എന്തൊക്കെ ഭീകരമായ വെർഷനുകൾ

മടങ്ങിപ്പോകുന്നതിനു മുൻപ് ആ മരപ്പണിക്കാരൻ അനുവർത്തിച്ച അവസാനകർമ്മങ്ങളിലൊന്ന് ഇതായിരുന്നു; അവരുടെ പൊടി പുരണ്ട വിണ്ടു കീറിയ കാല്പാദങ്ങളെ കഴുകി ചുംബിക്കുക. എളുപ്പമല്ല ഒരാളുടെ കാല്പാദങ്ങളെ തൊടുക.

ജയദേവരെ ഓർമ്മിക്കുന്നു. ഗീതഗോവിന്ദത്തിന്റെ രചനയ്ക്കിടയിലായിരുന്നു അത്. അനുരാഗത്തിനൊടുവിൽ രാധയുടെ കാല്പാദങ്ങളെ മാധവ ചുംബിക്കുന്നു. അവിടെ കവി സന്ദേഹിയായി. മാധവ ഈശ്വരചൈതന്യമാണ്, രാധ ഒരു സാധു സ്ത്രീയും. അതിൽ ഈശ്വരനിന്ദയുടെ ഒരു കനലാളുന്നുണ്ടെന്നു ഭയന്ന് അയാളതു വേണ്ടെന്നു വച്ചു. എന്നിട്ടും, അതീവലാവണ്യമുള്ള ആ വരികൾ അയാളെ പ്രലോഭിപ്പിച്ചു. ഖിന്നനായി കവി ഒരു യാത്ര പോയി. മടങ്ങിയെത്തുമ്പോൾ എഴുതാനറച്ച വരികൾ ആരോ കൂട്ടിച്ചേർത്തിട്ടുണ്ട്- മാധവയായിരിക്കണം! കാലാകാലങ്ങളായി ആരു നമുക്ക് വിധേയപ്പെട്ടു ജീവിക്കുന്നുവോ അവരെ വണങ്ങാനുള്ള ക്ഷണമാണിത്.

പള്ളികളിൽ പെസഹാവ്യാഴാഴ്ചകൾ ഒരു ആചാരമായി സംഭവിക്കുന്നുണ്ട്. ഉരച്ചുരച്ചുരച്ച് ആറന്മുളക്കണ്ണാടിയായി മാറിയ കാല്പാദങ്ങളിൽ ചുംബിക്കുക ബുദ്ധിമുട്ടുള്ള കേസുകെട്ടല്ല. എന്നാൽ, അനുദിനജീവിതത്തിൽ അവളുടെ അഴുക്കുവസ്ത്രങ്ങൾ അലക്കിക്കൊടുക്കുക, വയോധികരായ മാതാപിതാക്കന്മാരെ ശൗചം ചെയ്യാൻ സഹായിക്കുക- ഇതൊന്നും അത്ര ലളിതമല്ല. ഓർമ്മയിൽ നിന്നാണ്, ‘എൻമകജെ’ എന്ന പുസ്തകത്തിൽ, പുഴയിൽ നിന്ന് കല്ലിലടിച്ച് തന്റെ വിഴുപ്പലക്കുന്ന പുരുഷനെ തടയുന്ന സ്ത്രീയുണ്ട്. അതിനയാൾ നൽകുന്ന മറുപടി ഇങ്ങനെയാണ്, കാലാകാലങ്ങളായി ഞങ്ങൾ പുരുഷന്മാർ നിങ്ങളെ ഏല്പിച്ച ശാഠ്യങ്ങൾക്കുള്ള എളിയ അനുതാപശുശ്രൂഷയാണിതെന്ന്. ഒരു വീടു പണിയുമ്പോൾ ചുവരിന് എന്തു ചായം പൂശണമെന്ന് കുഞ്ഞുങ്ങളോടു ചോദിക്കുക. കുറച്ച് ബുദ്ധിമുട്ടുണ്ടായേക്കും. എന്നാലും, പുരവാസ്തോലി എളുപ്പമാകും. കവലയിലെത്തി വീടന്വേഷിക്കുന്ന മാത്രയിൽ, ബെർജറിന്റെ പരസ്യത്തിലെന്നപോലെ, അവിടുന്നും ഇവിടുന്നുമൊക്കെ ഓരോരുത്തർ ഓടിക്കൂടി, ‘കാന്താ, ആ വൃത്തികെട്ട വീടല്ലേ, നേരെ പോയാൽ മതി’ എന്നു വഴി കാട്ടും. ആ തൂണിന് പച്ച, ഈ തൂണിന് മഞ്ഞ… മുതിർന്നവരുടെ വൈറ്റ്, ഓഫ് വൈറ്റ് നിർദ്ദേശങ്ങളേക്കാൾ എത്രയോ വർണാഭമാണിത്.

വിശ്വാസിയുടെ മുൻപിൽ നെറ്റിയിൽ കുരിശു വരയ്ക്കണമെന്ന് അർത്ഥിച്ച് മുട്ടുകുത്തുന്ന പുരോഹിതൻ, പെൻഷൻ പേപ്പറുകൾ ശരിയായോ എന്നന്വേഷിക്കാനെത്തുന്ന വയോധികനെ എഴുന്നേറ്റു നിന്ന് നമസ്കരിക്കുന്ന സർക്കാരുദ്യോഗസ്ഥൻ, ലൈറ്റ് ബോയിയോട് ഊണു കഴിച്ചോയെന്ന് അന്വേഷിക്കുന്ന സരോജ് കുമാർ… അങ്ങനെ എന്തൊക്കെ ഭീകരമായ വെർഷനുകൾ വരാനിരിക്കുന്നു!

– ബോബി ജോസ് കട്ടികാട്

Fr Bobby Jose Kattikadu OFM Cap.

Leave a comment