അനുദിനവിശുദ്ധർ – മാർച്ച് 24

Advertisements

🔶🔶🔶🔶🔶🔶🔶🔶🔶🔶🔶🔶
വിശുദ്ധ യൗസേപ്പുപിതാവിന്‍റെ വണക്കമാസം: ഇരുപത്തി നാലാം തീയതി
🔶🔶🔶🔶🔶🔶🔶🔶🔶🔶🔶🔶


“ദാവീദിന്റെ വംശത്തില്‍പ്പെട്ട ജോസഫ് എന്നുപേരായ പുരുഷനുമായി വിവാഹനിശ്ചയം ചെയ്തിരുന്ന കന്യകയുടെ അടുത്തേക്ക്, ദൈവത്താല്‍ അയയ്ക്കപ്പെട്ടു. അവളുടെ പേര് മറിയം എന്നായിരുന്നു”
(ലൂക്കാ 1:27).

തിരുകുടുംബത്തെ എങ്ങനെ അനുകരിക്കാം?
🔶🔶🔶🔶🔶🔶🔶🔶🔶🔶🔶🔶

മനുഷ്യന്‍ ഒരു സാമൂഹ്യജീവിയാണ്. എല്ലാ മനുഷ്യരും അവരുടെ സാമൂഹ്യജീവിതം ആരംഭിക്കുന്നത് കുടുംബത്തിലാണ്. ദൈവസാദൃശ്യത്തില്‍ സൃഷ്ടിക്കപ്പെട്ട മനുഷ്യര്‍ സാമൂഹ്യജീവിതത്തിലൂടെ വ്യക്തിവികാസവും പൂര്‍ണ്ണതയും പ്രാപിക്കണമെന്നാണ് ദൈവപരിപാലന. കുടുംബാന്തരീക്ഷം ഒരു വ്യക്തിയുടെ സ്വഭാവ രൂപീകരണത്തില്‍ സുപ്രധാനമായ പങ്ക് വഹിക്കുന്നുണ്ട്. നമ്മുടെ പിതാവായ മാര്‍ യൗസേപ്പ് നസ്രസിലെ തിരുക്കുടുംബത്തിന്‍റെ നാഥനായിട്ടാണ് സ്വജീവിതം നയിച്ചത്. പ. കന്യകയുടെയും ഉണ്ണീശോയുടെയും സാന്നിദ്ധ്യം ആ ചെറുഭവനത്തെ ഭൂമിയിലെ സ്വര്‍ഗ്ഗമാക്കി പകര്‍ത്തി.

തിരുക്കുടുംബത്തിലെ അംഗങ്ങള്‍ പരസ്പര സ്നേഹത്തിലും സഹകരണത്തിലും ഐക്യത്തിലുമാണ് ജീവിച്ചത്. നരകുലപരിത്രാതാവായ ഈശോമിശിഹാ അവിടുത്തെ ഭൗമിക ജീവിതത്തിലെ ഏറ്റവും കൂടുതല്‍ സമയം നസ്രസിലെ തിരുക്കുടുംബത്തില്‍ ജീവിച്ചു കൊണ്ട് കുടുംബജീവിതത്തിന്‍റെ മഹത്വം വ്യക്തമാക്കി. പരിശുദ്ധ കന്യക മണവാളനായ വി. യൗസേപ്പിനോടു ഏറ്റവും നിര്‍മ്മലമായ സ്നേഹം പുലര്‍ത്തി. ഒരു‍ മാതൃകാ ഭാര്യ, ഗൃഹനാഥ എന്നീ നിലകളില്‍ വി. യൗസേപ്പിനെ അനുസരിക്കുകയും ബഹുമാനിക്കുകയും ചെയ്തിരുന്നു. ഈശോ, മാതൃകാ പുത്രന്‍ എന്നുള്ള നിലയില്‍ വി. യൗസേപ്പിനെയും പരിശുദ്ധ കന്യകയെയും സ്നേഹിക്കുകയും ബഹുമാനിക്കുകയും അനുസരിക്കുകയും ചെയ്തു. അപ്രകാരം അവിടെ അവര്‍ ഏക ഹൃദയവും ഏക ആത്മാവുമായിരുന്നു.

