ജോസഫ് മാന്യതയുടെ പര്യായം

ജോസഫ് ചിന്തകൾ 45

ജോസഫ് മാന്യതയുടെ പര്യായം

 
ഐറീഷ് കവിയും നാടകകൃത്തുമായ ഓസ്കാർ വൈൽഡ് (Oscsr Wilde) മാന്യനെ നിർവചിക്കുന്നത് മറ്റുള്ളവരുടെ വികാരങ്ങളെ ഒരിക്കലും മനപൂർവ്വം വ്രണപ്പെടുത്താത്ത വ്യക്തി എന്നാണ്.
 
മാന്യമായ പെരുമാറ്റവും ജീവിത ശൈലിയും കുലീനതയുടെ അടയാളമാണ്. ഈ അടയാളം ദൈവപുത്രൻ്റെ രക്ഷാകര കർമ്മത്തിൽ കൊണ്ടു നടന്ന വ്യക്തിയാണ് യൗസേപ്പിതാവ്.
 
സാഹചര്യങ്ങൾ അനുകൂലമായാപ്പോഴും പ്രതികൂലമായപ്പോഴും മാന്യത കൈവിടാതിരുന്ന വ്യക്തിത്വമായിരുന്നു യൗസേപ്പിതാവിൻ്റേത്. യൗസേപ്പ് നിശബ്ദനായത് മറ്റുള്ളവരുടെ വികാരങ്ങൾ വ്രണപ്പെടുത്താതിരിക്കുന്നതിനായിരുന്നു. അവൻ നിശബ്ദനായത് മറ്റുള്ളവരെ ശ്രവിക്കാനായിരുന്നു. കേൾക്കാനുള്ള സന്നദ്ധത മാന്യതയുടെ ഏറ്റവും വലിയ ലക്ഷണവും ആഭരണവുമാണ്.
 
ദൈവത്തിൻ്റെയും സഹജീവികളുടെയും മുമ്പിൽ മാന്യത പുലർത്തുക അതൊരു വിളിയും വെല്ലുവിളിയുമാണ്. ത്യാഗങ്ങളും ആത്മദാനങ്ങളും ഉൾകൊള്ളുന്ന വിളി.
 
ഒരു വ്യക്തിയെയോ സമൂഹത്തെയോ അന്യായമായി അപമാനിക്കാനും ഇകഴ്ത്താനും അധികാരവും കഴിവുകളും ഉപയോഗിക്കാൻ മാർഗ്ഗങ്ങൾ തിരയുന്ന പകൽ മാന്യൻമാരുടെ ഈ കാലഘട്ടത്തിൽ, നീതിമാനായ യൗസേപ്പ് പഠിപ്പിക്കുന്ന മാതൃക അകതാരിലും മാന്യത പുലർത്തുക എന്നതാണ്. അത്തരക്കാർക്കേ മനുഷ്യൻ്റെ നൊമ്പരങ്ങളോടും ബുദ്ധിമുട്ടുകളാടും ക്രിയാത്മകമായി സംവദിക്കാൻ കഴിയുകയുള്ളു. വീഴ്ചകൾ സംഭവിച്ചവർക്ക് തിരുത്താൻ അവസരം നൽകുന്നതും മാന്യതയുടെ മറ്റൊരു മറ്റൊരു ലക്ഷണമാണ്.
 
ദൈവപുത്രൻ്റെ മനുഷ്യവതാരത്തോടെ മനുഷ്യ കുലത്തിൽ ഒരു തേജസ്സ് ഉദയം ചെയ്തു ഭവിച്ചു.ആ പുത്രൻ്റെ വളർത്തു പിതാവ് തൻ്റെ മാന്യതയിലൂടെ മാനവികതയ്ക്കു കൂലീനമായ ഒരു മാതൃക നൽകി. ആ മാതൃക നമുക്കും പിൻതുടരാം.
 
ഫാ. ജയ്സൺ കുന്നേൽ mcbs
Advertisements

Author of the Content: Fr. Jaison Kunnel MCBS, Ludwig-Maximilians-Universität München
Source: – Official Facebook Page: https://www.facebook.com/jaison.alex.16/

Leave a comment