Article

ദുരഭിമാനത്തിൽ പൊലിയുന്ന സംവരണ സാധ്യതകൾ

ദുരഭിമാനത്തിൽ പൊലിയുന്ന സംവരണ സാധ്യതകൾ

ഞാൻ മുമ്പ് ജോലി ചെയ്തിരുന്ന സ്ഥാപനത്തിൻ്റെ മുറ്റത്തിൻ്റെ വടക്കേ കോണിൽ ഒരു നെല്ലിമരമുണ്ടായിരുന്നു. നല്ല വണ്ണവും ഉയരവും ഉള്ളതും പടർന്നു പന്തലിച്ചതുമായ ഒരുഗ്രൻ നെല്ലിമരം. ആ സ്ഥാപനത്തിൽ വരുന്നവരൊക്കെ ആ നെല്ലിമരത്തെപ്പറ്റി എന്നോട് ചോദിക്കുമായിരുന്നു. വളരെ ആവേശത്തോടെ ഞാൻ അതിനെപ്പറ്റി അവരോട് സംസാരിക്കും. അതിൽ വിളയുന്ന വലിപ്പം കുറഞ്ഞ നെല്ലിക്കയുടെ കയ്പും പുളിയും നിറഞ്ഞ രുചിയെപ്പറ്റിയും എത്ര ചൂടിലും നെല്ലിമരത്തണലിൻ്റെ കുളിർമയെപ്പറ്റിയുമെല്ലാം ഞാൻ അഭിമാനത്തോടെ അവരോട് പറയും. എല്ലാം ദിവസവും അതിൻ്റെ ചുവട്ടിൽ പോയി അല്പനേരം ഇരിക്കുക എന്നത് എൻ്റെ ദിനചര്യയുടെ ഭാഗവുമായിരുന്നു. അവിടെ പുതിയ കെട്ടിടത്തിൻ്റെ പ്ലാൻ വരച്ചപ്പോൾ നെല്ലിമരത്തിന് ഒരു ബുദ്ധിമുട്ടും വരരുതെന്ന് ഞാൻ നഷ്ക്കർഷിച്ചു. അങ്ങനെ തന്നെ ആർക്കിടെക്റ്റ് പ്ലാനും വരച്ചു.

എന്നാൽ ഏവരെയും അദ്ഭുതപ്പെടുത്തിക്കൊണ്ട് ഏതാനും നാളുകൾക്ക് മുമ്പ് ഒരു സൂചനയും തരാതെ ആ നെല്ലിമരം നിലംപതിച്ചു. അതിൻ്റെ ഫോട്ടോ കണ്ട് എൻ്റെ ഹൃദയം തേങ്ങി. കണ്ണീർ പൊടിഞ്ഞു…. പ്രിയപ്പെട്ടവർ വിടപറയുബോഴുള്ള അതേ വേദന ഉള്ളിൽ നിറഞ്ഞു.
നല്ല ബലവും ആഢ്യത്വവുമുണ്ടായിരുന്ന
ഈ നെല്ലിമരം എന്തുകൊണ്ടാണ് ഇങ്ങനെ വീണുപോയത് ?
“അച്ചാ അതിൻ്റെ ഉള്ളു പൊള്ളയായിരുന്നു…. വേരുകൾ ദ്രവിച്ചിരുന്നു… ” അവിടുത്തെ ഡ്രൈവർ എന്നെ ഫോണിൽ അറിയിച്ചു.

