മൺമറഞ്ഞ മഹാരഥൻമാർ

അതുല്യപ്രതിഭയായ ചേടിയത്ത് മൽപാനച്ചൻ

അതുല്യപ്രതിഭയായ ചേടിയത്ത് മൽപാനച്ചൻ

നിങ്ങൾ സഭാ ചരിത്രത്തിൽ താൽപര്യമുള്ള ഒരാളാണെങ്കിൽ, സുറിയാനി ഭാഷയെ സ്നേഹിക്കുന്നെങ്കിൽ, ഒരു സെമിനാരി വിദ്യാർത്ഥിയാണെങ്കിൽ, ജി.ചേടിയത്ത് എന്ന പേരിലുള്ള എഴുത്തുകാരന്റെ പുസ്തകങ്ങൾ ഒരിക്കലെങ്കിലും വായിച്ചിട്ടുണ്ടാകും. വായിച്ചിട്ടുണ്ടാകും എന്നല്ല ചേടിയത്തച്ചന്റെ പുസ്തകങ്ങളൊ ലേഖനങ്ങളൊ വായിക്കാതെ നിങ്ങളുടെ പഠനം പൂർണ്ണമാക്കാനാകില്ല എന്നതാണ് വാസ്തവം. 1973ൽ ‘പൈതൃക പ്രബോധനം’ എന്ന ആദ്യ പുസ്തകത്തിലൂടെ തന്റെ വിജ്ഞാന സപര്യയുടെ പങ്കുവെക്കൽ ആരംഭിച്ച അച്ചന്റെ നൂറ്റിപതിനെട്ടാമത് ഗ്രന്ഥമാണ് ‘കേരളത്തിലെ ക്രൈസ്തവ സഭകൾ’. 1970ൽ ‘മലങ്കര സഭയുടെ പ്രാർത്ഥനക്രമം’ എന്ന പേരിൽ ക്രൈസ്തവ കാഹളം മാസികയിൽ തൻ്റെ ആദ്യ ലേഖനമെഴുതിയ അച്ചൻ മലയാളത്തിലും ഇംഗ്ളീഷിലുമായി വിവിധ മാസികകളിലായി ഇരുനൂറിനടുത്ത് ലേഖനങ്ങൾ എഴുതിയിട്ടുണ്ട്. ബഹുഭാഷാപണ്ഡിതനായിരുന്ന അച്ചൻ്റെ വിവിധ ഗ്രന്ഥങ്ങൾ ഇംഗ്ളീഷ്, ജർമ്മൻ, ഇറ്റാലിയൻ, ഫ്രഞ്ച് തുടങ്ങിയ ഭാഷകളിലേക്ക് പരിഭാഷപ്പെടുത്തിയിട്ടുണ്ട്.

കേരളത്തിലെ നൂറുകണക്കിന് വൈദികരുടെയും പതിനഞ്ചിലധികം പിതാക്കൻമാരുടെയും പ്രിയങ്കരനായിരുന്ന സെമിനാരി അധ്യാപകനായിരുന്ന അച്ചൻ്റെ പൗരോഹിത്യ ജീവിതത്തിലേറിയ പങ്കും സെമിനാരി പരിശീലനവുമായി ബന്ധപ്പെട്ടായിരുന്നു. 1970ൽ തിരുവനന്തപുരം പട്ടം സെൻ്റ് അലോഷ്യസ് മൈനർ സെമിനാരി വൈസ്റെക്ടറായി ആരംഭിച്ച ഈ പൗരോഹിത്യ പരിശീലനത്തിലെ സജീവ പങ്കാളിത്തം ജീവിതത്തിൽ ധാരമുറിയാതെ തുടർന്നു. പത്തനംതിട്ട മൈനർ സെമിനാരിയിൽ അധ്യാപകനായി ശുശ്രൂഷ ചെയ്യുന്ന വേളയിലാണ് അച്ചൻ രോഗബാധിതനാകുന്നത്. 1970- 73 കാലഘട്ടത്തിൽ തിരുവനന്തപുരം പട്ടം സെന്റ് അലോഷ്യസ് മൈനർ സെമിനാരി വൈസ്റെക്ടറായ അച്ചൻ പിന്നീട് (1993-1996) സെമിനാരി റെക്ടറുമായി സേവനം അനുഷ്ഠിച്ചു. 1979 മുതൽ 1993 വരെ കോട്ടയം വടവാതൂർ സെമിനാരിയിൽ അധ്യാപകനായും 1996-2009 ൽ മലങ്കര മേജർ സെമിനാരി അധ്യാപകനായും ശുശ്രൂഷ ചെയ്തു. കോട്ടയം സെൻ്റ് എഫ്രേം റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിലും (സീരി), കോട്ടയം മിഷണറി ഓറിയൻ്റേഷൻ സെൻ്ററിലും പ്രൊഫസറായി സേവനമനുഷ്ഠിച്ചു. പത്തനംതിട്ട രൂപത നിലവിൽ വന്ന നാൾ മുതൽ രൂപതാ മൈനർ സെമിനാരിയിൽ അധ്യാപകനായിരുന്നു.

