പുലർവെട്ടം 434

{പുലർവെട്ടം 434}

 
കൃത്യം കാൽനൂറ്റാണ്ടു മുൻപാണ്; ഒരു സന്ധ്യാഭാഷണത്തിനിടയിലായിരുന്നു അത്. പുഴയിൽ പെട്ടുപോയ യാത്രക്കാരന്റെ കഥ പറഞ്ഞു തീർത്തതേയുള്ളൂ. കഥയിതാണ്:
 
ദീർഘകാലത്തെ തൊഴിൽജീവിതത്തിനുശേഷം ഒരാൾ തന്റെ ദേശത്തേക്കു മടങ്ങുകയാണ്. കടത്തുവഞ്ചിയിൽ പുഴ കടക്കുമ്പോൾ കടത്തുകാരൻ കൊച്ചുവർത്തമാനം പറയുകയായിരുന്നു.
 
“നിങ്ങൾക്ക് നീന്തലറിയുമോ? നിനച്ചിരിക്കാതെ ചുഴിയും മലരിയുമുള്ള ഇടമാണത്.” അയാൾ പറഞ്ഞു.
‘ഇല്ല’ എന്നായിരുന്നു ഉത്തരം.
 
അറം പറ്റിയതുപോലെ വഞ്ചി മറിഞ്ഞു. തീരത്തേക്ക് നീന്തിയടുക്കുമ്പോൾ കടത്തുകാരൻ ദു:ഖിതനായിരുന്നു, പാവം മനുഷ്യൻ! എന്നാൽ തീരത്തണയുമ്പോൾ അയാളെ അമ്പരപ്പിച്ചുകൊണ്ട് നനഞ്ഞു കുതിർന്ന് ആ യാത്രക്കാരൻ നിൽപ്പുണ്ടായിരുന്നു.
“നീന്തലറിയില്ല എന്ന് പറഞ്ഞിട്ട്?”
 
“അതേ, ഇപ്പോഴും അതങ്ങനെ തന്നെയാണ്. ഈയക്കട്ട പോലെ വെള്ളത്തിലേക്ക് താഴ്ന്നു പോകുമ്പോൾ ഞാനല്ല, ഒരു ചെറിയ വീടിന്റെ സ്വപ്നമാണ് മുങ്ങിപ്പോകുന്നതെന്ന് തോന്നി. ആ നിമിഷം ഇന്നോളം അപരിചിതമായ ഒരു ശക്തി എന്നിലുണ്ടായി. പിന്നെ ഒരു കൈ വീശി മറുകൈ വീശി തീരത്തേക്ക് തുഴഞ്ഞു.”
 
“അതെന്റെ കഥയാണ്,” കേൾവിക്കാരിൽ ഒരു സ്ത്രീ എഴുന്നേറ്റു നിന്നു, “അയാൾ മരിക്കുമ്പോൾ എനിക്ക് പത്തൊൻപത് വയസ്സായിരുന്നു. പുഴയൊന്നുമായിരുന്നില്ല നടുക്കടലായിരുന്നു. മുങ്ങുമ്പോൾ എന്റെ തോളത്ത് മൂന്നും രണ്ടും വയസ്സുള്ള രണ്ടു കുഞ്ഞുങ്ങൾ അള്ളിപ്പിടിച്ചിരുന്നു. അവർക്കുവേണ്ടി മുങ്ങാതിരുന്നേ പറ്റൂ. ഈ വാർദ്ധക്യത്തിൽ തിരിഞ്ഞുനോക്കുമ്പോൾ അതെങ്ങനെ എന്നതിന് ഒരു ഉത്തരവുമില്ല.”
 
ഉത്തരമുണ്ട്. ഏതൊരു ചുമലിനെയും ദൃഢമാക്കുന്ന ആ പുരാതന അനുഭൂതി. അതിനെക്കുറിച്ച് പോൾ പറയുന്നതിങ്ങനെയാണ്: ‘സ്നേഹം എല്ലാത്തിനെയും അതിജീവിക്കുന്നു. ഭൂമി മുഴുവൻ സ്നേഹം കൊണ്ട് തങ്ങളുടെ ഇച്ഛാശക്തിയെ രാകി മിനുക്കിയവരുടെ കഥയാണ്. അവർക്കുള്ള ലുത്തീനിയ കൊണ്ട് മുഖരിതമാണ് കാലം. ഈറൻവസ്ത്രങ്ങളെക്കാൾ നനഞ്ഞ മിഴികളുമായി മനുഷ്യർ സ്വയം ചോദിക്കുന്നു, എങ്ങനെയാണ് ഞങ്ങൾ അതിനെ കുറുകെ കടന്നതെന്ന്.
 
Lee Lelpi എന്നൊരാളുണ്ട്. വിരമിച്ച ഒരു അഗ്നിശമന ഉദ്യോഗസ്ഥനാണയാൾ. അയാളുടെ മകനും അതേ തൊഴിൽ തന്നെയായിരുന്നു. രണ്ടായിരത്തിയൊന്ന് സെപ്റ്റംബർ പതിനൊന്നിൽ യൂറോപ്പിലെ തീ കെടുത്താനുള്ള ശ്രമത്തിനിടയിൽ അയാൾ നിന്നു കത്തി. ഒരാൾക്ക് അപകടം സംഭവിക്കുമ്പോൾ അയാളെ അവിടെ വിട്ടിട്ടു പോവുകയാണ് രീതി. വൈകാരികതയ്ക്ക് നേരം അനുവദിച്ചിട്ടില്ല. മകന്റെ ശേഷിപ്പുകൾ കണ്ടെത്തുക തന്റെ ഉത്തരവാദിത്വമായി അച്ഛൻ കരുതി. പതിനാറേക്കളോളം വിസ്തൃതമായ, ഒരു ശവപ്പറമ്പായി പരിണമിച്ച ആ ഇടത്തിൽ ഒരു ഖനിത്തൊഴിലാളിയെപ്പോലെ ഒരച്ഛൻ തനിക്ക് ഏറ്റവും മൂല്യമുള്ള ഒന്നിനെ തിരയുകയാണ്. മൂന്നു മാസത്തിനുശേഷം, ഡിസംബർ പതിനൊന്ന് ഒരു ചൊവ്വാഴ്ച അയാളത് കണ്ടെത്തി.
 
കുട്ടികൾ ഉറക്കെപ്പാടുന്നുണ്ട്: We shall overcome we shall overcome we shall overcome someday
കുറുകെ കടക്കുവാൻ സ്നേഹമെന്ന ഒരേയൊരു കട്ടമരം മാത്രം.
 
– ബോബി ജോസ് കട്ടികാട്
Advertisements

Pularvettom, Morning Reflection / Meditational Morning Message Series by Fr Bobby Jose Kattikadu OFM Cap.
Source: – Official Facebook Page: https://www.facebook.com/pularvettam.book/

One thought on “പുലർവെട്ടം 434

Leave a reply to Love Alone Cancel reply