ദിവ്യബലി വായനകൾ Tuesday of week 6 in Ordinary Time 

🔵🔵🔵🔵🔵🔵🔵🔵🔵🔵🔵_____________
🌺🕯🕯 ….✝🍛🍸🙏🏼….🕯🕯🌺
ദിവ്യബലി വായനകൾ – ലത്തീൻക്രമം
_____________

🔵 ചൊവ്വ, 16/2/2021

Tuesday of week 6 in Ordinary Time 

Liturgical Colour: Green.

പ്രവേശകപ്രഭണിതം

cf. സങ്കീ 31:3-4

എന്നെ രക്ഷിക്കാനായി
അങ്ങ് എന്റെ സംരക്ഷകനായ ദൈവവും അഭയകേന്ദ്രവുമാകണമേ.
എന്തെന്നാല്‍, അങ്ങ് എനിക്ക് വാനവിതാനവും അഭയവുമാകുന്നു.
അങ്ങേ നാമത്തെപ്രതി അങ്ങ് എനിക്ക് നായകനും
എന്നെ പരിപോഷിപ്പിക്കുന്നവനുമായിരിക്കും.

സമിതിപ്രാര്‍ത്ഥന

ദൈവമേ, സംശുദ്ധതയും ആത്മാര്‍ഥതയും നിറഞ്ഞ ഹൃദയങ്ങളില്‍
വസിക്കുമെന്ന് അങ്ങ് അരുള്‍ചെയ്തിട്ടുണ്ടല്ലോ.
അങ്ങു വസിക്കാന്‍ തിരുമനസ്സാകുന്ന,
ഇപ്രകാരമുള്ളവരെ പോലെയാകാന്‍
അങ്ങേ കൃപയാല്‍ ഞങ്ങളെ അനുഗ്രഹിക്കണമേ.
അങ്ങയോടുകൂടെ പരിശുദ്ധാത്മാവുമായുള്ള ഐക്യത്തില്‍
എന്നെന്നും ദൈവമായി ജീവിക്കുകയും വാഴുകയും ചെയ്യുന്ന
അങ്ങേ പുത്രനും ഞങ്ങളുടെ കര്‍ത്താവുമായ യേശുക്രിസ്തുവഴി
ഈ പ്രാര്‍ഥന കേട്ടരുളണമേ.

ഒന്നാം വായന

ഉത്പ 6:5-8,7:1-5,10
എന്റെ സൃഷ്ടിയായ മനുഷ്യനെ ഭൂമുഖത്തുനിന്നു ഞാന്‍ തുടച്ചുമാറ്റും.

ഭൂമിയില്‍ മനുഷ്യന്റെ ദുഷ്ടത വര്‍ധിച്ചിരിക്കുന്നെന്നും അവന്റെ ഹൃദയത്തിലെ ചിന്തയും ഭാവനയും എപ്പോഴും ദുഷിച്ചതു മാത്രമാണെന്നും കര്‍ത്താവു കണ്ടു. ഭൂമുഖത്തു മനുഷ്യനെ സൃഷ്ടിച്ചതില്‍ കര്‍ത്താവു പരിതപിച്ചു. അത് അവിടുത്തെ ഹൃദയത്തെ വേദനിപ്പിച്ചു. കര്‍ത്താവ് അരുളിച്ചെയ്തു: എന്റെ സൃഷ്ടിയായ മനുഷ്യനെ ഭൂമുഖത്തു നിന്നു ഞാന്‍ തുടച്ചുമാറ്റും. മനുഷ്യനെയും മൃഗങ്ങളെയും ഇഴജന്തുക്കളെയും ആകാശത്തിലെ പറവകളെയും ഞാന്‍ നാമാവശേഷമാക്കും. അവയെ സൃഷ്ടിച്ചതില്‍ ഞാന്‍ ദുഃഖിക്കുന്നു. എന്നാല്‍, നോഹ കര്‍ത്താവിന്റെ പ്രീതിക്കു പാത്രമായി.
കര്‍ത്താവ് നോഹയോട് അരുളിച്ചെയ്തു: നീയും കുടുംബവും പെട്ടകത്തില്‍ പ്രവേശിക്കുക. ഈ തലമുറയില്‍ നിന്നെ ഞാന്‍ നീതിമാനായി കണ്ടിരിക്കുന്നു. ഭൂമുഖത്ത് അവയുടെ വംശം നിലനിര്‍ത്താന്‍ വേണ്ടി ശുദ്ധിയുള്ള സര്‍വ മൃഗങ്ങളിലും നിന്ന് ആണും പെണ്ണുമായി ഏഴു ജോഡിയും ശുദ്ധിയില്ലാത്ത മൃഗങ്ങളില്‍ നിന്ന് ആണും പെണ്ണുമായി ഒരു ജോഡിയും ആകാശത്തിലെ പറവകളില്‍ നിന്ന് പൂവനും പിടയുമായി ഏഴു ജോഡിയും കൂടെ കൊണ്ടുപോവുക. ഏഴു ദിവസവുംകൂടി കഴിഞ്ഞാല്‍ നാല്‍പതു രാവും നാല്‍പതു പകലും ഭൂമുഖത്തെല്ലാം ഞാന്‍ മഴപെയ്യിക്കും; ഞാന്‍ സൃഷ്ടിച്ച സകല ജീവജാലങ്ങളെയും ഭൂതലത്തില്‍ നിന്നു തുടച്ചു മാറ്റും. കര്‍ത്താവു കല്‍പിച്ചതെല്ലാം നോഹ ചെയ്തു. ഏഴു ദിവസം കഴിഞ്ഞപ്പോള്‍ ഭൂമിയില്‍ വെള്ളം പൊങ്ങിത്തുടങ്ങി.

