ വിളിച്ചപേക്ഷിക്കുന്നു;
ഞാന്‍ അങ്ങേ സന്നിധിയിലേക്കു കൈകള്‍ ഉയര്‍ത്തുന്നു.
മരിച്ചവര്‍ക്കുവേണ്ടി അങ്ങ് അദ്ഭുതം പ്രവര്‍ത്തിക്കുമോ?
നിഴലുകള്‍ അങ്ങയെ പുകഴ്ത്താന്‍ ഉണര്‍ന്നെഴുന്നേല്‍ക്കുമോ?

എന്റെ പ്രാര്‍ഥന അങ്ങേ മുന്‍പില്‍ എത്തുമാറാകട്ടെ.

ശവകുടീരത്തില്‍ അങ്ങേ സ്‌നേഹവും
വിനാശത്തില്‍ അങ്ങേ വിശ്വസ്തതയും പ്രഘോഷിക്കുമോ?
അന്ധകാരത്തില്‍ അങ്ങേ അദ്ഭുതങ്ങളും
വിസ്മൃതിയുടെ ദേശത്ത് അങ്ങേ രക്ഷാകരസഹായവും അറിയപ്പെടുമോ?

എന്റെ പ്രാര്‍ഥന അങ്ങേ മുന്‍പില്‍ എത്തുമാറാകട്ടെ.

കര്‍ത്താവേ, ഞാന്‍ അങ്ങയോടു നിലവിളിച്ചപേക്ഷിക്കുന്നു;
പ്രഭാതത്തില്‍ എന്റെ പ്രാര്‍ഥന അങ്ങേ സന്നിധിയില്‍ എത്തുന്നു.
കര്‍ത്താവേ, അങ്ങ് എന്നെ തള്ളിക്കളയുന്നതെന്തുകൊണ്ട്?
എന്നില്‍ നിന്നു മുഖം മറയ്ക്കുന്നതെന്തുകൊണ്ട്?

എന്റെ പ്രാര്‍ഥന അങ്ങേ മുന്‍പില്‍ എത്തുമാറാകട്ടെ.

സുവിശേഷ പ്രഘോഷണവാക്യം
……….
……….
……….

സുവിശേഷം

ലൂക്കാ 9:57-62
നീ എവിടെപ്പോയാലും ഞാന്‍ നിന്നെ അനുഗമിക്കും.

അക്കാലത്ത്, യേശുവും ശിഷ്യന്മാരും പോകുംവഴി ഒരുവന്‍ യേശുവിനോടു പറഞ്ഞു: നീ എവിടെപ്പോയാലും ഞാന്‍ നിന്നെ അനുഗമിക്കും. യേശു പറഞ്ഞു: കുറുനരികള്‍ക്കു മാളങ്ങളും ആകാശത്തിലെ പക്ഷികള്‍ക്കു കൂടുകളും ഉണ്ട്; മനുഷ്യപുത്രനു തലചായ്ക്കാന്‍ ഇടമില്ല. അവന്‍ വേറൊരുവനോടു പറഞ്ഞു: എന്നെ അനുഗമിക്കുക. അവന്‍ പറഞ്ഞു: കര്‍ത്താവേ, ഞാന്‍ ആദ്യം പോയി എന്റെ പിതാവിനെ സംസ്‌കരിക്കാന്‍ അനുവദിച്ചാലും. അവന്‍ പറഞ്ഞു: മരിച്ചവര്‍ തങ്ങളുടെ മരിച്ചവരെ സംസ്‌കരിക്കട്ടെ; നീ പോയി ദൈവരാജ്യം പ്രസംഗിക്കുക. മറ്റൊരുവന്‍ പറഞ്ഞു: കര്‍ത്താവേ, ഞാന്‍ നിന്നെ അനുഗമിക്കാം; പക്‌ഷേ, ആദ്യം പോയി എന്റെ വീട്ടുകാരോടു വിടവാങ്ങാന്‍ അനുവദിക്കണം. യേശു പറഞ്ഞു: കലപ്പയില്‍ കൈവച്ചിട്ടു പിന്തിരിഞ്ഞു നോക്കുന്ന ഒരുവനും സ്വര്‍ഗരാജ്യത്തിനു യോഗ്യനല്ല.


കർത്താവിന്റെ സുവിശേഷം.

നൈവേദ്യപ്രാര്‍ത്ഥന


കര്‍ത്താവേ, വിശുദ്ധ ജെറോമിന്റെ മാതൃകയാല്‍,
അങ്ങേ വചനം ധ്യാനിച്ച്,
അങ്ങേ മഹിമയ്ക്ക് അര്‍പ്പിക്കപ്പെടേണ്ട രക്ഷാകരമായ ഈ ബലിയെ
കൂടുതല്‍ തീക്ഷ്ണതയോടെ സമീപിക്കാന്‍
ഞങ്ങള്‍ക്ക് അനുഗ്രഹം നല്കണമേ.
ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ.

ദിവ്യകാരുണ്യപ്രഭണിതം

cf. ജെറ 15:16

കര്‍ത്താവായ ദൈവമേ,
അങ്ങേ വചനങ്ങള്‍ കണ്ടെത്തിയപ്പോള്‍ ഞാനവ ഭക്ഷിച്ചു;
അങ്ങേ വചനം എനിക്ക് ആനന്ദവും
എന്റെ ഹൃദയത്തിന് സന്തോഷവുമായി ഭവിക്കുകയും ചെയ്തു.

ദിവ്യഭോജനപ്രാര്‍ത്ഥന


കര്‍ത്താവേ, വിശുദ്ധ ജെറോമിന്റെ ആഘോഷത്തില്‍ സന്തോഷിച്ചുകൊണ്ട്
ഞങ്ങള്‍ സ്വീകരിച്ച അങ്ങേ ദിവ്യദാനങ്ങള്‍
അങ്ങേ വിശ്വാസികളുടെ ഹൃദയങ്ങള്‍ ഉദ്ദീപിപ്പിക്കട്ടെ.
അങ്ങനെ, വിശുദ്ധ ലിഖിതങ്ങളില്‍ ശ്രദ്ധപതിച്ച്,
അവര്‍ അനുഗമിക്കുന്നവ മനസ്സിലാക്കുകയും
അവ പിന്തുടര്‍ന്ന്, നിത്യജീവന്‍ പ്രാപിക്കുകയും ചെയ്യുമാറാകട്ടെ.
ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ.

🔵

Leave a comment