പുലർവെട്ടം 476

{പുലർവെട്ടം 476}

 
“I said to the almond tree, ‘Sister, speak to me of God.’ And the almond tree blossomed.”
― Nikos Kazantzakis, Report to Greco
 
സ്തോത്ര സങ്കീർത്തനങ്ങൾ കൊണ്ട് ഒരു തെരുവ് മുഖരിതമാവുമ്പോൾ വിചിത്രമായ ഒരാവശ്യമാണ് അവർക്കുണ്ടായിരുന്നത് : അവരോട് നിശ്ശബ്ദരാവാൻ. ഉള്ളിൽ സംഗീതമില്ലാത്ത മനുഷ്യരിലൊക്കെ ഒരു അപകടകാരി ഒളിഞ്ഞുകിടപ്പുണ്ട്. അയാളിൽ സംഗീതമില്ല അതുകൊണ്ട് അയാൾ അപകടകാരിയാണ് എന്നതായിരുന്നു കാഷ്യസിനെക്കുറിച്ചുള്ള സീസറിന്റെ കണ്ടെത്തൽ. അമ്യൂസിയ എന്നൊരു രോഗാതുരതയൊഴിച്ചാൽ ആരെക്കുറിച്ചും അനുമാനിക്കാവുന്ന ലളിതമായൊരു കാര്യമാണത്. കീർത്തനങ്ങൾ വിലക്കാനാവശ്യപ്പെട്ട അവരോട് അയാൾ ഇങ്ങനെയാണ് പറഞ്ഞത്: “ഇവർ നിശ്ശബ്ദരാവുകയാണെങ്കിൽ ഈ കല്ലുകൾ ഓശാന പാടും.
 
അക്ഷരാർത്ഥത്തിൽ മനസ്സിലാക്കേണ്ട ഒന്നാണിതെന്ന് ആരും കരുതുന്നില്ല.hyperbole എന്ന് ഭാഷാപഠനത്തിലും gigantsque എന്ന് ബൈബിൾ പാഠങ്ങളിലും പറയുന്ന, ഓരോന്നിനെയും പർവ്വതീകരിക്കുന്ന ആ പുരാതനരീതിയാണിത്. അവൻ മരിച്ചപ്പോൾ താനേ പിളർന്ന പാറകളുടെ വൃത്താന്തത്തെ ഈ വരികളുമായി ചിലർ ചേർത്തുവായിച്ച് കാണുന്നു.
 
ആശയം സുവ്യക്തമാണ്. സദാ കീർത്തനങ്ങൾ പാടാനുള്ള തൻ്റെ കടമ മനുഷ്യർ എന്തുകൊണ്ട് മറന്നുപോകുന്നുവെന്ന ധ്വനി തന്നെയാണ് അതിന്റെ സാരം. നിരന്തരമായ പരാതിയാണ് ശരാശരി മനുഷ്യൻ്റെ രീതി. മഴയത്ത് തൻ്റെ പപ്പടക്കാരി മകളെക്കുറിച്ചും വെയിലത്ത് തന്റെ പൂക്കാരി മകളെക്കുറിച്ചും കരഞ്ഞുകൊണ്ടിരിക്കുന്ന ബുദ്ധകഥയിലെ വൃദ്ധയെപ്പോലെ.
 
പുതിയൊരു പ്രാപഞ്ചികബോധത്തിലേക്കുള്ള ക്ഷണമായി അതിനെ കണ്ടെത്തുന്നതും നമുക്ക് നല്ലതാണ്. മനുഷ്യൻ്റെ ഈശ്വരാന്വേഷണങ്ങളുടെ അചേതനമായ ഒരു അരങ്ങായിട്ട് മാത്രം ഭൂമിയെ ആചാര്യന്മാർ പരിമിതപ്പെടുത്തിയില്ല. ഒരു ഭാരതീയ ബോധത്തിന് അതിലിത്ര അതിശയകരമായി എന്തെങ്കിലും തോന്നേണ്ട ബാധ്യതയില്ല. പഞ്ചഭൂതങ്ങളെ ഓർക്കുക-ആകാശം, ഭൂമി, വായു, ജലം, അഗ്നി. അവയെല്ലാം അതിൽത്തന്നെ മനുഷ്യൻ്റെ ആന്തരിക ഭാവനയെ ശുദ്ധീകരിക്കുകയും സ്ഫുടം ചെയ്യുകയും സുഗന്ധം പകരുകയും ചെയ്യുന്നു.
 
