കൽക്കത്തയിലെ വിശുദ്ധ മദർ തേരേസാ (1910-1997)

നോമ്പുകാലം ഇരുപതാം നൂറ്റാണ്ടിലെ വിശുദ്ധരൊപ്പം
മുപ്പതാംദിനം
 
“ക്ഷയമോ കുഷ്ടമോ അല്ല, താൻ ആർക്കും വേണ്ടാത്തവനാണ് എന്ന തോന്നലാണ് ഇന്നത്തെ ഏറ്റവും വലിയ രോഗം.”
 
കൽക്കത്തയിലെ വിശുദ്ധ മദർ തേരേസാ (1910-1997)
 
St. Mother Theresa of Culcutta
 
1910 ഓഗസ്ത് 26 ന് യൂഗോസ്ലാവിയയിലെ സ്കോപ്ജെ എന്ന നഗരത്തിലാണ് മദറിന്റെ ജനനം. ആഗ്നസ് എന്നായിരുന്നു ആദ്യകാലത്തെ പേര്. ഒരു സഹോദരനും സഹോദരിയുമായിരുന്നു ആഗ്നസിനുണ്ടായിരുന്നത്. വിശ്വാസത്തിന്റെയും, അനുകമ്പയുടെയും, നിശ്ചയദാർഡ്യത്തിന്റെയും വിത്തുകൾ ആഗ്നസിൽ പാകിയതും, പരിപോഷിപ്പിച്ചതും അമ്മയായിരുന്നു. ഈ തീഷ്ണതയാണ് ലോറോറ്റോ കോൺവെന്റിൽ ചേരാൻ ആഗ്നസിനെ ആദ്യം അയർലണ്ടിൽ എത്തിച്ചതും, അവിടെ നിന്നു കപ്പൽമാർഗ്ഗം അതിവിദൂരതയിലുള്ള കൽക്കത്തയിലേക്ക് വരാനും പ്രചോദനമേകിയത്.
 
20 വർഷം ലോറോറ്റോ മഠത്തിൽ ശുശ്രൂഷ ചെയ്ത സി. തേരേസാ, തന്റെ രണ്ടാം ദൈവവിളി സ്വീകരിച്ച് ഒരു കന്യകാസ്ത്രീ ആയി തന്നെ 1948 ൽ കൽക്കത്തയിലെ തെരുവോരങ്ങളിലേക്ക് ഇറങ്ങി. കന്യാകാലയത്തിന്റെ സുരക്ഷിത ഭിത്തി ഭേദിച്ച് കാരുണ്യത്തിന്റെ സ്നേഹ കൂടാരങ്ങൾ നിർമ്മിക്കാൻ ആദ്യം അനുമതി നൽകിയത് വത്തിക്കാനാണ്. 1948ലെ ഇന്ത്യൻ വിഭജനത്തിന്റെ ദീനരോധനവും അസ്വസ്ഥനകളും, 1942- 1943 കളിലെ ബംഗ്ലാൾ പട്ടണിയോട് ചേർന്നപ്പോൾ സന്തോഷത്തിന്റെ നഗരം കണ്ണീരിന്റെ പര്യായമായി.ഈ കണ്ണീർക്കടലിലേക്ക് 38 വയസുള്ള കരുണയുടെ മാലാഖ, പരമ്പരാഗത സഭാ വസ്ത്രം ഉപേക്ഷിച്ച്, തോട്ടിപ്പണിക്കാർ ധരിക്കുന്ന സാരിയും ധരിച്ച്, കൂട്ടിനാരുമില്ലാതെ, സഹായില്ലാതെ, സാമ്പത്തിക സുരക്ഷയില്ലാതെ പുഞ്ചിരിക്കുന്ന മുഖവുമായി , കാലെടുത്തു വയ്ക്കുമ്പോൾ അത് ഒരു ചരിത്രത്തിലേക്കായിരുന്നു, കരുണയുടെ സുവർണ്ണ ചരിത്രത്തിലേക്ക്.
 
