അനുദിനവിശുദ്ധർ – മാർച്ച് 15

⚜️⚜️⚜️⚜️ March 15 ⚜️⚜️⚜️⚜️
വിശുദ്ധ ലൂയിസ് ഡീ മരിലാക്ക്
⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️

രാജധാനിയിലെ ഒരുന്നത ഉദ്യോഗസ്ഥനായിരുന്ന ആന്റണി ലെ ഗാര്‍സിനെയായിരുന്നു വിശുദ്ധ ലൂയിസ് ഡി മരില്ലാക്ക്, വിവാഹം ചെയ്തിരുന്നത്. 1625-ല്‍ അദ്ദേഹം മരണപ്പെട്ടതോടെ ലൂയിസ് ഡി മരില്ലാക്ക്, വിശുദ്ധ വിന്‍സെന്റ് ഡി പോളിന്റെ കാരുണ്യ പ്രവര്‍ത്തനങ്ങളുടെ സജീവ പ്രവര്‍ത്തകയായി തീര്‍ന്നു. വിശുദ്ധ വിന്‍സെന്റ് ഡി പോള്‍ ഇടക്കിടെ അവിടം സന്ദര്‍ശിക്കുകയും വിശുദ്ധയെ കൂടുതല്‍ ഉത്തരവാദിത്വങ്ങള്‍ ഏല്‍പ്പിക്കുകയും ചെയ്തു. ‘മാഡമോയിസെല്ലെ ലെ ഗാര്‍സ്’ എന്ന് പരക്കെ അറിയപ്പെട്ടിരുന്ന വിശുദ്ധ, വിശുദ്ധ വിന്‍സെന്റ് ഡി പോളിനൊപ്പം ‘ഡോട്ടേഴ്സ് ഓഫ് ചാരിറ്റി’ എന്ന സന്യാസിനീ സഭയുടെ സഹ-സ്ഥാപകയായി തീര്‍ന്നു. രോഗികളുടെ മുറികള്‍ അവരുടെ ആശ്രമങ്ങളും, ഇടവക ദേവാലയം അവരുടെ ചാപ്പലും, നഗരത്തിലെ തെരുവുകള്‍ അവരുടെ കന്യകാമഠങ്ങളുമായിതീര്‍ന്നു.

പ്രസ്തുത സഭയിലെ സന്യാസിനീ ജീവിതസമ്പ്രദായത്തിന്റെ പ്രാഥമിക നിയമാവലിയുടെ കരട് രൂപം തയ്യാറാക്കിയത്‌ ലൂയിസ് ഡി മരില്ലാക്കായിരിന്നു. അവളുടെ ബുദ്ധികൂര്‍മ്മതയും, സഹതാപവും ആ സന്യാസിനീ സഭയുടെ വളര്‍ച്ചയില്‍ മുഖ്യപങ്ക് വഹിച്ചിട്ടുണ്ട്. അവിടത്തെ സന്യാസാര്‍ത്ഥിനികളുടെ പരിശീലനത്തിന്റേയും, ആത്മീയ പോഷണത്തിന്റെയും ഉത്തരവാദിത്വത്തിന്റെ ഭൂരിഭാഗവും വിശുദ്ധയുടേ ചുമലിലായിരുന്നു. വിശുദ്ധ മരിക്കുന്ന സമയത്ത് നാല്‍പ്പതില്‍ കൂടുതല്‍ കന്യകാസ്ത്രീ മഠങ്ങള്‍ ഫ്രാന്‍സില്‍ ഉണ്ടായിരുന്നു.

