ആടിൻ്റെ മണമുള്ള ഇടയൻ

ആടിൻ്റെ മണമുള്ള ഇടയൻ..

ഇതുവരെ നേരിൽ കണ്ടിട്ടില്ല. സംസാരിച്ചിട്ടില്ല. എന്നെ അറിയുകയുകപോലുമില്ല. പക്ഷേ കേട്ടപ്പോളൊക്കെ കാണണം എന്നാഗ്രഹിച്ചിരുന്നു. പക്ഷേ, ഇനി ഈ ഭൂമിയിൽ കാണാനാകില്ല.

അപകടത്തെതുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടപ്പോൾ മുതൽ പ്രാർത്ഥന ആവശ്യപ്പെട്ടുകൊണ്ടുള്ള മെസ്സേജുകൾ എല്ലാ മണിക്കൂറുകളിലും ഉണ്ടായിരുന്നു. ഒത്തിരി ധൈര്യവും കരുത്തും ഉണ്ടെന്നു കരുതിയ അച്ചൻ്റെ സുഹൃത്തുപോലും കരഞ്ഞുകൊണ്ടാണ് വിളിച്ചത്.

എനിക്ക് ഈ മനുഷ്യനോടുള്ളത് വിശുദ്ധമായ ഒരസൂയയാണ്. ചെറിയാച്ചന്റെ ആത്മാവിനുവേണ്ടി സ്വർഗ്ഗവും ഭൂമിയും തമ്മിൽ ഒരു ശക്തമായ വടംവലി തന്നെ നടന്നുകാണും.

ക്രിസ്തുവിനെ ഇത്രമാത്രം സ്വജീവിതത്തിൽ പകർത്തിയെഴുതിയ ഒരാളുകൂടി വഴിപിരിയുകയാണ്. അച്ചാ, ശുഭയാത്ര!

ദുർഘടം പിടിച്ച വഴികളിലും, മനസ്സ് മരവിച്ച യാമങ്ങളിലും, കരിന്തിരി കത്തുന്ന ജീവിതങ്ങളിലും നീ പകർന്നേകിയ ചൈതന്യം ഞങ്ങൾക്കും ശക്തിപകരട്ടെ..

പുരോഹിതസഹോദരാ.. അന്ത്യചുംബനം..! അങ്ങയുടെ കാലടിപതിഞ്ഞ വഴികൾ എന്നെ കൊതിപ്പിക്കുന്നു..

Fr Sijo Kannampuzha OM

Advertisements
Advertisements

സത്യദീപത്തിന്റെ മുൻ ചീഫ് എഡിറ്റർ ഫാ. ചെറിയാൻ നേരെവീട്ടിൽ നിര്യാതനായി.
റോഡപകടത്തെ തുടർന്ന് ആശുപത്രിയിലായിരുന്നു.

ശാന്തനെങ്കിലും തികഞ്ഞ ബോധ്യവും ഉറച്ച വീക്ഷണവും ഉണ്ടായിരുന്ന വ്യക്തിത്വമായിരുന്നു. സമീപിക്കുന്നവർക്ക് ഹൃദ്യമായി ഒരുമിച്ചു നടക്കാവുന്ന ക്രിസ്തുരൂപം.

തീക്ഷ്ണമതിയായിരുന്നോ? തികച്ചും തീക്ഷ്ണമതിയായിരുന്നു, എന്നാൽ തീക്ഷ്ണതയെ സ്നേഹരാഹിത്യം കീഴടക്കാൻ അനുവദിക്കാതെ ക്രിസ്തുവിന്റെ വഴിത്താരയിൽ ആണ് ശരി എന്ന് കണ്ടുകൊണ്ട് മുന്നോട്ടു നടന്ന മനുഷ്യരൂപം.

ദൈവമനുഷ്യന്റെ കണ്ടുമുട്ടലിൽ മനുഷ്യന് വെളിച്ചം ലഭിക്കുന്ന ചില നിമിത്തങ്ങളിൽ, അത്തരം പകർച്ചയെ സത്യമാക്കിയ ഒരു കൂദാശ തന്നെയായിരുന്നു അങ്ങിലെ മനുഷ്യൻ. ഉള്ളിൽ വെളിച്ചമുണ്ടായിരുന്ന പ്രവാചകനാണ് ചെറിയാച്ചൻ, വെളിച്ചത്തിലേയ്ക്കു ചൂണ്ടിക്കാണിക്കാനുള്ള ധൈര്യവും അദ്ദേഹത്തിനുണ്ട്.

ഇങ്ങനെയൊരാൾ ജീവിച്ചിരിക്കുന്നു എന്നതുതന്നെ ഒരു ഉൾക്കരുത്തായിരുന്നു.

ധാർമ്മികതയുടെ ധീരതയുള്ള, സത്യസന്ധനായ ഒരു പച്ചമനുഷ്യൻ, ശാന്തനായ ഒരു പ്രവാചകൻ

അച്ചൻ എന്നും നടന്നത് ദൈവത്തിനെ കൂടെത്തന്നെയായിരിരുന്നല്ലോ, ദൈവത്തിന്റെ അടുത്തേക്ക് പോയി എന്നത് ശരിയാവുമെന്നു തോന്നുന്നില്ല. അതുകൊണ്ട് ദൈവത്തിന്റെ കൂടെ ഇനിയും ഞങ്ങൾക്കിടയിൽ നടക്കുക.

– ഫാ. മാത്യു കിലുക്കൻ
(ചീഫ് എഡിറ്റർ),
സത്യദീപം കുടുംബാംഗങ്ങൾ .

Leave a comment