ഡോക്ടറായ സെറീന്‍ വിന്‍സെന്റ് സന്യാസജീവിതത്തിലേക്ക് ചുവടുവച്ചു

ഡോക്ടറായ സെറീന്‍ വിന്‍സെന്റ് ദൈവത്തിന്റെ ആഹ്വാനം കേട്ട് സന്യാസജീവിതത്തിലേക്ക് ചുവടുവച്ചു. വിസ്മയകരമായ ആ കഥ കേള്‍ക്കൂ…

Dr Serine Vincent

ഡോ. സെറീന്‍ എന്തുകൊണ്ട് രോഗികളെ ചികിത്സിക്കുന്നില്ല?
കുടുംബത്തിലൊരു ലേഡി ഡോക്ടര്‍. ഡോ. സെറീന്‍ വിന്‍സന്റ്. അത്തരമൊരു സ്വപ്‌നത്തിലായിരുന്നു ഇരിങ്ങാലക്കുട കത്തീഡ്രല്‍ ഇടവകയിലെ നെയ്യന്‍ വിന്‍സന്റും ഭാര്യ ആനിയും. മൂന്നു മക്കളില്‍ ഇളയവളായ സെറീന്‍ ഡോക്ടറാവുന്നതില്‍ ഏറെ സന്തോഷിച്ചു ചേച്ചി സോനയും ചേട്ടന്‍ അരുണും. പക്ഷേ, ഡോക്ടറാവാനുള്ള എംബിബിഎസ് പഠനത്തിന്റെ മൂന്നാം വര്‍ഷത്തിനിടയില്‍ ഒരു ദിവസം ദിവ്യസക്രാരിക്കു മുന്നില്‍ പ്രാര്‍ഥിച്ചുകൊണ്ടിരുന്ന സെറീന്‍ ശരിക്കും ഉള്ളിലെവിടെയോ മുഴങ്ങിയ ആ ശബ്ദം കേട്ടു; ‘കുഞ്ഞേ, നീ എന്റേതാണ്’. അതൊരു തോന്നലാകാം – അവള്‍ കണക്കുകൂട്ടി. എങ്കിലും, ആ സ്വരം? ചാലാക്കയിലെ മെഡിക്കല്‍ കോളജിലായിരുന്നു അന്നു ആ മെഡിക്കല്‍ വിദ്യാര്‍ഥി.

2010 ല്‍ എംബിബിഎസിനു ചേര്‍ന്ന സെറീന്‍ 2014 ലെ സ്റ്റഡി വെക്കേഷനില്‍ ചിറ്റൂരില്‍ ധ്യാനം കൂടി. തന്നെ ദൈവവചനം പിന്തുടരുന്നതിനെപ്പറ്റി അന്നവള്‍ ധ്യാനകേന്ദ്രത്തിലെ വൈദികനുമായി സംസാരിച്ചു. അദ്ദേഹം പറഞ്ഞു: പഠനം തുടരുക; എന്നിട്ട് ആലോചിച്ചാല്‍ മതി. 2015 ല്‍ പഠനം പൂര്‍ത്തിയായി; പിന്നീട് ഹൗസ് സര്‍ജന്‍സിയും. അതോടെ വിവാഹാലോചനകള്‍ മുറുകി. ഇനി വച്ചുനീട്ടാനാവില്ല. സെറീന്‍ സിസ്റ്ററാവാനുള്ള ആഗ്രഹം അമ്മയോടു പറഞ്ഞു. അമ്മ വഴി അപ്പച്ചനും സഹോദരങ്ങളും അറിഞ്ഞു. സ്വാഭാവികമായും അവര്‍ക്കൊക്കെ അതൊരു ആഘാതമായിരുന്നു. പഠനത്തിലും പാഠ്യേതര കാര്യങ്ങളിലും സമര്‍ഥയും ചുറുചുറുക്കുമുള്ള സെറീന്‍ ഇങ്ങനെയൊരു ചുവടുമാറ്റം നടത്തുമെന്ന് ഒരിക്കലും അവര്‍ വിചാരിച്ചിരുന്നില്ല. പക്ഷേ, ദൈവം വിരല്‍ ചൂണ്ടി ‘നീയെന്റേതാണെന്ന്’ പറഞ്ഞുകഴിഞ്ഞ തങ്ങളുടെ മകളുടെ വഴിയില്‍ വിലങ്ങിടാന്‍ വിന്‍സന്റും ആനിയും നിന്നില്ല; അവരും സെറീന്റെ സഹോദരങ്ങളും ദൈവഹിതത്തിനു മുന്നില്‍ തല കുനിക്കുകയായിരുന്നു.

