Rev. Fr Jacob Kilannamannil (1902-1968)

മൺമറഞ്ഞ മഹാരഥൻമാർ…

മലങ്കര സുറിയാനി കത്തോലിക്കാ സഭയിൽ നിന്ന് ദൈവസന്നിധിയിലേക്ക് വാങ്ങിപ്പോയ
ആചാര്യന്മാരെ അനുസ്മരിക്കുന്നു…

Rev. Fr Jacob Kilannamannil (1902-1968)

Rev. Fr Jacob Kilannamannil (1902-1968)

പുരോഹിതനായ പിതാവിന്റെ പാത പിന്തുടർന്ന് പുനരൈക്യപ്പെട്ട പുരോഹിതൻ…

കാരയ്ക്കാട് മലങ്കര കത്തോലിക്ക ദേവാലയത്തിന്റെ സ്ഥാപകനായ ഗീവർഗ്ഗീസ് കിളന്നമണ്ണിൽ അച്ചന്റെയും ഭാര്യ അക്കമ്മയുടെയും മൂത്തമകനായി 1902 ഒക്ടോബർ 19ന് ജേക്കബ് ജനിച്ചു. സ്വപിതാവിനെപോലെ വൈദീകനായി സഭാശുശ്രൂഷയിൽ ഏർപ്പെടണം എന്ന ആഗ്രഹം ബാല്യത്തിലേയുദിച്ചു. സ്കൂൾ പഠനത്തിന് ശേഷം കോട്ടയം യാക്കോബായ പഴയ സെമിനാരിയിൽ വൈദീകപരിശീലനം പൂർത്തിയാക്കി 1928 ജനുവരി 4ന് അദ്ദേഹം വൈദീകനായി അഭിഷിക്‌തനായി. തുടർന്ന് മാതൃദേവാലയമായ മാന്തുക യാക്കോബായ വലിയ പള്ളിയിലെ കൊച്ചച്ചനായി പിതാവിനൊപ്പം ശുശ്രൂഷ ചെയ്തു.

മാർ ഈവാനിയോസ് പിതാവിന്റെ നേതൃത്വത്തിലാരംഭിച്ച പുനരൈക്യപ്രസ്ഥാനത്തിലേക്ക് 1930ൽ തന്നെ കിളന്നമണ്ണിൽ ഗീവർഗ്ഗീസ് അച്ചൻ ചേർന്നിരുന്നു. ആദ്യകാലങ്ങളിൽ പിതാവിനെ എതിർത്തുവെങ്കിലും സത്യം തിരിച്ചറിഞ്ഞ് 1931 ഫെബ്രുവരി 15ന് മലങ്കര കത്തോലിക്ക സഭയിലേക്ക്‌ ജേക്കബച്ചനും കുടുംബവും
പുനരൈക്യപ്പെട്ടു. തുടർന്നുള്ള നാളുകളിൽ അതിതീക്ഷ്ണതയോടെ സഭയെ പണിതുയർത്താൻ അഹോരാത്രം അദ്ധ്വാനിച്ചു.

1932-1937 കാലഘട്ടത്തിൽ തട്ട പള്ളിയിലും തുടർന്ന് 1937-1941 ൽ ഇലഞ്ഞിമേൽ പള്ളിയിലും 1941-1942 ൽ ചേപ്പാട് പള്ളിയിലും പിന്നീട് 1942-1944 ൽ ഹരിപ്പാടും 1944-1946ൽ മാവേലിക്കരയടുത്ത് ഈരേഴയിലും 1946 മുതൽ 1950 വരെ ഇലന്തൂർ പള്ളിയിലും 1950-1954 ൽ ചെന്നിത്തലയിലും 1954-1957 ൽ രാമഞ്ചിറയിലും 1957-1960 കാലത്ത് ഉള്ളന്നൂരും 1960 മുതൽ മെഴുവേലിയിലും സേവനമനുഷ്ഠിച്ചു. 1966ൽ മെഴുവേലിയിൽ നിന്ന് ഇടവക ശുശ്രൂഷാജീവിതത്തിൽ നിന്ന് വിരമിച്ചു. അച്ചൻ തന്റെ മാതൃ ഇടവകയായ കാരയ്ക്കാട് സെന്റ് ജോസഫ് ഇടവകയിൽ വികാരിയായി സേവനമനുഷ്ഠിച്ചിട്ടില്ലെങ്കിലും ഇടദിവസങ്ങളിൽ വി. കുർബാന ചൊല്ലിയിരുന്നു.

ജേക്കബച്ചൻ വിവാഹം കഴിച്ചത് കരിപ്പുഴ കുന്നിന്മേൽ കുടുംബാംഗമായ ഏലിയാമ്മയെയാണ്. ജേക്കബ് ജോർജ്, സൈമൺ, ജോൺ, അലക്സാണ്ടർ, മോളിക്കുട്ടി എന്നീ 5 മക്കൾ ഉണ്ട്. അച്ചന്റെ പൗരോഹിത്യപാത പിന്തുടർന്ന് പൗത്രനായ ബിജു മലഞ്ചരുവിൽ അച്ചൻ മലങ്കര കത്തോലിക്ക സഭയിലെ ബത്തേരി രൂപതാംഗമാണ്.

1968 ജൂൺ 3ന് തന്റെ അറുപത്തിയാറാം വയസ്സിൽ ജേക്കബ് കിളന്നമണ്ണിൽ അച്ചൻ നിര്യാതനായി. കാരയ്ക്കാട് ദേവാലയത്തോട് ചേർന്ന് അദ്ദേഹത്തെ അടക്കിയിരിക്കുന്നു.

കടപ്പാട്: മീതു എൽസ മാത്യു (കുടുംബാംഗം)

✍️ഏവർക്കും നന്മ
സ്നേഹത്തോടെ
ഫാ. സെബാസ്‌റ്റ്യൻ ജോൺ കിഴക്കേതിൽ (സിബി അച്ചൻ)

Email: fr.sebastiankizhakkethil@gmail.com

Fr Sebastian John Kizhakkethil

Fr Sebastian John Kizhakkethil

Leave a comment