ദിവ്യബലി വായനകൾ Friday of the 1st week of Advent 

🔵🔵🔵🔵🔵🔵🔵🔵🔵🔵🔵_____________
🌺🕯🕯 ….✝🍛🍸🙏🏼….🕯🕯🌺
ദിവ്യബലി വായനകൾ – ലത്തീൻക്രമം
_____________

🔵 വെള്ളി / December 4

Saint John Damascene, Priest, Doctor 
or Friday of the 1st week of Advent 

Liturgical Colour: White.

പ്രവേശകപ്രഭണിതം

cf. പ്രഭാ 15:5

സഭാമധ്യേ അവന്റെ അധരം തുറക്കുകയും
കര്‍ത്താവ് ജ്ഞാനത്തിന്റെയും ബുദ്ധിശക്തിയുടെയും ചൈതന്യം
അവനില്‍ നിറയ്ക്കുകയും ചെയ്തു;
മഹത്ത്വത്തിന്റെ വസ്ത്രം അവനെ ധരിപ്പിച്ചു.

Or:
സങ്കീ 37:30-31

നീതിമാന്റെ അധരം ജ്ഞാനം സംസാരിക്കുന്നു;
അവന്റെ നാവില്‍ നിന്ന് നീതി ഉതിരുന്നു.
ദൈവത്തിന്റെ നിയമം
അവന്റെ ഹൃദയത്തില്‍ത്തന്നെ കുടികൊള്ളുന്നു.

സമിതിപ്രാര്‍ത്ഥന

കര്‍ത്താവേ, വൈദികനായ വിശുദ്ധ ജോണിന്റെ
പ്രാര്‍ഥനാസഹായം അനുഭവിക്കാന്‍
ഞങ്ങള്‍ക്ക് അനുഗ്രഹം നല്കണമേ.
അദ്ദേഹം അതിവിശിഷ്ടമായി പഠിപ്പിച്ച സത്യവിശ്വാസം
എപ്പോഴും ഞങ്ങളുടെ പ്രകാശവും ധൈര്യവുമായിത്തീരുമാറാകട്ടെ.
അങ്ങയോടുകൂടെ പരിശുദ്ധാത്മാവുമായുള്ള ഐക്യത്തില്‍
എന്നെന്നും ദൈവമായി ജീവിക്കുകയും വാഴുകയും ചെയ്യുന്ന
അങ്ങേ പുത്രനും ഞങ്ങളുടെ കര്‍ത്താവുമായ യേശുക്രിസ്തുവഴി
ഈ പ്രാര്‍ഥന കേട്ടരുളണമേ.

ഒന്നാം വായന

ഏശ 29:17-24
അന്നു അന്ധര്‍ക്ക് അന്ധകാരത്തില്‍ ദര്‍ശനം ലഭിക്കും.

കര്‍ത്താവ് അരുള്‍ചെയ്യുന്നു:

ലബനോന്‍ ഫലസമൃദ്ധമായ ഒരു വയലായി തീരാനും
അത് ഒരു വനമായി പരിഗണിക്കപ്പെടാനും അല്‍പസമയം പോരേ?
അന്നു ചെകിടര്‍ ഗ്രന്ഥത്തിലെ വാക്കുകള്‍ വായിച്ചുകേള്‍ക്കുകയും
അന്ധര്‍ക്ക് അന്ധകാരത്തില്‍ ദര്‍ശനം ലഭിക്കുകയും ചെയ്യും.

ശാന്തശീലര്‍ക്കു കര്‍ത്താവില്‍ നവ്യമായ സന്തോഷം ലഭിക്കും;
ദരിദ്രര്‍ ഇസ്രായേലിന്റെ പരിശുദ്ധനില്‍ ആഹ്‌ളാദിക്കും.
നിര്‍ദയര്‍ അപ്രത്യക്ഷരാവുകയും നിന്ദകര്‍ ഇല്ലാതാവുകയും
തിന്മ ചെയ്യാന്‍ നോക്കിയിരിക്കുന്നവര്‍
വിച്‌ഛേദിക്കപ്പെടുകയും ചെയ്യും.
അവര്‍ ഒരുവനെ ഒരു വാക്കില്‍ പിടിച്ചു കുറ്റക്കാരനാക്കുകയും
നഗരകവാടത്തിങ്കലിരുന്നു ശാസിക്കുന്നവനു കെണിവയ്ക്കുകയും
അടിസ്ഥാനരഹിതമായ വാദംകൊണ്ടു
നീതിമാനു നീതി നിഷേധിക്കുകയും ചെയ്യുന്നു.

