നോമ്പുകാലം ഇരുപതാം നൂറ്റാണ്ടിലെ വിശുദ്ധരൊപ്പം
നാൽപത്തി അഞ്ചാം ദിനം
“മറ്റുള്ളവരുടെ ശുശ്രൂഷക്കായി നിന്നെത്തന്നെ നഷ്ടപ്പെടുത്തുകയാണ് നിന്നെത്തന്നെ കണ്ടെത്താനുള്ള ഏറ്റവും നല്ലവഴി. “
വിശുദ്ധ അദിലാനോ ക്രൂസ് അൽവാരഡോ ( 1901 – 1928)
മെക്സിക്കോയിലെ ഗ്വാഡലഹാര എന്ന അതിരൂപതയിലെ ഒരു വൈദികനായിരുന്നു അദിലാനോ ക്രൂസ് അൽവാരഡോ. തിരുപ്പട്ട സ്വീകരണം ഒരു കുറ്റമായി മെക്സിക്കൻ ഭരണകൂടം പ്രഖ്യാപിച്ചിരുന്ന സമയത്തായിരുന്നു അദിലാനോ വൈദീകനായി അഭിഷിക്തനായത്. 1927 ജൂലൈ ഇരുപത്തിനാലാം തീയതിയായിരുന്നു തിരുപ്പട്ട സ്വീകരണം. പുരോഹിതനായി മാസങ്ങൾക്കു ശേഷം പട്ടാളക്കാർ വെട്ടിച്ചു കൊന്ന റോർബിയോ റോമോ ഗോണസാലസ് എന്ന വൈദീകനു പകരമായി ഇടവകയിൽ നിയമിതനായി . 1928 ജൂൺ മാസം 29 തീയതി ജസ്റ്റീനോ ഒറോണ എന്ന വൈദീകൻ്റെ അടുക്കൽ ഇടവക കാര്യങ്ങൾ ചർച്ച ചെയ്യാൻ എത്തിയതായിരുന്നു, അവർ പരസ്പരം പ്രാർത്ഥിക്കുകയും ഇടവക സജീവമാക്കുന്നതിനുള്ള പരിപാടികൾ ആസൂത്രണം ചെയ്യുകയുമായിരുന്നു. ജൂലൈ ഒന്നാം തീയതി പട്ടാളം ജസ്റ്റീനോ ഒറോണ അച്ചനെ വെടിവെച്ചുകൊന്നു. മറ്റാരു മുറിയിൽ മുട്ടുകുത്തി പ്രാർത്ഥിച്ചു കൊണ്ടിരുന്ന അദിലാനോ അച്ചനെയും ഭരണകൂട സൈനീകർ വെടിവെച്ചു കൊന്നു. 2000 മെയ് ഇരുപത്തി ഒന്നാം തീയതി ജോൺ പോൾ രണ്ടാമൻ പാപ്പ അദിലാനോയെ വിശുദ്ധനായി പ്രഖ്യാപിച്ചു.
വിശുദ്ധ അദിലാനോയോടൊപ്പം പ്രാർത്ഥിക്കാം.
വിശുദ്ധ അദിലാനോയേ, പ്രാർത്ഥിച്ചു കൊണ്ടിരിക്കുമ്പോൾ രക്തസാക്ഷിയായ നിൻ്റെ മാതൃക ഞങ്ങൾക്കു ധൈര്യം നൽകുന്നു. വിശ്വാസം പരസ്യമായി പ്രഘോഷിക്കാൻ വേണ്ട ധൈര്യം ലഭിക്കാനായി എനിക്കു വേണ്ടി ഈശോയോടു പ്രാർത്ഥിക്കണമേ. ആമ്മേൻ.
ഫാ. ജയ്സൺ കുന്നേൽ mcbs
Advertisements

Author of the Content: Fr. Jaison Kunnel MCBS, Ludwig-Maximilians-Universität München
Source: – Official Facebook Page: https://www.facebook.com/jaison.alex.16/