പ്രാർത്ഥന ജീവിത താളമാക്കിയ യൗസേപ്പിതാവ്

ജോസഫ് ചിന്തകൾ 183

പ്രാർത്ഥന ജീവിത താളമാക്കിയ യൗസേപ്പിതാവ്

ജൂൺ മാസം ഒമ്പതാം തീയതി സാർവ്വത്രിക സഭയുടെ വേദപരംഗതൻ, പരിശുദ്ധാത്മാവിൻ്റെ കിന്നരം, കിഴക്കിൻ്റെ സൂര്യൻ എന്നീ അപര നാമങ്ങളിൽ അറിയപ്പെടുന്ന സുറിയാനി സഭാ പിതാവായ വിശുദ്ധ അപ്രേമിൻ്റെ തിരുനാളാണ്. ഇന്നത്തെ ജോസഫ് ചിന്ത അപ്രേം പിതാവിൻ്റെ ഒരു അഹ്വാനമാണ്. “പ്രാർത്ഥനയിലൂടെ പുണ്യങ്ങൾ രൂപപ്പെടുന്നു. പ്രാർത്ഥന ആത്മസംയമനം കാത്തു സൂക്ഷിക്കുന്നു. പ്രാർത്ഥന കോപത്തെ അടിച്ചമർത്തുന്നു. പ്രാർത്ഥന അഹങ്കാരത്തിൻ്റെയും അസൂയയുടെയും വികാരങ്ങളെ തടയുന്നു. പ്രാർത്ഥന പരിശുദ്ധാത്മാവിനെ ആത്മാവിലേക്ക് ആകർഷിക്കുകയും മനുഷ്യനെ സ്വർഗ്ഗത്തിലേക്ക് ഉയർത്തുകയും ചെയ്യുന്നു.”
 
ഈശോയുടെ വളർത്തു പിതാവിൽ വിളങ്ങിശോഭിച്ചിരുന്ന ഒരു സ്വഭാവ സവിശേഷതയായിരുന്നു അടി ഉറച്ച പ്രാർത്ഥനാ ജീവിതം. സ്വർഗ്ഗീയ പിതാവിൻ്റെ ഭൂമിയിലെ ഉത്തമ പ്രതിനിധിയായി യൗസേപ്പ് നിലനിന്നത് പ്രാർത്ഥനയിൽ ദൈവ പിതാവിൻ്റെ ആഹ്വാനങ്ങളെ നിരന്തരം പിൻതുടർന്നതിനാലാണ്. പ്രാർത്ഥന ആത്മസംയമനം കാത്തു സൂക്ഷിക്കുന്നു. നിശബ്ദത യൗസേപ്പിൻ്റെ പ്രാർത്ഥനയുടെ താളമായിരുന്നതിനാൽ ആത്മ സംയമനം പാലിക്കാൻ തെല്ലും പ്രായസപ്പേടേണ്ടി വന്നിട്ടില്ല. സംയമനം തകർക്കുന്ന സംഭവങ്ങളുടെ പരമ്പര യൗസേപ്പിൻ്റെ ജീവിതത്തിൽ വേലിയേറ്റം തീർത്തെങ്കിലും പ്രാർത്ഥനയുടെ വലിയ ഭിത്തികളിൽ ആ ജീവിതം സുരക്ഷിതത്വം കണ്ടെത്തി.
 
അപ്രേം പിതാവിൻ്റെ തിരുനാൾ ദിനത്തിൽ യൗസേപ്പിതാവിനെപ്പോലെ പരിശുദ്ധാത്മാവിനെ ആത്മാവിലേക്ക് ആകർഷിക്കുകയും മനുഷ്യനെ സ്വർഗ്ഗത്തിലേക്ക് ഉയർത്തുകയും ചെയ്യുന്ന പ്രാർത്ഥനയെ നമുക്കു മുറുകെ പിടിക്കാം.
 
ഫാ. ജയ്സൺ കുന്നേൽ mcbs
Advertisements

Leave a comment