അനുദിനവിശുദ്ധർ – ഡിസംബർ 28

🎄🎄🎄 December 28 🎄🎄🎄
വിശുദ്ധരായ കുഞ്ഞിപൈതങ്ങള്‍
🎄🎄🎄🎄🎄🎄🎄🎄🎄🎄🎄🎄

സുവിശേഷത്തില്‍ പറഞ്ഞിരിക്കുന്നത് പോലെ ക്രൂരനായ ഹെറോദേസ് ചക്രവര്‍ത്തിയാല്‍ കൊല്ലപ്പെട്ട പിഞ്ചു പൈതങ്ങളുടെ തിരുനാള്‍ ഇന്ന് നാം ആഘോഷിക്കുകയാണ്. ഇന്നത്തെ തിരുനാള്‍ കൊണ്ട് വെളിവാക്കപ്പെടുന്നത് എത്രമാത്രം ക്രൂരത ആ പൈതങ്ങളുടെ മേല്‍ ചൊരിയപ്പെട്ടുവോ അതിനും മേലെ സ്വര്‍ഗ്ഗീയ അനുഗ്രഹങ്ങള്‍ അവരില്‍ വര്‍ഷിക്കപ്പെട്ടു എന്നുള്ളതാണ്. അതിനാല്‍ ഭൂമി മുഴുവന്‍ ആഹ്ലാദിക്കട്ടെ, ധാരാളം സ്വര്‍ഗ്ഗീയ വിശുദ്ധര്‍ക്ക് ജന്മം നല്‍കുകയും, സകലവിധ നന്മയുംനിറഞ്ഞ തിരുസഭ ജയഭേരി മുഴക്കട്ടെ.

വിശുദ്ധ അഗസ്റ്റിൻ ഈ കുഞ്ഞി പൈതങ്ങളെക്കുറിച്ച് പറയുന്നത് ഇപ്രകാരമാണ് “ജൂദായിലെ ബെത്ലഹെമേ നീ അനുഗ്രഹിക്കപ്പെട്ടവളാകുന്നു! നിന്റെ സ്വന്തം പൈതങ്ങള്‍ ക്രൂരമായി വധിക്കപ്പെട്ടത് മൂലം ക്രൂരനായ ഹെറോദിന്റെ മനുഷ്യത്വരഹിതമായ പ്രവര്‍ത്തികളാല്‍ നീ ഏറെ സഹിക്കപ്പെട്ടവളാണ് എങ്കിലും ഇതിലൂടെ നിന്റെ വിശുദ്ധരായ പൈതങ്ങളെ അതിഥികളായി ദൈവത്തിനു നല്‍കിയതിനാല്‍ നീ മഹത്വമേറിയവളായിരിക്കുന്നു. പരിപൂര്‍ണ്ണ അധികാരങ്ങളോടുകൂടി നാം ഈ പൈതങ്ങളുടെ സ്വര്‍ഗ്ഗീയ ജന്മദിനം നാം ആഘോഷിക്കുകയാണ്, കാരണം വര്‍ത്തമാന കാലത്തെ ആസ്വദിക്കുന്നതിനു മുന്‍പേ തന്നെ അനശ്വരമായ ആത്യന്തിക ജീവിതാനുഗ്രഹം നേടുവാന്‍ അവര്‍ക്ക്‌ സാധിച്ചിരിക്കുന്നു.

