🔵🔵🔵🔵🔵🔵🔵🔵🔵🔵🔵_____________
🌺🕯🕯 ….✝🍛🍸🙏🏼….🕯🕯🌺
ദിവ്യബലി വായനകൾ – ലത്തീൻക്രമം
_____________
🔵 ചൊവ്വ, 26/1/2021
Tuesday of week 3 in Ordinary Time
Liturgical Colour: Green.
പ്രവേശകപ്രഭണിതം
cf. സങ്കീ 96:1,6
കര്‍ത്താവിന് ഒരു പുതിയ കീര്‍ത്തനം ആലപിക്കുവിന്‍,
ഭൂമിമുഴുവനും കര്‍ത്താവിനെ പാടിസ്തുതിക്കട്ടെ.
സ്തുതിയും സൗന്ദര്യവും അവിടത്തെ സന്നിധിയിലുണ്ട്,
വിശുദ്ധിയും തേജസ്സും അവിടത്തെ വിശുദ്ധമന്ദിരത്തിലും.
സമിതിപ്രാര്‍ത്ഥന
സര്‍വശക്തനും നിത്യനുമായ ദൈവമേ,
ഞങ്ങളുടെ പ്രവൃത്തികള്‍
അങ്ങേ ഇഷ്ടാനുസരണം നയിക്കണമേ.
അങ്ങനെ, അങ്ങേ പ്രിയപുത്രന്റെ നാമത്തില്‍
സത്പ്രവൃത്തികളാല്‍ അഭിവൃദ്ധിപ്രാപിക്കാന്‍
ഞങ്ങള്‍ അര്‍ഹരാകുമാറാകട്ടെ.
അങ്ങയോടുകൂടെ പരിശുദ്ധാത്മാവുമായുള്ള ഐക്യത്തില്‍
എന്നെന്നും ദൈവമായി ജീവിക്കുകയും വാഴുകയും ചെയ്യുന്ന
അങ്ങേ പുത്രനും ഞങ്ങളുടെ കര്‍ത്താവുമായ യേശുക്രിസ്തുവഴി
ഈ പ്രാര്‍ഥന കേട്ടരുളണമേ.
ഒന്നാം വായന
ഹെബ്രാ 10:11-18
വിശുദ്ധീകരിക്കപ്പെട്ടവരെ അവന്‍ പൂര്‍ണ്ണരാക്കിയിരിക്കുന്നു.
പാപങ്ങളകറ്റാന്‍ കഴിവില്ലാത്ത ബലികള്‍ ആവര്‍ത്തിച്ചര്‍പ്പിച്ചുകൊണ്ട് ഓരോ പുരോഹിതനും ഓരോ ദിവസവും ശുശ്രൂഷ ചെയ്യുന്നു. എന്നാല്‍, അവനാകട്ടെ പാപങ്ങള്‍ക്കുവേണ്ടി എന്നേക്കുമായുള്ള ഏകബലി അര്‍പ്പിച്ചു കഴിഞ്ഞപ്പോള്‍, ദൈവത്തിന്റെ വലത്തുഭാഗത്ത് ഉപവിഷ്ടനായി. ശത്രുക്കളെ തന്റെ പാദപീഠമാക്കുവോളം അവന്‍ കാത്തിരിക്കുന്നു. വിശുദ്ധീകരിക്കപ്പെട്ടവരെ അവന്‍ ഏകബലി സമര്‍പ്പണം വഴി എന്നേക്കുമായി പരിപൂര്‍ണരാക്കിയിരിക്കുന്നു.
പരിശുദ്ധാത്മാവു തന്നെ നമുക്കു സാക്ഷ്യം നല്‍കുന്നു: ആ ദിവസങ്ങള്‍ക്കുശേഷം അവരുമായി ഞാന്‍ ഏര്‍പ്പെടുന്ന ഉടമ്പടി ഇതാണ് എന്നു കര്‍ത്താവ് അരുളിച്ചെയ്യുന്നു. എന്റെ നിയമങ്ങള്‍ അവരുടെ ഹൃദയങ്ങള്‍ക്കു ഞാന്‍ നല്‍കും. അവരുടെ മനസ്സുകളില്‍ അവ ഞാന്‍ ആലേഖനം ചെയ്യും. അവിടുന്നു തുടരുന്നു: അവരുടെ ദുഷ്പ്രവൃത്തികളും പാപങ്ങളും ഞാനിനി ഒരു കാരണവശാലും ഓര്‍മിക്കുകയില്ല. പാപമോചനം ഉള്ളിടത്തു പാപപരിഹാരബലി ആവശ്യമില്ലല്ലോ.
കർത്താവിന്റെ വചനം.
പ്രതിവചനസങ്കീർത്തനം
സങ്കീ 110:1,2,3,4
മെല്‍ക്കിസെദെക്കിന്റെ ക്രമമനുസരിച്ച് നീ എന്നേക്കും പുരോഹിതനാകുന്നു.
കര്‍ത്താവ് എന്റെ കര്‍ത്താവിനോട് അരുളിച്ചെയ്തു:
ഞാന്‍ നിന്റെ ശത്രുക്കളെ നിന്റെ പാദപീഠമാക്കുവോളം
നീ എന്റെ വലത്തുഭാഗത്തിരിക്കുക.
