പുലർവെട്ടം 441

{പുലർവെട്ടം 441}

 
Love does not envy” -St. Paul
 
അസൂയ എന്ന് ഭാഷയിലേക്ക് നാം വിവർത്തനം ചെയ്ത പദത്തിന്റെ യവന ധ്വനി തിളയ്ക്കുക- boil, എരിയുക – burn എന്നിങ്ങനെയൊക്കെയാണ്. അവനവന്റെ ജീവിതചാരുതകൾ കാണാതെ കരിഞ്ഞുപോവുകയാണ് അതിന്റെ ശിരോലിഖിതം. സ്നേഹം ഒരു ദൂരദർശിനിയും envy സൂക്ഷ്മദർശിനിയും ആണെന്ന് അർത്ഥം വരുന്ന ഒരു ഉദ്ധരണി കണ്ടിട്ടുണ്ട്.
കാളിദാസൻ ശകുന്തളയ്ക്ക് തോഴിമാരെ നിശ്ചയിച്ചപ്പോൾ അതിലൊരാൾക്ക് അനസൂയ എന്ന് പേരിട്ടത് എന്തിനാവാം? നിർമ്മലസ്നേഹത്തിന് കൂട്ടുപോകേണ്ടത് ബോധത്തിൽ മാത്സര്യത്തിന്റെ നിഴൽ വീഴാത്ത മനുഷ്യർ തന്നെയാവണം. ഇതിൻന്റെ ഗുണാത്മകവായന സ്നേഹം അപരന്റെ കീർത്തിയിലും ഐശ്വര്യങ്ങളിലും ആനന്ദിക്കുന്നു എന്നുതന്നെ. കൊല്ലപ്പരീക്ഷയുടെ റിസൾട്ട് നോക്കി വീട്ടിലേക്ക് ഓടുമ്പോൾ പീടികത്തിണ്ണയിലും കലുങ്കിലുമൊക്കെ വെറുതെ കൂനിപ്പിടിച്ചിരിക്കുന്ന ചില മനുഷ്യർ, ‘ജയിച്ചോ ‘എന്ന് ചോദിക്കുന്നു. ‘ഉവ്വ്’ എന്ന് പറയുമ്പോൾ നിറഞ്ഞ ചിരിയാണ്. എല്ലാവരുടെയും ചെറുതും വലുതുമായ നേട്ടങ്ങളിൽ ആനന്ദിക്കുന്ന മനുഷ്യരാണ് സ്നേഹത്തിന്റെ ഈ പുരാവൃത്തത്തെ അർത്ഥപൂർണ്ണമാക്കുന്നത്. അവരെ അവിടെയുമിവിടെയുമൊക്കെ ഇപ്പോൾ കാണുന്നില്ല എന്നത് വേവലാതി ഉണ്ടാക്കുന്ന വിഷയം തന്നെ.
 
ഇവിടെയാണ് സോളമന്റെ കഥയിലെ സ്ത്രീകളുടെ ചുരുളഴിയുന്നത്. കഥ ആർക്കാണ് അറിയാത്തത്? ഒരേ പൈതലിനുമേൽ അമ്മയെന്ന അവകാശവാദവുമായി എത്തുന്ന രണ്ടുപേർ. തർക്കം മുറുകുമ്പോൾ കഠിനമായ വിധി വരുന്നു. വാൾത്തലയിൽ രണ്ടായി പകുത്ത് ഓരോ പാതി അമ്മമാർക്ക് കൊണ്ടുപോകാം. ‘ഇതെന്റെ കുഞ്ഞല്ല അവളുടേതാണ് അവർ അതിനെ എടുത്തുകൊള്ളട്ടെ’ എന്ന് ഉറക്കെ നിലവിളിക്കുന്ന ആ പെരുംനുണച്ചിയാണ് സ്നേഹം. ഒരവകാശവാദങ്ങളുമില്ലാതെ എവിടെയോ ഓരോരുത്തരും ഭംഗിയായി പാർക്കുന്നുണ്ട് എന്ന സങ്കല്പത്തിൽ മുഗ്ദ്ധരായി ജീവിക്കുന്നവർ!
 
കുറഞ്ഞത് ഒരു നൂറ്റാണ്ട് മുൻപുള്ള കഥയാണ്. ബുദ്ധിമതിയായ ഒരു പെൺകുട്ടി തന്റെ സഹോദരിയുടെ പഠനച്ചെലവു കണ്ടെത്തുന്നതിന് ധനികനായ ഒരു അകന്ന ബന്ധുവിന്റെ ഭവനത്തിൽ രണ്ടു വർഷം വേല ചെയ്തിരുന്നു. വീട്ടിലെ ചെറുപ്പക്കാരന് അവളോട് സ്നേഹം തോന്നിയിരുന്നു. അവർ ആഗ്രഹിക്കുന്നതുപോലെ വിവാഹത്തിലൊന്നുമല്ല കാര്യങ്ങൾ എത്തിയത്. മാതാപിതാക്കളോട് എതിർത്ത് പറയാനുള്ള ധൈര്യം അയാൾക്കില്ലായിരുന്നു. ദൂരെനിന്ന് അവളുടെ ജീവിതം കുറേക്കൂടി പകിട്ടുള്ളതാകുന്നതുകണ്ട് സദാ ഹർഷത്തിലായിരുന്നു അയാൾ. രണ്ടു ശാസ്ത്രശാഖകളിലായി നോബൽ നേടിയ ഒരേയൊരു സ്ത്രീയായിരുന്നു അവർ.1903-ൽ ഫിസിക്സിലും 1911-ൽ കെമിസ്ട്രിയിലുമായിരുന്നു അത്. അറുപത്തിയാറാം വയസ്സിൽ അവർ മരിച്ചു. ഒരു വർഷത്തിനുള്ളിൽ അവരുടെ ഒരു പ്രതിമ നഗരത്തിലുണ്ടായി. വാർദ്ധക്യത്തിൽ അതിന്റെ ചുവട്ടിൽ ധ്യാനപൂർവ്വം ഇരിക്കുകയായിരുന്നു അയാളുടെ രീതി. മാഡം ക്യൂറിയുടെയും അവരുടെ കൗമാരകാല സ്നേഹിതനായ Kazimiers Zorawski യുടെയും കഥയാണ് പറഞ്ഞുവരുന്നത്.
 
തന്നോളമുയർന്നാൽ ഉളി വീഴ്ത്തി കൊല്ലുന്ന പുരാവൃത്തങ്ങളുടെ ഇരുണ്ട ഇടനാഴിയിൽ ഇങ്ങനെയൊക്കെയാണ് ചില തൂക്കുവിളക്കുകൾ തെളിയുന്നത്.
 
– ബോബി ജോസ് കട്ടികാട്
Advertisements

Pularvettom, Morning Reflection / Meditational Morning Message Series by Fr Bobby Jose Kattikadu OFM Cap.
Source: – Official Facebook Page: https://www.facebook.com/pularvettam.book/

Advertisements

One thought on “പുലർവെട്ടം 441

Leave a comment