🎄🎄🎄 December 21 🎄🎄🎄
വിശുദ്ധ പീറ്റര്‍ കനീസിയസ്
🎄🎄🎄🎄🎄🎄🎄🎄🎄🎄🎄🎄
ഈശോ സഭയില്‍ പ്രത്യേകം പരാമര്‍ശിക്കപ്പെടേണ്ട ഒരു വ്യക്തിത്വമാണ് വിശുദ്ധ പീറ്റര്‍ കനീസിയസ്. മധ്യയൂറോപ്പ് മുഴുവനും സുവിശേഷവല്‍ക്കരിച്ചത് ഇദ്ദേഹം ഒറ്റക്കാണ് എന്ന് പറയാം. ഈ വിശുദ്ധന് ധാരാളം കോളേജുകള്‍ സ്ഥാപിക്കുകയും, തന്റെ മഹത്തായ രചനകള്‍ മുഖാന്തിരം കത്തോലിക്കാ സഭക്ക് ഒരു പുനര്‍ജീവന്‍ നല്‍കുകയും ചെയ്തു. കൂടാതെ ആല്‍പ്സ് പര്‍വ്വത പ്രദേശങ്ങളില്‍ കത്തോലിക്കാ നവോത്ഥാനത്തിനുള്ള അടിത്തറയിട്ടത് ഈ വിശുദ്ധനാണ്.
1521-ല്‍ ഹോളണ്ടിലെ നിജ്മെഗെന്‍ എന്ന സ്ഥലത്താണ് വിശുദ്ധന് ജനിച്ചത്. ലോറൈനിലെ നാടുവാഴിയുടെ രാജധാനിയില്‍ രാജകുമാരന്മാരെ വിദ്യ അഭ്യസിപ്പിക്കുക എന്നതായിരുന്നു വിശുദ്ധന്റെ പിതാവിന്റെ ജോലി. യുവാവായിരിക്കെ വിശുദ്ധ പീറ്റര്‍ കനീസിയസ് മത-നവോത്ഥാന പ്രവര്‍ത്തനങ്ങളില്‍ പങ്കാളിയാവുകയും, 1543-ല്‍ വാഴ്ത്തപ്പെട്ട പീറ്റര്‍ ഫാവ്റെ നയിച്ച ഒരു ആത്മീയ ധ്യാനം കൂടിയതിനു ശേഷം, അദ്ദേഹം ഈശോ സഭയില്‍ ചേരുകയും ഈശോ സഭയിലെ പ്രഖ്യാപിക്കപ്പെട്ട അംഗങ്ങളില്‍ എട്ടാമനുമായിതീര്‍ന്നു.
കൊളോണ്‍ നഗരത്തിലാണ് അദ്ദേഹം തന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചത്. താമസിയാതെ ട്രെന്റ് കൗണ്‍സിലില്‍ കര്‍ദ്ദിനാള്‍ ഓഗസ്ബര്‍ഗിന്റെ ഉപദേഷ്ടാവായി നിയമിതനായി. 1547-ല്‍ വിശുദ്ധ ഇഗ്നേഷ്യസ് ഇദ്ദേഹത്തെ റോമിലേക്ക് വരുത്തിക്കുകയും, സിസിലിയില്‍ അദ്ധ്യാപക വൃത്തിക്കായി അയക്കുകയും ചെയ്തു. റോമിലെ വിശുദ്ധന്റെ ദൗത്യം പൂര്‍ത്തിയായതിനു ശേഷം ജെര്‍മ്മനിയിലേക്കയക്കപ്പെട്ട വിശുദ്ധന് ജെര്‍മ്മന്‍ പ്രവിശ്യയിലെ ഈശോ സഭയുടെ ആദ്യത്തെ സുപ്പീരിയര്‍ ആയി തീര്‍ന്നു.
അടുത്തതായി വിശുദ്ധന് ചെയ്തത് നാശോന്മുഖമായ കോളേജുകളെ വീണ്ടെടുക്കുകയും, പുതിയ കോളേജുകള്‍ സ്ഥാപിക്കുകയുമാണ്. ആദ്യം വിയന്നയിലും, പ്രേഗിലും, പിന്നീട് മൂണിക്ക്, ഇന്‍സ്ബ്രക്ക് കൂടാതെ ജെമ്മനിയുടെ വടക്കന്‍ പ്രദേശങ്ങളിലും അദ്ദേഹം കോളേജുകള്‍ സ്ഥാപിച്ചു. വിശുദ്ധന്റെ പ്രവര്‍ത്തന ഫലമായി ധാരാളം ആളുകള്‍ ഈശോ സഭയിലേക്കാകര്‍ഷിക്കപ്പെട്ടു. അപ്രകാരം മധ്യയൂറോപ്പ് മുഴുവന്‍ ഈശോസഭ വളര്‍ന്നു. അദ്ദേഹം ഈശോ സഭയെ ഒരു ഒതുക്കമുള്ള സംഘമാക്കി തീര്‍ക്കുകയും തിരുസഭാ നവീകരണത്തിലെ ഒരു പ്രമുഖ ശക്തിയാക്കി മാറ്റുകയും ചെയ്തു. ജര്‍മ്മനിയിലെ എല്ലാ കത്തോലിക്കാ നേതാക്കന്മാരുമായി ഇദ്ദേഹത്തിന് ബന്ധമുണ്ടായിരുന്നു.
