ദിവ്യബലി വായനകൾ Saturday of week 5 in Ordinary Time

🌹🌹🌹🌹🌹🌹🌹🌹🌹🌹🌹

ദിവ്യബലി വായനകൾ

13-Feb-2021, ശനി

Saturday of week 5 in Ordinary Time or Saturday memorial of the Blessed Virgin Mary 

Liturgical Colour: Green.

____

ഒന്നാം വായന

ഉത്പ 3:9-24

കര്‍ത്താവ് അവരെ ഏദന്‍ തോട്ടത്തില്‍ നിന്നു പുറത്താക്കി; മണ്ണില്‍ നിന്നെടുത്ത മനുഷ്യനെ മണ്ണിനോടു മല്ലിടാന്‍ വിട്ടു.

ദൈവമായ കര്‍ത്താവ് പുരുഷനെ വിളിച്ചു ചോദിച്ചു: നീ എവിടെയാണ്? അവന്‍ മറുപടി പറഞ്ഞു: തോട്ടത്തില്‍ അവിടുത്തെ ശബ്ദം ഞാന്‍ കേട്ടു. ഞാന്‍ നഗ്നനായതു കൊണ്ടു ഭയന്ന് ഒളിച്ചതാണ്. അവിടുന്നു ചോദിച്ചു: നീ നഗ്നനാണെന്നു നിന്നോടാരു പറഞ്ഞു? തിന്നരുതെന്ന് ഞാന്‍ കല്‍പിച്ച വൃക്ഷത്തിന്റെ പഴം നീ തിന്നോ? അവന്‍ പറഞ്ഞു: അങ്ങ് എനിക്കു കൂട്ടിനു തന്ന സ്ത്രീ ആ മരത്തിന്റെ പഴം എനിക്കു തന്നു; ഞാന്‍ അതു തിന്നു. ദൈവമായ കര്‍ത്താവ് സ്ത്രീയോടു ചോദിച്ചു: നീ എന്താണ് ഈ ചെയ്തത്? അവള്‍ പറഞ്ഞു: സര്‍പ്പം എന്നെ വഞ്ചിച്ചു; ഞാന്‍ പഴം തിന്നു.
ദൈവമായ കര്‍ത്താവ് സര്‍പ്പത്തോടു പറഞ്ഞു: ഇതു ചെയ്തതു കൊണ്ട് നീ എല്ലാ കന്നുകാലികളുടെയും വന്യമൃഗങ്ങളുടെയുമിടയില്‍ ശപിക്കപ്പെട്ടതായിരിക്കും. നീ മണ്ണില്‍ ഇഴഞ്ഞു നടക്കും. ജീവിതകാലം മുഴുവന്‍ നീ പൊടി തിന്നും. നീയും സ്ത്രീയും തമ്മിലും നിന്റെ സന്തതിയും അവളുടെ സന്തതിയും തമ്മിലും ഞാന്‍ ശത്രുത ഉളവാക്കും. അവന്‍ നിന്റെ തല തകര്‍ക്കും. നീ അവന്റെ കുതികാലില്‍ പരിക്കേല്‍പിക്കും. അവിടുന്നു സ്ത്രീയോടു പറഞ്ഞു: നിന്റെ ഗര്‍ഭാരിഷ്ടതകള്‍ ഞാന്‍ വര്‍ധിപ്പിക്കും. നീ വേദനയോടെ കുഞ്ഞുങ്ങളെ പ്രസവിക്കും. എങ്കിലും, നിനക്കു ഭര്‍ത്താവില്‍ അഭിലാഷമുണ്ടായിരിക്കും. അവന്‍ നിന്നെ ഭരിക്കുകയും ചെയ്യും. ആദത്തോട് അവിടുന്നു പറഞ്ഞു: തിന്നരുതെന്നു ഞാന്‍ പറഞ്ഞ പഴം സ്ത്രീയുടെ വാക്കു കേട്ടു നീ തിന്നതു കൊണ്ട് നീ മൂലം മണ്ണു ശപിക്കപ്പെട്ടതായിരിക്കും. ആയുഷ്‌കാലം മുഴുവന്‍ കഠിനാധ്വാനം കൊണ്ട് നീ അതില്‍ നിന്നു.കാലയാപനം ചെയ്യും. അതു മുള്ളും മുള്‍ച്ചെടികളും നിനക്കായി മുളപ്പിക്കും. വയലിലെ സസ്യങ്ങള്‍ നീ ഭക്ഷിക്കും. മണ്ണില്‍ നിന്ന് എടുക്കപ്പെട്ട നീ, മണ്ണിനോടു ചേരുന്നതു വരെ, നെറ്റിയിലെ വിയര്‍പ്പു കൊണ്ടു ഭക്ഷണം സമ്പാദിക്കും. നീ പൊടിയാണ്, പൊടിയിലേക്കു തന്നെ നീ മടങ്ങും. ആദം ഭാര്യയെ ഹവ്വാ എന്നു വിളിച്ചു. കാരണം, അവള്‍ ജീവനുള്ളവരുടെയെല്ലാം മാതാവാണ്.
ദൈവമായ കര്‍ത്താവ് തോലു കൊണ്ട് ഉടയാടയുണ്ടാക്കി ആദത്തെയും അവന്റെ ഭാര്യയെയും ധരിപ്പിച്ചു. അനന്തരം അവിടുന്നു പറഞ്ഞു: മനുഷ്യനിതാ നന്മയും തിന്മയും അറിഞ്ഞു നമ്മിലൊരുവനെപ്പോലെ ആയിരിക്കുന്നു. ഇനി അവന്‍ കൈനീട്ടി ജീവന്റെ വൃക്ഷത്തില്‍ നിന്നുകൂടി പറിച്ചു തിന്ന് അമര്‍ത്യനാകാന്‍ ഇടയാകരുത്. കര്‍ത്താവ് അവരെ ഏദന്‍ തോട്ടത്തില്‍ നിന്നു പുറത്താക്കി; മണ്ണില്‍ നിന്നെടുത്ത മനുഷ്യനെ മണ്ണിനോടു മല്ലിടാന്‍ വിട്ടു. മനുഷ്യനെ പുറത്താക്കിയ ശേഷം ജീവന്റെ വൃക്ഷത്തിങ്കലേക്കുള്ള വഴി കാക്കാന്‍ ഏദന്‍തോട്ടത്തിനു കിഴക്ക് അവിടുന്നു കെരൂബുകളെ കാവല്‍ നിര്‍ത്തി; എല്ലാ വശത്തേക്കും കറങ്ങുന്നതും തീ ജ്വലിക്കുന്നതുമായ ഒരു വാളും അവിടുന്നു സ്ഥാപിച്ചു.