വി. യൗസേപ്പ് തിരുക്കുടുംബനാഥന്‍ എന്നുള്ള നിലയില്‍ പ. കന്യകയുടെയും ദൈവകുമാരന്‍റെയും ജീവിതം ഏറ്റവും സൗഭാഗ്യകരമാക്കുവാന്‍ പരിശ്രമിച്ചു. വേല ചെയ്തു നെറ്റിയിലെ വിയര്‍പ്പു കൊണ്ട് അദ്ദേഹം അവരെ പോറ്റി. കുടുംബത്തില്‍ പരിപാവനമായ ഒരു അന്തരീക്ഷം പുലര്‍ത്തി. പരസ്പര സ്നേഹം, സേവനം, പ്രാര്‍ത്ഥന എന്നിവ തിരുക്കുടുംബത്തില്‍ പരിപുഷ്ടമായി.

നമ്മുടെ കുടുംബങ്ങളില്‍ ക്രൈസ്തവമായ അന്തരീക്ഷം നിലനില്‍ക്കണമെങ്കില്‍, വി. യൗസേപ്പും പ.കന്യകാമറിയവും ഈശോനാഥനും തിരുക്കുടുംബത്തില്‍ ജീവിച്ചിരുന്നതുപോലെ നാമും ജീവിക്കേണ്ടിയിരിക്കുന്നു. നമ്മുടെ ഭവനങ്ങളില്‍ ഈശോ നാഥന്‍ ഭരണം നടത്തണം. മരിയാംബിക രാജ്ഞിയായി വാഴണം. അതോടൊപ്പം മാര്‍ യൗസേപ്പിനും കുടുംബത്തില്‍ സ്ഥാനം നല്‍കുക. നമ്മുടെ കുടുംബങ്ങളില്‍ പ്രാര്‍ത്ഥന ഉയരണം. കുടുംബാംഗങ്ങള്‍ ഒന്നു ചേര്‍ന്ന്‍ പരസ്പര സ്നേഹം പരിപുഷ്ടമാക്കണം.

വിവാഹം ക്രിസ്തുവില്‍ കേന്ദ്രീകൃതമായ കുടുംബജീവിതത്തിനുള്ള കൂദാശയാണ്. മിശിഹായും സഭയും തമ്മിലുള്ള ഐക്യത്തിന്‍റെ പ്രതീകം. മൗതിക ശരീരത്തിന്‍റെ പ്രതിരൂപമെന്നത് തിരുക്കുടുംബത്തിന്‍റെ മാതൃകയാണ്. കുടുംബാംഗങ്ങളില്‍ പരസ്പര സ്നേഹവും സേവന സന്നദ്ധതയുമുണ്ടായിരിക്കണം. സന്താനങ്ങളെ നല്ല രീതിയില്‍ വളര്‍ത്താന്‍ ശ്രദ്ധ പതിപ്പിക്കുക. മാതാപിതാക്കന്‍മാര്‍ നല്ല കത്തോലിക്കാ വിദ്യാഭ്യാസം അവര്‍ക്കു നല്‍കുക. സല്‍ഗ്രന്ഥങ്ങളും പത്രമാസികകളും അവിടെ പ്രവേശിക്കട്ടെ. അശ്ലീലമായവ കുടുംബാന്തരീക്ഷത്തെ മലീമസമാക്കുമെന്ന്‍ തിരിച്ചറിയുക. വിശുദ്ധ ഗ്രന്ഥ പാരായണം എല്ലാ ദിവസവും കുടുംബങ്ങളില്‍ പ്രാര്‍ത്ഥനയോടൊപ്പം നിര്‍വഹിക്കുക. അങ്ങനെ തിരുകുടുംബം പോലെ നമ്മുടെ കുടുംബങ്ങള്‍ ക്രൈസ്തവപൂര്‍ണ്ണമാകുമ്പോള്‍ സമൂഹവും ജനപദങ്ങളും ലോകം തന്നെയും ക്രൈസ്തവമാകും.
സംഭവം
🔶🔶🔶🔶