ഏതാണ്ട് 1400 – ഓളം കത്തുകള്‍ സഭാ-നവോത്ഥാന പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരുന്നവരെ സഹായിക്കുന്നതിനായി അദേഹം എഴുതിയിട്ടുണ്ട്. അദ്ദേഹം ചക്രവര്‍ത്തിയുടെ ഉപദേശകനും മൂന്ന് മാര്‍പാപ്പാമാരുടെ വിശ്വസ്തനുമായിരിന്നു. പലകാര്യങ്ങളിലും പാപ്പാ പ്രതിനിധികളും, സ്ഥാനപതികളും ഇദ്ദേഹത്തിന്റെ ഉപദേശം ആരായുക പതിവായിരുന്നു. നവോത്ഥാനത്തിനുള്ള മുന്‍പുള്ള ജര്‍മ്മനിയിലെ ആത്മീയ, പൗരോഹിത്യ ജീവിത ശൈലിയുടെ ഒരു കടുത്ത വിമര്‍ശകനായിരുന്നു വിശുദ്ധന്.
വിദ്യാഭ്യാസ മേഖലയിലും, ആത്മീയ ജീവിതത്തിലും, പൗരോഹിത്യ-ജീവിതത്തിലും വളരെ ദൂരവ്യാപകമായ ഫലങ്ങള്‍ ഉണ്ടാക്കിയ പരിഷ്കാരങ്ങള്‍ക്കുള്ള നിര്‍ദ്ദേശങ്ങളാണ് വിശുദ്ധന് മുന്നോട്ട് വച്ചത്. ഇദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങള്‍ മൂലം നിരവധി സെമിനാരികള്‍ സ്ഥാപിക്കപ്പെടുകയും, നയതന്ത്രപരമായ പല ദൗത്യങ്ങള്‍ക്കും പാപ്പാമാര്‍ വിശുദ്ധനെ അയച്ചിരുന്നു. തന്റെ വിശ്രമമില്ലാത്ത ഈ പ്രവര്‍ത്തനങ്ങള്‍ക്കിടയിലും, സഭാപിതാക്കന്മാര്ക്ക് വേണ്ടിയുള്ള പ്രസിദ്ധീകരണങ്ങളും, വേദപാഠങ്ങളും, ആത്മീയ ലേഖനങ്ങളും അദേഹം എഴുതുകയും പ്രസിദ്ധീകരിക്കുകയും ചെയ്തിരുന്നു. വിശുദ്ധന്റെ ജീവിതകാലത്ത് തന്നെ ഇദ്ദേഹം എഴുതിയ നിരവധി ഗ്രന്ഥങ്ങളുടെ എണ്ണമില്ലാത്തത്ര വാള്യങ്ങള്‍ പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്.
1597 ഡിസംബര്‍ 21ന് സ്വിറ്റ്സര്‍ലന്‍ഡിലെ ഫ്രിബോര്‍ഗില്‍ വെച്ച് വിശുദ്ധന് അന്ത്യനിദ്ര പ്രാപിച്ചു. 1925-ല്‍ വിശുദ്ധനായി പ്രഖ്യാപിക്കപ്പെടുകയും, സഭയുടെ വേദപാരംഗതനായി അംഗീകരിക്കുകയും ചെയ്തു.