കൂടാതെ പാരീസിലെ 26-ഓളം ഇടവകകളിലായി രോഗികളേയും, പാവപ്പെട്ടവരേയും ശുശ്രൂഷിക്കുകയും, നൂറുകണക്കിന് അഗതികളായ സ്ത്രീകള്‍ക്ക് അഭയം നല്‍കുകയും ചെയ്തു. ഇതിനു പുറമേ വേറെ നിരവധി സംരംഭങ്ങള്‍ ലൂയിസ് ഡി മരില്ലാക്കിന്‍റെ കീഴില്‍ ഉണ്ടായിരുന്നു. വിശുദ്ധ ലൂയിസ് ഡി മരില്ലാക്ക് ശാരീരികമായി ബലഹീനയായിരിന്നെങ്കിലും അവളുടെ അപാരമായ സഹനശക്തിയും, നിസ്വാര്‍ത്ഥമായ ദൈവഭക്തിയും, വിശുദ്ധ വിന്‍സെന്റ് ഡി പോളിനെ അദ്ദേഹത്തിന്റെ പ്രവര്‍ത്തങ്ങളില്‍ അളവില്ലാത്തവിധം സഹായിക്കുകയും, അദ്ദേഹത്തിനു ധൈര്യം പകരുകയും ചെയ്തിട്ടുണ്ട്.

ഇതര വിശുദ്ധര്‍
⚜️⚜️⚜️⚜️⚜️⚜️⚜️

1. ഈശോയുടെ 72 ശിഷ്യന്മാരിലൊരാളായ അരിസ്റ്റോബുളൂസ്‍

2. ഈശോയുടെ ഹൃദയം കുത്തിത്തുറന്ന പടയാളിയായ ലൊഞ്ചിനൂസ്

3. മൊറാവിയായിലെ ക്ലെമന്‍റ് മേരിഹോഫ് ബോവെയര്‍

4. ലെയോക്രീഷ്യ

5. റോമയിലെ മാഞ്ചിയൂസ്

6. തെസലോനിക്കായിലെ മട്രോണ
⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️

Advertisements

🔶🔶🔶🔶🔶🔶🔶🔶🔶🔶🔶🔶
വിശുദ്ധ യൗസേപ്പുപിതാവിന്‍റെ വണക്കമാസം:  പതിനഞ്ചാം തീയതി
🔶🔶🔶🔶🔶🔶🔶🔶🔶🔶🔶🔶


“എല്ലാവരും അവനെപ്പറ്റി പ്രശംസിച്ചു പറയുകയും അവന്റെ നാവില്‍നിന്നു പുറപ്പെട്ട കൃപാ വചസ്സു കേട്ട് അദ്ഭുതപ്പെടുകയും ചെയ്തു. ഇവന്‍ ജോസഫിന്റെ മകനല്ലേ എന്ന് അവര്‍ ചോദിച്ചു”
(ലൂക്കാ 4:22).

ദരിദ്രരുടെ മാതൃകയും സംരക്ഷകനുമായ വിശുദ്ധ യൗസേപ്പ്
🔶🔶🔶🔶🔶🔶🔶🔶🔶🔶🔶🔶

ആത്മനാ ദരിദ്രര്‍ ഭാഗ്യവാന്മാര്‍; എന്തെന്നാല്‍ സ്വര്‍ഗ്ഗരാജ്യം അവരുടേതാകുന്നു എന്ന്‍ ഗിരിപ്രഭാഷണത്തില്‍ ക്രിസ്തുനാഥന്‍ അരുളി ചെയ്യുകയുണ്ടായി. ‘ദരിദ്രര്‍ ഭാഗ്യവാന്മാര്‍’ എന്നല്ല ക്രിസ്തുനാഥന്‍ അരുളിച്ചെയ്തത്. എങ്കില്‍ ഇന്ന് ദാരിദ്ര്യം ലോകത്തിലെ ഏറ്റവും വലിയ പ്രശ്നമാവുകയില്ലായിരുന്നു. ഈശ്വരവിശ്വാസമില്ലാത്ത ഒരു തലമുറയ്ക്ക് ദാരിദ്ര്യം ഏറ്റവും വലിയ ശാപമാണ് എന്ന ജ്ഞാനം എന്ന വിശുദ്ധ ഗ്രന്ഥം നമ്മോടു പ്രസ്താവിക്കുന്നു. ദാരിദ്ര്യത്തിലും എപ്രകാരം സന്തുഷ്ടമായ ഒരു ജീവിതം നയിക്കണമെന്ന് വിശുദ്ധ യൗസേപ്പ് നമ്മെ പഠിപ്പിക്കുന്നു.