ഇന്ത്യാ പാക്കിസ്ഥാന്‍ (1971) യുദ്ധകാലത്ത് മുറിവേറ്റ് മരണവുമായി മല്ലടിക്കുന്ന അസംഖ്യം പടയാളികള്‍ക്ക് ബംഗാളിലെ ഒരു പട്ടണത്തില്‍ യൗസേപ്പിതാവിന്‍റെ ഭക്തരായ സന്യാസിനികള്‍ അഭയം നല്‍കി. ആശുപത്രിയും മഠവും ഉന്മൂലനം ചെയ്യുവാന്‍ ശത്രുക്കള്‍ പരിശ്രമിച്ചു. പലവട്ടം ശ്രമം നടത്തിയെങ്കിലും ഫലം ഉണ്ടായില്ല. ഒരു ദിവസം അര്‍ദ്ധരാത്രിയില്‍ ഒരു ഹെലികോപ്റ്ററില്‍ ശത്രുക്കള്‍ പറന്നെത്തി. എല്ലാവരും നിദ്രയിലാണ്ട സമയം. കാവല്‍ക്കാരുടെ കണ്ണു വെട്ടിച്ചു കടന്നു വരുന്ന വിമാനം പട്ടണത്തിനു മുകളില്‍ റോന്തു ചുറ്റുകയാണ്. വിമാനം കടന്ന കാര്യം കാവല്‍ പട്ടാളക്കാര്‍ അറിഞ്ഞു. അപകടസൂചനയോടെ സൈറന്‍ മുഴങ്ങി. മഠത്തിലെ സന്യാസിനികള്‍ ഭയന്നു വിറച്ചു.

സകലതും ബോംബിന്‍റെ തീച്ചൂളയില്‍ കരിഞ്ഞു ചാമ്പലാകാന്‍ അധിക സമയമില്ല. ഏകാലംബമായ വിശുദ്ധ യൗസേഫിന്‍റെ സഹായം തേടുവാന്‍ അവര്‍ തീരുമാനിച്ചു. ഈ പുണ്യതാതന്‍റെ സമക്ഷം അവര്‍ കണ്ണീരോടെ കൂട്ട പ്രാര്‍ത്ഥന നടത്തി. നിമിഷങ്ങള്‍ ഇഴഞ്ഞു നീങ്ങി. അതാ ആകാശത്തില്‍ വലിയ തീപടലം. എല്ലാവരും ഞെട്ടിവിറച്ചു. ഒരു പീരങ്കി പോലും ചലിച്ചില്ല. തോക്കുകള്‍ നിറയൊഴിച്ചില്ല. അത്ഭുതം! ബോംബിടുന്നതിനു മുന്‍പ് വിമാനം എന്തോ തകരാറു മൂലം കത്തിയെരിഞ്ഞു താഴെ വീണു. ബോംബിന്‍റെ യാതൊരു കെടുതിയും അവിടെ ഉണ്ടായില്ല. വിമാനാപകടത്തില്‍ പരിക്കേറ്റ മൂന്നു പട്ടാളക്കാരെ സന്യാസിനികള്‍ തങ്ങളുടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അങ്ങനെ തങ്ങളെ സംരക്ഷിക്കുവാന്‍ വന്ന സൈനികരെ പരിചരിക്കാനുള്ള സ്ഥിതി വിശേഷമാണ് മാര്‍ യൗസേപ്പു പിതാവിന്‍റെ ഭക്തദാസരായ ആ സഹോദരിമാര്‍ക്കുണ്ടായതും. തങ്ങളെ കാത്തു പാലിച്ച മാര്‍ യൗസേപ്പിന് അവര്‍ നന്ദിയോടെ സ്തോത്രമര്‍പ്പിച്ചു.

ജപം
🔶🔶

തിരുക്കുടുംബത്തിന്‍റെ നാഥനായ മാര്‍ യൗസേപ്പേ, ഞങ്ങളുടെ കുടുംബങ്ങള്‍ നസ്രസിലെ തിരുക്കുടുംബം പോലെ സമാധാനത്തിന്‍റെയും ഐക്യത്തിന്‍റെയും സ്നേഹസേവനങ്ങളുടെ വിളനിലമാകുവാന്‍ വേണ്ട അനുഗ്രഹങ്ങള്‍ നല്‍കേണമേ. കുടുംബാംഗങ്ങള്‍ പരസ്പര സ്നേഹത്തിലും സഹകരണത്തിലും ജീവിക്കട്ടെ. ഞങ്ങളുടെ കുടുംബാംഗങ്ങള്‍ ക്രിസ്തീയമായ ആദര്‍ശങ്ങള്‍ക്കനുസരിച്ച് ജീവിതത്തിന്‍റെ വിവിധ മണ്ഡലങ്ങളില്‍ പ്രവര്‍ത്തിക്കുന്നതാണ്. ഈശോയും, പരിശുദ്ധ കന്യകയും വന്ദ്യപിതാവേ, അങ്ങും ഞങ്ങളുടെ കുടുംബങ്ങളില്‍ സന്നിഹിതരായി കുടുംബാന്തരീക്ഷത്തെ പവിത്രീകരിക്കേണമേ. അപ്രകാരം ഞങ്ങളുടെ കുടുംബങ്ങള്‍ സ്വര്‍ഗ്ഗീയ ജീവിതത്തിന്‍റെ നാന്ദിയാകട്ടെ.

