⚜️⚜️⚜️ February 09 ⚜️⚜️⚜️
വിശുദ്ധ അപ്പോളോണിയ
⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️
രക്തസാക്ഷികളെ കുറിച്ചുള്ള ചരിത്രരേഖകള്‍ പ്രകാരം, കന്യകയായിരുന്ന വിശുദ്ധ അപ്പോളോണിയ ഡെസിയൂസ് ചക്രവര്‍ത്തിയുടെ കാലത്ത് (249-251) അലെക്സാണ്ട്രിയയിലായിരുന്നു ജീവിച്ചിരുന്നത്. ക്രിസ്തുവിലുള്ള ആഴമായ വിശ്വാസം നിമിത്തം മതപീഡകര്‍ വിശുദ്ധയുടെ പല്ലുകള്‍ അടിച്ചു തെറിപ്പിക്കുകയും ക്രൂരമായി പീഡിപ്പിക്കുകയും ചെയ്തു. കൂടാതെ ദൈവനിന്ദാ വചനങ്ങള്‍ ഏറ്റു പറഞ്ഞില്ലെങ്കില്‍ വിശുദ്ധയെ കത്തികൊണ്ടിരിക്കുന്ന ചിതയില്‍ ജീവനോടെ എറിയുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. കുറച്ച് നേരത്തെ ആലോചനക്ക് ശേഷം വിശുദ്ധ തന്നെ ദ്രോഹിക്കുന്നവരുടെ പിടിവിടുവിച്ച് കത്തിജ്വലിച്ചു കൊണ്ടിരുന്ന ആ ചിതയിലേക്കു സ്വയം എടുത്ത്ചാടി.
പുറത്ത് കത്തികൊണ്ടിരുന്ന അഗ്നിയേക്കാള്‍ തീക്ഷണമായിരുന്നു വിശുദ്ധയുടെ ഉള്ളില്‍ ജ്വലിച്ചു കൊണ്ടിരുന്ന പരിശുദ്ധാത്മാവിന്റെ അഗ്നി. തങ്ങളുടെ ഭീഷണി നടപ്പിലാക്കുന്നതിനു മുന്‍പ് തന്നെ ദുര്‍ബ്ബലയായൊരു സ്ത്രീ സ്വന്തം ഇഷ്ടപ്രകാരം കത്തിയെരിഞ്ഞു കൊണ്ടിരുന്ന ആ ചിതയിലേക്കെടുത്ത് ചാടിയത് കണ്ടപ്പോള്‍ മതപീഡകര്‍ അമ്പരന്നു പോയി. പല്ലുവേദനയുടെ ശമനത്തിനായി ഈ വിശുദ്ധയുടെ മാധ്യസ്ഥം ലോകമെങ്ങും അപേക്ഷിച്ചു വരുന്നു.
വിശുദ്ധ അപ്പോളോണിയയുടെ രക്തസാക്ഷിത്വം ഒരു ആത്മഹത്യയായി തോന്നാം. എന്നാല്‍ മതപീഡനത്തില്‍ നിന്നും, അപമാനത്തില്‍ നിന്നും രക്ഷപ്പെടുന്നതിന് അപ്പോളോണിയ സ്വമേധയ ഏറ്റുവാങ്ങിയ മരണത്തെ അനേകര്‍ക്ക് ക്രിസ്തുവിലുള്ള വിശ്വാസം ഊട്ടിയുറപ്പിക്കാനുതകുന്നതായിരിന്നു. എന്നാല്‍ വിശുദ്ധ ആഗസ്റ്റിന്‍ ഉള്‍പ്പെടെയുള്ള ധാര്‍മ്മിക-മത പണ്ഡിതന്‍മാര്‍ ഏതു സാഹചര്യത്തിലാണെങ്കില്‍ പോലും ആത്മഹത്യ അനുവദനീയമല്ല എന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. എന്നിരുന്നാലും, വിശുദ്ധയുടെ വീരോചിത പ്രവര്‍ത്തിയെ അനേകര്‍ ബഹുമാനത്തോടെ കാണുന്നു. സഭയുടെ വിശ്വാസ സംഹിത പ്രകാരം വിശുദ്ധയുടെ മാതൃക അനുകരിക്കുന്നത് അനുവദനീയമല്ല. എല്ലാ അര്‍ത്ഥത്തിലും വിശുദ്ധരെ അനുകരിക്കുന്നത് അഭിലഷണീയമായ ഒരു കാര്യവുമല്ല. വിശുദ്ധയുടെ സമകാലികനും, അലെക്സാണ്ട്രിയായിലെ മെത്രാനുമായിരുന്ന ഡിയോണിസിയൂസ് ആണ് വിശുദ്ധയെ കുറിച്ചുള്ള വിവരണം എഴുതിയിട്ടുള്ളത്.