ഇതര വിശുദ്ധര്‍
🎄🎄🎄🎄🎄🎄🎄
1. അന്തിയോക്യയിലെ അന്സ്താസിയൂസു ജൂനിയര്‍
2. ഇറ്റലിയിലെ ബവുദാകാരിയൂസ്
3. നിക്കോമേഡിയായിലെ ഗ്ലിസേരിയൂസ്
4. സ്പാനിഷ് നവാരയിലെ ഹോണരാത്തൂസു
🎄🎄🎄🎄🎄🎄🎄🎄🎄🎄🎄🎄
🙏പ്രഭാത പ്രാർത്ഥന..🙏
അത്ഭുതപ്പെടേണ്ടാ, പിശാചു പോലും പ്രഭാപൂർണനായ ദൈവദൂതനായി വേഷം കെട്ടാറുണ്ടല്ലോ.. (2കോറിന്തോസ് 11:14)
ഞങ്ങളുടെ കർത്താവായ ദൈവമേ…
അവിടുത്തെ മുന്നിൽ എന്നും സ്വീകാര്യനായിരിക്കാൻ അന്ധകാരത്തിന്റെ പാപപ്രവൃത്തികളിൽ നിന്നും വേർപിരിഞ്ഞു കൊണ്ട് വിശുദ്ധമായ എന്റെ ഹൃദയത്തിൽ അങ്ങേക്കു മാത്രം ഇടം നൽകാനുള്ള ഉറച്ച വിശ്വാസവുമായി ഈ പ്രഭാതത്തിലും ഞാൻ അങ്ങയുടെ സന്നിധിയിലേക്ക് അണഞ്ഞിരിക്കുന്നു. പലപ്പോഴും പല തെറ്റുകളിലേക്കും ഞങ്ങൾ വഴുതി വീണു പോകാനുള്ള കാരണം ഞാൻ ഇങ്ങനെ ചെയ്യണമെന്നുള്ളത് ദൈവത്തിന്റെ തീരുമാനമാണ് എന്ന തെറ്റായ വിശ്വാസമാണ്. അതിനു വേണ്ടി വചനത്തിന്റെ കൂട്ടു പിടിച്ച് പല തെളിവുകളും അടയാളങ്ങളും ഞങ്ങൾ സ്വയം വിശ്വസിപ്പിക്കാൻ വേണ്ടി സ്വീകരിക്കും. അങ്ങനെ വിശ്വസിച്ചു കൊണ്ട് പാപത്തിന്റെ സുഖം ആസ്വദിക്കുമ്പോൾ അവിടെ മനസ്സു നോവോ, പാപബോധമോ, അനുതാപമോ ഉളവാകുന്നില്ല. അങ്ങയുടെ പ്രസാദവരം നഷ്ട്ടപ്പെട്ടു പോയി എന്നു തിരിച്ചറിയാതെ തന്നെ അന്ധകാരത്തിന്റെ വഴിയിലൂടെ ഞങ്ങൾ മുന്നോട്ടു പോവുകയും ചെയ്യും. പഴയ ലോകജീവിതത്തിന്റെ കാഴ്ച്ചപ്പാടുകളിൽ തെറ്റായി കണ്ടിരുന്ന പല സ്വഭാവശീലങ്ങളും ഇന്നത്തെ ജീവിതത്തിലെ അനിവാര്യതകളായി മാറിയപ്പോൾ ഞങ്ങളിലെ പാപബോധവും എവിടെയോ പോയ്മറഞ്ഞു. തിരുത്തുന്നവരെ അകറ്റി നിർത്താൻ ഞങ്ങൾ കാണിക്കുന്ന ഉത്സാഹം പാപങ്ങളിലേക്ക് ഞങ്ങളെ കൂടുതൽ അടുപ്പിക്കുന്നതിനുള്ള കാരണമായി തീരുകയും ചെയ്യുന്നു.
നല്ല ദൈവമേ… ഞങ്ങളുടെ വിശ്വാസത്തിന്റെ സൂചിമുനയിലെ നേർത്ത സുഷിരത്തിലൂടെ കടന്നു കയറുന്ന എന്നിലെ പാപസാഹചര്യങ്ങളെയും, നന്മയുടെ കണ്ണുകളിലൂടെ കാണുന്ന എന്നിലെ തെറ്റായ ബോധ്യങ്ങളെയും അങ്ങയുടെ ശക്തമായ ശിക്ഷണങ്ങളിലൂടെ തിരിച്ചറിയാനുള്ള വിശ്വാസവെളിച്ചം നൽകി അനുഗ്രഹിക്കേണമേ. അങ്ങയുടെ കൽപ്പനകളെയും വാക്കുകളെയും വളച്ചൊടിക്കുന്ന ഒരു സുഖങ്ങളും എന്റെ ജീവിതത്തിൽ ഭരണം നടത്താതിരിക്കട്ടെ. അപ്പോൾ നന്മയുടെയും വിശുദ്ധിയുടെയും പ്രഭ ചൊരിയുന്ന അങ്ങയുടെ ശക്തി തേജസ്സിനു മുൻപിൽ മറ്റെല്ലാ കപടവേഷങ്ങളും നിഷ്പ്രഭമായി തീരുകയും തെറ്റാണെന്ന് ഉറച്ച ബോധ്യത്തോടെ ഞങ്ങളിലെ പാപശീലങ്ങൾ ആഴിയുടെ അഗാധങ്ങളിലേക്ക് നിപതിക്കുകയും ചെയ്യും. അപ്പോൾ അത്ഭുതങ്ങളുടെയും അടയാളങ്ങളുടെയും മാത്രം ശക്തിയിൽ അകൃഷ്ടരാകാതെ ഏകസത്യദൈവവിശ്വാസത്തിൽ ഉറച്ചു നിന്നു കൊണ്ട് എന്നും ഞങ്ങൾ അവിടുത്തേക്കു സമീപസ്ഥരായിരിക്കുകയും ചെയ്യും…
വിശുദ്ധ പാദ്രേ പിയോ… ഞങ്ങൾക്കു വേണ്ടി പ്രാർത്ഥിക്കേണമേ..ആമേൻ 🙏