1 സ്വര്‍ഗ്ഗ. 1 നന്മ. 1. ത്രി.

വി. യൗസേപ്പുപിതാവിന്‍റെ ലുത്തിനിയ
🔶🔶🔶🔶🔶🔶🔶🔶🔶🔶🔶🔶

കര്‍ത്താവേ, അനുഗ്രഹിക്കണമേ

(കര്‍ത്താവേ…)

മിശിഹായെ, അനുഗ്രഹിക്കണമേ.

(മിശിഹായെ…)

കര്‍ത്താവേ, അനുഗ്രഹിക്കണമേ.

(കര്‍ത്താവേ…)

മിശിഹായെ, ഞങ്ങളുടെ പ്രാര്‍ത്ഥന കേള്‍ക്കണമേ,

(മിശിഹായെ…)

മിശിഹായെ, ഞങ്ങളുടെ പ്രാര്‍ത്ഥന കൈക്കൊള്ളണമേ.

(മിശിഹായെ…)

സ്വര്‍ഗ്ഗസ്ഥനായ പിതാവേ,

(ഞങ്ങളെ അനുഗ്രഹിക്കണമേ)

ലോകരക്ഷകനായ ക്രിസ്തുവേ,

പരിശുദ്ധാത്മാവായ ദൈവമേ,

ഏകദൈവമായിരിക്കുന്ന പ. ത്രിത്വമേ,

.

പരിശുദ്ധ മറിയമേ ,

(ഞങ്ങള്‍ക്കു വേണ്ടി അപേക്ഷിക്കണമേ)

വിശുദ്ധ യൗസേപ്പേ,

ദാവീദിന്‍റെ വിശിഷ്ട സന്താനമേ,

ഗോത്രപിതാക്കളുടെ പ്രകാശമേ,

ദൈവജനനിയുടെ ഭര്‍ത്താവേ,

പരിശുദ്ധ കന്യകയുടെ നിര്‍മ്മലനായ കാവല്‍ക്കാരാ,

ദൈവകുമാരന്‍റെ വളര്‍ത്തുപിതാവേ,

മിശിഹായുടെ ജാഗ്രതയുള്ള സംരക്ഷകാ ,

തിരുക്കുടുംബത്തിന്‍റെ നാഥനേ,

എത്രയും നീതിമാനായ വി. യൗസേപ്പേ,

മഹാ വിരക്തനായ വി.യൗസേപ്പേ,

മഹാ വിവേകിയായ വി. യൗസേപ്പേ,

മഹാ ധീരനായ വി. യൗസേപ്പേ,

അത്യന്തം അനുസരണയുള്ള വി. യൗസേപ്പേ,

മഹാ വിശ്വസ്തനായ വി. യൗസേപ്പേ,

ക്ഷമയുടെ ദര്‍പ്പണമേ,

ദാരിദ്ര്യത്തിന്‍റെ സ്നേഹിതാ,

തൊഴിലാളികളുടെ മാതൃകയേ,

കുടുംബജീവിതത്തിന്‍റെ അലങ്കാരമേ,

കന്യകകളുടെ സംരക്ഷകാ ,

കുടുംബങ്ങളുടെ ആധാരമേ,

നിര്‍ഭാഗ്യരുടെ ആശ്വാസമേ,

രോഗികളുടെ ആശ്രയമേ ,

മരണാവസ്ഥയില്‍ ഇരിക്കുന്നവരുടെ മദ്ധ്യസ്ഥാ,

പിശാചുക്കളുടെ പരിഭ്രമമേ,

തിരുസ്സഭയുടെ പാലകാ,

ഭൂലോകപാപ….(3)

(നായകൻ) ദൈവം അദ്ദേഹത്തെ തന്‍റെ ഭവനത്തിന്‍റെ അധികാരിയായി നിയമിച്ചു.

