⚜️⚜️⚜️ February 08 ⚜️⚜️⚜️
വിശുദ്ധ ജെറോം എമിലിയാനി
⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️
വെനീസ് നഗരത്തില്‍, യാതൊരു ഉത്തരവാദിത്വവും, ദൈവഭയവുമില്ലാതെ വളര്‍ന്നു വന്ന ഒരു ഭടനായിരുന്നു വിശുദ്ധ ജെറോം എമിലിയാനി. നഗരത്തിലെ ഒരു കാവല്‍പുരയില്‍ വെച്ചുണ്ടായ ചെറിയ യുദ്ധത്തില്‍ ശത്രുക്കള്‍ അദ്ദേഹത്തെ ചങ്ങലയാല്‍ ബന്ധനസ്ഥനാക്കുകയും കല്‍തുറുങ്കിലടക്കുകയും ചെയ്തു. കാരാഗൃഹത്തില്‍ വെച്ച് വിശുദ്ധ ജെറോമിന് കഴിഞ്ഞകാല ജീവിതത്തെ പറ്റി ചിന്തിക്കുവാന്‍ ധാരാളം സമയം ലഭിച്ചു. എങ്ങിനെയാണ് പ്രാര്‍ത്ഥിക്കേണ്ടതെന്ന് സാവധാനം അദ്ദേഹം പഠിച്ചു. കാരാഗൃഹത്തില്‍ നിന്നും രക്ഷപ്പെട്ടപ്പോള്‍ അദ്ദേഹം വെനീസിലേക്ക് തിരികെ വരികയും തന്റെ അനന്തരവന്റെ വിദ്യാഭ്യാസത്തിന്റെ ചുമതല ഏറ്റെടുക്കുകയും ചെയ്തു. കൂടാതെ പൗരോഹിത്യ പട്ടത്തിനുവേണ്ടിയുള്ള തന്റെ പഠനവും ആരംഭിച്ചു.
പൗരോഹിത്യപട്ടം ലഭിച്ച് വര്‍ഷങ്ങള്‍ക്ക് ശേഷം, സാഹചര്യങ്ങളും സംഭവങ്ങളും അദ്ദേഹത്തെ പുതിയൊരു തീരുമാനമെടുക്കുവാനും, പുതിയൊരു ജീവിതരീതി സ്വീകരിക്കുവാനും പ്രേരിപ്പിച്ചു. ഇറ്റലിയുടെ വടക്കന്‍ പ്രദേശങ്ങള്‍ പ്ലേഗിന്റേയും, ക്ഷാമത്തിന്റേയും പിടിയിലമര്‍ന്നുകൊണ്ടിരുന്ന ഒരു കാലമായിരുന്നു അത്. വിശുദ്ധന്‍ തന്റെ സ്വന്തം ചിലവില്‍ രോഗികളെ ശുശ്രൂഷിക്കുകയും, ദരിദ്രര്‍ക്ക് ഭക്ഷണം നല്‍കുകയും ചെയ്തു. തന്റെ സ്വത്തുമുഴുവനും പാവങ്ങള്‍ക്ക് ദാനമായി നല്കി. ശേഷിക്കുന്ന ജീവിതം അനാഥരായ കുട്ടികളുടെ സേവനത്തിനായി സമര്‍പ്പിക്കുവാന്‍ അദ്ദേഹം തീരുമാനമെടുത്തു. വിശുദ്ധന്‍ മൂന്ന് അനാഥാലയങ്ങള്‍ സ്ഥാപിക്കുകയും, മാനസാന്തരപ്പെട്ട വേശ്യകള്‍ക്കായി ഒരു അഭയസ്ഥാനം നിര്‍മ്മിക്കുകയും ചെയ്തു. കൂടാതെ അദ്ദേഹം ഒരാശുപത്രി കൂടി പണി കഴിപ്പിച്ചു. ഏതാണ്ട് 1532-ല്‍ വിശുദ്ധ ജെറോമും വേറെ രണ്ട് വൈദികരും കൂടി, അനാഥരെ ശുശ്രൂഷിക്കുന്നതിനും, യുവാക്കളുടെ വിദ്യാഭ്യാസത്തിനുമായി ഒരു സന്യാസ സഭ സ്ഥാപിച്ചു.
രോഗികളെ ശുശ്രൂഷിക്കുന്നതിനിടക്ക് രോഗബാധിതനായ വിശുദ്ധ വിശുദ്ധ ജെറോം എമിലിയാനി 1537-ല്‍ കര്‍ത്താവില്‍ അന്ത്യനിദ്ര പ്രാപിച്ചു. 1767-ല്‍ അദ്ദേഹത്തെ വിശുദ്ധനായി പ്രഖ്യാപിച്ചു. 1928-ല്‍ പിയൂസ് പതിനൊന്നാമന്‍ മാര്‍പാപ്പ വിശുദ്ധനെ “ഉപേക്ഷിക്കപ്പെട്ടവരും, അനാഥരുമായ കുട്ടികളുടെ’ ആഗോള മധ്യസ്ഥനായി നാമകരണം ചെയ്തു.