കർത്താവിന്റെ വചനം.

പ്രതിവചനസങ്കീർത്തനം

സങ്കീ 29:1-2,3-4,3,9-10

കര്‍ത്താവു തന്റെ ജനത്തെ സമാധാനം നല്‍കി അനുഗ്രഹിക്കട്ടെ!

സ്വര്‍ഗവാസികളേ, കര്‍ത്താവിനെ സ്തുതിക്കുവിന്‍:
മഹത്വവും ശക്തിയും അവിടുത്തേതെന്നു പ്രഘോഷിക്കുവിന്‍.
കര്‍ത്താവിന്റെ മഹത്വപൂര്‍ണമായ
നാമത്തെ സ്തുതിക്കുവിന്‍;
വിശുദ്ധ വസ്ത്രങ്ങളണിഞ്ഞ്
അവിടുത്തെ ആരാധിക്കുവിന്‍.

കര്‍ത്താവു തന്റെ ജനത്തെ സമാധാനം നല്‍കി അനുഗ്രഹിക്കട്ടെ!

കര്‍ത്താവിന്റെ സ്വരം ജലരാശിക്കുമീതേ മുഴങ്ങുന്നു;
കര്‍ത്താവിന്റെ സ്വരം ശക്തി നിറഞ്ഞതാണ്;
അവിടുത്തെ ശബ്ദം പ്രതാപമുറ്റതാണ്.

കര്‍ത്താവു തന്റെ ജനത്തെ സമാധാനം നല്‍കി അനുഗ്രഹിക്കട്ടെ!

ജലസഞ്ചയങ്ങള്‍ക്കുമീതേ
മഹത്വത്തിന്റെ ദൈവം ഇടിനാദം മുഴക്കുന്നു.
അവിടുത്തെ ആലയത്തില്‍ മഹത്വം
എന്ന് എല്ലാവരും പ്രഘോഷിക്കുന്നു.
കര്‍ത്താവു ജലസഞ്ചയത്തിനുമേല്‍
സിംഹാസനസ്ഥനായിരിക്കുന്നു.
അവിടുന്ന് എന്നേക്കും രാജാവായി
സിംഹാസനത്തില്‍ വാഴുന്നു.

കര്‍ത്താവു തന്റെ ജനത്തെ സമാധാനം നല്‍കി അനുഗ്രഹിക്കട്ടെ!

സുവിശേഷ പ്രഘോഷണവാക്യം
……….
……….
……….

സുവിശേഷം

മാര്‍ക്കോ 8:14-21
ഫരിസേയരുടെയും ഹേറോദേസിന്റെയും പുളിപ്പിനെക്കുറിച്ച് കരുതലോടെയിരിക്കുവിന്‍.

