ഈസ്റ്റർ സന്ദേശം

* നോമ്പുകാല വിചിന്തനം – 46
വി. മത്തായി 28 : 1 – 6
* ഈസ്റ്റർ സന്ദേശം *


ഏതൻസിലെ അരെയോ പ്പാഗസ് മലമുകളിൽവച്ച് വി. പൗലോസ് അപ്പസ്തോലൻ നടത്തിയ വിശ്വവിഖ്യാതമായ ഒരു പ്രസംഗമുണ്ട്. അത് ഇപ്രകാരമാണ്; പ്രപഞ്ചത്തെയും അതിലുള്ള സകലത്തെയും സൃഷ്ടിച്ചവനും സ്വർഗ്ഗത്തിന്റെയും ഭൂമിയുടെയും കർത്താവുമായ ദൈവം മനുഷ്യനിർമ്മിതമായ ആലയങ്ങളിലല്ല വസിക്കുന്നത്. അവിടുത്തേക്ക് എന്തെങ്കിലും ആവശ്യമുണ്ടായിട്ടല്ല മനുഷ്യകരങ്ങളിൽനിന്ന് അവിടുന്നു ശുശ്രൂഷ സ്വീകരിക്കുന്നത്. കാരണം, അവിടുന്നുതന്നെയാണ് എല്ലാവർക്കും ജീവനും ശ്വാസവും മറ്റ് സകലതും പ്രദാനം ചെയ്യുന്നത്…… ഇപ്പോൾ എല്ലായിടത്തുമുള്ള സകല ജനങ്ങളും പശ്ചാത്തപിക്കണമന്ന് അവിടുന്ന് ആജ്ഞാപിക്കുന്നു. എന്തെന്നാൽ, താൻ നിയോഗിച്ചിരിക്കുന്ന ഒരു മനുഷ്യൻവഴി ലോകത്തെ മുഴുവൻ നീതിയോടെ വിധിക്കാൻ അവിടുന്ന് ഒരു ദിവസം നിശ്ചയിച്ചിരിക്കുന്നു. ആ മനുഷ്യനെ മരിച്ചവരിൽനിന്ന് ഉയിർപ്പിച്ചുകൊണ്ട് അവിടുന്നു ഇതിനു ഉറപ്പു നൽകിയിട്ടുണ്ടു്. (Acts 17: 24,25,30,31). ഈ പ്രസംഗം കേട്ടുകൊണ്ടിരുന്നവരിൽ ചിലർ വി. പൗലോസിനെ പരിഹസിച്ചു. വേറെ ചിലർ നിന്നിൽനിന്ന് ഞങ്ങൾ പിന്നീട് ഒരിക്കൽ കേട്ടുകൊള്ളാം എന്നുപറഞ്ഞു. കുറേപ്പേർ അവനോട് ചേർന്ന് വിശ്വാസം സ്വീകരിച്ചു. നമ്മുടെ കർത്താവിന്റെ ഉയിർപ്പിനെക്കുറിച്ച് കേട്ടവരുടെ പ്രതികരണങ്ങൾ വ്യത്യസ്തമായിരുന്നിട്ടും പൗലോസ് അപ്പസ്തോലൻ തന്റെ നിലപാടിൽനിന്ന് ലവലേശം വ്യതിചലിച്ചില്ല എന്നത് ശ്രദ്ധേയമാണ്. ക്രിസ്തു പുനരുത്ഥാനം ചെയ്തില്ലെങ്കിൽ ഞങ്ങളുടെ പ്രസംഗവും നിങ്ങളുടെ വിശ്വാസവും അർത്ഥരഹിതമാണെന്നും മരിച്ചവർ പുനരുത്ഥാനം ചെയ്യുകയില്ലെങ്കിൽ ക്രിസ്തു പുനരുത്ഥാനം ചെയ്തിട്ടേയില്ല (1 Cor.15:14-16) എന്ന് അദ്ദേഹം അസന്നിഗ്ധമായി പ്രഖ്യാപിക്കുകയാണുണ്ടായത്. വി. പൗലോസിന്റെ ഈ ഉറച്ച ബോധ്യമാണ് ക്രിസ്തുവിന്റെ പുനരുത്ഥാനം ക്രിസ്തീയ വിശ്വാസസംഹിതയുടെയും സഭയുടെ നിലനില്പിന്റെയും ആണിക്കല്ലും അടിസ്ഥാനശിലയുമായിത്തീർന്നത്.

