🌹🌹🌹🌹🌹🌹🌹🌹🌹🌹🌹
ദിവ്യബലി വായനകൾ
01-Feb-2021, തിങ്കൾ
Monday of week 4 in Ordinary Time.
Liturgical Colour: Green.
____
ഒന്നാം വായന
ഹെബ്രാ 11:32-40
വിശ്വാസത്തിലൂടെ അവര്‍ രാജ്യങ്ങള്‍ പിടിച്ചടക്കി… ദൈവം നമുക്കായി കുറെക്കൂടെ ശ്രേഷ്ഠമായവ നേരത്തെ കണ്ടുവച്ചിരുന്നു.
സഹോദരരേ, കൂടുതലായി എന്താണു ഞാന്‍ പറയേണ്ടത്? ഗിദയോന്‍, ബാറക്, സാംസണ്‍, ജഫ്താ, ദാവീദ്, സാമുവല്‍ ഇവരെക്കുറിച്ചും പ്രവാചകന്മാരെക്കുറിച്ചും പ്രതിപാദിക്കാന്‍ സമയം പോരാ. അവര്‍ വിശ്വാസത്തിലൂടെ രാജ്യങ്ങള്‍ പിടിച്ചടക്കി; നീതി നടപ്പാക്കി; വാഗ്ദാനങ്ങള്‍ സ്വീകരിച്ചു; സിംഹങ്ങളുടെ വായകള്‍ പൂട്ടി; അഗ്നിയുടെ ശക്തി കെടുത്തി; വാളിന്റെ വായ്ത്തലയില്‍ നിന്നു രക്ഷപെട്ടു; ബലഹീനതയില്‍ നിന്നു ശക്തിയാര്‍ജിച്ചു; യുദ്ധത്തില്‍ ശക്തന്മാരായി; വിദേശസേനകളെ കീഴ്‌പ്പെടുത്തി. സ്ത്രീകള്‍ക്കു തങ്ങളുടെ മരിച്ചു പോയവരെ പുനരുജ്ജീവനത്തിലൂടെ തിരിച്ചുകിട്ടി. ചിലര്‍ മരണം വരെ പ്രഹരിക്കപ്പെട്ടു. മെച്ചപ്പെട്ട പുനരുത്ഥാനം പ്രാപിക്കാന്‍ വേണ്ടി പീഡയില്‍ നിന്നു രക്ഷപെടാന്‍ അവര്‍ കൂട്ടാക്കിയില്ല. ചിലര്‍ പരിഹാസവും ചമ്മട്ടിയടിയും ബന്ധനവും കാരാഗൃഹവാസവും സഹിച്ചു. ചിലരെ കല്ലെറിഞ്ഞു; ചിലരെ വിചാരണ ചെയ്തു; ചിലര്‍ രണ്ടായി വെട്ടി മുറിക്കപ്പെട്ടു; ചിലര്‍ വാളു കൊണ്ട് വധിക്കപ്പെട്ടു. ചിലര്‍ ചെമ്മരിയാടുകളുടെയും കോലാടുകളുടെയും തോലു ധരിച്ചു നിസ്സഹായരായും വേദനിക്കുന്നവരായും പീഡിതരായും അലഞ്ഞു നടന്നു. അവരെ സ്വന്തമാക്കാനുള്ള യോഗ്യത ലോകത്തിനില്ലായിരുന്നു. വനത്തിലും മലകളിലും ഗുഹകളിലും മാളങ്ങളിലുമായി അവര്‍ അലഞ്ഞുതിരിഞ്ഞു.
വിശ്വാസം മൂലം ഇവരെല്ലാം അംഗീകാരം പ്രാപിച്ചെങ്കിലും വാഗ്ദാനം ചെയ്യപ്പെട്ടതു പ്രാപിച്ചില്ല. കാരണം, നമ്മെക്കൂടാതെ അവര്‍ പരിപൂര്‍ണരാക്കപ്പെടരുത് എന്നു കണ്ട് ദൈവം നമുക്കായി കുറെക്കൂടെ ശ്രേഷ്ഠമായവ നേരത്തെ കണ്ടുവച്ചിരുന്നു.
കർത്താവിന്റെ വചനം.
____
പ്രതിവചന സങ്കീര്‍ത്തനം
സങ്കീ 31:19,20,21,22,23
R. കര്‍ത്താവിനെ കാത്തിരിക്കുന്നവരേ, ദുര്‍ബലരാകാതെ ധൈര്യം അവലംബിക്കുവിന്‍.
കര്‍ത്താവേ, അങ്ങേ അനുഗ്രഹങ്ങള്‍ എത്ര വിപുലമാണ്! തന്റെ ഭക്തര്‍ക്കു വേണ്ടി അവിടുന്ന് അവ ഒരുക്കി വച്ചിരിക്കുന്നു; അങ്ങയില്‍ അഭയം തേടുന്നവര്‍ക്ക് അവ പരസ്യമായി നല്‍കുന്നു.