(സമൂഹം) തന്‍റെ സകല സമ്പത്തുകളുടെയും നായകനുമാക്കി.

പ്രാര്‍ത്ഥിക്കാം

അത്യന്തം നിര്‍മ്മലമായ പരിശുദ്ധ കന്യകയ്ക്കു ഭര്‍ത്താവായി നീതിമാനും വിവേകിയും വിശുദ്ധനുമായ യൗസേപ്പിനെ തെരഞ്ഞെടുത്ത ദൈവമേ, ജീവിതത്തിന്‍റെ പ്രയാസങ്ങളിലും വേദനകളിലും മുഴുകിയിരിക്കുന്ന ഞങ്ങള്‍ക്ക് ആശ്വാസവും ആശ്രയവും നല്‍കുന്ന പിതാവായി അദ്ദേഹത്തെ നിശ്ചയിച്ചതില്‍ ഞങ്ങള്‍ നന്ദി പറയുന്നു. ഈ പിതാവിന്‍റെ മാദ്ധ്യസ്ഥം വഴി എല്ലാ അനുഗ്രഹങ്ങളും ഞങ്ങള്‍ക്ക് നല്‍കണമെന്നപേക്ഷിക്കുന്നു. ആമ്മേന്‍.

സുകൃതജപം
🔶🔶🔶🔶🔶🔶

തിരുക്കുടുംബത്തിന്‍റെ സംരക്ഷകാ, ഞങ്ങളുടെ കുടുംബത്തെ സ്നേഹ ചൈതന്യത്തില്‍ സംരക്ഷിക്കണമേ.
🔶🔶🔶🔶🔶🔶🔶🔶🔶🔶🔶🔶

Advertisements

⚜️⚜️⚜️⚜️ March 24 ⚜️⚜️⚜️⚜️
വിശുദ്ധ അല്‍ദേമാര്‍
⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️

പതിനൊന്നാം നൂറ്റാണ്ടില്‍ ഇറ്റലിയില്‍ ജീവിച്ചിരുന്ന ഒരു സന്യാസിയായിരുന്നു വിശുദ്ധ അല്‍ദേമാര്‍. തന്റെ ബുദ്ധിയും, പ്രാര്‍ത്ഥനയിലൂടെ അത്ഭുതങ്ങള്‍ പ്രവര്‍ത്തിക്കുവാനുള്ള കഴിവും മൂലം വളരെയേറെ പ്രശസ്തനായിരുന്നു അദ്ദേഹം. അദേഹത്തിന്റെ ബാല്യത്തില്‍ തന്നെ, വിശുദ്ധ ബെനഡിക്ടിനാല്‍ സ്ഥാപിതമായ പ്രസിദ്ധമായ മോണ്ടെ കാസ്സിനോ ആശ്രമത്തില്‍ ചേര്‍ന്നു. തന്റെ പഠനങ്ങളില്‍ വളരെയേറെ മികവ് പുലര്‍ത്തിയ വിശുദ്ധന്‍ “ബുദ്ധിമാനായ അല്‍ദേമാര്‍” എന്നാണ്‌ പരക്കെ അറിയപ്പെട്ടിരുന്നത്.

അദ്ദേഹത്തിന്റെ അറിവും, ദീര്‍ഘവീക്ഷണവും കണക്കിലെടുത്ത് സമീപപ്രദേശത്തെ ഒരു രാജകുമാരി താന്‍ സ്ഥാപിച്ച പുതിയ സന്യാസിനീ മഠത്തെ നയിക്കുവാനുള്ള ചുമതല വിശുദ്ധനെ ഏല്‍പ്പിച്ചു. ഈ ദൌത്യം സ്വീകരിച്ച വിശുദ്ധന്‍ തന്റെ ജോലി വളരെ ഭംഗിയായി നിര്‍വഹിച്ചു. ഇതിനിടെ അത്ഭുതങ്ങള്‍ പ്രവര്‍ത്തിക്കുവാനുള്ള വരദാനം ലഭിച്ചിട്ടുള്ള ആളാണ്‌ വിശുദ്ധനെന്ന കാര്യം എല്ലാവര്‍ക്കും മനസ്സിലാവുകയും, അദ്ദേഹത്തിന്റെ അത്ഭുത പ്രവര്‍ത്തനങ്ങള്‍ നിരവധി ആളുകളുടെ ശ്രദ്ധയെ ആകര്‍ഷിക്കുകയും ചെയ്തു.

