ദിവ്യബലി വായനകൾ Friday of week 3 in Ordinary Time 

🔵🔵🔵🔵🔵🔵🔵🔵🔵🔵🔵_____________
🌺🕯🕯 ….✝🍛🍸🙏🏼….🕯🕯🌺
ദിവ്യബലി വായനകൾ – ലത്തീൻക്രമം
_____________

🔵 വെള്ളി, 29/1/2021


Friday of week 3 in Ordinary Time 

Liturgical Colour: Green.

പ്രവേശകപ്രഭണിതം


cf. സങ്കീ 96:1,6

കര്‍ത്താവിന് ഒരു പുതിയ കീര്‍ത്തനം ആലപിക്കുവിന്‍,
ഭൂമിമുഴുവനും കര്‍ത്താവിനെ പാടിസ്തുതിക്കട്ടെ.
സ്തുതിയും സൗന്ദര്യവും അവിടത്തെ സന്നിധിയിലുണ്ട്,
വിശുദ്ധിയും തേജസ്സും അവിടത്തെ വിശുദ്ധമന്ദിരത്തിലും.

സമിതിപ്രാര്‍ത്ഥന

സര്‍വശക്തനും നിത്യനുമായ ദൈവമേ,
ഞങ്ങളുടെ പ്രവൃത്തികള്‍
അങ്ങേ ഇഷ്ടാനുസരണം നയിക്കണമേ.
അങ്ങനെ, അങ്ങേ പ്രിയപുത്രന്റെ നാമത്തില്‍
സത്പ്രവൃത്തികളാല്‍ അഭിവൃദ്ധിപ്രാപിക്കാന്‍
ഞങ്ങള്‍ അര്‍ഹരാകുമാറാകട്ടെ.
അങ്ങയോടുകൂടെ പരിശുദ്ധാത്മാവുമായുള്ള ഐക്യത്തില്‍
എന്നെന്നും ദൈവമായി ജീവിക്കുകയും വാഴുകയും ചെയ്യുന്ന
അങ്ങേ പുത്രനും ഞങ്ങളുടെ കര്‍ത്താവുമായ യേശുക്രിസ്തുവഴി
ഈ പ്രാര്‍ഥന കേട്ടരുളണമേ.

ഒന്നാം വായന

ഹെബ്രാ 10:32-39
നിങ്ങളുടെ ആത്മധൈര്യം നിങ്ങള്‍ നശിപ്പിച്ചുകളയരുത്.

സഹോദരരേ, നിങ്ങള്‍ പ്രബുദ്ധരാക്കപ്പെട്ടതിനു ശേഷം, കഷ്ടപ്പാടുകളോടു കഠിനമായി പൊരുതിനിന്ന ആ കഴിഞ്ഞകാലങ്ങള്‍ ഓര്‍ക്കുവിന്‍. ചിലപ്പോഴെല്ലാം നിങ്ങള്‍ വേദനയ്ക്കും അധിക്ഷേപത്തിനും പരസ്യമായി വിഷയമാക്കപ്പെടുകയും മറ്റുചിലപ്പോള്‍ ഇവ സഹിച്ചവരുമായി പങ്കുചേരുകയും ചെയ്തു. തടങ്കലിലായിരുന്നപ്പോള്‍ നിങ്ങള്‍ വേദനകള്‍ പങ്കിട്ടു. ധനത്തിന്റെ അപഹരണം സന്തോഷത്തോടെ നിങ്ങള്‍ സഹിച്ചു. എന്തെന്നാല്‍, കൂടുതല്‍ ഉത്കൃഷ്ടവും ശാശ്വതവുമായ ധനം നിങ്ങള്‍ക്കുണ്ടെന്നു നിങ്ങള്‍ അറിഞ്ഞിരുന്നു. നിങ്ങളുടെ ആത്മ ധൈര്യം നിങ്ങള്‍ നശിപ്പിച്ചുകളയരുത്. അതിനു വലിയ പ്രതിഫലം ലഭിക്കാനിരിക്കുന്നു. ദൈവത്തിന്റെ ഇഷ്ടം നിറവേറ്റി അവിടുത്തെ വാഗ്ദാനം പ്രാപിക്കാന്‍ നിങ്ങള്‍ക്കു സഹനശക്തി ആവശ്യമായിരിക്കുന്നു. ഇനി വളരെക്കുറച്ചു സമയമേയുള്ളൂ. വരാനിരിക്കുന്നവന്‍ വരുകതന്നെ ചെയ്യും. അവന്‍ താമസിക്കുകയില്ല. എന്റെ നീതിമാന്‍ വിശ്വാസം മൂലം ജീവിക്കും. അവന്‍ പിന്മാറുന്നെങ്കില്‍ എന്റെ ആത്മാവ് അവനില്‍ പ്രസാദിക്കുകയില്ല. പിന്മാറി നശിപ്പിക്കപ്പെടുന്നവരുടെ കൂട്ടത്തിലല്ല, വിശ്വസിച്ച് ആത്മരക്ഷ പ്രാപിക്കുന്നവരുടെ കൂട്ടത്തിലാണ് നാം.