R. കര്‍ത്താവിനെ കാത്തിരിക്കുന്നവരേ, ദുര്‍ബലരാകാതെ ധൈര്യം അവലംബിക്കുവിന്‍.
അങ്ങ് അവരെ മനുഷ്യരുടെ ഗൂഢാലോചനയില്‍ നിന്നു രക്ഷിക്കാന്‍ അങ്ങേ സാന്നിധ്യത്തിന്റെ മറവില്‍ ഒളിപ്പിച്ചു. നിന്ദാവചനങ്ങള്‍ ഏല്‍ക്കാതെ അങ്ങേ കൂടാരത്തില്‍ അവരെ മറച്ചുവച്ചു.
R. കര്‍ത്താവിനെ കാത്തിരിക്കുന്നവരേ, ദുര്‍ബലരാകാതെ ധൈര്യം അവലംബിക്കുവിന്‍.
കര്‍ത്താവു വാഴ്ത്തപ്പെടട്ടെ! ആക്രമിക്കപ്പെട്ട നഗരത്തിലെന്ന പോലെ ഞാന്‍ അസ്വസ്ഥനായിരുന്നു; അവിടുന്നു വിസ്മയകരമാം വിധം എന്നോടു കാരുണ്യം കാണിച്ചു.
R. കര്‍ത്താവിനെ കാത്തിരിക്കുന്നവരേ, ദുര്‍ബലരാകാതെ ധൈര്യം അവലംബിക്കുവിന്‍.
അങ്ങേ ദൃഷ്ടിയില്‍ നിന്നു ഞാന്‍ പുറന്തള്ളപ്പെട്ടു എന്ന് എന്റെ പരിഭ്രമത്തില്‍ ഞാന്‍ പറഞ്ഞു പോയി; എന്നാല്‍, ഞാന്‍ സഹായത്തിനു യാചിച്ചപ്പോള്‍ അവിടുന്ന് എന്റെ അപേക്ഷ കേട്ടു.
R. കര്‍ത്താവിനെ കാത്തിരിക്കുന്നവരേ, ദുര്‍ബലരാകാതെ ധൈര്യം അവലംബിക്കുവിന്‍.
കര്‍ത്താവിന്റെ വിശുദ്ധരേ, അവിടുത്തെ സ്‌നേഹിക്കുവിന്‍; അവിടുന്നു വിശ്വസ്തരെ പരിപാലിക്കുന്നു; അഹങ്കാരികളെ കഠിനമായി ശിക്ഷിക്കുന്നു.
R. കര്‍ത്താവിനെ കാത്തിരിക്കുന്നവരേ, ദുര്‍ബലരാകാതെ ധൈര്യം അവലംബിക്കുവിന്‍.
____
സുവിശേഷ പ്രഘോഷണവാക്യം
യോഹ 17:17
അല്ലേലൂയാ, അല്ലേലൂയാ!
കര്‍ത്താവേ, അങ്ങേ വചനമാണ് സത്യം; സത്യത്താല്‍ ഞങ്ങളെ വിശുദ്ധീകരിക്കണമേ.
അല്ലേലൂയാ!
Or:
ലൂക്കാ 7:16
അല്ലേലൂയാ, അല്ലേലൂയാ!
ഒരു വലിയ പ്രവാചകന്‍ നമ്മുടെ ഇടയില്‍ ഉദയം ചെയ്തിരിക്കുന്നു. ദൈവം തന്റെ ജനത്തെ സന്ദര്‍ശിച്ചിരിക്കുന്നു.
അല്ലേലൂയാ!
____
സുവിശേഷം
മാര്‍ക്കോ 5:1-20
അശുദ്ധാത്മാവേ, ആ മനുഷ്യനില്‍ നിന്നു പുറത്തു വരൂ.
അക്കാലത്ത്, യേശുവും ശിഷ്യന്മാരും കടലിന്റെ മറുകരയില്‍ ഗെരസേനറുടെ നാട്ടിലെത്തി. അവന്‍ വഞ്ചിയില്‍ നിന്ന് ഇറങ്ങിയ ഉടനെ, അശുദ്ധാത്മാവു ബാധിച്ച ഒരുവന്‍ ശവകുടീരങ്ങള്‍ക്കിടയില്‍ നിന്ന് എതിരേ വന്നു. ശവകുടീരങ്ങള്‍ക്കിടയില്‍ താമസിച്ചിരുന്ന അവനെ ചങ്ങല കൊണ്ടു പോലും ബന്ധിച്ചിടാന്‍ കഴിഞ്ഞിരുന്നില്ല. പലപ്പോഴും അവനെ കാല്‍വിലങ്ങുകളാലും ചങ്ങലകളാലും ബന്ധിച്ചിരുന്നെങ്കിലും, അവന്‍ ചങ്ങലകള്‍ വലിച്ചു പൊട്ടിക്കുകയും കാല്‍വിലങ്ങുകള്‍ തകര്‍ത്തു കളയുകയും ചെയ്തിരുന്നു. അവനെ ഒതുക്കി നിര്‍ത്താന്‍ ആര്‍ക്കും കഴിഞ്ഞിരുന്നില്ല. രാപകല്‍ അവന്‍ കല്ലറകള്‍ക്കിടയിലും മലകളിലും