കർത്താവിന്റെ വചനം.
____

പ്രതിവചന സങ്കീര്‍ത്തനം

സങ്കീ 90:2,3-4abc,5-6,12-13

R. കര്‍ത്താവേ, അങ്ങു തലമുറതലമുറയായി ഞങ്ങളുടെ ആശ്രയമായിരുന്നു.

പര്‍വതങ്ങള്‍ക്കു രൂപം നല്‍കുന്നതിനു മുന്‍പ്, ഭൂമിയും ലോകവും അങ്ങു നിര്‍മിക്കുന്നതിനു മുന്‍പ്, അനാദി മുതല്‍ അനന്തത വരെ അവിടുന്നു ദൈവമാണ്.

R. കര്‍ത്താവേ, അങ്ങു തലമുറതലമുറയായി ഞങ്ങളുടെ ആശ്രയമായിരുന്നു.

മനുഷ്യനെ അവിടുന്നു പൊടിയിലേക്കു മടക്കി അയയ്ക്കുന്നു; മനുഷ്യമക്കളേ, തിരിച്ചു പോകുവിന്‍ എന്ന് അങ്ങു പറയുന്നു. ആയിരം വത്സരം അങ്ങേ ദൃഷ്ടിയില്‍ കഴിഞ്ഞുപോയ ഇന്നലെ പോലെയും രാത്രിയിലെ ഒരു യാമം പോലെയും മാത്രമാണ്.

R. കര്‍ത്താവേ, അങ്ങു തലമുറതലമുറയായി ഞങ്ങളുടെ ആശ്രയമായിരുന്നു.

അവിടുന്നു മനുഷ്യനെ, ഉണരുമ്പോള്‍ മാഞ്ഞു പോകുന്ന സ്വപ്നം പോലെ തുടച്ചുമാറ്റുന്നു; പ്രഭാതത്തില്‍ മുളനീട്ടുന്ന പുല്ലു പോലെയാണവന്‍. പ്രഭാതത്തില്‍ അതു തഴച്ചു വളരുന്നു;
സായാഹ്നത്തില്‍ അതു വാടിക്കരിയുന്നു.

