ദിവ്യബലി വായനകൾ Thursday of the 2nd week of Lent 

🔵🔵🔵🔵🔵🔵🔵🔵🔵🔵🔵_____________
🌺🕯🕯 ….✝🍛🍸🙏🏼….🕯🕯🌺
ദിവ്യബലി വായനകൾ – ലത്തീൻക്രമം
_____________

🔵 വ്യാഴം, 4/3/2021

Thursday of the 2nd week of Lent 
with a commemoration of Saint Casimir

Liturgical Colour: Violet.

പ്രവേശകപ്രഭണിതം

cf. സങ്കീ 139:23-24

ദൈവമേ, എന്നെ പരിശോധിക്കുകയും എന്റെ പാതകള്‍ അറിയുകയും ചെയ്യണമേ;
വിനാശത്തിന്റെ മാര്‍ഗം എന്നിലുണ്ടോ എന്നു നോക്കുകയും
നിത്യമാര്‍ഗത്തിലേക്ക് എന്നെ നയിക്കുകയും ചെയ്യണമേ.

സമിതിപ്രാര്‍ത്ഥന

സര്‍വശക്തനായ ദൈവമേ,
ഭരിക്കുക എന്നാല്‍, അങ്ങേക്ക് ശുശ്രൂഷ ചെയ്യുക എന്നതാണല്ലോ.
വിശുദ്ധ കസിമീറിന്റെ മധ്യസ്ഥ സഹായത്താല്‍,
വിശുദ്ധിയിലും നീതിയിലും അങ്ങേക്ക്
നിരന്തരം ശുശ്രൂഷചെയ്യാനുള്ള അനുഗ്രഹം
ഞങ്ങള്‍ക്കു തരണമേ.
അങ്ങയോടുകൂടെ പരിശുദ്ധാത്മാവുമായുള്ള ഐക്യത്തില്‍
എന്നെന്നും ദൈവമായി ജീവിക്കുകയും വാഴുകയും ചെയ്യുന്ന
അങ്ങേ പുത്രനും ഞങ്ങളുടെ കര്‍ത്താവുമായ യേശുക്രിസ്തുവഴി
ഈ പ്രാര്‍ഥന കേട്ടരുളണമേ.

ഒന്നാം വായന

ജെറ 17:5-10
മനുഷ്യനെ ആശ്രയിക്കുന്നവന്‍ ശപ്തന്‍; കര്‍ത്താവില്‍ ആശ്രയിക്കുന്നവന്‍ അനുഗൃഹീതന്‍.

കര്‍ത്താവ് അരുളിച്ചെയ്യുന്നു:

മനുഷ്യനെ ആശ്രയിക്കുകയും
ശരീരശക്തിയെ അവലംബമാക്കുകയും ചെയ്ത്
കര്‍ത്താവില്‍ നിന്നു ഹൃദയം തിരിക്കുന്നവന്‍ ശപ്തന്‍.
അവന്‍ മരുഭൂമിയിലെ കുറ്റിച്ചെടിപോലെയാണ്.
അവനു ഋതുഭേദം ഉണ്ടാവുകയില്ല.
മരുഭൂമിയിലെ വരണ്ട, നിര്‍ജനമായ ഓരുനിലത്ത്
അവന്‍ വസിക്കും.

കര്‍ത്താവില്‍ ആശ്രയിക്കുന്നവന്‍ അനുഗൃഹീതന്‍;
അവന്റെ പ്രത്യാശ അവിടുന്നുതന്നെ.
അവന്‍ ആറ്റുതീരത്തു നട്ട മരംപോലെയാണ്.
അതു വെള്ളത്തിലേക്കു വേരൂന്നിയിരിക്കുന്നു.
അതുവേനല്‍ക്കാലത്തെ ഭയപ്പെടുന്നില്ല.
അതിന്റെ ഇലകള്‍ എന്നും പച്ചയാണ്;
വരള്‍ച്ചയുടെ കാലത്തും അതിന് ഉത്കണ്ഠയില്ല;
അതു ഫലം നല്‍കിക്കൊണ്ടേയിരിക്കും.

ഹൃദയം മറ്റെന്തിനെക്കാളും കാപട്യമുള്ളതാണ്;
ശോചനീയമാംവിധം ദുഷിച്ചതുമാണ്.
അതിനെ ആര്‍ക്കാണു മനസ്സിലാക്കാന്‍ കഴിയുക?
കര്‍ത്താവായ ഞാന്‍ മനസ്സിനെ പരിശോധിക്കുകയും
ഹൃദയത്തെ പരീക്ഷിക്കുകയും ചെയ്യുന്നു.
ഓരോ മനുഷ്യനും അവന്റെ ജീവിതരീതിക്കും
പ്രവൃത്തിക്കും അനുസരിച്ച് ഞാന്‍ പ്രതിഫലം നല്‍കും.