ആയിരുന്നു. അവന്‍ അലറി വിളിക്കുകയും കല്ലു കൊണ്ടു തന്നെത്തന്നെ മുറിപ്പെടുത്തുകയും ചെയ്തിരുന്നു. അകലെ വച്ചു തന്നെ അവന്‍ യേശുവിനെക്കണ്ട്, ഓടി വന്ന് അവനെ പ്രണമിച്ചു. ഉച്ചത്തില്‍ നിലവിളിച്ചു കൊണ്ട് അവന്‍ പറഞ്ഞു: മഹോന്നതനായ ദൈവത്തിന്റെ പുത്രാ, യേശുവേ, അങ്ങ് എന്റെ കാര്യത്തില്‍ എന്തിന് ഇടപെടുന്നു? ദൈവത്തെക്കൊണ്ട് ആണയിട്ട് ഞാന്‍ അങ്ങയോട് അപേക്ഷിക്കുന്നു: അങ്ങ് എന്നെ പീഡിപ്പിക്കരുതേ! കാരണം, അശുദ്ധാത്മാവേ, ആ മനുഷ്യനില്‍ നിന്നു പുറത്തു വരൂ എന്ന് യേശു ആജ്ഞാപിച്ചിരുന്നു. നിന്റെ പേരെന്താണ്? യേശു ചോദിച്ചു. അവന്‍ പറഞ്ഞു: എന്റെ പേര് ലെഗിയോണ്‍; ഞങ്ങള്‍ അനേകം പേരുണ്ട്. തങ്ങളെ ആ നാട്ടില്‍ നിന്നു പുറത്താക്കരുതേ എന്ന് അവന്‍ കേണപേക്ഷിച്ചു. വലിയ ഒരു പന്നിക്കൂട്ടം മലയരികില്‍ മേയുന്നുണ്ടായിരുന്നു. ഞങ്ങളെ ആ പന്നിക്കൂട്ടത്തിലേക്കയയ്ക്കുക, ഞങ്ങള്‍ അവയില്‍ പ്രവേശിച്ചുകൊള്ളട്ടെ എന്ന് അവര്‍ അപേക്ഷിച്ചു. അവന്‍ അനുവാദം നല്‍കി. അശുദ്ധാത്മാക്കള്‍ പുറത്തു വന്ന്, പന്നിക്കൂട്ടത്തില്‍ പ്രവേശിച്ചു. ഏകദേശം രണ്ടായിരം പന്നികളുണ്ടായിരുന്നു. അവ കിഴുക്കാംതൂക്കായ തീരത്തിലൂടെ പാഞ്ഞു ചെന്ന് കടലില്‍ മുങ്ങിച്ചത്തു. പന്നികളെ മേയിച്ചുകൊണ്ടിരുന്നവര്‍ ഓടിപ്പോയി നഗരങ്ങളിലും നാട്ടിന്‍പുറങ്ങളിലും വിവരമറിയിച്ചു. സംഭവിച്ചതെന്തെന്നു കാണാന്‍ ജനങ്ങള്‍ വന്നു കൂടി. അവര്‍ യേശുവിന്റെ അടുത്തെത്തി, ലെഗിയോന്‍ ആവേശിച്ചിരുന്ന പിശാചുബാധിതന്‍ വസ്ത്രം ധരിച്ച്, സുബോധത്തോടെ അവിടെയിരിക്കുന്നതു കണ്ടു. അവര്‍ ഭയപ്പെട്ടു. പിശാചുബാധിതനും പന്നികള്‍ക്കും സംഭവിച്ചതു കണ്ടവര്‍ അക്കാര്യങ്ങള്‍ ജനങ്ങളോടു പറഞ്ഞു. തങ്ങളുടെ പ്രദേശം വിട്ടുപോകണമെന്ന് അവര്‍ യേശുവിനോട് അപേക്ഷിച്ചു.
അവര്‍ വഞ്ചിയില്‍ കയറാന്‍ തുടങ്ങിയപ്പോള്‍, പിശാചു ബാധിച്ചിരുന്ന മനുഷ്യന്‍ അവനോടുകൂടെ പോകുന്നതിന് അനുവാദം ചോദിച്ചു. എന്നാല്‍, യേശു അനുവദിച്ചില്ല. അവന്‍ പറഞ്ഞു: നീ വീട്ടില്‍ സ്വന്തക്കാരുടെ അടുത്തേക്കു പോവുക. കര്‍ത്താവു നിനക്കു വേണ്ടി എന്തെല്ലാം പ്രവര്‍ത്തിച്ചുവെന്നും എങ്ങനെ നിന്നോടു കരുണ കാണിച്ചുവെന്നും അവരെ അറിയിക്കുക. അവന്‍ പോയി, യേശു തനിക്കു വേണ്ടി എന്തെല്ലാം ചെയ്‌തെന്ന് ദെക്കാപ്പോളിസില്‍ പ്രഘോഷിക്കാന്‍ തുടങ്ങി. ജനങ്ങള്‍ അദ്ഭുതപ്പെട്ടു.
കർത്താവിന്റെ സുവിശേഷം.
🌹🌹🌹🌹🌹🌹🌹🌹🌹🌹🌹