ഇന്ന് നമ്മുടെ സമുദായത്തെപ്പറ്റി ചിന്തിക്കുബോഴെക്കെ ഈ നെല്ലിമരം പേടിപ്പെടുത്തുന്ന ഓർമ്മയായി മനസ്സിൽ നിറയുന്നു. മുന്നോക്കമെന്നൊക്കെ പറയാമെന്നേയുള്ളൂ. എല്ലാ മേഖലകളിലും അതിവേഗം പിന്നോക്കം പൊയ്ക്കൊണ്ടിരിക്കുന്ന സമുദായമാണിത്. ഇലകളുടെ പച്ചപ്പേയുള്ളൂ…. ഉള്ളു പൊള്ളയാണ്…. വേരുകൾ ദ്രവിച്ചിരിക്കുന്നു. ഏതു നിമിഷവും നിലംപതിക്കാം. അതിൻ്റെ
അടയാളങ്ങൾ അനവധിയുണ്ട്…. തൊഴിൽ രഹിതരും അവിവാഹിതരുമായ യുവാക്കൾ ഏറ്റവും കൂടുതലുള്ള സമുദായം…. കുടിയിറക്കപ്പെടുന്ന കൃഷിക്കാർ… അടച്ചു പൂട്ടപ്പെടുന്ന വ്യവസായ സംരംഭങ്ങൾ…. അന്യനാട്ടിലേക്ക് പലായനം ചെയ്യുന്ന അഭ്യസ്തവിദ്യർ.. ആരോഗ്യം നഷ്ടപ്പെട്ട അമ്മമാർ… ലക്ഷ്യബോധം നഷ്ടപ്പെട്ട പുതുതലമുറ… നിരാശ ജനിപ്പിക്കുന്ന വിവാദങ്ങൾ… ഈ ലിസ്റ്റ് ഇങ്ങനെ നീളുന്നു. വിസ്താര ഭയം കൊണ്ട് കൂടുതൽ എഴുതുന്നില്ല.

ഇത് കൂടാതെ ഇന്ന് ഈ സമുദായം അഭിമുഖീകരിക്കുന്ന ചില മാനസിക പ്രശ്നങ്ങളുണ്ട്. മേല്പറഞ്ഞതൊക്കെ ശാരീരിക രോഗങ്ങളാണ്. “ദുരഭിമാനം” എന്ന മാനസിക രോഗമാണ് അതിൽ ഏറ്റവും മാരകം. കൊറോണ വൈറസിനേക്കാൾ മാരകമാണത്. അഷ്ടിക്ക് വകയില്ലാത്തപ്പേഴും പടിപ്പുരയിൽ ചെന്ന് ” അത്താഴപ്പട്ടിണിക്കാരുണ്ടോ?” എന്നു ചോദിക്കുന്ന മാനസ്സികാവസ്ഥ. തൻ്റെ റേഷൻ കാർഡ് BPL ആണ് എന്നു പറയാനുള്ള ധൈര്യമില്ലായ്മ. ഞാൻ EWS കാറ്റഗറി എന്നു പറയുവാനുള്ള ആർജ്ജവമി മായ്മ. ഇടവകയിലുള്ള EWS കുടുംബങ്ങളെ ഫോണിൽ വിളിച്ച് സർട്ടിഫിക്കറ്റ് കരസ്ഥമാക്കാൻ പ്രോത്സാഹിപ്പിക്കണമെന്ന് പറഞ്ഞപ്പോൾ കമ്മിറ്റിക്കാരൻ തിരിച്ചു ചോദിക്കുവാ ” അച്ചാ അവർക്കത് വിഷമമാകുമോ? എന്ന്….. “

