ശുദ്ധീകരണാത്മാക്കളുടെ വണക്കമാസം: പതിനേഴാം തീയതി | Vanakkamasam | Souls in Purgatory | November 17

DEVOTION TO THE SOULS IN PURGATORY (MALAYALAM) NOVEMBER – 17

November Vanakkamasam – 17

Souls in Purgatory, Vanakkamasam, November 17

🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹
ശുദ്ധീകരണാത്മാക്കളുടെ വണക്കമാസം: പതിനേഴാം തീയതി
🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹

ശുദ്ധീകരണസ്ഥലത്തിലെ ആത്മാക്കള്‍ തങ്ങളുടെ വേദന പ്രകടിപ്പിക്കുന്നത് ഇപ്രകാരമാണ്, “പ്രിയപ്പെട്ട ക്രിസ്ത്യാനികളെ, ഞങ്ങളുടെമേല്‍ അലിവായിരിക്കുവിന്‍. എന്തുകൊണ്ടെന്നാല്‍ ഭൂമിയിലുണ്ടാകുവാനിടയുള്ള സകല വേദനകളെയുംകാള്‍ അധികം വേദനപ്പെട്ടു യാതൊരാശ്വാസവും കൂടാതെ ഞങ്ങള്‍ പീഡകള്‍ അനുഭവിക്കുന്നു. പ്രാര്‍ത്ഥനകളും ത്യാഗങ്ങളും വിശുദ്ധ ബലിയും വഴി ഞങ്ങളെ ആശ്വസിപ്പിക്കുന്നതിന് നിങ്ങള്‍ക്ക് സാധിക്കുമല്ലോ. ഇവയല്ലാതെ മറ്റു ശരണം ഞങ്ങള്‍ക്കില്ല. ആകയാല്‍ ഞങ്ങളുടെ മേല്‍ അലിവുണ്ടാകണമേ.”

“എന്‍റെ മക്കളെ! എന്‍റെ അന്തിമ കാലംവരെയും നിങ്ങളുടെ സുഖദുഃഖാദികളില്‍ പങ്കുകൊണ്ടു നിങ്ങളുടെ അഭിവൃദ്ധിക്കു വേണ്ടി ഞാന്‍ രാപകല്‍ പ്രയത്നിച്ചു വന്നില്ലയോ? നിങ്ങള്‍ അനുഭവിക്കുന്ന സമസ്തവും ഞാന്‍ തേടിവച്ചിട്ടുള്ളതാണല്ലോ. നിങ്ങളുടെ നേരെയുണ്ടായിരുന്ന എന്‍റെ ക്രമാതീതമായ സ്നേഹം എന്‍റെ കഷ്ടപ്പാടിനെ വര്‍ദ്ധിപ്പിക്കുന്നു. എന്നിട്ടും ഇപ്പോള്‍ നിങ്ങള്‍ എന്നെ മറന്നു കളഞ്ഞല്ലോ”. ഇതേ രീതിയില്‍ തന്നെയുള്ള ഒരപ്പന്റെ ദുഃഖത്തെ ബാക്കിയുള്ള ആത്മാക്കളും ആവര്‍ത്തിക്കുന്നു. മക്കള്‍ മാതാപിതാക്കന്മാരോടും, ഭാര്യ ഭര്‍ത്താവിനോടും, ഭര്‍ത്താവ് ഭാര്യയോടും, സഹായം അപേക്ഷിക്കുന്നു.

ജീവിതകാലത്തില്‍ ഇവരുമായി കൂടിക്കഴിഞ്ഞിട്ടുള്ളതിന്‍റെ സ്മരണ ഇവരുടെ മരണാനന്തരം നാം വിസ്മരിച്ചു കളയുന്നത് നന്ദിഹീനമായ പ്രവൃത്തിയാണ്‌. ഇവര്‍ നിസ്സഹായരായി ശുദ്ധീകരണ സ്ഥലത്തില്‍ കിടന്നു വേദന അനുഭവിക്കുന്നു. ഇപ്പോള്‍ അല്ലയോ അവരുടെ നേരെയുള്ള നമ്മുടെ സ്നേഹം മുഖ്യമായി അനുഭവിക്കേണ്ടത്. അതിനാല്‍ ഓരോരുത്തരും അവനവന്‍റെ അന്തസ്സിനും കടത്തിനും ഒത്തപോലെ ശുദ്ധീകരണ സ്ഥലത്തിലെ ആത്മാക്കളെ സഹായിക്കുന്നതില്‍ സദാ ഉത്സാഹമുള്ളവരായിരിക്കുവിന്‍.