മെല്‍ക്കിസെദെക്കിന്റെ ക്രമമനുസരിച്ച് നീ എന്നേക്കും പുരോഹിതനാകുന്നു.
കര്‍ത്താവു സീയോനില്‍ നിന്നു
നിന്റെ അധികാരത്തിന്റെ ചെങ്കോല്‍ അയയ്ക്കും;
ശത്രുക്കളുടെ മധ്യത്തില്‍ നീ വാഴുക.
മെല്‍ക്കിസെദെക്കിന്റെ ക്രമമനുസരിച്ച് നീ എന്നേക്കും പുരോഹിതനാകുന്നു.
വിശുദ്ധ പര്‍വതത്തിലേക്കു നീ സേനയെ നയിക്കുന്ന ദിവസം
നിന്റെ ജനം മടികൂടാതെ തങ്ങളെത്തന്നെ നിനക്കു സമര്‍പ്പിക്കും;
ഉഷസ്സിന്റെ ഉദരത്തില്‍ നിന്നു മഞ്ഞെന്നപോലെ
യുവാക്കള്‍ നിന്റെ അടുത്തേക്കുവരും.
മെല്‍ക്കിസെദെക്കിന്റെ ക്രമമനുസരിച്ച് നീ എന്നേക്കും പുരോഹിതനാകുന്നു.
കര്‍ത്താവു ശപഥംചെയ്തു:
മെല്‍ക്കിസെദെക്കിന്റെ ക്രമമനുസരിച്ചു
നീ എന്നേക്കും പുരോഹിതനാകുന്നു,
അതിനു മാറ്റമുണ്ടാവുകയില്ല.
മെല്‍ക്കിസെദെക്കിന്റെ ക്രമമനുസരിച്ച് നീ എന്നേക്കും പുരോഹിതനാകുന്നു.
സുവിശേഷ പ്രഘോഷണവാക്യം
……….
……….
……….
സുവിശേഷം
മാര്‍ക്കോ 4:1-20
ഒരു വിതക്കാരന്‍ വിതയ്ക്കാന്‍ പുറപ്പെട്ടു.
അക്കാലത്ത്, കടല്‍ത്തീരത്തുവച്ച് യേശു വീണ്ടും പഠിപ്പിക്കാന്‍ തുടങ്ങി. വളരെ വലിയ ഒരു ജനാവലി അവനുചുറ്റും കൂടി. അതിനാല്‍, കടലില്‍ കിടന്ന ഒരു വഞ്ചിയില്‍ അവന്‍ കയറി ഇരുന്നു. ജനങ്ങളെല്ലാം കരയില്‍ കടലിനഭിമുഖമായി നിന്നു. അവന്‍ ഉപമകള്‍വഴി പല കാര്യങ്ങള്‍ അവരെ പഠിപ്പിച്ചു. അവരെ ഉപദേശിച്ചുകൊണ്ട് അവന്‍ പറഞ്ഞു: കേള്‍ക്കുവിന്‍, ഒരു വിതക്കാരന്‍ വിതയ്ക്കാന്‍ പുറപ്പെട്ടു. വിതച്ചപ്പോള്‍ വിത്തുകളില്‍ ചിലതു വഴിയരികില്‍ വീണു. പക്ഷികള്‍വന്ന് അവ തിന്നുകളഞ്ഞു. മറ്റുചിലത് മണ്ണ് അധികമില്ലാത്ത പാറപ്പുറത്തു വീണു. മണ്ണിന് ആഴമില്ലാതിരുന്നതിനാല്‍ അതു പെട്ടെന്നു മുളച്ചുപൊങ്ങി. സൂര്യനുദിച്ചപ്പോള്‍ അതു വെയിലേറ്റു വാടുകയും വേരില്ലാതിരുന്നതിനാല്‍ കരിഞ്ഞുപോവുകയും ചെയ്തു. വേറെ ചിലതു മുള്‍ച്ചെടികള്‍ക്കിടയില്‍ വീണു. മുള്‍ച്ചെടികള്‍ വളര്‍ന്ന് അതിനെ ഞെരുക്കിക്കളഞ്ഞു. അതു ഫലം പുറപ്പെടുവിച്ചില്ല. ശേഷിച്ച വിത്തുകള്‍ നല്ല മണ്ണില്‍ പതിച്ചു. അവ തഴച്ചുവളര്‍ന്ന്, മുപ്പതുമേനിയും അറുപതുമേനിയും നൂറുമേനിയും ഫലം വിളയിച്ചു. അവന്‍ പറഞ്ഞു: കേള്‍ക്കാന്‍ ചെവിയുള്ളവന്‍ കേള്‍ക്കട്ടെ.