അങ്ങനെയിരിക്കെ വിശുദ്ധന്റെ ആശ്രമാധിപന്‍ അദ്ദേഹത്തെ മോണ്ടെ കാസ്സിനോയിലേക്ക് തിരികെ വിളിപ്പിച്ചു. എന്നാല്‍ ഇതില്‍ അസന്തുഷ്ടയായ രാജകുമാരി വിശുദ്ധനെ തിരികെ വിളിപ്പിച്ചതിനെ എതിര്‍ക്കുകയും ഇതിനെ ചൊല്ലിയൊരു അഭിപ്രായ വ്യത്യാസം ഉടലെടുക്കുകയും ചെയ്തു. എന്നാല്‍ വിശുദ്ധനാകട്ടെ വേറൊരു പട്ടണത്തിലേക്ക്‌ രക്ഷപ്പെടുകയും അവിടെ മൂന്ന് ആത്മീയ സഹോദരന്‍മാര്‍ക്കൊപ്പം ജീവിക്കുകയും ചെയ്തു. ഈ സഹോദരന്‍മാരില്‍ ഒരാള്‍ വിശുദ്ധനെ വെറുക്കുകയും അദേഹത്തെ അമ്പെയ്ത് കൊലപ്പെടുത്തുവാന്‍ ശ്രമിക്കുകയും ചെയ്തു. എന്നാല്‍ ആയുധം കൈകാര്യം ചെയ്യുന്നതില്‍ വന്ന പാകപ്പിഴ നിമിത്തം അദ്ദേഹത്തിന്റെ സ്വന്തം കരത്തില്‍ തന്നെ മുറിവേറ്റു.

തന്നെ കൊലപ്പെടുത്തുവാന്‍ ശ്രമിച്ചവന്റെ മുറിവ് ഗുരുതരമായതിനെ തുടര്‍ന്ന് വിശുദ്ധന്‍ ആ വ്യക്തിക്ക് വേണ്ടി പ്രാര്‍ത്ഥിക്കുകയും, തന്മൂലം അത് സുഖപ്പെടുകയും ചെയ്തു. തുടര്‍ന്ന് വിശുദ്ധന്‍ സ്വന്തമായി ഒരു ആശ്രമം സ്ഥാപിച്ചു. കാലക്രമേണ അദ്ദേഹം നിരവധി സന്യാസഭവനങ്ങളും സ്ഥാപിക്കുകയും, ആ സന്യാസസമൂഹങ്ങളെയെല്ലാം അദ്ദേഹം നേരിട്ട് നയിക്കുകയും ചെയ്തു. ഏതാണ്ട് 1080-ലാണ് വിശുദ്ധ അല്‍ദേമാര്‍ മരണപ്പെട്ടത്.

ഇതര വിശുദ്ധര്‍
⚜️⚜️⚜️⚜️⚜️⚜️⚜️

1. തിമോലാസ്, ഡിയോന്നീഷ്യസ് (2), പൗവുസിസ്, അലക്സാണ്ടര്‍ (2), അഗാപ്പിയോസ്

2. ഐറിഷുവിലെ കയ്റിയോണ്‍

3. ഐറിഷ്കാരനായ കാമിന്‍

4. ഐറിഷുകാരനായ ഡോമന്‍ ഗാര്‍ഡ്

5. റോമന്‍ പുരോഹിതനായ എപ്പിഗ്മെനിയൂസ്
⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️

Advertisements

ദൈവഭക്‌തിയാണു ജ്‌ഞാനത്തിന്റെ ആരംഭം; അതു പരിശീലിക്കുന്നവര്‍ വിവേകികളാകും.
അവിടുന്ന്‌ എന്നേക്കും സ്‌തുതിക്കപ്പെടും!
സങ്കീര്‍ത്തനങ്ങള്‍ 111 : 10

Advertisements

🌻പ്രഭാത പ്രാർത്ഥന🌻


എന്റെ മകനേ.. കർത്താവിന്റെ ശിക്ഷണത്തെ നീ നിസ്സാരമാക്കരുത്.. അവൻ ശാസിക്കുമ്പോൾ നീ നഷ്ടധൈര്യനാകയുമരുത്..(ഹെബ്രായർ : 12/5)
പരിശുദ്ധനായ ദൈവമേ..