പത്തനംതിട്ട ജില്ലയിലെ മലയോര പ്രദേശമായ കോന്നിക്കടുത്ത് അതിരുങ്കലിലെ വളരെ സാധാരണമായ ഒരു കർഷക കുടുംബത്തിൽ സി.ജി ദാനിയേലിൻ്റെയും സാറാമ്മയുടെയും പത്തു മക്കളിൽ കടിഞ്ഞൂൽ പുത്രനായി 1945 മെയ് 29ന് ജനിച്ചു. അതിരുങ്കൽ LP സ്കൂളിലും CMS യുപി സ്കൂളിലും കലഞ്ഞൂർ ഗവൺമെൻ്റ് ഹൈസ്കൂളിലുമായി പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കി. എസ് .എസ്. എൽ. സി വളരെ ഉയർന്ന മാർക്കോടെ പാസ്സായി 1961 ജൂണിൽ വൈദികനാകണമെന്ന ഉറച്ച ബോധ്യത്തോടെ പട്ടം സെൻ്റ് അലോഷ്യസ് മൈനർ സെമിനാരിയിൽ ചേർന്നു. മാർ ഈവാനിയോസ് കോളേജിൽ നിന്ന് പ്രീ യൂണിവേഴ്സിറ്റി കോഴ്സ് പാസായി തുടർന്ന് ഫിലോസഫി, തിയോളജി പഠനങ്ങൾ വടവാതൂർ സെമിനാരിയിൽ പ്രശംസനീയമാം വിധം പൂർത്തിയാക്കി. പഠനത്തിലെ മികവിനാലും സ്ത്യുത്യർഹമായ സ്വഭാവസവിശേഷതയാലും പ്രായോഗിക പരിശീലനത്തിൻ്റെ വർഷം (റീജൻസി കാലം) അധികാരികൾ ഇളവ് ചെയ്ത് നൽകിയിരുന്നതിനാൽ സഹപാഠികളെക്കാൾ മുമ്പിൽ 1969 ഡിസംബർ 20ന് ഭാഗ്യസ്മരണാർഹനായ ബനഡിക്ട് മാർ ഗ്രിഗോറിയോസ് പിതാവിൽ നിന്ന് പട്ടം കത്തീഡ്രൽ ദേവാലയത്തിൽ വെച്ച് വൈദിക പട്ടം സ്വീകരിച്ചു. തൊട്ടടുത്ത ദിവസം കത്തീഡ്രലിൽ തന്നെ പ്രഥമ ദിവ്യബലിയർപ്പിച്ചു.

1973-78ൽ റോമിലെ അഗസ്റ്റീനിയൻ പട്രിസ്റ്റിക് ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് ഡോക്ടറേറ്റ് കരസ്ഥമാക്കി. മാർ ബാബായിയുടെ ക്രിസ്തു ശാസ്ത്ര ദർശനത്തെ (Chrisotoloy of Mar Babai the Great) അധികരിച്ചായിരുന്നു പഠനം. സഭ തള്ളിക്കളഞ്ഞ നെസ്തോറിയൻ പാഷണ്ഡത ഇന്നത്തെ അസ്സീറിയൻ സഭ പിന്തുടരുന്നില്ല എന്ന കണ്ടെത്തലിന് ബാബായിയുടെ പഠനം സഹായിച്ചു. നെസ്തോറിയൻ പാഷണ്ഡത പിന്തുടരുന്നവർ എന്ന ചിന്തയാൽ സഭൈക്യചർച്ചകളിൽ നിന്ന് അകറ്റി നിർത്തിയിരുന്ന അസ്സീറിയൻ സഭക്കാരെ എക്യുമെനിക്കൽ കൂട്ടായ്മകളിൽ പങ്കെടുപ്പിക്കാൻ കാരണമായത് അച്ചൻ്റെ ഗവേഷണ പരിശ്രമഫലമായിട്ടാണ്.