നമ്മുടെ ഈ ദുരഭിമാനത്തെ മറ്റുള്ളവർ ചൂഷണം ചെയ്യുന്നത് നമ്മളറിയുന്നില്ല. ഏതാനും നാളുകൾക്ക് മുമ്പ് പിരിവിന് വന്ന ആളുകൾ 5000/ രൂപയ്ക്കു മുകളിലുള്ള കൂപ്പണുകൾ മാത്രം എൻ്റെ മുന്നിലേയ്ക്ക് വച്ചപ്പോൾ ഞാൻ ചോദിച്ചു ” നിങ്ങളുടെ കൈയിൽ ചെറിയ തുകയുടെ കൂപ്പണുകൾ ഒന്നും ഇല്ലേ എന്ന് ?” അതിനവർ പറഞ്ഞത് “ചെറിയത് തന്നാൽ അച്ചനതൊരു കുറച്ചിലാകും ” എന്നാണ്. കണ്ടോ… നമ്മുടെ മനസ്സികാവസ്ഥയെ കൃത്യമായി മനസ്സിലാക്കിയ പിരിവുകാർ. ഈ ടെക്നിക് ഇന്നവർ മറ്റു പല സ്ഥലത്തും പ്രയോഗിക്കുന്നുണ്ട്. കൊറോണക്കാലത്ത് ഭക്ഷണക്കിറ്റ് വിതരണം ചെയ്യുന്ന സ്ഥലത്തും മറ്റു ആനുകൂല്യങ്ങൾ വിതരണം ചെയ്യുന്ന സ്ഥലത്തുമെല്ലാം…. “ഈ ചേട്ടന് എന്തിൻ്റെ കേടാ ? വെറും ആയിരം രൂപയുടെ ഭക്ഷണപ്പൊതി വാങ്ങാൻ വന്നിരിക്കുന്നു ” ഇതു കേൾക്കേണ്ട താമസം ചേട്ടൻ്റെ തലകുനിയുന്നു. എന്തോ അധാർമ്മിക കാര്യത്തിന് ക്യു നില്ക്കുന്ന മാനസ്സികാവസ്ഥ. എന്തിനീ ദുരഭിമാനം? ഒന്നു തല ഉയർത്തി നോക്കിയാൽ അപ്പുറത്ത് കാണാം ഇന്നോവ കാറിൽ വന്ന് അഭിമാനത്തോടെ ക്യൂ നില്ക്കുന്നവരെ . ഗവൺമെൻ്റിൽ നിന്നും സ്വീകരിക്കുന്നത് ഒത്തം ഔദാര്യമല്ലെന്നും നികുതി ദായകനെന്ന നിലയിൽ എൻ്റെ അവകാശമാണെന്നുമുള്ള മാനസ്സികാവസ്ഥയിലേയ്ക്ക് നാം എന്നാണ് വളരുക .

ഇപ്പോൾ നടപ്പിലാക്കപ്പെട്ടിരിക്കുന്ന സാമ്പത്തിക സംവരത്തിൻ്റെ (EWS ) കാര്യത്തിലും ഇത് തന്നെയാണ് അവസ്ഥ. സംവരണത്തിൻ്റെ ആനുകൂല്യം ഇതുവരെയും അനുഭവിച്ചവർ പറയുന്നത് “നിങ്ങൾക്കിതിൻ്റെയൊന്നും ആവശ്യമില്ലെന്നും, ഇത് സ്വീകരിക്കുന്നത് നിങ്ങളുടെ അന്തസ്സിന് കുറച്ചിലാണെന്നുമാണ് ”
അവരുടെ ഈ മാനസിക യുദ്ധതന്ത്രം ഇതുവരെ വിജയിച്ചുവെന്നാണ് എൻ്റെ അനുമാനം. കാരണം പകുതിയിൽ താഴെ ആളുകൾ പോലും ഇതിനകം EWS സർട്ടിഫിക്കറ്റിന് അപേക്ഷിച്ചിട്ടില്ല.

ദുരഭിമാനം പൊങ്ങച്ചത്തിലേക്ക് നയിക്കും. പൊങ്ങച്ചം കടക്കെണിയിലേയ്ക്കും. കടം മേടിച്ച് കല്യാണവും, മാമ്മോദീസയും, ആദ്യകുർബാനയും ആലോഷിക്കുന്നവരുടെയും ആഡംബര വീട് പണിയുന്നവരുടെയും, കാറ് വാങ്ങുന്നവരുടെയും എണ്ണം വളരെ വളരെ കൂടുതലാണ്. അവരെല്ലാം ഇന്ന് വലിയ കടക്കെണിയിലുമാണ്. ഉള്ളതുകൊണ്ട് തൃപ്തിപ്പെടാൻ നാം എന്നാണ് പഠിക്കുക.

കഴിഞ്ഞ ദിവസം ഞാൻ നെല്ലിമരം നിന്നിരുന്ന സ്ഥലം സന്ദർശിച്ചിരിന്നു. ആ നെല്ലിമരം അവിടെ ഉണ്ടായിരുന്നു എന്നതിൻ്റെ യാതൊരു സൂചനയും ഇന്ന് അവിടെ അവശേഷിക്കുന്നില്ല. !!!!!

ഫാ. അജി പുതിയാപറമ്പിൽ
(താമരശ്ശേരി രൂപത)

(താമരശ്ശേരി രൂപതയുടെ മുഖപത്രമായ മലബാർ വിഷൻ്റെ നവംബർ ലക്കത്തിൽ പ്രസിദ്ധീകരിച്ചത് )

Categories: Article

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s