വിശുദ്ധ യൗസേപ്പ് ദാവീദ് രാജവംശജനായിരിന്നുവെങ്കിലും ദരിദ്രനായിരുന്നു. തൊഴില്‍ ചെയ്താണ് അദ്ദേഹം ജീവിച്ചത്. എന്നാല്‍ അദ്ദേഹം സമ്പത്തിനോട് ആഗ്രഹമില്ലാത്തവനായിരുന്നു. തൊഴിലിനു കൊടുക്കുന്ന കൂലി കൊണ്ട് അദ്ദേഹം തൃപ്തനായി. ദൈവത്തിലുള്ള അചഞ്ചലമായ പ്രത്യാശയാണ് വി. യൗസേപ്പിനെ നയിച്ചിരുന്നത്. ആകാശത്തിലെ പറവകളെ പോറ്റുകയും വയലിലെ ലില്ലികളെ അലങ്കരിക്കുകയും ചെയ്യുന്ന സ്വര്‍ഗ്ഗസ്ഥനായ ദൈവത്തിന്‍റെ പൈതൃക പരിലാളനയില്‍ പരിപൂര്‍ണ്ണ വിശ്വാസം അര്‍പ്പിച്ചുകൊണ്ട് അദ്ധ്വാനപൂര്‍ണ്ണവും ക്ലേശഭൂയിഷ്ഠവുമായ ജീവിതം അദ്ദേഹം നയിച്ചു. വിശുദ്ധ യൗസേപ്പ് ദരിദ്രനായി ജനിച്ചതുകൊണ്ടായിരിക്കണം അദ്ദേഹത്തിന് ദരിദ്രരോടു പിതൃതുല്യമായ സ്നേഹമാണുള്ളത്. വിശുദ്ധ യൌസേപ്പ് പിതാവില്‍ ആശ്രയിക്കുന്ന പക്ഷം നമ്മുടെ ദാരിദ്രാവസ്ഥകള്‍ക്ക് മാറ്റമുണ്ടാകും.

നാം ദരിദ്രരെ സഹായിക്കുന്നത് യൗസേപ്പിതാവിന് പ്രീതിജനകമാണ്. അനേകം അനുഗ്രഹങ്ങള്‍ വി. യൗസേപ്പ് അവര്‍ക്ക് നല്‍കും. കേരളത്തില്‍ ‘മുത്തിയൂട്ട്‌’ എന്നൊരു പൗരാണികമായ ആചാരം നിലനില്‍ക്കുന്നുണ്ട്. അപ്രകാരമുള്ള സല്‍കൃത്യങ്ങള്‍ അനുഷ്ഠിക്കുന്നവര്‍ക്ക് അനുഗ്രഹങ്ങള്‍ ലഭിക്കുന്നതു കൊണ്ടാണല്ലോ ഇന്നും ആ പാരമ്പര്യം നിലനില്‍ക്കുന്നത്. ദരിദ്രരിലും രോഗികളിലും ആതുരരിലും മിശിഹായെതന്നെ ദര്‍ശിച്ചു കൊണ്ട് അവരെ സ്നേഹിക്കുകയും സേവിക്കുകയും ചെയ്യുവാനാണ് മിശിഹാ നമുക്ക് നല്‍കിയിരിക്കുന്ന ആഹ്വാനം. അപ്രകാരം പ്രവര്‍ത്തിക്കുന്നവര്‍ക്ക് വി. യൗസേപ്പ് വാത്സല്യപൂര്‍വ്വം സഹായങ്ങള്‍ എത്തിച്ചു കൊടുത്തിട്ടുള്ള സംഭവങ്ങള്‍ നിരവധിയാണ്. ചില അവസരങ്ങളില്‍, പ്രച്ഛന്ന വേഷത്തില്‍ അദ്ദേഹം അനാഥ ശാലകളിലും സന്യാസ ഭവനങ്ങളിലും സഹായം എത്തിച്ചിട്ടുള്ളതായി പറയപ്പെടുന്നു.