കർത്താവിന്റെ വചനം.

പ്രതിവചനസങ്കീർത്തനം


സങ്കീ 37:3-4,5-6,23-24,39-40

നീതിമാന്മാരുടെ രക്ഷ കര്‍ത്താവില്‍ നിന്നാണ്.

ദൈവത്തില്‍ വിശ്വാസമര്‍പ്പിച്ചു നന്മ ചെയ്യുക;
അപ്പോള്‍ ഭൂമിയില്‍ സുരക്ഷിതനായി വസിക്കാം.
കര്‍ത്താവില്‍ ആനന്ദിക്കുക;
അവിടുന്നു നിന്റെ ആഗ്രഹങ്ങള്‍ സാധിച്ചുതരും.

നീതിമാന്മാരുടെ രക്ഷ കര്‍ത്താവില്‍ നിന്നാണ്.

നിന്റെ ജീവിതം കര്‍ത്താവിനു ഭരമേല്‍പിക്കുക,
കര്‍ത്താവില്‍ വിശ്വാസമര്‍പ്പിക്കുക;
അവിടുന്നു നോക്കിക്കൊള്ളും.
അവിടുന്നു പ്രകാശംപോലെ നിനക്കു നീതി നടത്തിത്തരും;
മധ്യാഹ്നംപോലെ നിന്റെ അവകാശവും.

നീതിമാന്മാരുടെ രക്ഷ കര്‍ത്താവില്‍ നിന്നാണ്.

മനുഷ്യന്റെ പാദങ്ങളെ നയിക്കുന്നതു കര്‍ത്താവാണ്;
തനിക്കു പ്രീതികരമായി ചരിക്കുന്നവനെ അവിടുന്നു സുസ്ഥിരനാക്കും.
അവന്‍ വീണേക്കാം, എന്നാല്‍, അതു മാരകമായിരിക്കുകയില്ല;
കര്‍ത്താവ് അവന്റെ കൈയില്‍ പിടിച്ചിട്ടുണ്ട്.

നീതിമാന്മാരുടെ രക്ഷ കര്‍ത്താവില്‍ നിന്നാണ്.

നീതിമാന്മാരുടെ രക്ഷ കര്‍ത്താവില്‍ നിന്നാണ്;
കഷ്ടകാലത്ത് അവരുടെ അഭയകേന്ദ്രം അവിടുന്നാണ്,
കര്‍ത്താവ് അവരെ സഹായിക്കുകയും
വിമോചിപ്പിക്കുകയും ചെയ്യുന്നു;
അവിടുന്ന് അവരെ ദുഷ്ടരില്‍ നിന്നു
മോചിപ്പിക്കുകയും രക്ഷിക്കുകയും ചെയ്യും.
കര്‍ത്താവിലാണ് അവര്‍ അഭയം തേടിയത്.

നീതിമാന്മാരുടെ രക്ഷ കര്‍ത്താവില്‍ നിന്നാണ്.
സുവിശേഷ പ്രഘോഷണവാക്യം
……….
……….
……….

സുവിശേഷം


മാര്‍ക്കോ 4:26-34
അവന്‍ അറിയാതെതന്നെ വിത്തുകള്‍ പൊട്ടിമുളച്ചു വളരുന്നു.