കർത്താവിന്റെ വചനം.

പ്രതിവചനസങ്കീർത്തനം

സങ്കീ 1:1-2,3,4,6

കര്‍ത്താവിനെ ആശ്രയിക്കുന്നവന്‍ ഭാഗ്യവാന്‍.

ദുഷ്ടരുടെ ഉപദേശം സ്വീകരിക്കുകയോ
പാപികളുടെ വഴിയില്‍ വ്യാപരിക്കുകയോ
പരിഹാസകരുടെ പീഠങ്ങളിലിരിക്കുകയോ
ചെയ്യാത്തവന്‍ ഭാഗ്യവാന്‍.
അവന്റെ ആനന്ദം കര്‍ത്താവിന്റെ നിയമത്തിലാണ്;
രാവും പകലും അവന്‍ അതിനെക്കുറിച്ചു ധ്യാനിക്കുന്നു.

കര്‍ത്താവിനെ ആശ്രയിക്കുന്നവന്‍ ഭാഗ്യവാന്‍.

നീര്‍ച്ചാലിനരികേ നട്ടതും യഥാകാലം ഫലം തരുന്നതും
ഇലകൊഴിയാത്തതുമായ വൃക്ഷം പോലെയാണ് അവന്‍;
അവന്റെ പ്രവൃത്തികള്‍ സഫലമാകുന്നു.

കര്‍ത്താവിനെ ആശ്രയിക്കുന്നവന്‍ ഭാഗ്യവാന്‍.

ദുഷ്ടര്‍ ഇങ്ങനെയല്ല,
കാറ്റു പറത്തുന്ന പതിരുപോലെയാണ് അവര്‍.
കര്‍ത്താവു നീതിമാന്മാരുടെ മാര്‍ഗം അറിയുന്നു;
ദുഷ്ടരുടെ മാര്‍ഗം നാശത്തില്‍ അവസാനിക്കും.

കര്‍ത്താവിനെ ആശ്രയിക്കുന്നവന്‍ ഭാഗ്യവാന്‍.

സുവിശേഷ പ്രഘോഷണവാക്യം
……….
……….
……….

സുവിശേഷം

ലൂക്കാ 16:19-31
നിനക്കു ജീവിതകാലത്ത് എല്ലാ സുഖസൗകര്യങ്ങളും ലഭിച്ചിരുന്നു; ലാസറിനോ കഷ്ടതകളും. ഇപ്പോള്‍ അവന്‍ ഇവിടെ ആനന്ദിക്കുകയും നീ വേദന അനുഭവിക്കുകയും ചെയ്യുന്നു.

