പുലർവെട്ടം 468

{പുലർവെട്ടം 468}

 
സാമാന്യം ബൃഹത്തായ ഒരു പുസ്തകമാണ് ബൈബിൾ.അതിൻ്റെ കൃത്യം നടുവിലെ വരിയെക്കുറിച്ച് ഒരു കൗതുകവിശേഷം പറഞ്ഞുകേട്ടിട്ടുണ്ട്.വിവിധ സമൂഹങ്ങൾ ഉപയോഗിക്കുന്ന അതിന്റെ പതിപ്പുകളിൽ ഏകീകരണം ഇല്ലാത്തിടത്തോളം കാലം അതിലൊരു ഉറപ്പ് പറയുക എളുപ്പമല്ല.എങ്കിലും പൊതുവേ പറയപ്പെടുന്ന നൂറ്റിപ്പതിനെട്ടാം സങ്കീർത്തനം എട്ടാം വാക്യത്തിൽ ഒരു കാവ്യനീതിയുണ്ട്: It is better to take refuge in the Lord, than to trust in human.അതാണ് അതിന്റെ ശരി.മനുഷ്യരിൽ അഭയം തേടുന്നതിനേക്കാൾ ആകാശങ്ങളിലേക്ക് മിഴിയും കരങ്ങളും ഉയർത്തുകയെന്നത്.
 
അവിടേയ്ക്കാണ് സമാശ്വാസത്തിനായി എല്ലാക്കാലത്തും മനുഷ്യർ ഉറ്റുനോക്കിയിരുന്നത്.തോമസ് മൂർ(1779-1852) എന്ന ഐറിഷ് കവിയെ ഓർക്കുക.അഞ്ച് കുട്ടികളുണ്ടായിരുന്നു.അവരിൽ മൂന്ന് പെൺകുട്ടികളും ചെറുപ്പത്തിൽതന്നെ മരണമടഞ്ഞു.അവശേഷിക്കുന്ന രണ്ടുപേർ യൗവ്വനാരംഭത്തിലും.ഒരാൾ യുദ്ധഭൂമിയിൽ വച്ചാണ് മരണപ്പെടുന്നത്.പെൺകുട്ടികളുടെ അകാല വേർപിരിയലിനു ശേഷമാണ് അയാൾ ഇങ്ങനെ കുറിച്ചത്: Earth has no sorrow that heaven cannot heal.ആകാശത്തിന് ശമിപ്പിക്കാവുന്ന ക്ഷതങ്ങളേയുള്ളൂ ഈ നീലഗ്രഹത്തിന് താഴെ.
 
ഒരർത്ഥത്തിൽ ആകാശങ്ങളിലിരിക്കുന്ന ഞങ്ങളുടെ പിതാവേ എന്ന സംബോധന അസാധാരണമായ ഒരു സ്വാതന്ത്ര്യ പ്രഖ്യാപനം കൂടിയാണ്.ഭൂമിയിലുള്ള ഒന്നും അതിന്റെ നുകം കൊണ്ട് ഞങ്ങളുടെ ചുമല് തകർക്കരുത് എന്നൊരു ദൃഢനിശ്ചയം ഉണ്ടതിൽ.ഭൂമിയിൽ ആരെയും നിങ്ങൾ പിതാവേ എന്നോ പ്രഭുവെന്നോ ഗുരുവെന്നോ വിളിക്കരുതെന്നും മറ്റൊരിടത്ത് അയാൾ കൂട്ടിച്ചേർക്കുന്നു.ചെറിയ മനുഷ്യർക്കും അവരുടെ അതിനേക്കാൾ ചെറിയ ശാഠ്യങ്ങൾക്കും സദാ വിധേയപ്പെട്ട് തെക്കോട്ട് മടങ്ങുകയാണ് ശരാശരി നരജീവിതത്തിൻ്റെ തലവര.
 
ക്ഷേത്രാരാധനയ്ക്കെത്തുമ്പോൾ തലപ്പാവും ചെരുപ്പുമണിഞ്ഞ് ശിരസ്സുയർത്തി നിൽക്കണമെന്ന് ശഠിച്ച ഒരാൾ ഈ ദേശത്തുണ്ടായിരുന്നു.മുടിചൂടും പെരുമാളെന്നാണ് അച്ഛനമ്മമാർ അയാൾക്ക് കൊടുത്ത പേര്.മേൽത്തട്ടിലുള്ള മനുഷ്യരുടെ ഉപഹാസവും സമ്മർദ്ദവും താങ്ങാനാവാതെ വൈകാതെ മുത്തുക്കുട്ടി എന്ന് പേര് മാറി വിളിക്കേണ്ടി വന്നു.അയ്യാവഴി (Path of the father) എന്നൊരു ആത്മീയ മാർഗ്ഗം ആരംഭിച്ച വൈകുണ്ഠസ്വാമികളാണത്.പലയിടങ്ങളിലായി കൂനിപ്പോയ മനുഷ്യർക്ക് എവിടെയെങ്കിലും നേരെ നില്ക്കണ്ടേ?ദൈവസങ്കല്പങ്ങളെ കണ്ണുപൊട്ടുന്ന അസഭ്യം പറയുന്ന ചില ആചാരയിടങ്ങളുമായി ബന്ധപ്പെട്ടും അത്തരമൊരു വായന കിട്ടിയിട്ടുണ്ട്.നിരന്തരം പുലഭ്യം കേട്ടിരുന്ന, കീടജീവിതമെന്ന് മുദ്രചെയ്യപ്പെട്ടിരുന്ന മനുഷ്യർ ചിലമ്പണിഞ്ഞ്,ചെമ്പട്ടുടുത്ത് നടയിലേക്ക് ഉറഞ്ഞെത്തുകയാണ്.അവിടെയവർ ദൈവത്തെപ്പോലെ ഒരു മാത്രയെങ്കിൽ ഒരു മാത്ര ഉന്നതശീർഷരാവുന്നു.
 
പള്ളിക്കൂടത്തിൽ നിന്ന് നിറംമങ്ങാത്ത ഒരോർമ്മയുണ്ട്.സ്കൂളിൻ്റെ വാർഷികാഘോഷമായിരുന്നു.ഉദ്ഘാടകൻ ഇങ്ങനെയാണ് പറഞ്ഞു തുടങ്ങിയത്: ഈശ്വരപ്രാർത്ഥന എന്ന് യോഗാരംഭത്തിൽ അനൗൺസ് ചെയ്തു കേട്ടു.പ്രാർത്ഥനയ്ക്കെന്തിനാണ് ഈശ്വരനെന്ന വിശേഷണം?
 
നേരെ നിൽക്കുകയാണ് പ്രധാനം.പരിണാമത്തിലെ ആ നിർണ്ണായക ചുവടുപോലെ.Homo ereptus .അതിന്ശേഷമാണ് ബുദ്ധിമാനായ മനുഷ്യനുണ്ടായത്- ഹോമോസാപിയൻസ്.
 
– ബോബി ജോസ് കട്ടികാട്
Advertisements

Pularvettom, Morning Reflection / Meditational Morning Message Series by Fr Bobby Jose Kattikadu OFM Cap.
Source: – Official Facebook Page: https://www.facebook.com/pularvettam.book/

Leave a comment