പുഞ്ചിരിയും മഴവില്ലും മാത്രം

മറ്റൊരാളുടെ അതിജീവനത്തിന് ത്വരകമാകുകയാണ് മനുഷ്യനെന്ന നിലയിൽ ഒരാൾക്ക് അനുവർത്തിക്കാവുന്ന ഏറ്റവും വലിയ സുകൃതമെന്ന് തോന്നുന്നു.ഒന്നോർത്താൽ ഏതൊരു ജീവജാലത്തിൻ്റെയും ഉള്ളിൽ ആ പരമ ചൈതന്യം നിക്ഷേപിച്ചിട്ടുള്ള ഏറ്റവും പുരാതനവും അഗാധവുമായ വിത്താണത്.
ഗുരുക്കന്മാർ നമ്മളെ അഭ്യസിപ്പിക്കുന്നത് ജീവനകല മാത്രമല്ല അതിജീവന ഉപായങ്ങൾ കൂടിയാവണം. നിശ്ചയദാർഢ്യമെന്ന ഒരായുധത്തെ രാകിരാകി മിനുക്കുക എന്നതാണ് അതിജീവനത്തിൻ്റെ ദിശയിലെ ആദ്യ ചുവടെന്ന് തോന്നുന്നു. നിന്നെ ഭാരപ്പെടുത്തുന്ന നുകങ്ങളിൽ നിന്ന് പുറത്ത് കടക്കാൻ നിനക്ക് ആഗ്രഹമുണ്ടോയെന്ന ക്രിസ്തുവിൻ്റെ കുശലം ചോദിക്കൽ പോലും അതിനു വേണ്ടിയാണ്. മുപ്പത്തിയെട്ടു വർഷമായി കുളക്കടവിൽ തളർന്നു കിടക്കുന്ന ഒരാളോടുപോലും ക്രിസ്തു ചോദിക്കും: ഞാൻ നിനക്ക് എന്ത് ചെയ്തു തരണമെന്നാണ് നീ ആഗ്രഹിക്കുന്നത്. അസാധാരണമാണത്, എങ്കിലും കാരണമുള്ളത്. ദീർഘകാലമായി ചില അനുഭവക്കൾക്ക് വിധേയപ്പെട്ടു കഴിയുന്നവർ കാണെക്കാണെ അതുമായി സമരസപ്പെടുമെന്ന് ക്രിസ്തുവിനറിയാം.

മലകളെ മാറ്റുന്ന വിശ്വാസത്തെക്കുറിച്ചാണ് ക്രിസ്തു എപ്പോഴും പറഞ്ഞു കൊണ്ടിരുന്നത്. മനുഷ്യൻ്റെ ഇച്ഛാശക്തിക്ക് മുമ്പിൽ എന്താണ് വഴിമാറാത്തത്…
ജീവിതമേൽപ്പിക്കുന്ന ചില പരുക്കുകളെ സ്വീകരിക്കാൻ കഴിയാത്തതെന്തേ.അതിജീവനത്തിൻ്റെ ഏറ്റവും പ്രധാനനിയമങ്ങളിലൊന്ന് അഡാപ്റ്റേഷനാണ് ദിനോസറുകൾ കടന്നു പോകുകയും അശു ജന്മങ്ങൾ നിലനില്ക്കുകയും ചെയ്തതങ്ങനെയാണ്. ദൈവദൂതൻ ഹാഗാറിനോട് പറഞ്ഞതുപോലെ ചില സങ്കടകാരണങ്ങളെ ചേർത്തുപിടിച്ചേ കഴിയൂ.. ദി ലാസ്റ്റ് ലെക്ചർ എന്ന പുസ്തകം ശ്രദ്ധേയമാകുന്നത് അങ്ങനെയാണ്. അത്തരമൊരു രീതിയുണ്ട്. സ്വന്തം മരണത്തെ ഭാവനയിൽ കണ്ടു കൊണ്ട് തങ്ങൾക്ക് ഏറ്റവും മൂല്യമുള്ള ചില കാര്യങ്ങൾ പങ്കുവെക്കുന്ന രീതി. അത്തരം ക്ഷണം Randi Paush എന്ന കമ്പ്യൂട്ടർ സയൻസ് പ്രൊഫസറെ തേടി വന്നപ്പോൾ അയാൾക്കത് സങ്കല്പ്പിക്കേണ്ട ബാധ്യതയില്ലായിരന്നു. കാരണം ഏതാനും മാസങ്ങൾ കൂടിയേ അയാൾ ഉണ്ടായിരിക്കുകയുള്ളെന്ന് വൈദ്യശാസ്ത്രത്തിനറിയാം. എന്നിട്ടും സദസ്സിനെ കുസൃതി കൊണ്ടാണയാൾ നേരിട്ടത്.ദീർഘമായ ഭാഷണത്തിനിടയിൽ അയാൾ പറയന്നുണ്ട്-ഒരു കളിയിൽ നമ്മുടെ കൈയ്യിൽ കിട്ടുന്ന ചീട്ടുകൾ മാറിയെടുക്കാൻ നമുക്ക് സ്വതന്ത്ര്യമില്ല.എന്നാൽ അതെങ്ങനെ കളിക്കുമെന്ന് നിശ്ചയിക്കാനാവും.

ദൈവം ഒരു നിർമ്മല പാത്രമാണെന്നു തോന്നുന്നു. കൈക്കുടന്നയിലെ സങ്കടങ്ങളൊക്കെ അയാളിലേക്ക് പകർന്ന് സ്വന്തം സ്വാസ്ഥ്യം വീണ്ടെടുക്കാവുന്നതേയുള്ളൂ. പഴയതെല്ലാം കടന്നു പോകും.. പുതിയ ആകാശവും പുതിയ ഭൂമിയുമുണ്ടാവും… അവിടെ കരച്ചിലോ, പ്രളയമോ ഉണ്ടാവില്ല. പുഞ്ചിരിയും മഴവില്ലും മാത്രം.

– ബോബി ജോസ് കട്ടികാട്

Leave a comment