ജോസഫ്: പെസഹാ രാത്രിയിൽ തെളിയുന്ന ഉണർവ്വുള്ള മുഖം

ജോസഫ് ചിന്തകൾ 115

ജോസഫ്: പെസഹാ രാത്രിയിൽ തെളിയുന്ന ഉണർവ്വുള്ള മുഖം

 
പെസഹാ ഭക്ഷണത്തിനു ശേഷം ഈശോ ശിഷ്യന്മാരോത്ത് ഗത്‌സേമനി എന്ന സ്‌ഥലത്തെത്തി പ്രാർത്ഥിക്കാനായി പോകുന്നു. ബലിയായി സ്വയം അർപ്പിക്കുന്നതിനു മുമ്പ് ശക്തി സംഭരിക്കാനാണ് ജാഗരണത്തിനായി ഈശോ അവിടേയ്ക്കു പോയത്. ജീവിതത്തിൻ്റെ നിർണ്ണായക നിമിഷങ്ങളിൽ ശിഷ്യന്മാരുടെ ഉണർവ്വാണ് ഗുരു പ്രതീക്ഷിക്കുന്നതെങ്കിലും സകലതും മറന്ന് അവർ ഉറങ്ങുന്നു. അവരോട് “ഒരു മണിക്കൂര് ഉണര്ന്നിരിക്കാന് നിങ്ങള്ക്കു കഴിഞ്ഞില്ലേ?” (മത്തായി 26 : 40) എന്ന ചോദ്യം ഈശോ ചോദിക്കുമ്പോൾ മുപ്പത്തിമൂന്നു വർഷം പിന്നിലേക്കു അവൻ്റെ ഓർമ്മ തിരിച്ചു നടന്നിരിക്കാം. ഒരു മണിക്കൂറല്ല ദിവസങ്ങളോളം ഉറക്കമുണർന്ന് തൻ്റെ സംരക്ഷണത്തിനു വേണ്ടി നിലകൊണ്ട തൻ്റെ വളർത്തു പിതാവിൻ്റെ മുഖം ഈശോയുടെ മനതാരിൽ തെളിഞ്ഞിരിക്കാം. കരുതലുള്ള മുഖം അവനെ ആശ്വസിപ്പിച്ചിരിക്കാം.
 
പെസഹാ രാത്രി പ്രാർത്ഥനയുടെ രാത്രിയാണ്. അതു കാവലിരിക്കേണ്ട രാത്രിയാണ്, ഉണർന്നിരിക്കേണ്ട രാത്രിയാണ്. ജിവിതത്തിൻ്റെ സങ്കീർണ്ണതകൾ ഒറ്റപ്പെടുത്തലുകൾ സമ്മാനിക്കുമ്പോൾ യൗസേപ്പിതാവിനെപ്പോലെ കൂടെ നിൽക്കാൻ ഒരാളുണ്ടായാൽ ഏതു പ്രതിസന്ധികളെയും തരണം ചെയ്യാൻ നമുക്കു സാധിക്കും.
 
വാഴ്ത്തപ്പെട്ട വില്യം ജോസഫ് ചാമിനാഡേ പറയുന്നതുപോലെ : “ദൈവ പിതാവ് സൃഷ്ടികൾക്കു മലുള്ള അധികാരം ആദവുമായി പങ്കുവച്ചതു പോലെ അവതരിച്ച വചനത്തിൻ മേലുള്ള അധികാരം യൗസേപ്പുമായി പങ്കു വയ്ക്കുന്നു.” ആദത്തിൻ്റെ കാര്യത്തിൽ ദൈവ പിതാവിൻ്റെ പ്രതീക്ഷ തെറ്റില്ലെങ്കിൽ യൗസേപ്പിൻ്റെ കാര്യത്തിൽ പൂർണ്ണ സംതൃപ്തിയായിരുന്നു. ഉണർവ്വോടെ ഉണർന്നിരുന്നാന്ന് യൗസേപ്പിതാവ് ദൈവ പിതാവിൻ്റെ ഭൂമിയിലെ പ്രതിനിധിയായത്. വലിയ ആഴ്ചയുടെ അതിവിശുദ്ധ ദിനങ്ങളിൽ യൗസേപ്പിതാവിനെപ്പോലെ ഈശോയോടൊത്തു ഉണർന്നിരിക്കാൻ നമുക്കു പഠിക്കാം.
 
ഫാ. ജയ്സൺ കുന്നേൽ mcbs
Advertisements

Author of the Content: Fr. Jaison Kunnel MCBS, Ludwig-Maximilians-Universität München
Source: – Official Facebook Page: https://www.facebook.com/jaison.alex.16/

Leave a comment