അക്കാലത്ത്, ശിഷ്യന്മാര്‍ അപ്പം എടുക്കാന്‍ മറന്നുപോയിരുന്നു. വഞ്ചിയില്‍ അവരുടെ പക്കല്‍ ഒരപ്പം മാത്രമേ ഉണ്ടായിരുന്നുള്ളു. യേശു മുന്നറിയിപ്പു നല്‍കി: നിങ്ങള്‍ ജാഗരൂകരായിരിക്കുവിന്‍. ഫരിസേയരുടെയും ഹേറോദേസിന്റെയും പുളിപ്പിനെക്കുറിച്ച് കരുതലോടെയിരിക്കുവിന്‍. അവന്‍ ഇങ്ങനെ പറഞ്ഞത്, തങ്ങളുടെ പക്കല്‍ അപ്പം ഇല്ലാത്തതുകൊണ്ടാണെന്ന് അവര്‍ പരസ്പരം പറഞ്ഞു. ഇതു മനസ്സിലാക്കിയ യേശു അവരോടു പറഞ്ഞു: നിങ്ങള്‍ക്ക് അപ്പമില്ലാത്തതിനെക്കുറിച്ച് എന്തിനു തര്‍ക്കിക്കുന്നു? ഇനിയും നിങ്ങള്‍ മനസ്സിലാക്കുകയും ഗ്രഹിക്കുകയും ചെയ്യുന്നില്ലേ? നിങ്ങളുടെ ഹൃദയങ്ങള്‍ മന്ദീഭവിച്ചിരിക്കുന്നുവോ? കണ്ണുണ്ടായിട്ടും നിങ്ങള്‍ കാണുന്നില്ലേ? ചെവിയുണ്ടായിട്ടും നിങ്ങള്‍ കേള്‍ക്കുന്നില്ലേ? നിങ്ങള്‍ ഓര്‍മിക്കുന്നില്ലേ? അഞ്ചപ്പം ഞാന്‍ അയ്യായിരം പേര്‍ക്കായി ഭാഗിച്ചപ്പോള്‍ ശേഷിച്ച കഷണങ്ങള്‍ നിങ്ങള്‍ എത്ര കുട്ട നിറച്ചെടുത്തു? പന്ത്രണ്ട് എന്ന് അവര്‍ പറഞ്ഞു. ഏഴപ്പം നാലായിരം പേര്‍ക്കു വീതിച്ചപ്പോള്‍ മിച്ചം വന്ന കഷണങ്ങള്‍ നിങ്ങള്‍ എത്ര കുട്ട എടുത്തു? ഏഴ് എന്ന് അവര്‍ മറുപടി പറഞ്ഞു. അവന്‍ ചോദിച്ചു: എന്നിട്ടും നിങ്ങള്‍ ഗ്രഹിക്കുന്നില്ലേ?

കർത്താവിന്റെ സുവിശേഷം.

നൈവേദ്യപ്രാര്‍ത്ഥന

കര്‍ത്താവേ, ഈ അര്‍പ്പണം ഞങ്ങളെ ശുദ്ധീകരിക്കുകയും
നവീകരിക്കുകയും ചെയ്യണമെന്ന് ഞങ്ങള്‍ പ്രാര്‍ഥിക്കുന്നു.
അങ്ങേ തിരുമനസ്സ് നിറവേറ്റുന്നവര്‍ക്ക്
അത് നിത്യമായ പ്രതിഫലത്തിന് നിദാനമായി തീരുകയും ചെയ്യുമാറാകട്ടെ.
ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ.

ദിവ്യകാരുണ്യപ്രഭണിതം
cf. സങ്കീ 78:29-30

അവര്‍ ഭക്ഷിച്ചു തൃപ്തരായി,
അവര്‍ ആഗ്രഹിച്ചത് കര്‍ത്താവ് അവര്‍ക്കു നല്കി.
അവരുടെ ആഗ്രഹത്തില്‍ അവര്‍ നിരാശരായില്ല.

Or:
യോഹ 3:16

അവനില്‍ വിശ്വസിക്കുന്ന ആരും നശിച്ചുപോകാതെ
നിത്യജീവന്‍ പ്രാപിക്കുന്നതിനുവേണ്ടി,
തന്റെ ഏകജാതനെ നല്കാന്‍ തക്കവിധം
ദൈവം ലോകത്തെ അത്രമാത്രം സ്‌നേഹിച്ചു.

ദിവ്യഭോജനപ്രാര്‍ത്ഥന

കര്‍ത്താവേ, സ്വര്‍ഗീയഭോജനത്താല്‍ പരിപോഷിതരായി
ഞങ്ങള്‍ പ്രാര്‍ഥിക്കുന്നു.
അങ്ങനെ, ഞങ്ങള്‍ യഥാര്‍ഥത്തില്‍ ജീവിക്കുന്ന അതേ ഭോജനം
എന്നും തേടുമാറാകട്ടെ.
ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ.

🔵

Leave a comment