ഒറ്റയ്ക്ക് ഒന്നിനും ഏറെ നാൾ നിലനിൽക്കാനാവില്ല എന്ന ബോധം കുറേക്കൂടി ഉത്തരവാദിത്തമുള്ള ഒരു ഹരിത ആത്മീയതയ്ക്ക് വഴിമാറും. സർവ്വ സൃഷ്ടികളും ഈ ഗാനാലാപത്തിൽ പങ്കുചേരുന്നു എന്ന ബോധം ആദരവിന്റെ ഒരു നവീന പാഠമാകും.”ഒരു പുൽനാമ്പുലയുമ്പോൾ ഒരു നക്ഷത്രം ഉലഞ്ഞത് നീ കണ്ടില്ലേ” എന്ന ബുദ്ധ ആചാര്യൻ്റെ ചോദ്യത്തിന് മുൻപിൽ മനുഷ്യൻ്റെ പ്രാപഞ്ചിക വിചാരങ്ങൾക്ക് ജ്ഞാനസ്നാനം ഉണ്ടാകും. ഈ വിചാരങ്ങൾക്കിടയിൽ നാം മറന്നുപോയേക്കാവുന്ന ആ പാരസ്പര്യത്തിൻ്റെ കണ്ണികളെ ഓർമ്മിപ്പിക്കാനാണ് പ്രപഞ്ചവൃക്ഷം (Cosmic tree) എന്നൊരു സങ്കല്പം, നമ്മുടെ ബോധത്തിൽ ആലേഖനം ചെയ്യുവാൻ അവർ ശ്രദ്ധിച്ചത്. ഞാൻ മുന്തിരിവള്ളിയും നിങ്ങൾ അതിന്റെ ശാഖകളാണെന്നുമൊക്കെയുള്ള ക്രിസ്തുമൊഴിയിൽ അതിന്റെ മുഴക്കമുണ്ട്. നമുക്കിടയിൽ ഒരേ ജീവരസത്തിൻ്റെ പുഴയൊഴുകുന്നു. പൊൻപയർമണിയെന്നു കരുതി തന്നെ വിഴുങ്ങാനാഞ്ഞ വാനമ്പാടിയോട് നിനക്ക് പാട്ട് നൽകിയ അതേ കരങ്ങൾ തന്നെയാണ് എനിക്ക് വെളിച്ചവും നൽകിയതെന്ന് മിന്നാമിന്നി പറഞ്ഞത് അതുകൊണ്ടാണ്.
 
അഗാധമായ അത്തരമൊരു പ്രാപഞ്ചികബോധം പുലർത്തിയ ഈ നൂറ്റാണ്ടിന്റെ മഹാത്മാവ് കടന്നുപോയി – സുന്ദർലാൽ ബഹുഗുണ. യുറീക്ക ക്ലബ്ബിൽ ചിപ്കോ പ്രസ്ഥാനത്തെക്കുറിച്ച് കേൾക്കുമ്പോൾ പതിഞ്ഞൊരു രൂപമുണ്ട്. മരത്തെ ആലിംഗനം ചെയ്തു നിൽക്കുന്ന ഒരു വയോധികൻ. മഴുവിനെ തടയാൻ വേണ്ടി മാത്രമല്ല, മനുഷ്യരെപ്പോലെ പ്രകൃതിയും ഹൃദയാലിംഗനം അർഹിക്കുന്നുവെന്ന് അടിവരയിടാനായിരുന്നു അത്.
 
– ബോബി ജോസ് കട്ടികാട്
Advertisements
Advertisements

Pularvettom, Morning Reflection / Meditational Morning Message Series by Fr Bobby Jose Kattikadu OFM Cap.
Source: – Official Facebook Page: https://www.facebook.com/pularvettam.book/

Advertisement

One thought on “പുലർവെട്ടം 476

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s