ജോസഫ് തൊഴിലാളികളുടെ മദ്ധ്യസ്ഥൻ

ജോസഫ് ചിന്തകൾ 144

ജോസഫ് തൊഴിലാളികളുടെ മദ്ധ്യസ്ഥൻ

 
തൊഴിലിൻ്റെ മഹത്വവും, തൊഴിലാളികളുടെ ആത്മാഭിമാനവും വിളിച്ചോതുന്ന മെയ് മാസപ്പുലരിയിൽ യൗസേപ്പിതാവായിരിക്കട്ടെ നമ്മുടെ വഴികാട്ടി. കമ്മ്യൂണിസ്റ്റ് ഭരണകൂടത്തിൻ്റെ മെയ്ദിന ആഘോഷങ്ങൾക്കു ഒരു പ്രത്യുത്തരം എന്ന നിലയിൽ തൊഴിലാളിയായ വിശുദ്ധ യൗസേപ്പിതാവിനോടുള്ള ഭക്തി കത്തോലിക്കരുടെ ഇടയിൽ പ്രചരിപ്പിക്കുന്നതിനായി പന്ത്രണ്ടാം പീയൂസ് മാർപാപ്പയാണ് 1955 ൽ തൊഴിലാളികളുടെ മദ്ധ്യസ്ഥനായ യൗസേപ്പിതാവിൻ്റെ തിരുനാൾ തിരുസഭയിൽ ആരംഭിച്ചത്. തൊഴിലിന്റെ മഹാത്മ്യവും, സാമൂഹിക – സംസ്കാരിക ജീവിതത്തിൽ പാലിക്കേണ്ട നിയമങ്ങളും, മനുഷ്യാവകാശങ്ങളും ഉത്തരവാദിത്ത്വങ്ങളും വിശുദ്ധ യൗസേപ്പിന്റെ മാതൃകയിലൂടെയും മാദ്ധ്യസ്ഥതയിലൂടെയും സഭ ഇന്നേ ദിനം ലോകത്തോടു തുറന്നു പറയുന്നു.
 
ഉൽപത്തി പുസ്തകത്തിൻ്റെ ആരംഭത്തിൽ മനുഷ്യ അധ്വാനത്തിൻ്റെ മഹത്വം ദൈവത്തിൻ്റെ സൃഷ്ടികർമ്മത്തിൽ പങ്കെടുക്കുന്നതായാണ് അവതരിപ്പിച്ചിരിക്കുന്നത്. ഏദന്തോട്ടം കൃഷിചെയ്യാനും സംരക്‌ഷിക്കാനും ദൈവമായ കര്ത്താവ്‌ മനുഷ്യനെ അവിടെയാക്കി (ഉല്പത്തി 2 : 15 ) എന്ന വചനം ഈ ദർശനത്തിലേക്കാണ് വിരൽ ചൂണ്ടുന്നത്.
 
ദൈവപുത്രനും ദൈവപുത്രൻ്റെ വളർത്തു പിതാവും ഒരു തൊഴിലാളിയായിരുന്നു എന്നതാണ് തൊഴിലാളിയുടെ ഏറ്റവും വലിയ മഹത്വം. അങ്ങനെ വരുമ്പോൾ തൊഴിലിനെയും തൊഴിലാളിയേയും പുച്ഛിക്കുന്നവർ ഈശോയേയും യൗസേപ്പിതാവിനെയുമാണ് നിന്ദിക്കുകയും അവഹേളിക്കുകയും ചെയ്യുന്നത് .യൗസേപ്പിതാവിൻ്റെ മരപ്പണിശാലയിൽ നിന്നു പഠിച്ച അധ്വാനത്തിൻ്റെ ജീവിത പാഠങ്ങളിലൂടെയാണ് ഈശോ സാധാരണ മനുഷ്യരോടു സംവദിച്ചതും അവർക്കു വേണ്ടി നിലകൊണ്ടതും.
 
തൊഴിൽ ഒരു മനുഷ്യൻ്റെ അന്തസ്സിൻ്റെ അടിസ്ഥാനമാണ്.തൊഴിലാളികളുടെ മദ്ധ്യസ്ഥനായ യൗസേപ്പിതാവിൻ്റെ തിരുനാൾ ദിനത്തിൽ നമുക്കും മനുഷ്യൻ്റെ അന്തസ്സുയർത്തുന്ന എല്ലാത്തരം തൊഴിലിനെയും വിലമതിക്കാം അധ്വാനത്തെ മനോഹരമാക്കാം.
 
തൊഴിലാളികളുടെ മദ്ധ്യസ്ഥനായ വിശുദ്ധ യൗസേപ്പിതാവിനോടു നമുക്കു പ്രാർത്ഥിക്കാം
 
തൊഴിലാളികളുടെ മദ്ധ്യസ്ഥനായ യൗസേപ്പിതാവേ, തൊഴിലിനെയും തൊഴിലാളികളുടെ അന്തസ്സിനെയും മാനിക്കാൻ ഞങ്ങളെ സഹായിക്കണമേ.
 
ന്യായമായ വേതനമില്ലാത്ത തൊഴിലാളികളെയും, സുരക്ഷിതമില്ലാത്ത ചുറ്റുപാടുകളിൽ ജോലി ചെയ്യുന്ന തൊഴിലാളികളെയും അറിയുവാനും ശ്രദ്ധിക്കുവാനും ഞങ്ങളെ പഠിപ്പിക്കണമേ.
 
തൊഴിലാളികൾക്കായുള്ള നീതിക്കായി ശബ്ദമുയർത്താനും അന്തസ്സോടെയുള്ള തൊഴിലവസരങ്ങൾ സൃഷ്ടിക്കാനും ഭരണകൂടങ്ങളെയും അവരുടെ പ്രതിനിധികളെയും സഹായിക്കണമേ.
 
നീ നിൻ്റെ മകനെ തൊഴിലിൻ്റെ മഹത്വവും അധ്വാനത്തിൻ്റെ സന്തോഷവും നന്നായി പഠിച്ചതു പോലെ ഞങ്ങളെയും അവ പഠിപ്പിക്കണമേ.
 
ഓരോ ദിവസവും ജോലിയെ അഭിമുഖീ കരിക്കുമ്പോൾ ഞങ്ങളുടെ ശക്തിയും പ്രതിബദ്ധതയും നവീകരിക്കണമേ, അതുവഴി എല്ലാവരുടെയും നന്മയ്ക്കായി അധ്വാനിക്കാൻ ഞങ്ങൾക്കു കഴിയട്ടെ.
 
ആമ്മേൻ
 
ഫാ. ജയ്സൺ കുന്നേൽ mcbs
Advertisements

Author of the Content: Fr. Jaison Kunnel MCBS, Ludwig-Maximilians-Universität München
Source: – Official Facebook Page: https://www.facebook.com/jaison.alex.16/

Leave a comment