തങ്ങളുടെ ധീരമായ പ്രവര്‍ത്തനങ്ങള്‍ മൂലം ഓരോ രക്തസാക്ഷിയുടേയും അമൂല്യമായ മരണം പ്രശംസാര്‍ഹമാണ്, പക്ഷേ പെട്ടെന്ന് നേടിയ ദൈവീക വിശുദ്ധി മൂലം ദൈവത്തിന്റെ ദൃഷ്ടിയില്‍ ഈ കുഞ്ഞു പൈതങ്ങളുടെ മരണവും അമൂല്യമാണ്. തങ്ങളുടെ ജീവിതത്തിന്റെ തുടക്കത്തില്‍ തന്നെ അവര്‍ ഈ ലോകത്ത്‌ നിന്നും കടന്നുപോയിരിക്കുന്നു. വര്‍ത്തമാനകാല ജീവിതത്തിന്റെ അവസാനം അവരെ സംബന്ധിച്ചിടത്തോളം മഹത്വത്തിന്റെ തുടക്കമായിരുന്നു. അവരുടെ അമ്മയുടെ മടിയില്‍ നിന്നും ഹേറോദിന്റെ ക്രൂരത അവരെ പിച്ചിചീന്തിയിരിക്കുന്നു. ആയതിനാല്‍ ‘ശിശുക്കളായ രക്തസാക്ഷി പുഷ്പങ്ങള്‍’ എന്നവര്‍ വാഴ്ത്തപ്പെടുന്നു. കൊടുംശൈത്യകാലത്ത് ക്രൂരമായി വധിക്കപ്പെട്ടത് മൂലം പക്വതയാര്‍ജ്ജിച്ച് തിരുസഭയില്‍ ആദ്യം പുഷ്പിച്ച പുഷ്പങ്ങളായാണ് സഭ അവരെ കാണുന്നത്”