എന്റെ പാപഭാരത്താൽ തളർന്ന കൈകളെയും ബലമില്ലാത്ത കാൽമുട്ടുകളെയും ശക്തിപ്പെടുത്താനും, മുടന്തുള്ള പാദങ്ങൾ സന്ധി വിട്ട് ഇടറി പോകാതെ സുഖപ്പെടാൻ തക്കവിധം അവ ഒരുക്കമുള്ളതാകാനുമുള്ള കൃപ യാചിച്ചു കൊണ്ട് ഈ പ്രഭാതത്തിലും ഞാൻ അങ്ങയുടെ ശക്തമായ കരത്തിൻ കീഴിൽ താഴ്മയോടെ അണഞ്ഞിരിക്കുന്നു. പലപ്പോഴും എന്റെ ജീവിതത്തിലെ നന്മ മാത്രം ആഗ്രഹിച്ചു കൊണ്ട് എന്നെ തിരുത്താൻ ശ്രമിക്കുന്നവരെ ഞാൻ ശത്രുതാ മനോഭാവത്തോടെ നോക്കി കാണുകയും അവരുടെ വാക്കുകളെ നിസ്സാരമാക്കി അവഗണിച്ചു കളയുകയും ചെയ്യാറുണ്ട്. ശരിയും തെറ്റുമൊക്കെ തിരിച്ചറിയാൻ എനിക്കു കഴിയുമെന്നും.. അനാവശ്യമായി ആരും എന്റെ കാര്യങ്ങളെ നിയന്ത്രിക്കാൻ വരരുതെന്നുമുള്ള താക്കീതു നൽകി ഞാൻ എല്ലാവരെയും എന്നിൽ നിന്നും അകറ്റി നിർത്തുകയും ചെയ്യും..


ഈശോയേ.. ഞാനാഗ്രഹിക്കുന്ന സുഖവും സ്വാതന്ത്ര്യവും മാത്രം എന്റെ കാഴ്ച്ചകളിൽ നിറച്ചും.. എന്നിലേക്കു നീളുന്ന ശരിയായ ജീവിത വഴികളിലെ ചൂണ്ടു വിരലുകൾ കണ്ടില്ലെന്നു നടിച്ചും, എത്ര തെറ്റു ചെയ്താലും അതാരും കണ്ടുപിടിക്കില്ല എന്ന ആത്മവിശ്വാസത്തോടെ തന്നെ എന്നും മുന്നോട്ടു നീങ്ങുകയും ചെയ്തപ്പോൾ ഞാൻ അവഗണിച്ചു കളഞ്ഞത് എന്റെ ജീവനോളം വിലയുള്ള നിന്റെ പിതൃസഹജമായ സ്നേഹവാത്സല്യങ്ങളെ തന്നെയായിരുന്നില്ലേ നാഥാ.. ഇനിയെങ്കിലും എന്റെ ജീവിത വഴികളിൽ നീയനുവദിച്ചു നൽകുന്ന തിരുത്തലുകളെ അംഗീകരിക്കാനും അതനുസരിച്ച് ജീവിതത്തെ ക്രമപ്പെടുത്താനും എന്നെ സഹായിക്കേണമേ.. അപ്പോൾ പാപത്തകർച്ചകളിൽ നഷ്ടധൈര്യനാകാതെ ഞാനെന്നും അങ്ങയുടെ കരുണയെ ആശ്രയിക്കുകയും ശാശ്വതമായ വിടുതലും സൗഖ്യവും നിന്നിൽ നിന്നു തന്നെ ആഗ്രഹിച്ചു നേടിയെടുക്കുകയും ചെയ്യും..


വിശുദ്ധ അന്തോണീസ്.. ഞങ്ങൾക്കു വേണ്ടി പ്രാർത്ഥിക്കേണമേ. ആമേൻ.