R. കര്‍ത്താവേ, അങ്ങു തലമുറതലമുറയായി ഞങ്ങളുടെ ആശ്രയമായിരുന്നു.

ഞങ്ങളുടെ ആയുസ്സിന്റെ ദിനങ്ങള്‍ എണ്ണാന്‍ ഞങ്ങളെ പഠിപ്പിക്കണമേ!
ഞങ്ങളുടെ ഹൃദയം ജ്ഞാനപൂര്‍ണമാകട്ടെ!
കര്‍ത്താവേ, മടങ്ങി വരണമേ! അങ്ങ് എത്ര നാള്‍ വൈകും? അങ്ങേ ദാസരോട് അലിവു തോന്നണമേ!

R. കര്‍ത്താവേ, അങ്ങു തലമുറതലമുറയായി ഞങ്ങളുടെ ആശ്രയമായിരുന്നു.

____

സുവിശേഷ പ്രഘോഷണവാക്യം

മത്താ 4:4

അല്ലേലൂയാ, അല്ലേലൂയാ!

മനുഷ്യന്‍ അപ്പം കൊണ്ടു മാത്രമല്ല, ദൈവത്തിന്റെ നാവില്‍ നിന്ന് പുറപ്പെടുന്ന
ഓരോ വാക്കു കൊണ്ടുമാണ് ജീവിക്കുന്നത്.

അല്ലേലൂയാ!

____

സുവിശേഷം

മാര്‍ക്കോ 8:1-10

ജനം ഭക്ഷിച്ചു തൃപ്തരായി.

ആ ദിവസങ്ങളില്‍ വീണ്ടും ഒരു വലിയ ജനാവലി ഒന്നിച്ചു കൂടി. അവര്‍ക്കു ഭക്ഷിക്കാന്‍ ഒന്നുമുണ്ടായിരുന്നില്ല. യേശു ശിഷ്യന്മാരെ വിളിച്ചു പറഞ്ഞു: ഈ ജനക്കൂട്ടത്തോട് എനിക്ക് അനുകമ്പ തോന്നുന്നു. ഇവര്‍ മൂന്നു ദിവസമായി എന്നോടു കൂടെയാണ്. അവര്‍ക്കു ഭക്ഷിക്കാന്‍ ഒന്നുമില്ല. അവരെ വിശപ്പോടെ വീട്ടിലേക്കു പറഞ്ഞയച്ചാല്‍ വഴിയില്‍ തളര്‍ന്നു വീണേക്കും. ചിലര്‍ ദൂരെ നിന്നു വന്നവരാണ്. ശിഷ്യന്മാര്‍ അവനോടു ചോദിച്ചു: ഈ വിജനസ്ഥലത്ത് ഇവര്‍ക്കെല്ലാം അപ്പം കൊടുക്കുന്നതെങ്ങനെ? അവന്‍ ചോദിച്ചു: നിങ്ങളുടെ പക്കല്‍ എത്ര അപ്പമുണ്ട്? ഏഴ് എന്ന് അവര്‍ പറഞ്ഞു. അവന്‍ ജനക്കൂട്ടത്തോടു നിലത്തിരിക്കാന്‍ ആജ്ഞാപിച്ചു. പിന്നീട്, അവന്‍ ആ ഏഴപ്പം എടുത്ത്, കൃതജ്ഞതാസ്‌തോത്രം ചെയ്ത്, മുറിച്ചു ജനങ്ങള്‍ക്കു വിളമ്പാന്‍ ശിഷ്യന്മാരെ ഏല്‍പിച്ചു. അവര്‍ അതു ജനങ്ങള്‍ക്കു വിളമ്പി. കുറെ ചെറിയ മത്സ്യങ്ങളും അവരുടെ പക്കലുണ്ടായിരുന്നു. അവന്‍ അവയും ആശീര്‍വദിച്ചു; വിളമ്പാന്‍ ശിഷ്യന്മാരെ ഏല്‍പിച്ചു. ജനം ഭക്ഷിച്ചു തൃപ്തരായി. ശേഷിച്ച കഷണങ്ങള്‍ ഏഴു കുട്ട നിറയെ അവര്‍ ശേഖരിച്ചു. ഭക്ഷിച്ചവര്‍ ഏകദേശം നാലായിരം പേരുണ്ടായിരുന്നു. അവന്‍ അവരെ പറഞ്ഞയച്ചതിനു ശേഷം ശിഷ്യന്മാരോടൊപ്പം ഒരു വഞ്ചിയില്‍ കയറി ദല്‍മാനൂത്താ പ്രദേശത്തേക്കു പോയി.

കർത്താവിന്റെ സുവിശേഷം.

🌹🌹🌹🌹🌹🌹🌹🌹🌹🌹🌹

Leave a comment