പോൾ ആറാമൻ പാപ്പ മുതൽ കത്തോലിക്കാ സഭയെ നയിച്ച എല്ലാ മാർപാപ്പമാരെയും സന്ദർശിക്കുവാനും തൻ്റെ പുസ്തകങ്ങൾ അവർക്ക് സമ്മാനിക്കാനും അച്ചന് ഭാഗ്യം ലഭിച്ചിട്ടുണ്ട്. കത്തോലിക്ക, ഓർത്തഡോക്സ്, യാക്കോബായ സഭകൾ തമ്മിലുള്ള ചർച്ചകളിൽ രണ്ട് പതിറ്റാണ്ടോളം സഭയുടെ പ്രതിനിധിയായി പങ്കെടുത്തിട്ടുണ്ട്. ഓക്സ്ഫോഡ്, ലുവെയ്ൻ എന്നിവിടങ്ങളിൽ നടന്ന അന്തർദേശീയ സിംപോസിയങ്ങളിൽ പ്രബന്ധങ്ങൾ സമർപ്പിച്ചിട്ടുണ്ട്. വിയന്നാ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന പ്രോ ഓറിയെന്തേ സിറിയക് കമ്മീഷനിൽ 1994 മുതൽ മലങ്കര കത്തോലിക്കാ സഭയെ പ്രതിനിധീകരിക്കുന്നു. ജർമ്മനിയിലെ കമ്യൂണിയോ ഇൻ ക്രിസ്തോ (communio in christo) എന്ന സെക്കുലർ ഇൻസ്റ്റിറ്റ്യൂട്ടുമായി അടുത്ത ബന്ധവും അച്ചൻ പുലർത്തിയിരുന്നു.

സുറിയാനി സഭാപിതാക്കൻമാരിൽ അഗ്രഗണ്യനായി വിശേഷിപ്പിക്കപ്പെടുന്ന മാർ അപ്രേമിൻ്റെ കൃതികൾ മുഴുവനും മലയാളത്തിൽ ലഭിക്കുവാൻ കാരണമായത് ചേടിയത്ത് അച്ചനെന്ന വിജ്ഞാന കുതുകിയുടെ അക്ഷീണ പരിശ്രമമൊന്നു കൊണ്ട് മാത്രമാണ്. വിശുദ്ധ ഗ്രിഗ്രറി നീസ, വിശുദ്ധ ജോൺ ക്രിസോസ്തോം, തിയഡോർ, ഒരിജൻ എന്നിവരുടെ കൃതികളും ഭാഷാന്തരം ചെയ്തതും മറ്റാരുമല്ല.
നിരവധിയായ സഭാ ചരിത്ര പുസ്തകങ്ങൾ തന്റെ തൂലികയിലൂടെ പഠിതാക്കൾക്ക് സമ്മാനിച്ച അച്ചൻ പൗരസ്ത്യ കാതോലിക്കേറ്റിൻ്റെ സ്ഥാപന ചരിത്രം വിശദമാക്കിയും ഗ്രന്ഥങ്ങൾ എഴുതിയിട്ടുണ്ട്. സഭയെ ആക്രമിക്കുന്ന പെന്തക്കൊസ്ത് നിലപാടുകൾക്ക് എതിരായും പുസ്തകങ്ങൾ എഴുതി കത്തോലിക്കാ സഭയുടെ വിശ്വാസ സത്യങ്ങൾ വളരെ ലളിതമായ ഭാഷയിൽ അച്ചൻ അവതരിപ്പിച്ചിട്ടുണ്ട്.