സംഭവം
🔶🔶🔶🔶

കുറെ വര്‍ഷങ്ങള്‍ക്കു മുമ്പ് ഫ്രാന്‍സിലെ നോര്‍മണ്ടിയില്‍ മാരകമായ ഒരു സാംക്രമിക രോഗം പടര്‍ന്നുപിടിച്ചു. നിരവധി ആളുകള്‍ രോഗം നിമിത്തം മരണമടഞ്ഞു. ആശുപത്രികള്‍ രോഗികളെ ക്കൊണ്ട് നിറഞ്ഞു. ഓരോ ദിവസവും മരിക്കുന്ന ആളുകള്‍ക്കു കണക്കില്ല. ശ്മശാനങ്ങളില്‍ ശവശരീരം മറവു ചെയ്യാനുള്ള ഇടം പോലും ശേഷിച്ചില്ല. ഗവണ്മെന്‍റെ് തലത്തിലും നഗര സഭാ തലത്തിലും സാംക്രമിക രോഗം തടയാന്‍ നടത്തിയ ശ്രമങ്ങളെല്ലാം പരാജയപ്പെട്ടു. ഈ നിലയില്‍ മുന്നോട്ട് പോയാല്‍ നോര്‍മണ്ടി പ്രൊവിന്‍സില്‍ ഒരു മനുഷ്യജീവന്‍ പോലും അവശേഷിക്കുകയില്ല എന്നത് അധികാരികള്‍ക്ക് ബോധ്യമായി.

ഈ വിപത്സന്ധിയില്‍ ദൈവസമക്ഷം തങ്ങളെത്തന്നെ സമര്‍പ്പിച്ച് ഈ മാരകവിപത്തില്‍ നിന്നും രക്ഷ നേടുവാന്‍ എല്ലാവരും ആഗ്രഹിച്ചു. അവിടെയുള്ള വി. പത്രോസിന്‍റെ ദേവാലയത്തില്‍ മാര്‍ യൗസേപ്പിതാവിന്‍റെ ഉത്തമ ഭക്തനായ വൈദികന്‍, നോര്‍മണ്ടിയിലെ ജനങ്ങള്‍ക്കെല്ലാം സ്വീകാര്യനും പ്രിയങ്കരനുമായിരുന്നു. ഭക്തനും വിനീതനുമായ അദ്ദേഹത്തിന്‍റെ നേതൃത്വത്തില്‍ ജനങ്ങള്‍ ദേവാലയത്തില്‍ പ്രവേശിച്ചു. തങ്ങളെ വി. യൗസേപ്പിന് സമര്‍പ്പിച്ചു; നാട്ടില്‍ കൊടുങ്കാറ്റു പോലെ പടര്‍ന്നുപിടിച്ച മഹാരോഗത്തെ നിര്‍മാര്‍ജ്ജനം ചെയ്യണമെന്നു യൗസേപ്പിന്‍റെ മദ്ധ്യസ്ഥതയില്‍ കരഞ്ഞു പ്രാര്‍ത്ഥിച്ചു. അധികം വൈകാതെ തന്നെ സാംക്രമികരോഗങ്ങള്‍ നാട്ടില്‍ നിന്നും പാടേ മാറി. ഈ അത്ഭുതം ജനങ്ങള്‍ക്ക് വിശുദ്ധ യൗസേപ്പിലുള്ള ഭക്തിയും വിശ്വാസവും വര്‍ദ്ധിപ്പിക്കുവാന്‍ ഇടയാക്കി.