ക്രിസ്തുവിന്റെ പുനരുത്ഥാനത്തെക്കറിച്ച് ചിന്തിക്കുമ്പോൾ അതു് നമ്മിൽ ഉണർത്തിവിടുന്ന ചില വെല്ലുവിളികളുണ്ട്. ആ വെല്ലുവിളികൾക്ക് സ്വജീവിതംകൊണ്ട് സാർത്ഥകമായ മറുപടി നൽകാനായാൽ ഈ തിരുനാളാഘോഷം സമുചിതമാകും. മനുഷ്യത്വം നിഷേധിക്കപ്പെട്ട മനുഷ്യരുടെയിടയിലായിരുന്നു യേശു പ്രവർത്തന നിരതനായിരുന്നത്. അവരോട് പക്ഷംചേർന്നു കൊണ്ട് അവരുടെ മോചനത്തിനുവേണ്ടി യേശു സ്വീകരിച്ച ചരിത്ര നിലപാടുകൾക്ക് ലഭിച്ച സമ്മാനമാണ് അവിടുത്തെ കുരിശുമരണം. യേശു വിഭാവനംചെയ്ത ആത്മീയതയുടെ ആവിഷ്ക്കാരം മുറിവേല്ക്കപ്പെടുന്ന സ്വഭാവമുള്ളതായിരുന്നു. ആ മുറിവേൽക്കൽ പുനരുത്ഥാനത്തിന്റെ നാന്ദിയാണെന്ന ചിന്തയോടെ ചരിത്രത്തിൽ നിലനിൽക്കുന്ന തിന്മയുടെയും മരണത്തിന്റെയും ശക്തികൾക്കെതിരെ വെല്ലുവിളികൾ ഉയർത്തി വിജയം നേടുകയാണ് വേണ്ടതെന്ന് കർത്താവിന്റെ ഉത്ഥാനം നമ്മെ പഠിപ്പിക്കുന്നു. ആ ശക്തി ആഗോളവത്ക്കരണത്തിന്റെയോ വർഗ്ഗീയതയുടെയോ, രാഷ്ട്രീയ ഏകാധിപത്യത്തിന്റെയോ സാമൂഹ്യതിന്മകളുടെയോ, ചൂഷണത്തിന്റെയോ അഴിമതിയുടെയോ ധൂർത്തിന്റെയോ ഒക്കെ ആകാം. ആദിമസഭ അക്കാലത്തെ അധികാര കേന്ദ്രങ്ങളെ വെല്ലുവിളിച്ചു കൊണ്ടാണ് ഉയിർപ്പിന്റെ പ്രഖ്യാപനം നടത്തിയത്. പന്തക്കുസ്തദിനത്തിൽ പത്രോസ് ശ്ലീഹ യഹൂദ ജനതയോടു പറഞ്ഞു: നിങ്ങൾ കുരിശിൽ തറച്ച യേശുവിനെ ദൈവം ഉയിർപ്പിച്ചു. ദൈവം അവനെ കർത്താവും ക്രിസ്തുവുമാക്കി ഉയർത്തി (Acts 2: 32,36). പത്രോസും യോഹന്നാനും സാൻഹെദ്രിൻ സംഘത്തോട് പ്രതികരിച്ച തിങ്ങനെയാണ്; ദൈവത്തേക്കാളുപരി നിങ്ങളെ അനുസരിക്കുന്നതു ദൈവസന്നിധിയിൽ ന്യായമാണോ? (Acts 4:19) മനുഷ്യരേക്കാൾ ദൈവത്തെയാണ് അനുസരിക്കേണ്ടത് (Acts 5:29) കുരിശിന്റെയും ഉയിർപ്പിന്റെയും ആത്മീയത എന്നു പറയുന്നത് പോരാട്ടത്തിന്റെയും സഹനത്തിന്റെയും ആത്മീയതയെ ഉൾക്കൊള്ളുക എന്നതാണ്. ഹിറ്റ്ലറിന്റെ കിരാതഭരണത്തെ എതിർത്തതുമൂലം തടവിലാക്കപ്പെട്ടു കൊലമരത്തിലേക്ക് പോകുമ്പോൾ ജർമ്മൻ വേദപണ്ഡിതനും ദാർശനികനുമായ ബോൺ ഹോഫർ പറഞ്ഞത്” നിങ്ങൾക്ക് ഇതൊരു അന്ത്യമാകാം. എനിയ്ക്കാകട്ടെ അതിമഹത്തായൊരു ആരംഭമാകുന്നു” എന്നാണ്. ഇപ്രകാരം മരണത്തെ വെല്ലുവിളിക്കാൻ അദ്ദേഹത്തിനു ശക്തി നൽകിയതു കർത്താവിന്റെ ഉയിർപ്പിലുള്ള അചഞ്ചലമായ വിശ്വാസമാണ്.

ഏവർക്കും ഉയിർപ്പുതിരുനാളിന്റെ മംഗളങ്ങൾ നേരുന്നു.

ഫാ. ആന്റണി പൂതവേലിൽ

Advertisements

Advertisement

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s