സ്ഥാനമാനങ്ങളുടെയും ബഹുമതികളുടെയും വർണ്ണ പ്രഭയിൽ അശേഷം താൽപര്യമില്ലാതിരുന്നിട്ടും കേരള മെത്രാൻ സമിതിയുടെ (കെ.സി.ബി.സി)ഗുരുപൂജാപുരസ്കാരവും മാർത്തോമാ പുരസ്കാരവും മാർ ജോസഫ് കുണ്ടുകുളം അവാർഡും അച്ചനെ തേടിയെത്തി. അംഗീകാരങ്ങൾക്കും പുരസ്കാരങ്ങൾക്കും തിലകക്കുറിയെന്നോണം മലങ്കര സുറിയാനി കത്തോലിക്കാ സഭ 2014ൽ ബത്തേരിയിൽ നടന്ന പുനരൈക്യ സംഗമത്തിൽ ‘മല്പാൻ’ സ്ഥാനം നൽകി ബഹുമാനിച്ചു. പത്തനംതിട്ട രൂപത നിലവിൽ വന്ന കാലം മുതൽ രൂപതാ ചാൻസലറായി ക്രിസോസ്റ്റം പിതാവിനെയും, ഐറേനിയോസ് പിതാവിനെയും സഭാശുശ്രൂഷകളിൽ സഹായിച്ചിരുന്നത് ചേടിയത്ത് അച്ചനായിരുന്നു.

ഉന്നതമായ ചിന്തയും ഗഹനമായ കൃതികളും പണ്ഡിതോചിതമായ അധ്യാപനവും അച്ചൻ്റെ പ്രത്യേകതയായിരുന്നെങ്കിൽ ഒരു പുഞ്ചിരിയോടെ തന്നെ സമീപിക്കുന്നവർക്കെല്ലാം സംലഭ്യനായിരുന്നു എന്നതാണ് അച്ചൻ്റെ ഏറ്റവും വലിയ പ്രത്യേകത. പൗരോഹിത്യ ജീവിതത്തിൻ്റെ തനിമയിലും നിഷ്ഠയിലും ജീവിതത്തെ സമർപ്പിച്ച അച്ചൻ്റെ പാത പിന്തുടർന്ന് സ്വസഹോദരൻ ഫാ തോമസ് ചേടിയത്തും സഹോദരീ പുത്രൻ ഫാ. ദാനിയേൽ മണ്ണിലും ബഥനി ആശ്രമാംഗങ്ങളായി ശുശ്രൂഷ ചെയ്യുന്നു.

അതുല്യ സിദ്ധിവൈഭവത്തിന് ഉടമയായിരുന്നെങ്കിലും ജീവിതത്തിൽ പ്രകടമായ ലാളിത്യവും നിർമമത്വവും കാത്തു സൂക്ഷിച്ചിരുന്നു എന്നതാണ് അച്ചൻ്റെ പ്രത്യേകത. വലുപ്പചെറുപ്പ ഭേദമില്ലാതെ എല്ലാവരെയും ഒന്നു പോലെ കരുതിയ അച്ചൻ കുഞ്ഞുങ്ങളെ ഒത്തിരി സ്നേഹിച്ചിരുന്നു. ചീക്കനാൽ ആശ്വാസ ഭവൻ്റെ ഡയറക്ടറായി സേവനം ചെയ്ത അച്ചൻ അവിടത്തെ അന്തേവാസികളായ കുഞ്ഞുങ്ങളുടെ കാര്യത്തിൽ സവിശേഷ ശ്രദ്ധ പതിപ്പിച്ചിരുന്നു. നിഷ്ഠയുള്ള ജീവിതം നയിക്കുന്നതിൽ ശ്രദ്ധിച്ചിരുന്ന അച്ചൻ ഒന്നിനോടും പ്രത്യേക പ്രതിപത്തിയില്ലാത്ത വ്യക്തിത്വത്തിനുടമയായിരുന്നു. തന്നെ സമീപിക്കുന്നവരെയെല്ലാം സന്തോഷത്തോടെ സ്വീകരിച്ചിരുന്ന അച്ചൻ സഹായമാവശ്യമുളളവരെ കരുതിയിരുന്നു. മിഷൻ പ്രദേശങ്ങളിൽ ശുശ്രൂഷ ചെയ്തിരുന്ന വൈദീകരുടെ ശുശ്രൂഷാവേദികളെ ബലപ്പെടുത്തിയിരുന്ന അച്ചൻ ആരുമറിയാതെ അനേകം പാവങ്ങളെ സഹായിച്ചിരുന്നു.

ജി.ചേടിയത്ത്

കർഷക കുടുംബത്തിൽ ജനിച്ച അച്ചൻ കൃഷിയെ എന്നും സ്നേഹിക്കുകയും കാർഷിക വിളകൾ നട്ടുപരിപാലിക്കുന്നതിൽ ശ്രദ്ധിക്കുകയും ചെയ്തിരുന്നു.