ഇതര വിശുദ്ധര്‍
⚜️⚜️⚜️⚜️⚜️⚜️⚜️
1. ഐറിഷുകാരനായ ആള്‍ട്ടോ
2. ആഫ്രിക്കയിലെ 44 രക്തസാക്ഷികളില്‍പ്പെട്ട അമ്മോണും, എമീലിയാനും, ലാസ്സായുംകൂട്ടരും
3. സൈപ്രസിലെ അമ്മോണിയൂസും അലക്സാണ്ടറും
4. റൂവെന്‍ ബിഷപ്പായ ആന്‍സ്ബെര്‍ട്ട്
⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️
കര്‍ത്താവില്‍ പ്രത്യാശയര്‍പ്പിക്കുവിന്‍, ദുര്‍ബലരാകാതെധൈര്യമവലംബിക്കുവിന്‍; കര്‍ത്താവിനുവേണ്ടി കാത്തിരിക്കുവിന്‍.
സങ്കീര്‍ത്തനങ്ങള്‍ 27 : 14
പ്രഭാത പ്രാർത്ഥന
ഒരു വാക്ക് എന്റെ നാവിലെത്തുന്നതിനു മുന്‍പുതന്നെ കര്‍ത്താവേ, അത് അവിടുന്ന് അറിയുന്നു.
സങ്കീര്‍ത്തനങ്ങള്‍ 139 : 4
ജനിക്കും മുൻപേ എന്റെ പേരും രൂപവും കൈവെള്ളയിൽ കുറിച്ചുവെച്ച എന്റെ ഈശോയെ അങ്ങയെ ഞാൻ ആരാധിക്കുന്നു സ്തുതിക്കുന്നു. ഈ നിമിഷം വരെയും എന്നെയും എന്റെ കുടുംബത്തെയും പരിപാലിച്ചതിനായി നന്ദി ഈശോയെ. ഈ പ്രഭാതവും ഇന്നത്തെ ജീവിതവും അങ്ങെനിക്കു നൽകുന്ന അവസരമായി കണ്ട് ഇന്നലത്തേക്കാൾ മെച്ചപ്പെട്ട രീതിയിൽ ജീവിക്കുവാൻ അങ്ങെന്നെ സഹായിക്കണമേ. ഇന്നേ ദിവസം ഞാൻ അങ്ങയിൽ പൂർണമായി വിശ്വസിക്കുകയും ശരണപ്പെടുകയും പ്രത്യാശിക്കുകയും ചെയ്യട്ടെ. അങ്ങയുടെ ദിവ്യസ്നേഹത്താൽ പ്രേരിതനായി ലോകവസ്തുക്കളോടുള്ള മമതയില്ലാതെ എല്ലാവരെയും അങ്ങയെപ്രതി സ്നേഹിച്ചും സേവിച്ചും ഞാൻ എന്റെ ജീവിതം ധന്യമാക്കട്ടെ. എന്റെ ആഗ്രഹങ്ങളിൽ അങ്ങേ തിരുഹിതം നിറവേറട്ടെ. ഈശോയെ എന്റെ എല്ലാ പ്രയത്നങ്ങളും അവിടുത്തെ സന്നിധിയിൽ സമർപ്പിക്കുന്നു. എനിക്കേറ്റവും സമീപസ്ഥനായ അങ്ങുതന്നെ എല്ലാം ക്രമപ്പെടുത്തണമേ. അങ്ങറിയാതെ ഒന്നും എന്റെ ജീവിതത്തിൽ സംഭവിക്കുന്നില്ല എന്ന വിശ്വാസത്തിൽ ഞാൻ ജീവിക്കുവാൻ ഇടയാകട്ടെ. കർത്താവേ എന്നെ സമീപിക്കുന്നവർക്കു എന്നാൽ കഴിയുന്ന സഹായങ്ങൾ ഞാൻ ചെയ്തുകൊടുക്കുവാനും അവരുടെ ആവശ്യങ്ങളിൽ നിന്ന് പിന്തിരിയാതിരിക്കുവാനും അങ്ങെന്നെ സഹായിക്കണമേ. നിർമലമായ സ്നേഹത്തോടും മനഃസാക്ഷിയോടും കൂടെ ജീവിക്കുവാൻ അവിടുത്തെ മാതാവായ പരിശുദ്ധ മറിയത്തിന്റെ മാധ്യസ്ഥം എന്നുമെനിക്ക് ഉണ്ടായിരിക്കട്ടെ. ആമേൻ. ഈശോമിശിഹായ്ക്ക് സ്തുതിയായിരിക്കട്ടെ.