Advertisements

നോമ്പുകാല വിചിന്തനം-35
വി. മത്തായി 18 : 15 – 20


ജീവിതത്തിൽ ആർക്കും തെറ്റുകൾ സംഭവിക്കാം. അത് സ്വാഭാവികവും മാനുഷികവുമാണ്. തെറ്റ് ചെയ്യുന്നവൻ പശ്ചാത്തപിച്ചാൽ അവന് മാപ്പും മോചനവും നൽകുകയെന്നത് ദൈവികമായ ഒരു കർമ്മമാണ്. പല കാരണങ്ങളാൽ ഒരാൾ കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടെന്നുവരാം. കുറ്റവാളികളായ വ്യക്തികളെ വീണ്ടെടുക്കേണ്ടത് ഒരു ക്രൈസ്തവന്റെ സാമൂഹിക ധർമ്മമാണ്. വിശുദ്ധ ആഗസ്തീനോസ് പറയുന്നു: ‘ അപരന്റെ തെറ്റിനെക്കുറിച്ച് മൗനം പാലിക്കുന്നവൻ അവനോടുള്ള ഉത്തരവാദിത്വം നിറവേറ്റുന്നില്ല.’ ഇമ്മാതിരി വ്യക്തികളുടെ വീണ്ടെടുപ്പ് സാമൂഹികാരോഗ്യത്തിന് അത്യന്താപേക്ഷിതമാണ്. മദ്യപാനികളെയും ദുശ്ശീലങ്ങൾക്ക് അടിമകളായവരെയും അതിൽനിന്ന് മോചിപ്പിച്ചെടുക്കാൻവേണ്ടി ചെയ്യുന്ന എല്ലാ ശ്രമങ്ങളും വീണ്ടെടുക്കലിന്റെ ഭാഗമാണ്. യേശുവിന്റെ കാഴ്ചപ്പാടിൽ തെറ്റുകുറ്റങ്ങളിൽ അകപ്പെടുന്നവരെ ചതുർമാർഗ്ഗങ്ങളിലൂടെ വീണ്ടെടുക്കണമെന്നാണ്. ഒന്ന്, തെറ്റ് ചെയ്തവനെ നേരിൽക്കണ്ട് അവന്റെ തെറ്റുകൾ ബോധ്യപ്പെടുത്തിക്കൊടുക്കുക. രണ്ട്, സാക്ഷികളുടെ സഹായത്തോടെ അവനോട് സംസാരിക്കുക. മൂന്ന്, സഭയുടെ സഹായം തേടിക്കൊണ്ട് പ്രശ്നം പരിഹരിക്കാൻ ശ്രമിക്കുക. നാല്, ഇതൊന്നും പ്രായോഗികമാകുന്നില്ലെങ്കിൽ അവനെ വിജാതീയനെപ്പോലെയും ചുങ്കക്കാരനെപ്പോലെയും കരുതുക. ഭാരതീയധർമ്മമീമാംസയിലും തെറ്റ് ചെയ്യുന്നവനോട് ചതുരുപായങ്ങൾ — സാമം, ദാനം, ഭേദം, ദണ്ഡം — പ്രയോഗിക്കണമെന്നാണ് അനുശാസനം. ഈ വിധ ശ്രമങ്ങളുടെയെല്ലാം ലക്ഷ്യം ഒന്നേയുള്ളൂ, തെറ്റിലകപ്പെട്ടു പോകുന്നവരുടെ പുനരധിവാസവും വീണ്ടെടുപ്പുമാണ്. കുറ്റകൃത്യങ്ങൾ തടയാനുള്ള രാജ്യനിയമങ്ങളും അവ ലംഘിക്കുന്നവർക്കുള്ള ജയിൽശിക്ഷകളുമെല്ലാം പ്രശ്നപരിഹാരക്രിയകളാണ്. തിന്മപ്രവൃത്തികളിൽ ഏർപ്പെടുന്നവർ പരസ്പരം തിരുത്തേണ്ടതിന്റെയും അനുരഞ്ജനപ്പെടേണ്ടതിന്റെയും ഗൗരവസ്വഭാവമാണ് നോമ്പുകാലം നമ്മുടെ ശ്രദ്ധയിൽപ്പെടുത്തുന്നത്.


* ഫാ.ആന്റണി പൂതവേലിൽ

Advertisements

Leave a comment