ദരിദ്രരുടെ മാതൃകയും സംരക്ഷകനുമായ വിശുദ്ധ യൗസേപ്പേ ദാരിദ്ര്യ ദുഃഖത്താല്‍ വേദനയനുഭവിക്കുന്ന ഞങ്ങളുടെ സഹോദരങ്ങളെ ആശ്വസിപ്പിക്കുകയും സഹായിക്കുകയും ചെയ്യണമേ. ദരിദ്രരിലും പരിത്യക്തരിലും രോഗികളിലും മിശിഹായെത്തന്നെ ദര്‍ശിക്കുവാനും അവരെ സഹായിക്കുവാനും വേണ്ടി സന്നദ്ധതയും ത്യാഗമനോഭാവവും ഞങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നതാണ്. അങ്ങേ മാതൃകയനുസരിച്ചു ഞങ്ങള്‍ ദാരിദ്ര്യ ക്ലേശങ്ങളെയും രോഗത്തേയും അതുപോലുള്ള ബുദ്ധിമുട്ടുകളേയും ദൈവതിരുമനസ്സിനു വിധേയമായി സമചിത്തതയോടെ അഭിമുഖീകരിക്കുവാനുള്ള ശക്തിയും ധൈര്യവും നല്‍കണമെ.

1 സ്വര്‍ഗ്ഗ. 1 നന്മ. 1 ത്രിത്വ.

ജപം
🔶🔶

ദാവീദു രാജവംശത്തില്‍ പിറന്ന വി. യൗസേപ്പേ, അങ്ങ് സകല മനുഷ്യ വ്യക്തികളിലും ഉന്നതമായ മഹത്വത്തിനും ബഹുമാനത്തിനും അര്‍ഹനായിത്തീര്‍ന്നല്ലോ. വന്ദ്യപിതാവേ, അങ്ങേ മക്കളായ ഞങ്ങള്‍, ഞങ്ങളുടെ കുടുംബങ്ങളുടെ അഭിമാനപാത്രവും സഭാമാതാവിന്‍റെ വിശിഷ്ട സന്താനങ്ങളുമായി തീരുവാനുള്ള അനുഗ്രഹം ഞങ്ങള്‍ക്ക് നല്‍കണമേ. ദൈവത്തിന്‍റെ സവിശേഷമായ സ്നേഹത്തിന് അങ്ങ് പാത്രമായതു പോലെ ഞങ്ങള്‍ ദൈവമക്കള്‍ എന്നുള്ള മഹനീയ പദവിക്കനുയോജ്യമായ ജീവിതം നയിക്കുവാന്‍ അങ്ങ് ഞങ്ങളെ പ്രാപ്തരാക്കേണമേ.

1 സ്വര്‍ഗ്ഗ. 1 നന്മ. 1. ത്രി.

വി. യൗസേപ്പുപിതാവിന്‍റെ ലുത്തിനിയ
🔶🔶🔶🔶🔶🔶🔶🔶🔶🔶🔶🔶

കര്‍ത്താവേ, അനുഗ്രഹിക്കണമേ

(കര്‍ത്താവേ…)

മിശിഹായെ, അനുഗ്രഹിക്കണമേ.

(മിശിഹായെ…)

കര്‍ത്താവേ, അനുഗ്രഹിക്കണമേ.

(കര്‍ത്താവേ…)

മിശിഹായെ, ഞങ്ങളുടെ പ്രാര്‍ത്ഥന കേള്‍ക്കണമേ,

(മിശിഹായെ…)

മിശിഹായെ, ഞങ്ങളുടെ പ്രാര്‍ത്ഥന കൈക്കൊള്ളണമേ.

(മിശിഹായെ…)

സ്വര്‍ഗ്ഗസ്ഥനായ പിതാവേ,

(ഞങ്ങളെ അനുഗ്രഹിക്കണമേ)

ലോകരക്ഷകനായ ക്രിസ്തുവേ,

പരിശുദ്ധാത്മാവായ ദൈവമേ,

ഏകദൈവമായിരിക്കുന്ന പ. ത്രിത്വമേ,

.