ജപം
🔹🔹

ദയാശീലനും കാരുണ്യവാനുമായ ഈശോയേ, ഞങ്ങളുടെ പ്രിയപ്പെട്ടവരുടെ ആത്മാക്കളെ കൃപാകടാക്ഷത്തോടുകൂടെ തൃക്കണ്‍‍പാര്‍ത്ത്, അവരുടെ സകല പാപങ്ങളെയും പൊറുത്തു കൊള്ളണമേ. ഈ ആത്മാക്കളെല്ലാം ശുദ്ധീകരണസ്ഥലത്തില്‍ നിന്നും പുറപ്പെട്ടു നിത്യായുസ്സായ അങ്ങേപ്പക്കല്‍ വന്നു ചേരുവാന്‍ കൃപ ചെയ്യണമേ.

സൂചന

(മരിച്ച വിശ്വാസികളുടെ ആത്മാക്കള്‍ക്കു വേണ്ടി ഈശോയുടെ അഞ്ചു തിരുമുറിവുകളെക്കുറിച്ച് താഴെ കൊടുത്തിരിക്കും വിധം അഞ്ചു പ്രാവശ്യം ചൊല്ലുക)

മരിച്ച വിശ്വാസികളുടെ ആത്മാക്കള്‍ക്കു തമ്പുരാന്‍റെ മനോഗുണത്താല്‍ മോക്ഷത്തില്‍ ചേരുവാൻ അനുഗ്രഹമുണ്ടായിരിക്കട്ടെ

നിത്യപിതാവേ, ഈശോമിശിഹാ കര്‍ത്താവിന്‍റെ വിലമതിയാത്ത തിരുച്ചോരയെക്കുറിച്ച് അവരുടെമേല്‍ കൃപയുണ്ടാകണമേ.
1 സ്വര്‍ഗ്ഗ. 1 നന്മ. 1 ത്രിത്വ.

ശുദ്ധീകരാത്മാക്കളുടെ ലുത്തിനിയ
🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹

കര്‍ത്താവേ, അനുഗ്രഹിക്കണമേ!

മിശിഹായേ, അനുഗ്രഹിക്കണമേ!

കര്‍ത്താവേ, അനുഗ്രഹിക്കണമേ!

മിശിഹായേ ഞങ്ങളുടെ പ്രാര്‍ത്ഥന കേള്‍ക്കണമേ!

മിശിഹായേ ഞങ്ങളുടെ പ്രാര്‍ത്ഥന കൈക്കൊള്ളണമേ!

സ്വര്‍ഗ്ഗസ്ഥനായ പിതാവായ ദൈവമേ,

………(ഞങ്ങളെ അനുഗ്രഹിക്കണമേ)

ഭൂലോക രക്ഷകനായ പുത്രനായ ദൈവമേ,

പരിശുദ്ധാത്മാവായ ദൈവമേ,

ഏകദൈവമായ പരിശുദ്ധ ത്രിത്വമേ,

പരിശുദ്ധ മറിയമേ,

……..(മരിച്ച വിശ്വാസികള്‍ക്കു വേണ്ടി അപേക്ഷിക്കണമേ)