Advertisements

ഇതര വിശുദ്ധര്‍
🎄🎄🎄🎄🎄🎄🎄

1. നിക്കോമേഡിയന്‍ കന്യകകളായ ഇന്‍റസ്, ഡോംന, അഗാപ്പെസ്, തെയോഫിലാ

2. ആര്‍മീനിയായിലെ സെസാരിയൂസ്

3. റോമായിലെ കാസ്പാര്‍ദെല്‍

4. റോമൂളൂസും കൊനിന്ത്രൂസും
🎄🎄🎄🎄🎄🎄🎄🎄🎄🎄🎄🎄

Advertisements

ഉണർന്നെഴുന്നേൽക്കുമ്പോൾ…

ഈശോ, മറിയം, യൗസ്സേപ്പേ, എന്നും എല്ലാവരെയും കൊതിപ്പിച്ചിട്ടുള്ള ഒരു കുടുംബമാണല്ലോ നസ്രത്തിലെ നിങ്ങളുടെ തിരുക്കുടുംബം… നല്ലൊരു കുടുംബജീവിതം ഞങ്ങൾക്കും നയിക്കണം എന്ന് സ്വപ്നം കാണാൻ പഠിപ്പിച്ച തിരുക്കുടുംബം… അപ്പൻ യൗസ്സേപ്പിതാവിനെ പോലെയും അമ്മ മാതാവിനെ പോലെയും മക്കൾ ഓരോരുത്തരും ഈശോയെപ്പോലെയും ജീവിച്ചു അതുപോലൊരു കുടുംബമായിത്തീരണം എന്നല്ലേ ദൈവമേ നസ്രത്തിലെ ഈ കൊച്ചുകുടുംബത്തെ ഉയർത്തിക്കാണിച്ചുകൊണ്ടു അങ്ങ് ഞങ്ങളോട് ആവശ്യപ്പെടുന്നത്… ജീവിതത്തിൽ സന്തോഷം ഉണ്ടെങ്കിലും അസൂയ ഉളവാക്കുന്ന വിധത്തിൽ സുഖമോ സൗകര്യങ്ങളോ ഒന്നുമില്ലെങ്കിലും അപ്പനും അമ്മയും മക്കളും ചേർന്ന് ഒന്നിച്ചുനിന്നു അങ്ങയെ മഹത്വപ്പെടുത്തുന്ന തിരുക്കുടുംബങ്ങൾ ആകാനാണല്ലോ അങ്ങ് ഞങ്ങളെ ഒരുമിച്ചു ഒരു കൂരയ്ക്ക് കീഴിൽ വിളിച്ചു കൂട്ടിയിരിക്കുന്നത്… സമ്മർദ്ദങ്ങളുടെയും ആകുലതകളുടെയും അകമ്പടിയോടെ നിന്ദനങ്ങളിലൂടെയും തള്ളിപ്പറച്ചിലുകളിലൂടെയും ജീവിതം അങ്ങനെ മുന്നോട്ടു പോകുമ്പോഴും ജീവിതഭാരങ്ങളും പ്രാരാബ്ധങ്ങളും എന്റെ ഓരോ കയ്യും കാലും കുരിശിനോട് ചേർത്ത് തറക്കുമ്പോഴും “എന്തൊക്കെ എനിക്ക് സംഭവിച്ചാലും അതെല്ലാം അങ്ങയുടെ ഇഷ്ടം അനുസരിച്ചാണല്ലോ” എന്ന് ഏറ്റുപറയുന്ന അപ്പനായിരിക്കണം അമ്മയായിരിക്കണം മക്കളായിരിക്കണം ഞങ്ങൾ എന്നല്ലേ അങ്ങ് ആഗ്രഹിക്കുന്നത്… സ്വന്തം കാര്യം നോക്കി നടന്നിരുന്ന രണ്ടുപേരെ വിളിച്ചിട്ടു നീയെന്റെ മകന്റെ അമ്മയാകണം വളർത്തച്ഛനാകണം എന്ന് പറഞ്ഞ ആൾ ആ കുഞ്ഞിന് ജനിക്കാൻ നല്ലൊരിടം പോലും ഒരുക്കിവയ്ക്കാത്തപ്പോഴും, ആ കുഞ്ഞിനെ വാളിന്റെ മുനയിൽ നിന്നും രക്ഷിക്കാൻ കുഞ്ഞിനേയും നെഞ്ചോടുചേർത്തു നാടുവിട്ടു പോകേണ്ടി വന്നപ്പോഴും അങ്ങനൊരു ദൈവത്തിന് മുന്നിൽ മറുതലിച്ചു നിൽക്കാതെ ഇതും ദൈവത്തിന്റെ ഇഷ്ടമല്ലേ എന്ന് ഏറ്റുപറയുന്ന ഒരു തിരുക്കുടുംബം… മാംസത്തിൽ നിന്നല്ല കുടുംബത്തിൽ വളരേണ്ട കുഞ്ഞുങ്ങൾ ജനിക്കേണ്ടത്, ദൈവത്തിന്റെ ജീവനാണ് കുടുംബത്തിൽ വളരേണ്ട ഓരോ കുഞ്ഞും എന്ന് ഞങ്ങൾക്ക് കാണിച്ചു തരുന്ന തിരുക്കുടുംബം… അടുത്തേക്ക് വിളിച്ചു കയ്യിൽ വച്ചുതന്ന അനുഗ്രഹങ്ങൾ കുരിശിലെ അണികളിൽ തറയ്ക്കപ്പെടുന്നത് കാണുമ്പോൾ “എന്തേ ദൈവമേ അങ്ങ് ഇങ്ങനെയൊക്കെ…” എന്ന് ചോദിക്കാത്ത മാതാവിന്റെ കുടുംബം… ദൈവമേ എന്റെ കുടുംബത്തെ ഒരു തിരുക്കുടുംബമാക്കാൻ ഒരേ സമയം ഞാൻ ഈശോയും മാതാവും യൗസ്സേപ്പിതാവും ഒക്കെ ആയിമാറുവാൻ അനുഗ്രഹിക്കേണമേ… അങ്ങ് വച്ചുനീട്ടുന്ന ജീവിതത്തെ അങ്ങ് തന്നെ അതിനു നൽകിയ അതിന്റെ എല്ലാ നിറങ്ങളോടുംകൂടി പരാതികൾ ഇല്ലാതെ പൂർണ്ണഹൃദയത്തോടെ സ്വീകരിക്കുമ്പോഴാണ് തിരുക്കുടുംബങ്ങൾ ഉണ്ടാകുന്നത് എന്ന് ഞങ്ങളുടെ ബുദ്ധിയെ പഠിപ്പിക്കേണമേ… ആമേൻ

Leave a comment