അക്കാലത്ത്, യേശു ജനക്കൂട്ടത്തോട് പറഞ്ഞു: ദൈവരാജ്യം, ഒരുവന്‍ ഭൂമിയില്‍ വിത്തു വിതയ്ക്കുന്നതിനു സദൃശം. അവന്‍ രാവും പകലും ഉറങ്ങിയും ഉണര്‍ന്നും കഴിയുന്നു. അവന്‍ അറിയാതെതന്നെ വിത്തുകള്‍ പൊട്ടിമുളച്ചു വളരുന്നു. ആദ്യം ഇല, പിന്നെ കതിര്‍, തുടര്‍ന്ന് കതിരില്‍ ധാന്യമണികള്‍ – ഇങ്ങനെ ഭൂമി ഫലം പുറപ്പെടുവിക്കുന്നു. ധാന്യം വിളയുമ്പോള്‍ കൊയ്ത്തിനു കാലമാകുന്നതുകൊണ്ട് അവന്‍ അരിവാള്‍ വയ്ക്കുന്നു.
അവന്‍ വീണ്ടും പറഞ്ഞു: ദൈവരാജ്യത്തെ എന്തിനോടു താരതമ്യപ്പെടുത്തും? എന്ത് ഉപമ കൊണ്ട് അതിനെ വിശദീകരിക്കും? അത് ഒരു കടുകുമണിക്കു സദൃശമാണ്. നിലത്തു പാകുമ്പോള്‍ അതു ഭൂമിയിലുള്ള എല്ലാ വിത്തുകളെയുംകാള്‍ ചെറുതാണ്. എന്നാല്‍, പാകിക്കഴിയുമ്പോള്‍ അതു വളര്‍ന്ന് എല്ലാ ചെടികളെയുംകാള്‍ വലുതാവുകയും വലിയ ശാഖകള്‍ പുറപ്പെടുവിക്കുകയും ചെയ്യുന്നു. അങ്ങനെ, ആകാശത്തിലെ പക്ഷികള്‍ക്ക് അതിന്റെ തണലില്‍ ചേക്കേറാന്‍ കഴിയുന്നു. അവര്‍ക്കു മനസ്സിലാകുംവിധം ഇത്തരം അനേകം ഉപമകളിലൂടെ അവന്‍ വചനം പ്രസംഗിച്ചു. ഉപമകളിലൂടെയല്ലാതെ അവന്‍ അവരോടു സംസാരിച്ചിരുന്നില്ല. എന്നാല്‍, ശിഷ്യന്മാര്‍ക്ക് എല്ലാം രഹസ്യമായി വിശദീകരിച്ചു കൊടുത്തിരുന്നു.

കർത്താവിന്റെ സുവിശേഷം.

നൈവേദ്യപ്രാര്‍ത്ഥന


കര്‍ത്താവേ, ഞങ്ങളുടെ കാഴ്ചദ്രവ്യങ്ങള്‍
പ്രീതിയോടെ സ്വീകരിക്കണമേ.
അവ വിശുദ്ധീകരിച്ച്,
ഞങ്ങള്‍ക്ക് രക്ഷയായി ഭവിക്കാന്‍ കനിയണമേ.
ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ.

ദിവ്യകാരുണ്യപ്രഭണിതം

cf. സങ്കീ 34:6

കര്‍ത്താവിലേക്കു വരുകയും പ്രകാശിതരാകുകയും ചെയ്യുവിന്‍,
നിങ്ങളുടെ മുഖം ലജ്ജിക്കാതിരിക്കട്ടെ.


Or:
യോഹ 8:12

കര്‍ത്താവ് അരുള്‍ചെയ്യുന്നു:
ഞാന്‍ ലോകത്തിന്റെ പ്രകാശമാണ്;
എന്നെ അനുഗമിക്കുന്നവന്‍
ഒരിക്കലും അന്ധകാരത്തില്‍ നടക്കുകയില്ല,
അവന് ജീവന്റെ പ്രകാശമുണ്ടായിരിക്കും.

ദിവ്യഭോജനപ്രാര്‍ത്ഥന


സര്‍വശക്തനായ ദൈവമേ,
അങ്ങേ ജീവദായകമായ കൃപ സ്വീകരിച്ചുകൊണ്ട്,
അങ്ങേ ദാനത്തില്‍ എപ്പോഴും ഞങ്ങള്‍
അഭിമാനം കൊള്ളാന്‍ അനുഗ്രഹിക്കണമേ.
ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ.