2018 ഹൗസ് സര്‍ജന്‍സി പൂര്‍ത്തിയായപ്പോള്‍, സെറീന്റെ തീരുമാനവും അന്തിമഘട്ടത്തിലെത്തി. ചാലക്കുടി ധന്യ ആശുപത്രിയില്‍ അന്നുണ്ടായിരുന്ന സിസ്റ്റര്‍ ബെറ്റ്‌സിയുമായുള്ള ആലോചന സെറീന് ആത്മധൈര്യം പകര്‍ന്നു. അങ്ങനെ 2018 ഓഗസ്റ്റില്‍ ഹോളി ഫാമിലി സന്യാസിനീ സമൂഹത്തില്‍ അവള്‍ ചേര്‍ന്നു. ഇപ്പോള്‍ പാലക്കാട് മൈലംപുള്ളിയില്‍ നൊവിഷ്യേറ്റില്‍ താന്‍ ആഗ്രഹിച്ച ‘കരുണാര്‍ദ്ര സ്‌നേഹ’ത്തിന്റെ സ്‌നേഹതീരത്ത് സന്യാസ ജീവിതത്തിന്റെ ആദ്യപാഠങ്ങള്‍ ഹൃദിസ്ഥമാക്കുകയാണ് സെറീന്‍.

ഇടവക പള്ളിയില്‍ ഗായക സംഘത്തോടൊപ്പം പാടുമായിരുന്ന സെറീന്‍ എട്ടാം ക്ലാസുവരെ കുടുംബത്തോടൊപ്പം സൗദിയിലായിരുന്നു. 2003 ല്‍ കുടുംബം നാട്ടില്‍ തിരിച്ചെത്തി. പന്ത്രണ്ടാം ക്ലാസുവരെ ഭാരതീയ വിദ്യാഭവനില്‍ വിദ്യാര്‍ഥിയായി. ചാലാക്ക മെഡിക്കല്‍ കോളജില്‍ മെറിറ്റില്‍ സീറ്റു ലഭിച്ചാണ് എംബിബിഎസിനു ചേര്‍ന്നത്.
സിസ്റ്ററാവാനുള്ള അന്തിമ തീരുമാനം സെറീന്‍ അറിയിച്ചപ്പോള്‍, വിങ്ങുന്ന നൊമ്പരം ഉള്ളിലൊതുക്കി മാതാപിതാക്കളും സഹോദരങ്ങളും അവളെ ഗാഢാലിംഗനത്തില്‍ ചേര്‍ത്തുപിടിച്ചു. സെറീന്‍ പറയുന്നു, പപ്പയും മമ്മിയും ചേച്ചിയും ചേട്ടനും പൂര്‍ണമായി പിന്തുണച്ചു. യാത്ര പറഞ്ഞിറങ്ങുമ്പോള്‍ പപ്പയുടെ കണ്‍കോണുകളില്‍ കണ്ട കണ്ണീര്‍ തുള്ളിയില്‍ സ്‌നേഹത്തിന്റെ ഒരു കടലാഴം അവള്‍ കണ്ടു…

ഡോക്ടര്‍ പഠനം വെറുതെയായോ? എന്ന ചോദ്യത്തിന് സെറീന് വ്യക്തമായ ഉത്തരമുണ്ട്: ഇനി ഈശോ ആഗ്രഹിക്കുന്നത് ചെയ്യും. പാവങ്ങള്‍ക്കുവേണ്ടി കരുണാപൂര്‍വമായ സേവനം. എവിടെയായാലും അതാണെന്റെ ആഗ്രഹം. അതില്‍ കൂടുതലൊന്നുമില്ല.
അല്ലെങ്കിലും, യേശു പേരുചൊല്ലി വിളിക്കുമ്പോള്‍ കൂടെപ്പോകാന്‍ മറ്റെന്ത് വ്യവസ്ഥകളാണ് നമുക്ക് എടുത്തുകാട്ടാനുള്ളത്? നേട്ടങ്ങള്‍ വീശിപ്പിടിക്കാനുള്ള വലകള്‍ ഉപേക്ഷിച്ചു ആ കാല്‍പ്പാടുകള്‍ പിന്തുടരുകയല്ലാതെ?

കടപ്പാട്: കേരളസഭ

Advertisements

Leave a comment