പരിശുദ്ധ മറിയമേ ,

(ഞങ്ങള്‍ക്കു വേണ്ടി അപേക്ഷിക്കണമേ)

വിശുദ്ധ യൗസേപ്പേ,

ദാവീദിന്‍റെ വിശിഷ്ട സന്താനമേ,

ഗോത്രപിതാക്കളുടെ പ്രകാശമേ,

ദൈവജനനിയുടെ ഭര്‍ത്താവേ,

പരിശുദ്ധ കന്യകയുടെ നിര്‍മ്മലനായ കാവല്‍ക്കാരാ,

ദൈവകുമാരന്‍റെ വളര്‍ത്തുപിതാവേ,

മിശിഹായുടെ ജാഗ്രതയുള്ള സംരക്ഷകാ ,

തിരുക്കുടുംബത്തിന്‍റെ നാഥനേ,

എത്രയും നീതിമാനായ വി. യൗസേപ്പേ,

മഹാ വിരക്തനായ വി.യൗസേപ്പേ,

മഹാ വിവേകിയായ വി. യൗസേപ്പേ,

മഹാ ധീരനായ വി. യൗസേപ്പേ,

അത്യന്തം അനുസരണയുള്ള വി. യൗസേപ്പേ,

മഹാ വിശ്വസ്തനായ വി. യൗസേപ്പേ,

ക്ഷമയുടെ ദര്‍പ്പണമേ,

ദാരിദ്ര്യത്തിന്‍റെ സ്നേഹിതാ,

തൊഴിലാളികളുടെ മാതൃകയേ,

കുടുംബജീവിതത്തിന്‍റെ അലങ്കാരമേ,

കന്യകകളുടെ സംരക്ഷകാ ,

കുടുംബങ്ങളുടെ ആധാരമേ,

നിര്‍ഭാഗ്യരുടെ ആശ്വാസമേ,

രോഗികളുടെ ആശ്രയമേ ,

മരണാവസ്ഥയില്‍ ഇരിക്കുന്നവരുടെ മദ്ധ്യസ്ഥാ,

പിശാചുക്കളുടെ പരിഭ്രമമേ,

തിരുസ്സഭയുടെ പാലകാ,

ഭൂലോകപാപ….(3)

(നായകൻ) ദൈവം അദ്ദേഹത്തെ തന്‍റെ ഭവനത്തിന്‍റെ അധികാരിയായി നിയമിച്ചു.

(സമൂഹം) തന്‍റെ സകല സമ്പത്തുകളുടെയും നായകനുമാക്കി.

പ്രാര്‍ത്ഥിക്കാം

അത്യന്തം നിര്‍മ്മലമായ പരിശുദ്ധ കന്യകയ്ക്കു ഭര്‍ത്താവായി നീതിമാനും വിവേകിയും വിശുദ്ധനുമായ യൗസേപ്പിനെ തെരഞ്ഞെടുത്ത ദൈവമേ, ജീവിതത്തിന്‍റെ പ്രയാസങ്ങളിലും വേദനകളിലും മുഴുകിയിരിക്കുന്ന ഞങ്ങള്‍ക്ക് ആശ്വാസവും ആശ്രയവും നല്‍കുന്ന പിതാവായി അദ്ദേഹത്തെ നിശ്ചയിച്ചതില്‍ ഞങ്ങള്‍ നന്ദി പറയുന്നു. ഈ പിതാവിന്‍റെ മാദ്ധ്യസ്ഥം വഴി എല്ലാ അനുഗ്രഹങ്ങളും ഞങ്ങള്‍ക്ക് നല്‍കണമെന്നപേക്ഷിക്കുന്നു. ആമ്മേന്‍.