ഇതര വിശുദ്ധര്‍
⚜️⚜️⚜️⚜️⚜️⚜️⚜️
1. ഇംഗ്ലണ്ടിലെ കിഗ്വേ
2. ഈജിപ്ഷ്യന്‍ വനിതയായ കോയിന്താ
3. ദക്ഷിണ ഇംഗ്ലണ്ടിലെ കുത്ത്മാന്‍
4. റോമയിലെ പോള്‍, ലൂയിസ്, സിറിയാക്കൂസ്
5. ആര്‍മീനിയന്‍ സന്യാസികളായ ഡിയോനീഷ്യസ് എമിലിയന്‍, സെബാസ്റ്റ്യന്
⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️
സ്വര്‍ഗസ്‌ഥനായ ദൈവത്തിനു നന്‌ദിപറയുവിന്‍; അവിടുത്തെ കാരുണ്യം അനന്തമാണ്.
സങ്കീര്‍ത്തനങ്ങള്‍ 136 : 26
🌻പ്രഭാത പ്രാർത്ഥന🌻
നമുക്കെതിരേ വരുന്ന ശത്രുക്കളെയും ലോകം മുഴുവനെ തന്നെയും അംഗുലീ ചലനം കൊണ്ട് തറപറ്റിക്കാൻ കഴിയുന്ന സർവ്വശക്തനായ ദൈവത്തിലാണ് നമ്മുടെ പ്രത്യാശ.. (2മക്കബായർ 8/18)
സർവ്വശക്തനായ എന്റെ ദൈവമേ..
നിന്റെ സാനിധ്യം എന്നോടു കൂടെയുണ്ടായിരിക്കുവാൻ ആത്മാവിൽ നിറയുന്ന ആനന്ദത്തോടെ ഈ പ്രഭാതത്തിലും ഞങ്ങൾ അവിടുത്തെ അരികിൽ അണഞ്ഞിരിക്കുന്നു. ഈശോയേ.. ഈ ലോകത്തിലായിരിക്കുമ്പോൾ ഏറ്റവും നിസാരമായ ജീവിതത്തകർച്ചകളെ പോലും നേരിടാനാകാതെ വിശ്വാസത്തെ തള്ളിപ്പറയുന്നവരാണ് ഞങ്ങൾ.. ശക്തനായവൻ കൂടെയുണ്ട് എന്നൊരായിരം തവണ തിരുവചനത്താൽ മനസ്സിൽ ഉറപ്പിച്ചാലും പലപ്പോഴും ബലഹീനരായി ഞങ്ങളും വീണു പോകുന്നു. എന്നെ തകർക്കുന്നതിനു വേണ്ടി അലറുന്ന സിംഹത്തെ പോലെ എന്റെ വാതിലിന്നോരത്ത് പതിയിരിക്കുന്ന പാപത്തിന്റെ കെണിയിലേക്ക് പലപ്പോഴും ഞാൻ സ്വയം ഇറങ്ങിച്ചെല്ലുന്നു.
ഈശോയേ..എനിക്കെതിരെ പാളയമടിച്ചിരിക്കുന്ന ശത്രുക്കളെയും, ഈ ലോകം മുഴുവനെ തന്നെയും അംഗുലീ ചലനം കൊണ്ടു തറപറ്റിക്കാൻ കഴിയുന്ന ശക്തനായവനാണ് എന്റെ കർത്താവ് എന്ന വിശ്വാസത്തെ ഹൃദയത്തിൽ നിറച്ച് അധരം കൊണ്ട് ഏറ്റു പറയുവാൻ എന്നെ അനുഗ്രഹിക്കേണമേ.. നാശഗർത്തമായ പാതാളത്തിന്റെ വാതിലിൽ നിന്നു പോലും എന്റെ ജീവനെ രക്ഷിക്കാൻ കഴിവുള്ളവനായ അങ്ങയിലാണ് ഞാൻ പ്രത്യാശയർപ്പിച്ചിരിക്കുന്നത്.. അങ്ങയുടെ ജീവന്റെ ഹൃദയഭാഗമാകുവാനും, ആ ജീവന്റെ വെളിച്ചത്തിൽ ജാഗരൂകതയോടെ വർത്തിക്കുവാനും ദൈവവിശ്വാസമെന്ന പുണ്യത്തിൽ അഭിവൃദ്ധി പ്രാപിക്കാൻ ഞങ്ങൾക്കും അനുഗ്രഹം നൽകണമേ നാഥാ..
വിശുദ്ധ ജോൺ ലെയോനാർഡി.. ഞങ്ങൾക്കു വേണ്ടി പ്രാർത്ഥിക്കേണമേ. ആമേൻ