🔵

Advertisements

🌻🌻🌻 പ്രഭാത പ്രാർത്ഥന 🌻🌻🌻
🌻🌻🌻🌻🌻🌻🌻🌻🌻🌻🌻🌻

സ്നേഹത്തിൽ ഭയത്തിന് ഇടമില്ല. പൂർണമായ സ്നേഹം ഭയത്തെ ബഹിഷ്കരിക്കുന്നു.കാരണം ഭയം ശിക്ഷയെക്കുറിച്ചാണ്. ഭയപ്പെടുന്നവൻ സ്നേഹത്തിൽ പൂർണനായിട്ടില്ല .
(1യോഹന്നാൻ : 4/18)
സ്നേഹസ്വരൂപനായ ദൈവമേ.. ലൗകീകവും അർത്ഥശൂന്യവുമായ കെട്ടുകഥകളെ അവഗണിച്ചു കൊണ്ട് യഥാർത്ഥമായ ദൈവഭക്തിയിൽ പരിശീലനം നേടുന്നതിനു വേണ്ടിയും, ആ ഭക്തിയിൽ തന്നെ അടിയുറച്ചു ജീവിക്കുന്നതിനു വേണ്ടിയുമുള്ള അനുഗ്രഹം നേടുന്നതിനു വേണ്ടി ഈ പ്രഭാതത്തിലും ഞങ്ങൾ അവിടുത്തെ അരികിൽ അണഞ്ഞിരിക്കുന്നു. കുഞ്ഞുനാളിലൊക്കെ പ്രാർത്ഥിക്കാനായി അവിടുത്തെ അരികിൽ വരുമ്പോഴൊക്കെയും പറഞ്ഞു കേട്ട അറിവു വച്ച് ചെറിയ തെറ്റുകൾക്ക് പോലും ശിക്ഷിക്കുന്ന ഒരു ദൈവമായിരുന്നു മനസ്സിൽ..ആ ഭയം കൊണ്ടു തന്നെ എപ്പോഴും ദൈവത്തോട് ഒരകലം മനസ്സിൽ സൂക്ഷിച്ചിരുന്നു. അതിൽ നിന്നും എന്തും തുറന്നു പറയാവുന്ന ഒരു സ്നേഹിതന്റെ സ്ഥാനത്തേക്ക് അങ്ങയോടുള്ള ഞങ്ങളുടെ വിശ്വാസം വളർന്നപ്പോൾ അവിടെ നിറഞ്ഞു നിന്നത് സ്നേഹം മാത്രമായിരുന്നു. അപ്പോഴൊക്കെയും എന്നിൽ നിന്നും എന്റെ ദൈവം ആഗ്രഹിച്ചിരുന്നത് ഭയത്തോടെയുള്ള അനുസരണമായിരുന്നില്ല.. സ്നേഹത്തോടെയുള്ള അനുവാദം തേടലായിരുന്നു.ഈശോയേ.. ഭയത്തിന്റെയും ഭക്തിയുടെയും സ്ഥാനത്തേക്കു മാത്രം മാറ്റിനിർത്താതെ സ്നേഹിതൻ എന്ന സ്ഥാനത്തേക്കു ചേർത്തു നിർത്താനും, ‘എന്റെ ഈശോയേ’ എന്ന് അതിരറ്റ സ്നേഹത്തോടെ വിളിക്കാനും അറിവിനെക്കാളേറെ അനുഭവത്തിലൂടെ എന്റെ വിശ്വാസത്തെ വളർത്തിയത് നീയാണ്. ഭയത്തിനേക്കാളേറെ സ്നേഹവും വിശ്വാസവുമാണ് സ്നേഹിതൻ എന്ന തുറവിയിലേക്ക് ഹൃദയത്തെ വലിച്ചടുപ്പിക്കുന്നത് എന്ന് എന്നെ പഠിപ്പിച്ചതും നീയാണ്. ചേർന്നു നടക്കാൻ ഒരു കൂട്ടുണ്ടായിരുന്നുവെങ്കിൽ എന്നു കൊതിച്ചപ്പോഴെല്ലാം എന്നെ തോളിലേറ്റി നടക്കുന്ന സ്നേഹവുമായി നീ എന്റെ അരികിൽ വന്നു.. നിന്റെ സ്നേഹത്തിന്റെ പൂർണതയിൽ മാത്രം പ്രകാശിക്കുന്ന ചെറുദീപമായി നിന്റെ ഹൃദയസ്ഥാനത്തേക്ക് എന്നും എന്നെയും ചേർത്തു പിടിക്കേണമേ നാഥാ…
🌻🌻🌻🌻🌻🌻🌻🌻🌻🌻🌻🌻
വിശുദ്ധ റീത്ത.. ഞങ്ങൾക്കു വേണ്ടി പ്രാർത്ഥിക്കേണമേ.. ആമേൻ
🌻🌻🌻🌻🌻🌻🌻🌻🌻🌻🌻🌻

Leave a comment