അബ്രാഹത്തെ രക്ഷിച്ച കര്‍ത്താവ്
യാക്കോബിന്റെ ഭവനത്തെക്കുറിച്ച് അരുളിച്ചെയ്യുന്നു:
യാക്കോബ് ഇനിമേല്‍ ലജ്ജിതനാവുകയില്ല;
ഇനിമേല്‍ അവന്റെ മുഖം വിവര്‍ണമാവുകയുമില്ല.
ഞാന്‍ ജനത്തിന്റെ മധ്യേ ചെയ്ത പ്രവൃത്തികള്‍ കാണുമ്പോള്‍
അവന്റെ സന്തതി എന്റെ നാമത്തെ മഹത്വപ്പെടുത്തും.
അവര്‍ യാക്കോബിന്റെ പരിശുദ്ധനെ മഹത്വപ്പെടുത്തും;
ഇസ്രായേലിന്റെ ദൈവത്തിന്റെ മുന്‍പില്‍
ഭക്തിയോടെ അവര്‍ നിലകൊള്ളും.
തെറ്റിലേക്കു വഴുതിപ്പോയവര്‍
വിവേകത്തിലേക്കു മടങ്ങിവരും;
പിറുപിറുത്തിരുന്നവര്‍ ഉപദേശം സ്വീകരിക്കും.

കർത്താവിന്റെ വചനം.

പ്രതിവചനസങ്കീർത്തനം

സങ്കീ 27:1,4,13-14

കര്‍ത്താവ് എന്റെ പ്രകാശവും രക്ഷയുമാണ്.

കര്‍ത്താവ് എന്റെ പ്രകാശവും രക്ഷയുമാണ്,
ഞാന്‍ ആരെ ഭയപ്പെടണം?
കര്‍ത്താവ് എന്റെ ജീവിതത്തിനു കോട്ടയാണ്,
ഞാന്‍ ആരെ പേടിക്കണം?

കര്‍ത്താവ് എന്റെ പ്രകാശവും രക്ഷയുമാണ്.

ഒരു കാര്യം ഞാന്‍ കര്‍ത്താവിനോട് അപേക്ഷിക്കുന്നു;
ഒരു കാര്യം മാത്രം ഞാന്‍ തേടുന്നു;
കര്‍ത്താവിന്റെ മാധുര്യം ആസ്വദിക്കാനും
കര്‍ത്താവിന്റെ ആലയത്തില്‍
അവിടുത്തെ ഹിതം ആരായാനും വേണ്ടി
ജീവിതകാലം മുഴുവന്‍
അവിടുത്തെ ആലയത്തില്‍ വസിക്കാന്‍തന്നെ.

കര്‍ത്താവ് എന്റെ പ്രകാശവും രക്ഷയുമാണ്.

ജീവിക്കുന്നവരുടെ ദേശത്തു
കര്‍ത്താവിന്റെ നന്മ കാണാമെന്നു ഞാന്‍ വിശ്വസിക്കുന്നു.
കര്‍ത്താവില്‍ പ്രത്യാശയര്‍പ്പിക്കുവിന്‍,
ദുര്‍ബലരാകാതെ ധൈര്യമവലംബിക്കുവിന്‍;
കര്‍ത്താവിനുവേണ്ടി കാത്തിരിക്കുവിന്‍.

കര്‍ത്താവ് എന്റെ പ്രകാശവും രക്ഷയുമാണ്.

സുവിശേഷ പ്രഘോഷണവാക്യം
……….
……….
……….