രോഗങ്ങളുടെയും അനാഥത്വത്തിന്റെയും മരണത്തിന്റെയും നിലവിളികളാണ് ആരോഗ്യ സംരക്ഷണത്തെക്കുറിച്ച് എന്തെങ്കിലു സംസാരിക്കുന്നതിനു മുമ്പ് അവളെ തേടി വന്നത്. സാധിക്കുന്നതിലപ്പുറം അവൾ ചെയ്തു. ഒരിക്കൽ മരണാസന്നനായി തെരുവിൽ കിടന്ന ഒരു മനുഷ്യനെ എടുത്തു കൊണ്ട് മദർ ആശുപത്രിയിലേക്ക് പോയി. മരിക്കാൻ പോകുന്ന ആ മനുഷ്യനു ആശുപത്രി അധികൃതർ കിടക്ക നിരസിച്ചു. ആ മനുഷ്യനു വേണ്ടി മദർ ആശുപത്രിക്ക് മുമ്പിൽ ധർണ നടത്തി, അവസാനം അധികൃതരുടെ മനസ്സലിഞ്ഞ് ഒരു കിടക്ക കിട്ടി. എതാനും മണിക്കൂറുകൾക്ക് ശേഷം ആ മനുഷ്യൻ മരിച്ചു. ഈ സംഭവമാണ് ആശുപത്രിക്കാർ നിരസിക്കുന്ന രോഗികളെ സംരക്ഷിക്കാൻ ഒരു ഇടം അന്വേഷിക്കാൻ മദറിനെ പ്രേരിപ്പിച്ചത്. അവിടെ സമാധാനത്തോടെ മനുഷ്യ മഹത്വത്തോടെ മരിക്കാൻ അവർക്ക് സാധിച്ചു. പല അധികാരികളുടെ മുമ്പിലും പാവങ്ങൾക്ക് വേണ്ടി അവൾ കെഞ്ചി.
 
മദറിന്റെ പാവപ്പെട്ടവർക്കു വേണ്ടിയുള്ള എളിയ ശുശ്രൂഷയിൽ പിൻഗാമികൾ ഏറെയുണ്ടായി. പിൽക്കാലത്ത് സി. ആഗ്നസ് എന്നറിയപ്പെട്ട സുഭാഷിണി ദാസായിരുന്നു മദർ തേരേസായുടെ ആദ്യ അനുയായി. പാവപ്പെട്ടവരെ ശുശ്രൂഷിക്കാൻ സമ്പന്നയായിരുന്ന സുഭാഷിണി അതെല്ലാം ഉപേക്ഷിച്ചു 1949 മാർച്ച് 19ന് മദറിനോടൊപ്പം ചേർന്നു. ആ വർഷവസാനത്തോടെ അഞ്ചു സഹോദരിമാർ മദറിനൊപ്പം കൂടി.
 
അടുത്ത വർഷം 1950 ഒക്ടോബർ 7 നു പന്ത്രണ്ടാം പീയൂസ് മാർപാപ്പ മിഷനറീസ് ഓഫ് ചാരിറ്റിയെ അംഗീകരിച്ചു. ഇന്നു 133 രാജ്യങ്ങളിലായി ഏതാണ്ട് 4,500 ഓളം ഉപവിയുടെ സഹോദരിമാർ ശുശ്രൂഷ ചെയ്യുന്നു.
 
മദർ തേരേസ മരിച്ച ഉടനെ പ്രാർത്ഥനാമുറിയുടെ പുറത്തു ഒരു കറുത്ത ബോർഡിൽ ഇപ്രകാരം എഴുതിയിരുന്നു: “ഞങ്ങളുടെ പ്രിയപ്പെട്ട മദർ 1997 സെപ്റ്റംബർ അഞ്ചാം തീയതി വൈകിട്ട് 9 :30 നു ഭവനത്തിലേക്ക് ഈശോയിലേക്കു പോയി. ശരിയായ മഹത്വം അധികാരത്തിലും സ്ഥാനമാനങ്ങളിലും സമ്പത്തിലും അല്ല മറിച്ചു എളിയ ശുശ്രൂഷയാണ് എല്ലാവരെയും യഥാർത്ഥത്തിൽ മഹാന്മാരാക്കുന്നതെന്ന് അവൾ വീട്ടിലേക്കു പോകുന്നതിനു മുമ്പ് എല്ലാവരെയും തെളിയിച്ചു.
 
വിശുദ്ധ മദർ തേരേസയോടൊപ്പം പ്രാർത്ഥിക്കാം
 
വിശുദ്ധ മദർ തേരേസായെ, എളിയ സഹോദരങ്ങളിൽ ഈശോയെ കണ്ടു അവരെ സ്നേഹിക്കുവാനും അവർക്കു വേണ്ടി നിലകൊള്ളുവാനും എൻ്റെ ഹൃദയത്തെ വിശാലമാക്കാൻ എനിക്കു വേണ്ടി പ്രാർത്ഥിക്കണമേ. ആമ്മേൻ.
 
ഫാ. ജയ്സൺ കുന്നേൽ mcbs
Advertisements

Author of the Content: Fr. Jaison Kunnel MCBS, Ludwig-Maximilians-Universität München
Source: – Official Facebook Page: https://www.facebook.com/jaison.alex.16/

Leave a comment