സുകൃതജപം
🔶🔶🔶🔶🔶🔶

ദരിദ്രരുടെ ആശ്രയമായ മാര്‍ യൗസേപ്പേ ദരിദ്രരെ സഹായിക്കുവാന്‍ ഞങ്ങളെ പ്രാപ്തരാക്കേണമേ.
🔶🔶🔶🔶🔶🔶🔶🔶🔶🔶🔶🔶

Advertisements

കര്‍ത്താവേ, എന്‍െറ യാചന കേട്ട്‌എന്നോടു കരുണതോന്നണമേ! കര്‍ത്താവേ, അവിടുന്ന്‌ എന്നെസഹായിക്കണമേ!
സങ്കീര്‍ത്തനങ്ങള്‍ 30 : 1

Advertisements

🌻പ്രഭാത പ്രാർത്ഥന🌻


നിങ്ങളുടെ കോപം സൂര്യൻ അസ്തമിക്കുന്നതു വരെ നീണ്ടുപോകാതിരിക്കട്ടെ.. (എഫേസോസ് : 4/26)
സർവ്വശക്തനായ ദൈവമേ..

പരിശുദ്ധി നഷ്ടപ്പെടുത്തുന്ന ഒന്നിനും ഞങ്ങളുടെ ജീവിതത്തിൽ സ്ഥാനമുണ്ടാവാതിരിക്കാനും.. വിശുദ്ധിയെന്ന പുണ്യത്തെ തീവ്രമായി അഭിലഷിക്കാനുമുള്ള അനുഗ്രഹം യാചിച്ചു കൊണ്ട് ഈ പ്രഭാതത്തിലും ഞങ്ങൾ അങ്ങയുടെ സന്നിധിയിൽ അണയുന്നു. പലപ്പോഴും നിസാരമായ കാര്യങ്ങളിൽ തുടങ്ങുന്ന പിണക്കങ്ങളാവും ഒന്നു തോറ്റുകൊടുക്കാനോ.. തുറന്നു സംസാരിക്കാനോ തയ്യാറാവാത്തതു മൂലം വലിയ വഴക്കുകളിലേക്കും അനിഷ്ട സംഭവങ്ങളിലേക്കും വഴിമാറി പോകുന്നത്. അത്രമേലാഴത്തിൽ സ്നേഹിക്കുകയും വിശ്വസിക്കുകയും ചെയ്തവരിൽ നിന്നുണ്ടാകുന്ന ഒരു ചെറിയ തെറ്റു പോലും പൊറുക്കാൻ കഴിയാത്ത വിധം ഞങ്ങളുടെ മനസ്സിനെ വ്രണപ്പെടുത്തുന്നത് പലപ്പോഴും ഞങ്ങളിലെ അനിയന്ത്രിതമായ കോപവും അനാവശ്യമായ മുൻവിധികളുമായിരിക്കും..

ഈശോയേ.. എന്റെ മനസ്സിനെ കോപത്താൽ വിഷമയമാക്കുന്ന പൊള്ളയായ വാക്കുകളിലെ നോവുകളെ നീയെന്ന സ്നേഹസത്യത്താൽ മായ്ച്ചു കളയുവാൻ കൃപയേകണമേ.. മറ്റുള്ളവരോടുള്ള കോപവും വെറുപ്പുമൊക്കെ ഞാൻ മനസ്സിൽ സൂക്ഷിച്ചിരിക്കുന്നിടത്തോളം ഒരിക്കലും നിന്റെ സ്നേഹപ്രവാഹത്തെ സ്വീകരിക്കുവാനോ.. നിന്നിൽ നിന്നും ഏതെങ്കിലും അനുഗ്രഹങ്ങളെ സ്വന്തമാക്കുവാനോ.. നിന്നിൽ നിന്നും ഞാൻ അധികമായി ആഗ്രഹിക്കുന്ന പാപപ്പൊറുതിയേ നേടിയെടുക്കാനോ കഴിയുകയില്ലെന്ന സത്യം ഇനിയെങ്കിലും എന്റെ ഉള്ളം തുറക്കട്ടെ നാഥാ.. അപ്പോൾ ഞങ്ങളോട് തെറ്റു ചെയ്യുന്നവരോട് ക്ഷമിക്കാൻ എനിക്കും സാധിക്കുകയും.. അങ്ങനെ പൂർണ ഹൃദയത്തോടെയും കറയറ്റ മനസ്സോടെയും വിശുദ്ധമായ ബലിവസ്തുവായി എന്നെത്തന്നെ സമർപ്പിക്കാനുള്ള യോഗ്യതയെ ഞാനും നേടിയെടുക്കുകയും ചെയ്യും..