സുവിശേഷം

മത്താ 9:27-31
യേശുവില്‍ വിശ്വസിച്ചപ്പോള്‍ രണ്ട് അന്ധരും സുഖപ്പെട്ടു.

യേശു അവിടെ നിന്നു കടന്നുപോകുമ്പോള്‍, രണ്ട് അന്ധന്മാര്‍, ദാവീദിന്റെ പുത്രാ, ഞങ്ങളില്‍ കനിയണമേ എന്നു കരഞ്ഞപേക്ഷിച്ചു കൊണ്ട് അവനെ അനുഗമിച്ചു. അവന്‍ ഭവനത്തിലെത്തിയപ്പോള്‍ ആ അന്ധന്മാര്‍ അവന്റെ സമീപം ചെന്നു. യേശു അവരോടു ചോദിച്ചു: എനിക്ക് ഇതു ചെയ്യാന്‍ കഴിയുമെന്നു നിങ്ങള്‍ വിശ്വസിക്കുന്നുവോ? ഉവ്വ്, കര്‍ത്താവേ, എന്ന് അവര്‍ മറുപടി പറഞ്ഞു. നിങ്ങളുടെ വിശ്വാസംപോലെ നിങ്ങള്‍ക്കു ഭവിക്കട്ടെ എന്നു പറഞ്ഞുകൊണ്ട് അവന്‍ അവരുടെ കണ്ണുകളില്‍ സ്പര്‍ശിച്ചു. അവരുടെ കണ്ണുകള്‍ തുറന്നു. ഇത് ആരും അറിയാനിടയാകരുത് എന്ന് യേശു അവരോടു കര്‍ശനമായി നിര്‍ദേശിച്ചു. എന്നാല്‍, അവര്‍ പോയി അവന്റെ കീര്‍ത്തി നാടെങ്ങും പരത്തി.

കർത്താവിന്റെ സുവിശേഷം.

നൈവേദ്യപ്രാര്‍ത്ഥന

ദൈവമേ, വിശുദ്ധ N ന്റെ തിരുനാളില്‍
സന്തോഷത്തോടെ അര്‍പ്പിക്കുന്ന ഈ ബലി
അങ്ങയെ പ്രസാദിപ്പിക്കുമാറാകട്ടെ.
അദ്ദേഹത്തിന്റെ ഉദ്‌ബോധനത്താല്‍,
അങ്ങയെ പ്രകീര്‍ത്തിച്ചുകൊണ്ട്
ഞങ്ങളെയും പൂര്‍ണമായി അങ്ങേക്ക് സമര്‍പ്പിക്കുന്നു.
ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ.

ദിവ്യകാരുണ്യപ്രഭണിതം
cf. ലൂക്കാ 12:42

യഥാസമയം ആവശ്യമായ ഭക്ഷണം കൊടുക്കേണ്ടതിന്
കര്‍ത്താവ് തന്റെ കുടുംബത്തിനുമേല്‍ നിയമിച്ചവന്‍
വിശ്വസ്തനും വിവേകിയുമായ ഭൃത്യനാണ്.

Or:
cf. സങ്കീ 1:2-3

രാവും പകലും കര്‍ത്താവിന്റെ നിയമം ധ്യാനിക്കുന്നവന്‍,
അതിന്റെ ഫലം യഥാകാലം പുറപ്പെടുവിക്കും.

ദിവ്യഭോജനപ്രാര്‍ത്ഥന

കര്‍ത്താവേ, ജീവന്റെ അപ്പമായ ക്രിസ്തുവാല്‍
അങ്ങ് പരിപോഷിപ്പിക്കുന്ന ഇവരെ,
ഗുരുനാഥനായ ക്രിസ്തുവഴി പഠിപ്പിക്കണമേ.
അങ്ങനെ, വിശുദ്ധ N ന്റെ തിരുനാളില്‍,
അങ്ങേ സത്യം അവര്‍ ഗ്രഹിക്കുകയും
സ്‌നേഹത്തില്‍ അത് പ്രാവര്‍ത്തികമാക്കുകയും ചെയ്യുമാറാകട്ടെ.
ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ.

🔵

Leave a comment