ദൈവത്തിന്‍റെ പരിശുദ്ധ ജനനീ,

കന്യകകള്‍ക്കു മകുടമാകുന്ന നിര്‍മ്മല കന്യകേ,

വിശുദ്ധ മിഖായേലെ,

ദൈവദൂതന്മാരും മുഖ്യ ദൈവദൂതന്മാരുമായ സകല മാലാഖമാരേ,

നവവൃന്ദ മാലാഖമാരെ,

വിശുദ്ധ സ്നാപക യോഹന്നാനേ,

വിശുദ്ധ യൗസേപ്പേ,

ബാവാന്മാരും ദീര്‍ഘദര്‍ശികളുമായ സകല വിശുദ്ധന്മാരേ,

വിശുദ്ധ പത്രോസേ,

വിശുദ്ധ പൗലോസേ,

വിശുദ്ധ യോഹന്നാനേ,

ശ്ലീഹന്മാരും സുവിശേഷകന്മാരുമായ സകല വിശുദ്ധന്മാരെ,

വിശുദ്ധ എസ്തപ്പാനോസേ,

വിശുദ്ധ ലൗറന്തിയോസേ,

വേദസാക്ഷികളായ സകല വിശുദ്ധന്മാരേ,

വിശുദ്ധ ഗ്രിഗോറിയോസേ,

വിശുദ്ധ അംബ്രോസീസേ,

വിശുദ്ധ ഈറാനിമ്മോസേ,

മെത്രാന്മാരും വന്ദകന്മാരുമായ സകല‍ വിശുദ്ധന്മാരേ,

വേദപാരംഗതന്‍മാരായ സകല വിശുദ്ധരേ,

ഗുരുക്കന്മാരും ആചാര്യന്മാരുമായ സകല വിശുദ്ധന്മാരെ,

സന്യാസികളും തപോധനന്മാരുമായ സകല വിശുദ്ധന്മാരേ,

വിശുദ്ധ മറിയം മഗ്ദലേനായെ,

വിശുദ്ധ കത്രീനായെ,

വിശുദ്ധ ബാര്‍ബരായെ,

കന്യകകളും വിധവകളുമായ സകല വിശുദ്ധരേ,

ദയാപരനായിരുന്ന്,

………(കര്‍ത്താവേ അവരുടെ പാപങ്ങള്‍ പൊറുത്തരുളണമേ)

ദയാപരനായിരുന്ന്,

……..(കര്‍ത്താവേ, ഞങ്ങളുടെ പ്രാര്‍ത്ഥന കേട്ടരുളണമേ)

ദയാപരനായിരുന്ന്,

……..(കര്‍ത്താവേ ഞങ്ങളുടെ പ്രാര്‍ത്ഥന കേട്ടരുളണമേ)

സകല തിന്മകളില്‍ നിന്ന്‍,

…….(കര്‍ത്താവേ അവരെ രക്ഷിക്കണമേ)

അങ്ങേ കോപത്തില്‍ നിന്ന്,

അങ്ങേ നീതിയുടെ ഘോരതയില്‍ നിന്ന്‍,

ക്രൂരമായ വ്യാകുലത്തില്‍ നിന്ന്,

കഠിന ശിക്ഷയില്‍ നിന്ന്,

മരണത്തിന്‍റെ ഭയങ്കരമായ ഇരുളില്‍ നിന്ന്‍,

അഗ്നിജ്വാലയില്‍ നിന്ന്‍,

ശുദ്ധീകരണ സ്ഥലമായ പാറാവില്‍ നിന്ന്‍,

അങ്ങേ മനുഷ്യാവതാരത്തെക്കുറിച്ച്,

അങ്ങേ കറയില്ലാത്ത ഉത്ഭവത്തെയും പിറവിയേയും കുറിച്ച്,

അങ്ങേ മാധുര്യമുള്ള തിരുനാമത്തെക്കുറിച്ച്,

അങ്ങേ തിരുബാല പ്രായത്തെക്കുറിച്ച്,

അങ്ങേ ജ്ഞാനസ്നാനത്തെയും ഉപവാസത്തെയും കുറിച്ച്,

അങ്ങേ വലിയ എളിമയെക്കുറിച്ച്,

അങ്ങേ ജാഗ്രതയുള്ള അനുസരണത്തെക്കുറിച്ച്,

അങ്ങേ കൃപാധിക്യത്തെയും അളവില്ലാത്ത സ്നേഹത്തെയും കുറിച്ച്,

അങ്ങേ പീഡാസഹനത്തെക്കുറിച്ച്,

അങ്ങേ ചോര വിയര്‍പ്പേക്കുറിച്ച്,

അങ്ങുന്ന് കെട്ടപ്പെട്ട കെട്ടുകളെക്കുറിച്ച്,

അങ്ങുന്ന് അനുഭവിച്ച അടികളെക്കുറിച്ച്,

അങ്ങേ തിരുമുള്‍‍മുടിയെക്കുറിച്ച്,

അങ്ങേ തിരുക്കുരിശിനെക്കുറിച്ച്,

അങ്ങേ അഞ്ചു തിരുമുറിവുകളെക്കുറിച്ച്,

ഞങ്ങളുടെ മരണത്തെ ജയിച്ച അങ്ങേ അപമാനമുള്ള മരണത്തെക്കുറിച്ച്,

അങ്ങേ വിലമതിയാത്ത തിരുരക്തത്തെക്കുറിച്ച്,

അങ്ങേ മഹിമയുള്ള ഉത്ഥാനത്തെക്കുറിച്ച്,

അങ്ങേ അതിശയമായ സ്വര്‍ഗ്ഗാരോഹണത്തെക്കുറിച്ച്,

ആശ്വസിപ്പിക്കുന്നവനായ പരിശുദ്ധാത്മാവിന്‍റെ ആഗമനത്തെക്കുറിച്ച്,

വിധിയുടെ ദിവസത്തില്‍ പാപികളായിരിക്കുന്ന ഞങ്ങള്‍ അങ്ങയോട് അപേക്ഷിക്കുന്നു,

………(കര്‍ത്താവേ, ഞങ്ങളുടെ അപേക്ഷ കേള്‍ക്കണമേ)