വിശുദ്ധ മറ്റിൽഡാ.. ഞങ്ങൾക്കു വേണ്ടി പ്രാർത്ഥിക്കേണമേ. ആമേൻ

Advertisements

നോമ്പുകാല വിചിന്തനം-26
വി. ലൂക്ക 18 : 18 – 25

സമ്പത്തിൽ സർവ്വസ്വവും സംക്ഷേപിക്കുന്നവർക്ക് സ്വർഗ്ഗസൗഭാഗ്യം സംലഭ്യമാകുകയില്ല എന്ന യേശുവിന്റെ വിപ്ലവകരമായ ആശയം ധനവാനായ അധികാരിയെ അക്ഷരാർത്ഥത്തിൽ ഞെട്ടിച്ചുകളഞ്ഞു. കാരണം, ദൈവപ്രമാണങ്ങൾ കർശനമായി പാലിച്ച് ജീവിക്കുന്നവർക്ക് അവിടുന്ന് നൽകുന്ന അമൂല്യമായ അനുഗ്രഹമോ സമ്മാനമോ ആണ് സ്വത്തുക്കൾ എന്നാണ് യഹൂദർ കരുതിയിരുന്നത്.

ഒട്ടകം സൂചിക്കുഴയിലൂടെ കടക്കുന്നതിനെക്കാൾ ദുഷ്ക്കരമാണ് ധനവാന്റെ സ്വർഗ്ഗരാജ്യ പ്രവേശനം എന്ന പ്രസ്താവനകൂടി കേട്ടപ്പോൾ സമ്പന്നനായ അധികാരിയുടെ ആത്മാവ് അഗ്നികുണ്ഡത്തിലകപ്പെട്ട തുപോലെയായി. നിത്യജീവൻ എന്നത് ആർക്കും സ്വയം പ്രാപിക്കാവുന്ന ഒന്നല്ല. ദൈവകൃപയാൽ ഒരുവനിൽ ഒഴുകിയെത്തേണ്ട സുകൃത നിർഝരിയാണത്. ദൈവത്തിനുവേണ്ടി ജീവിതം സ്വയം സമർപ്പിക്കാതെകണ്ട് ഇത് കൈവരുകയില്ല. ലൗകികമായ എല്ലാ സുഖങ്ങളിലും ആസക്തിനിറഞ്ഞ മനസ്സോടെ വ്യാപരിക്കുന്നവന് ആത്മീകമായ അഭിവൃദ്ധി ദുഷ്ക്കരംതന്നെയായിരിക്കും. രക്ഷയെന്നത് ആർക്കും സ്വയം നേടിയെടുക്കാനാവാത്ത പ്രഹേളികയായതിനാലാണ് ദൈവം തന്റെ ഏകജാതനെ അയച്ചു കൊണ്ട് രക്ഷയിലേക്കുളള വഴി വെട്ടിത്തെളിച്ചത്. പ്രലോഭനങ്ങളും പ്രതിസന്ധികളുംനിറഞ്ഞ ആ ഇടുങ്ങിയ വഴികളിലൂടെ ക്രിസ്തുവിൽ സമ്പൂർണ്ണമായി വിശ്വാസമർപ്പിച്ചു മുന്നേറുന്നവനേ രക്ഷയുടെ സങ്കേതത്തിൽ എത്തിച്ചേരാനാവുകയുള്ളൂ. സമ്പത്തിനോടും അതു നൽകുന്ന സുഖങ്ങളോടുമുള്ള നമ്മുടെ സമീപനം പൊളിച്ചെഴുതേണ്ട കാലം അതിക്രമിച്ചിരിക്കുന്നുവെന്നു പറയാം.

ഫാ. ആന്റണി പൂതവേലിൽ

Advertisements
Fediverse reactions

Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a Reply

Discover more from Nelson MCBS

Subscribe now to keep reading and get access to the full archive.

Continue reading