അച്ചനെന്നും ഒരു പഠിതാവായിരുന്നു എന്നതാണ് സത്യം. സഭാസംബന്ധമായ വിഷയങ്ങളിൽ തനിക്ക് അറിവില്ലാത്ത കാര്യങ്ങൾ എളിമയോടെ സമ്മതിക്കാനും ആ വിഷയങ്ങളിൽ പാണ്ഡിതുമുള്ളവരുടെ അടുക്കലേക്ക് ആളുകളെ നയിക്കാനും ശ്രദ്ധിച്ചിരുന്നു. പുതിയ ആശയങ്ങളെയും അറിവുകളെയും സന്തോഷത്തോടെ നോക്കി കാണുന്ന അച്ചൻ കമ്പ്യൂട്ടർ വന്നപ്പോൾ അത് വാങ്ങി പഠിക്കാനും 70 വയസ്സിനോട് അടുത്ത പ്രായത്തിൽ മലയാളം ടൈപ്പിംഗ് പഠിക്കാനും തുടർന്ന് തൻ്റെ പുസ്തകങ്ങളെല്ലാം സ്വയമായി ടൈപ്പ് ചെയ്യാനും തുടങ്ങി എന്നത് നമ്മെ അത്ഭുതപ്പെടുത്തും.

സെമിനാരി അധ്യാപനത്തിനിടയിൽ തിരുവനന്തപുരം അതിരൂപതയിലെ ഒട്ടനവധി ദേവാലയങ്ങളിലും വികാരിഅച്ചൻമാരെ സഹായിക്കുന്നതിനായി ഞായറാഴ്ച്ചകളിൽ കടന്നു ചെന്നിരുന്നു. 2009 -2010ൽ കാട്ടാക്കടക്കടുത്ത് തൊഴുക്കൽകോണം മിഷൻ ദേവാലയ വികാരി ആയിരുന്ന അച്ചൻ 2010 -2015ൽ ഓമല്ലൂർ പള്ളിയിലും 2015-2019ൽ ചീക്കനാൽ പള്ളിയിലും വികാരിയായിരുന്നു. 2019 ജൂലൈ മുതൽ പത്തനംതിട്ട രൂപത മൈനർ സെമിനാരിയിൽ താമസിച്ച് ആറ്റരികം ദേവാലയത്തിൽ ശുശ്രൂഷ ചെയ്തു പോരുന്നു.

ശ്വാസകോശത്തിൽ ന്യുമോണിയ ബാധിച്ചതിനാൽ ഏതാനം ദിവസങ്ങൾ ആശുപത്രിയിലായിരുന്ന അച്ചൻ 2021 ഫെബ്രുവരി 21ന് സ്വർഗ്ഗീയ സമ്മാനത്തിനായി യാത്രയായി. ഫെബ്രുവരി 25ന് അതിരുങ്കൽ പളളിയിൽ മലങ്കര സുറിയാനി കത്തോലിക്കാസഭയുടെ തലവനും പിതാവുമായ മോറാൻ മോർ ബസേലിയോസ് കർദ്ദിനാൾ ക്ളീമീസ് ബാവാതിരുമേനിയുടെയും സഭയിലെ പിതാക്കൻമാരുടെയും കാർമ്മികത്വത്തിൽ സംസ്കാര ശുശ്രൂഷകൾ ക്രമീകരിച്ചിരിക്കുന്നു.

ചേടിയത്ത് മൽപാനച്ചൻ്റെ ഭൗതീക ശരീരം മാത്രമാണ് നമ്മെ വിട്ടുപിരിയുന്നത്. അച്ചൻ പഠിപ്പിച്ച അസംഖ്യം ശിഷ്യരിലൂടെ, അച്ചൻ്റെ പുസ്തകം വായിക്കുന്ന അനേകരിലൂടെ അച്ചൻ എന്നും ജീവിക്കും.

✍️ഏവർക്കും നന്മ
സ്നേഹത്തോടെ
ഫാ. സെബാസ്‌റ്റ്യൻ ജോൺ കിഴക്കേതിൽ (സിബി അച്ചൻ)

Fr Sebastian John Kizhakkethil

Email: fr.sebastiankizhakkethil@gmail.com

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s