കോറാ ദൈവാലയത്തിൽ നാളെ ബാങ്കുവിളി മുഴങ്ങും; ഹൃദയവ്യഥയോടെ ക്രൈസ്തവസമൂഹം.

കോറാ ദൈവാലയത്തിൽ നാളെ ബാങ്കുവിളി മുഴങ്ങും; ഹൃദയവ്യഥയോടെ ക്രൈസ്തവസമൂഹം
ഇസ്താംബുൾ: മോസ്‌ക്കാക്കി മാറ്റിയ, ചരിത്രപ്രസിദ്ധമായ ഹോളി സേവ്യർ ദൈവാലയത്തിൽനിന്ന് നാളെ (ഒക്‌ടോ.30) ബാങ്കുവിളി മുഴക്കാൻ തുർക്കി ഭരണകൂടം തയാറെടുക്കുമ്പോൾ, തങ്ങളുടെ സങ്കടവും നിസ്സഹായതയും ലോകരാജ്യങ്ങളും കാണാതെ പോകുന്ന ഹൃദയവ്യഥയിലാണ് ക്രൈസ്തവസമൂഹം. നൂറ്റാണ്ടുകൾ പഴക്കമുള്ള ചുമർചിത്രങ്ങളും മൊസൈക്ക് ചിത്രങ്ങളും മറച്ചുകൊണ്ടാണ് ദൈവാലയം ഇസ്ലാമിക അനുഷ്ഠാനങ്ങൾക്കായി പ്രസിഡന്റ് തയിബ് എർദോഗന്റെ നേതൃത്വത്തിലുള്ള തുർക്കി ഭരണകൂടം വിട്ടുകൊടുക്കുന്നത്.

ബൈസന്റൈൻ രീതിയിൽ 11-ാം നൂറ്റാണ്ടിൽ നിർമിച്ച, കോറാ ദൈവാലയം എന്നുകൂടി വിശേഷിപ്പിക്കപ്പെടുന്ന ഈ ക്രൈസ്തവ ആരാധനാലയം ഓട്ടോമൻ ആധിപത്യത്തിൻ കീഴിൽ മുസ്ലീം പള്ളിയാക്കിയെങ്കിലും 1945 മുതൽ മ്യൂസിയമാക്കി നിലനിർത്തുകയായിരുന്നു. എന്നാൽ, ഹോളി സേവ്യർ ഓർത്തഡോക്‌സ് ദൈവാലയം മുസ്ലീം പള്ളിയാക്കി മാറ്റാൻ തുർക്കിയിലെ പരമോന്നത അഡ്മിനിസ്‌ട്രേറ്റീവ് കോടതിയായ ‘ദ കൗൺസിൽ ഓഫ് സ്റ്റേറ്റ്‌സ്’ കഴിഞ്ഞ നവംബറിൽ ഉത്തരവിടുകയായിരുന്നു. എങ്കിലും അത് നടപ്പാക്കിയിരുന്നില്ല.

ഹഗിയ സോഫിയ മുസ്ലീം പള്ളിയാക്കി മാറ്റിയ സാഹചര്യത്തിൽ ഹോളി സേവ്യർ ദൈവാലയത്തിനുനേരെയും എർദോഗന്റെ നീക്കമുണ്ടാകുമെന്ന് നിരീക്ഷകർ മുന്നറിയിപ്പ് നൽകിയിരുന്നു. രാജ്യത്തെ ക്രൈസ്തവവികാരം കണക്കിലെടുക്കാതെ ആഗസ്റ്റ് 21ന് കോടതിവിധി എർദോഗൻ നടപ്പാക്കി. രാഷ്ട്രീയപരമായ വെല്ലുവിളികൾ നേരിടുന്നതിനാൽ, താൻ ഇസ്ലാമിക വാദികളുടെ സംരക്ഷകനാണെന്ന് വരുത്തിതീർക്കാനുള്ള എർദോഗൻ തന്ത്രത്തിന്റെ ഭാഗമായാണ് ഈ നീക്കത്തെ നിരീക്ഷകർ വിലയിരുത്തുന്നത്.

ഇപ്പോഴുള്ള ഹോളി സേവ്യർ ദൈവാലയത്തിന്റെ ചരിത്രം ആരംഭിക്കുന്നത് 11-ാം നൂറ്റാണ്ടിന്റെ അവസാനത്തിലാണ്. എന്നാൽ ഈ ദൈവാലയം നിന്നിരുന്നിടത്തെ ആദ്യ ദൈവാലയം നിർമിക്കപ്പെട്ടത് നാലാം നൂറ്റാണ്ടിലാണ്. ഭൂകമ്പത്തെ തുടർന്ന് ഭാഗികമായി തകർന്ന ദൈവാലയം പിന്നീട് പുനർനിർമിച്ചു. 11-ാം നൂറ്റാണ്ടിൽ നിർമിച്ച കെട്ടിടത്തിൽ 12-ാം നൂറ്റാണ്ടിലും 14-ാം നൂറ്റാണ്ടുകളിലും കൂട്ടിച്ചേർക്കലുകളും പുനർനിർമാണവും നടന്നിട്ടുണ്ട്. 1315- 21 കാലഘട്ടത്തിലാണ് ചുമർചിത്രങ്ങളും മൊസൈക്ക് ചിത്രങ്ങളുംകൊണ്ട് അലങ്കരിക്കപ്പെട്ടത്.

ആദം വരെ നീളുന്ന ക്രിസ്തുവിന്റെ വംശാവലിയുടെ ചിത്രീകരണമാണ് ഇതിൽ ശ്രദ്ധേയം. കൂടാതെ, യേശുക്രിസ്തുവിന്റെയും വിശുദ്ധരുടെയും നിരവധി ചിത്രങ്ങളും ദൈവാലയത്തിലുണ്ട്. 1453ൽ ഓട്ടോമൻ തുർക്കികൾ കോൺസ്റ്റാന്റിനോപ്പിൾ കീഴടക്കി അരനൂറ്റാണ്ട് പിന്നിട്ടപ്പോഴേക്കും (1510) ദൈവാലയം ‘കരിയ കാമി’ എന്ന പേരിൽ മുസ്ലീം പള്ളിയാക്കി മാറ്റപ്പെട്ടു. കുമ്മായംപോലുള്ള വസ്തു തേച്ചുപിടിപ്പിച്ചാണ് ക്രിസ്ത്യൻ ചിത്രങ്ങളെല്ലാം മറച്ചത്.

രണ്ടാം ലോകമഹായുദ്ധാനന്തരം മതേതര തുർക്കി സ്ഥാപിതമായപ്പോൾ, ആധുനിക തുർക്കിയുടെ പിതാവ് എന്ന് വിശേഷിപ്പിക്കപ്പെടുന്ന മുസ്തഫ കമാൽ അത്താതുർക്ക് കോറാ ദൈവാലയത്തെ മ്യൂസിയമാക്കി മാറ്റാൻ തീരുമാനിക്കുകയായിരുന്നു. ഹഗിയ സോഫിയ മ്യൂസിയമാക്കിയതും ഇദ്ദേഹമാണ്. ‘ബൈസാന്റിൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അമേരിക്ക’ നേതൃത്വത്തിൽ വിദഗ്ദ്ധർ ഏതാണ്ട് ഒരു പതിറ്റാണ്ടു കൊണ്ടാണ്, ഇവിടത്തെ ചുമർ ചിത്രങ്ങൾ വീണ്ടെടുത്തത്.

Leave a comment