പുലർവെട്ടം 451

{പുലർവെട്ടം 451}

 
“The time will come when men such as I will look upon the murder of animals as they now look on the murder of men.”
 
– Leonardo da Vinci
 
ചിത്രകാരനെന്ന നിലയിൽ മാത്രം പരിചയമുള്ള ഒരാളായിരിക്കും ഒരുപക്ഷേ ലിയൊനാർഡോ ഡാവിഞ്ചി (1452-1519) പലർക്കും. അസാധാരണ ആന്തരികപ്രകാശമുള്ള ഒരാളെന്ന നിലയിലും അയാൾ ഓർമിക്കപ്പെടേണ്ടതുണ്ട്. തെരുവിൽ വിൽക്കാനായി വച്ചിരിക്കുന്ന കിളികളെ പണം കൊടുത്തു വാങ്ങി പറത്തിവിടുകയായിരുന്നു രീതി. മരണാനന്തരയാത്രയിലും വെളിച്ചത്തിന്റെ ചില പൊൻതരികൾ ഉണ്ടായിരുന്നു. രാജ്യത്തിന്റെ അധിപൻ തന്നെ ഉണ്ടായിരുന്നു മരണക്കിടക്കയിൽ സാക്ഷിയായി. എന്നിട്ടും അറുപത് യാചകർ തന്റെ ശവമഞ്ചത്തെ അനുയാത്ര ചെയ്യണമെന്നാണ് അയാൾ ആഗ്രഹിച്ചത്. അതുവഴി അയാൾ എന്താണ് ലോകത്തോടു പറയാൻ ശ്രമിക്കുന്നത്; തന്നെ അനുഗമിക്കുന്ന ആ മനുഷ്യരേക്കാൾ ഭേദപ്പെട്ടതല്ല തന്റെ ഭാഗഥേയം എന്ന് അവസാനമായി അടിവരയിടാനോ?
 
പിതാവിനാൽ പരിത്യക്തനാക്കപ്പെട്ട ഒരു ബാല്യം അയാളുടെ ഓർമയിലുണ്ട്. ദരിദ്രപശ്ചാത്തലത്തിൽ നിന്നുള്ള അമ്മയെ സ്വീകരിക്കാൻ അപ്പൻ തയാറായില്ല. അതേ ദാരിദ്ര്യം പങ്കിടുന്ന മറ്റൊരാളായിരുന്നു കുട്ടിയുടെ വളർത്തച്ഛൻ. അവിടെനിന്നാണ് അയാൾ നമ്മളറിയുന്ന ഈ ദൂരമൊക്കെ താണ്ടിയത്. താൻ വെറുമൊരു ഭിക്ഷു മാത്രമാണെന്ന ബോധത്തിന്റെ മിന്നലിലാണ് അയാളുടെ കടന്നുപോകൽ. ഓർത്താൽ അതു മാത്രമാണ് ശരി. നിങ്ങൾ മേനി പറയുന്നതും അപരർ മതിപ്പു കൽപ്പിക്കുന്നതുമായ സമസ്തവും നീ ചൊരിഞ്ഞ പൊൻനാണയം തന്നെ. വെറുതെ അല്ലാ പിച്ചാ മൊല്ലാക്കയെ ഓർക്കുന്നു.
 
യേശുവിന്റെ ഒടുവിലത്തെ അത്താഴം ഇപ്പോൾ ആവർത്തിക്കപ്പെടുന്നത് Eucharist എന്ന പേരിലാണ്. Thanks Giving എന്നാണ് ആ ഗ്രീക്ക് പദത്തിന്റെ അർത്ഥം. ആദ്യനൂറ്റാണ്ടു മുതൽ അതങ്ങനെയാണ് വിശേഷിപ്പിക്കപ്പെടുന്നത്. അന്ത്യോഖ്യായിലെ ഇഗ്നേഷ്യസും രക്തസാക്ഷിയായ ജസ്റ്റിനുമൊക്കെ ആ അത്താഴത്തെ അടയാളപ്പെടുത്തുന്നത്അങ്ങനെതന്നെയാണ്. കൃതഞ്ജതാഭരിതമായിരിക്കാൻ ഒരു നേരം എന്ന നിലയിൽ പ്രാർത്ഥനായാമങ്ങളെ മനസ്സിലാക്കുമ്പോൾ ജീവിതം കുറേക്കൂടി സ്നേഹസാന്ദ്രമാകുന്നു. കണ്ണു നിറയാനുള്ള കാരണങ്ങൾ മാത്രമേ അത് സമ്മാനിച്ചിട്ടുള്ളു. എന്നിട്ടും എന്തുകൊണ്ടാണ് ജീവിതത്തെ തൊടുമ്പോൾ മിഴികൾ നിറഞ്ഞൊഴുകാത്തത്?
 
– ബോബി ജോസ് കട്ടികാട്
Advertisements

One thought on “പുലർവെട്ടം 451

Leave a comment