പാപിയായിരുന്ന മറിയം മഗ്ദലനായ്ക്കു പാപപരിഹാരം നല്‍കിയവനും നല്ല കള്ളന്‍റെ അപേക്ഷ കേട്ടവനുമായ അങ്ങയോട് ഞങ്ങള്‍ അപേക്ഷിക്കുന്നു,

മരണത്തിന്‍റെ താക്കോലും നരകത്തിന്‍റെ താക്കോലും കൈക്കൊണ്ടിരിക്കുന്ന അങ്ങയോട് ഞങ്ങള്‍ അപേക്ഷിക്കുന്നു,

രക്ഷിപ്പാന്‍ യോഗ്യതയുള്ളവരെ കൃപയോടെ രക്ഷിക്കുന്നതിനായി അങ്ങയോട് ഞങ്ങള്‍ അപേക്ഷിക്കുന്നു,

ഞങ്ങളുടെ സഹോദരര്‍, ബന്ധുക്കള്‍, സ്നേഹിതര്‍, ഉപകാരികള്‍ എന്നിവരുടെ ആത്മാക്കളെ ശുദ്ധീകരണ സ്ഥലത്തു നിന്ന്‍ രക്ഷിച്ചരുളണമെന്ന് അങ്ങയോട് ഞങ്ങള്‍ അപേക്ഷിക്കുന്നു,

ഉപേക്ഷിക്കപ്പെട്ട സകല‍ ആത്മാക്കള്‍ക്കും ദയ ചെയ്തരുളണമെന്ന് അങ്ങയോട് ഞങ്ങള്‍ അപേക്ഷിക്കുന്നു,

മിശിഹാകര്‍ത്താവില്‍ അനുകൂലപ്പെടുന്ന സകലര്‍ക്കും ആശ്വാസവും പ്രകാശവും സമാധാനവുമുള്ള സ്ഥലം കല്‍പ്പിച്ചരുളണമെന്ന് അങ്ങയോട് ഞങ്ങള്‍ അപേക്ഷിക്കുന്നു,

പാപദൂഷ്യത്താല്‍ അവര്‍ക്കുണ്ടായിരിക്കുന്ന ശിക്ഷയെ കുറച്ചരുളണമെന്ന് അങ്ങയോട് ഞങ്ങള്‍ അപേക്ഷിക്കുന്നു,

അവരുടെ ദുഃഖത്തെ സന്തോഷമാക്കി മാറ്റണമെന്ന് അങ്ങയോട് ഞങ്ങള്‍ അപേക്ഷിക്കുന്നു,

അവരുടെ ആശയെ നിറവേറ്റുവാന്‍ ദയയായിരിക്കണമെന്ന് അങ്ങയോട് ഞങ്ങള്‍ അപേക്ഷിക്കുന്നു,

അങ്ങയെ പുകഴ്ത്തി, സ്തുതിച്ചു ബലി അങ്ങേയ്ക്കണപ്പാന്‍ തക്കവണ്ണം കൃപ ചെയ്യണമെന്ന് അങ്ങയോട് ഞങ്ങള്‍ അപേക്ഷിക്കുന്നു,

അങ്ങേ പുണ്യാത്മാക്കളുടെ കൂട്ടത്തില്‍ അവരെ കൈക്കൊള്ളണമെന്ന് അങ്ങയോട് ഞങ്ങള്‍ അപേക്ഷിക്കുന്നു,

സര്‍വ്വേശ്വരന്‍റെ പുത്രാ, അങ്ങയോട് ഞങ്ങള്‍ അപേക്ഷിക്കുന്നു,

കൃപയുടെ ഉറവയെ, അങ്ങയോട് ഞങ്ങള്‍ അപേക്ഷിക്കുന്നു.