അക്കാലത്ത്, യേശു ഫരിസേയരോട് പറഞ്ഞു: ഒരു ധനവാന്‍ ഉണ്ടായിരുന്നു. അവന്‍ ചെമന്ന പട്ടും മൃദുലവസ്ത്രങ്ങളും ധരിക്കുകയും എന്നും സുഭിക്ഷമായി ഭക്ഷിച്ച് ആനന്ദിക്കുകയും ചെയ്തിരുന്നു. അവന്റെ പടിവാതില്‍ക്കല്‍ ലാസര്‍ എന്നൊരു ദരിദ്രന്‍ കിടന്നിരുന്നു. അവന്റെ ശരീരം വ്രണങ്ങള്‍കൊണ്ടു നിറഞ്ഞിരുന്നു. ധനവാന്റെ മേശയില്‍ നിന്നു വീണിരുന്നവ കൊണ്ടു വിശപ്പടക്കാന്‍ അവന്‍ ആഗ്രഹിച്ചു. നായ്ക്കള്‍ വന്ന് അവന്റെ വ്രണങ്ങള്‍ നക്കിയിരുന്നു. ആ ദരിദ്രന്‍ മരിച്ചു. ദൈവദൂതന്മാര്‍ അവനെ അബ്രാഹത്തിന്റെ മടിയിലേക്കു സംവഹിച്ചു. ആ ധനികനും മരിച്ച് അടക്കപ്പെട്ടു. അവന്‍ നരകത്തില്‍ പീഡിപ്പിക്കപ്പെടുമ്പോള്‍ കണ്ണുകള്‍ ഉയര്‍ത്തി നോക്കി; ദൂരെ അബ്രാഹത്തെയും അവന്റെ മടിയില്‍ ലാസറിനെയും കണ്ടു. അവന്‍ വിളിച്ചു പറഞ്ഞു: പിതാവായ അബ്രാഹമേ, എന്നില്‍ കനിയേണമേ! തന്റെ വിരല്‍ത്തുമ്പു വെള്ളത്തില്‍ മുക്കി എന്റെ നാവു തണുപ്പിക്കാനായി ലാസറിനെ അയയ്ക്കണമേ! ഞാന്‍ ഈ അഗ്നിജ്വാലയില്‍ കിടന്ന്‌ യാതനയനുഭവിക്കുന്നു. അബ്രാഹം പറഞ്ഞു: മകനേ, നീ ഓര്‍മിക്കുക: നിനക്കു ജീവിതകാലത്ത് എല്ലാ സുഖസൗകര്യങ്ങളും ലഭിച്ചിരുന്നു; ലാസറിനോ കഷ്ടതകളും. ഇപ്പോള്‍ അവന്‍ ഇവിടെ ആനന്ദിക്കുകയും നീ വേദന അനുഭവിക്കുകയും ചെയ്യുന്നു. കൂടാതെ, ഞങ്ങള്‍ക്കും നിങ്ങള്‍ക്കും മധ്യേ ഒരു വലിയ ഗര്‍ത്തവും സ്ഥാപിക്കപ്പെട്ടിരിക്കുന്നു. ഇവിടെ നിന്നു നിങ്ങളുടെ അടുത്തേക്കോ അവിടെ നിന്നു ഞങ്ങളുടെ അടുത്തേക്കോ വരാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അതു സാധിക്കുകയില്ല. അപ്പോള്‍ അവന്‍ പറഞ്ഞു: പിതാവേ, അങ്ങനെയെങ്കില്‍, ലാസറിനെ എന്റെ പിതൃഭവനത്തിലേക്ക് അയയ്ക്കണമേ എന്നു ഞാന്‍ അപേക്ഷിക്കുന്നു. എനിക്ക് അഞ്ചു സഹോദരന്മാരുണ്ട്. അവരും പീഡകളുടെ ഈ സ്ഥലത്തു വരാതിരിക്കേണ്ടതിന് അവന്‍ അവര്‍ക്കു സാക്ഷ്യം നല്‍കട്ടെ. അബ്രാഹം പറഞ്ഞു: അവര്‍ക്കു മോശയും പ്രവാചകന്മാരും ഉണ്ടല്ലോ. അവരുടെ വാക്കു കേള്‍ക്കട്ടെ. ധനവാന്‍ പറഞ്ഞു: പിതാവായ അബ്രാഹമേ, അങ്ങനെയല്ല, മരിച്ചവരില്‍ ഒരുവന്‍ ചെന്നു പറഞ്ഞാല്‍ അവര്‍ അനുതപിക്കും. അബ്രാഹം അവനോടു പറഞ്ഞു: മോശയും പ്രവാചകന്മാരും പറയുന്നത് അവര്‍ കേള്‍ക്കുന്നില്ലെങ്കില്‍ മരിച്ചവരില്‍ നിന്ന് ഒരുവന്‍ ഉയിര്‍ത്താലും അവര്‍ക്കു ബോധ്യമാവുകയില്ല.

കർത്താവിന്റെ സുവിശേഷം.

നൈവേദ്യപ്രാര്‍ത്ഥന

കര്‍ത്താവേ, ഈ ബലിവഴി
ഞങ്ങളുടെ അനുഷ്ഠാനം വിശുദ്ധീകരിക്കണമേ.
അങ്ങനെ, തപസ്സുകാലാനുഷ്ഠാനം ബാഹ്യമായി പ്രഖ്യാപിക്കുന്നത്
ആന്തരികമായി ഫലമുളവാക്കട്ടെ.
ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ.

ദിവ്യകാരുണ്യപ്രഭണിതം

സങ്കീ 119:1

കര്‍ത്താവിന്റെ നിയമത്തില്‍,
അപങ്കിലമായ മാര്‍ഗത്തില്‍ ചരിക്കുന്നവര്‍ ഭാഗ്യവാന്മാര്‍.

ദിവ്യഭോജനപ്രാര്‍ത്ഥന

ദൈവമേ, ഈ ബലികള്‍
ഞങ്ങളില്‍ സ്ഥിരതയോടെ ഫലദായകമായി നിലനില്ക്കുകയും
പ്രവര്‍ത്തനത്താല്‍ കൂടുതല്‍ ദൃഢമാകുകയും ചെയ്യുമാറാകട്ടെ.
ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ.

ജനങ്ങളുടെ മേലുള്ള പ്രാര്‍ത്ഥന

കര്‍ത്താവേ, അങ്ങേ കൃപയുടെ സഹായത്തിനായി
കേണപേക്ഷിക്കുന്ന അങ്ങേ ദാസരോടൊത്ത് വസിക്കണമേ.
അങ്ങനെ, അങ്ങേ സംരക്ഷണത്തിന്റെ
സഹായവും മാര്‍ഗനിര്‍ദേശവും ഇവര്‍ക്കു ലഭിക്കുമാറാകട്ടെ.
ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ.

ആമേന്‍.

ആമേൻ.

🔵

Advertisement

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s