അവന്‍ തനിച്ചായപ്പോള്‍ പന്ത്രണ്ടുപേരും കൂടെയുണ്ടായിരുന്ന മറ്റുള്ളവരും ഉപമകളെക്കുറിച്ച് അവനോടു ചോദിച്ചു. അവന്‍ പറഞ്ഞു: ദൈവരാജ്യത്തിന്റെ രഹസ്യം നിങ്ങള്‍ക്കാണു നല്‍കപ്പെട്ടിരിക്കുന്നത്, പുറത്തുള്ളവര്‍ക്കാകട്ടെ, എല്ലാം ഉപമകളിലൂടെ മാത്രം. അവര്‍ കണ്ടിട്ടും കാണാതിരിക്കുന്നതിനും കേട്ടിട്ടും ഗ്രഹിക്കാതിരിക്കുന്നതിനും അങ്ങനെ അവര്‍ മനസ്സുതിരിഞ്ഞ് മോചനം പ്രാപിക്കാതിരിക്കുന്നതിനും വേണ്ടിയാണ് അത്.
അവന്‍ അവരോടു ചോദിച്ചു: ഈ ഉപമ നിങ്ങള്‍ക്കു മനസ്സിലാകുന്നില്ലേ? അങ്ങനെയെങ്കില്‍, ഉപമകളെല്ലാം നിങ്ങള്‍ എങ്ങനെ മനസ്സിലാക്കും? വിതക്കാരന്‍ വചനം വിതയ്ക്കുന്നു. ചിലര്‍ വചനം ശ്രവിക്കുമ്പോള്‍ത്തന്നെ സാത്താന്‍വന്ന്, അവരില്‍ വിതയ്ക്കപ്പെട്ട വചനം നീക്കംചെയ്യുന്നു. ഇവരാണ് വഴിയരികില്‍ വിതയ്ക്കപ്പെട്ട വിത്ത്. ചിലര്‍ വചനം കേള്‍ക്കുമ്പോള്‍ സന്തോഷപൂര്‍വം അതു സ്വീകരിക്കുന്നു. പാറപ്പുറത്തു വിതയ്ക്കപ്പെട്ട വിത്ത് ഇവരാണ്. വേരില്ലാത്തതിനാല്‍, അവ അല്‍പസമയത്തേക്കു മാത്രം നിലനില്‍ക്കുന്നു. വചനത്തെപ്രതി ക്ലേശവും പീഡയുമുണ്ടാകുമ്പോള്‍ തത്ക്ഷണം അവര്‍ വീണുപോകുന്നു. മുള്‍ച്ചെടികള്‍ക്കിടയില്‍ വിതയ്ക്കപ്പെട്ടത് മറ്റുചിലരാണ്. അവര്‍ വചനം ശ്രവിക്കുന്നു. എന്നാല്‍, ലൗകികവ്യഗ്രതയും ധനത്തിന്റെ ആകര്‍ഷണവും മറ്റു വസ്തുക്കള്‍ക്കുവേണ്ടിയുള്ള ആഗ്രഹവും അവരില്‍ കടന്നുകൂടി വചനത്തെ ഞെരുക്കുകയും അതു ഫലശൂന്യമാവുകയും ചെയ്യുന്നു. നല്ല മണ്ണില്‍ വിതയ്ക്കപ്പെട്ട വിത്താകട്ടെ, വചനം ശ്രവിക്കുകയും സ്വീകരിക്കുകയും ചെയ്യുന്നവരാണ്. അവര്‍ മുപ്പതുമേനിയും അറുപതുമേനിയും നൂറുമേനിയും ഫലം പുറപ്പെടുവിക്കുന്നു.
കർത്താവിന്റെ സുവിശേഷം.
നൈവേദ്യപ്രാര്‍ത്ഥന
കര്‍ത്താവേ, ഞങ്ങളുടെ കാഴ്ചദ്രവ്യങ്ങള്‍
പ്രീതിയോടെ സ്വീകരിക്കണമേ.
അവ വിശുദ്ധീകരിച്ച്,
ഞങ്ങള്‍ക്ക് രക്ഷയായി ഭവിക്കാന്‍ കനിയണമേ.
ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ.
ദിവ്യകാരുണ്യപ്രഭണിതം
cf. സങ്കീ 34:6
കര്‍ത്താവിലേക്കു വരുകയും പ്രകാശിതരാകുകയും ചെയ്യുവിന്‍,
നിങ്ങളുടെ മുഖം ലജ്ജിക്കാതിരിക്കട്ടെ.
Or:
യോഹ 8:12
കര്‍ത്താവ് അരുള്‍ചെയ്യുന്നു:
ഞാന്‍ ലോകത്തിന്റെ പ്രകാശമാണ്;
എന്നെ അനുഗമിക്കുന്നവന്‍
ഒരിക്കലും അന്ധകാരത്തില്‍ നടക്കുകയില്ല,
അവന് ജീവന്റെ പ്രകാശമുണ്ടായിരിക്കും.
ദിവ്യഭോജനപ്രാര്‍ത്ഥന
സര്‍വശക്തനായ ദൈവമേ,
അങ്ങേ ജീവദായകമായ കൃപ സ്വീകരിച്ചുകൊണ്ട്,
അങ്ങേ ദാനത്തില്‍ എപ്പോഴും ഞങ്ങള്‍
അഭിമാനം കൊള്ളാന്‍ അനുഗ്രഹിക്കണമേ.
ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ.
🔵