ഭൂലോക പാപങ്ങളെ നീക്കുന്ന  ദിവ്യചെമ്മരിയാട്ടിന്‍ കുട്ടീ,

……..(അവര്‍ക്ക് നിത്യാശ്വാസം കൊടുത്തരുളണമേ)

ഭൂലോക പാപങ്ങളെ നീക്കുന്ന  ദിവ്യചെമ്മരിയാട്ടിന്‍ കുട്ടീ,

……..(അവര്‍ക്ക് നിത്യാശ്വാസം കൊടുത്തരുളണമേ)

ഭൂലോക പാപങ്ങളെ നീക്കുന്ന  ദിവ്യചെമ്മരിയാട്ടിന്‍ കുട്ടീ,

……..(കര്‍ത്താവേ, അനുഗ്രഹിക്കണമേ)

(തുടര്‍ന്ന്‍ 1 സ്വര്‍ഗ്ഗ. ചൊല്ലുക)

സമാധാനത്തില്‍ അവര്‍ ആശ്വസിക്കട്ടെ,

………(അപ്രകാരം സംഭവിക്കട്ടെ)

കര്‍ത്താവേ ഞങ്ങളുടെ അപേക്ഷ കേട്ടരുളണമേ.

…….(ഞങ്ങളുടെ അഭയശബ്ദം അങ്ങേ സന്നിധിയില്‍ എത്തട്ടെ)

പ്രാര്‍ത്ഥിക്കാം
🔹🔹🔹🔹🔹🔹

സകല വിശ്വാസികളുടെയും സൃഷ്ടാവും രക്ഷിതാവുമായിരിക്കുന്ന സര്‍വ്വേശ്വരാ, മരിച്ച അങ്ങേ ദാസരെക്കുറിച്ച് ചെയ്യപ്പെടുന്ന ഭക്തിയുള്ള അപേക്ഷയെ അംഗീകരിച്ച് അവരേറ്റം ആഗ്രഹിക്കുന്ന പാപപരിഹാരത്തെ കൃപയോടു കൂടെ കൊടുത്തരുളണമേ. എന്നേക്കും ജീവിച്ചു വാഴുന്നവനായ സര്‍വ്വേശ്വരാ കര്‍ത്താവേ, ഈ അപേക്ഷയെ കരുണയോടെ കേട്ടരുളണമേ.

നിത്യപിതാവേ, മാതാപിതാക്കള്‍, ബന്ധുക്കള്‍, സ്നേഹിതര്‍, ഉപകാരികള്‍ മുതലായവരെ വേണ്ടവിധം സ്നേഹിച്ച് അവര്‍ക്കു വേണ്ട നന്മ ചെയ്യണമെന്ന് അങ്ങ് കല്‍പ്പിച്ചിരിക്കുന്നുവല്ലോ. ഞങ്ങള്‍ക്കു ജന്മം നല്‍കി പ്രിയത്തോടു കൂടെ വളര്‍ത്തി സഹായിച്ചവരും, പലവിധ ഉപകാരങ്ങള്‍ ഞങ്ങള്‍ക്കു ചെയ്തവരും, ഞങ്ങളുടെ ബന്ധുക്കള്‍, സ്നേഹിതര്‍ എന്നിവരും അവരുടെ വേദന നീങ്ങി എന്നേയ്ക്കും അങ്ങയെ സന്തോഷമായി ദര്‍ശിച്ചു കൊണ്ടിരിപ്പാന്‍ കൃപ ചെയ്യണമെന്ന് ഞങ്ങള്‍ പ്രാര്‍ത്ഥിക്കുന്നു.

മരിച്ച വിശ്വാസികള്‍ക്കു വേണ്ടി നമുക്ക് പ്രാര്‍ത്ഥിക്കാം.

…….(കര്‍ത്താവേ, അവര്‍ക്കു നിത്യാശ്വാസം കൊടുത്തരുളണമേ)

നിത്യവെളിച്ചം അവര്‍ക്കു ലഭിക്കുമാറാകട്ടെ, ആമ്മേന്‍.

സുകൃതജപം
🔹🔹🔹🔹🔹🔹

ഈശോ മിശിഹായുടെ ദിവ്യ ഹൃദയമേ! ഞങ്ങളുടെമേല്‍ അലിവായിരിക്കണമേ.

സല്‍ക്രിയ
🔹🔹🔹🔹🔹
നമ്മള്‍ അറിയുന്നതോ അറിയാത്തതോ ആയ അനേകരുടെ മരണദിവസമാണ് ഇന്ന്‍. അവര്‍ക്കുവേണ്ടി 5 സ്വര്‍ഗ്ഗ. 5 നന്മ. 5 ത്രിത്വ. ചൊല്ലി സമര്‍പ്പിക്കുക.
🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹

Advertisements
Advertisements

Leave a comment