അനുദിന വിശുദ്ധർ | ജൂൺ 12 | Daily Saints | June 12

⚜️⚜️⚜️⚜️ June12 ⚜️⚜️⚜️⚜️
സഹാഗണിലെ വിശുദ്ധ ജോണ്‍
⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️

1430-ല്‍ സ്പെയിനിലെ ലിയോണിലുള്ള സഹാഗണിലാണ് വിശുദ്ധ ജോണ്‍ ജനിച്ചത്. സഹാഗണിലെ പ്രസിദ്ധമായ ബെനഡിക്റ്റന്‍ ആശ്രമത്തിലെ സന്യാസിമാരാണ് വിശുദ്ധ ജോണിന് ആദ്യകാല വിദ്യഭ്യാസം നല്‍കിയത്. വിശുദ്ധന്റെ പിതാവായിരുന്ന ഡോണ്‍ ജുവാന്‍ ഗോണ്‍സാലെസ് ഡി കാസ്ട്രില്ലോ, ജോണിന് ഒരു മൂലധനമെന്നനിലയില്‍ സഭാസ്വത്തില്‍ നിന്നും വരുമാനം ലഭിക്കാവുന്ന ഒരു പദവി തരപ്പെടുത്തികൊടുത്തിരുന്നു. വിശുദ്ധന് 20 വയസ്സായപ്പോള്‍ ബുര്‍ഗോസിലെ മെത്രാനും, സഹാഗണിലെ ആശ്രമാധിപനും വിശുദ്ധന്റെ ആത്മീയ സേവനങ്ങള്‍ക്ക് പ്രതിഫലമായി നാലോളം സഭാസ്വത്തുക്കളുടെ വരുമാനം സ്വീകരിക്കുന്നതിനുള്ള അവകാശം കൂടി വിശുദ്ധന് നല്‍കി. അദ്ദേഹത്തിന്റെ കുടുംബം വളരെയേറെ സ്വാധീനമുള്ളതായിരുന്നുവെന്നതും, വിശുദ്ധ ജോണിന്റെ മഹാത്മ്യം അവര്‍ മനസ്സിലാക്കിയിരുന്നുവെന്നതുമായിരുന്നു അതിനുള്ള കാരണം. 1453-ല്‍ വിശുദ്ധന്‍ പൗരോഹിത്യ പട്ടം സ്വീകരിക്കുന്ന സമയത്ത് ബുര്‍ഗോസില്‍ നിന്നുമായി അഞ്ചോളം സഭാസ്വത്തുക്കളില്‍ നിന്നുമുള്ള വരുമാനം സ്വീകരിക്കുന്നതിനുള്ള അവകാശം വിശുദ്ധന് ലഭിച്ചിരുന്നു. മെത്രാന്റെ വസതിയിലെ ഏറ്റവും പ്രധാനപ്പെട്ട കാര്യസ്ഥനായിരുന്നു വിശുദ്ധന്‍.

മെത്രാന്റെ മരണത്തിന് ശേഷം വിശുദ്ധന്‍ നിത്യവും വിശുദ്ധകുര്‍ബ്ബാന അര്‍പ്പിക്കുകയും, പാവങ്ങള്‍ക്ക് വേദോപദേശം പകര്‍ന്നുകൊടുക്കുകയും ചെയ്തു കൊണ്ടിരിന്നു. അദ്ദേഹം തന്റെ ജീവിതം സമൂല പരിവര്‍ത്തനത്തിനു വിധേയമാക്കി. തന്റെ കയ്യിലുള്ള ആ ഒരു വരുമാനം കൊണ്ട് വിശുദ്ധന്‍ സലമാങ്കായിലെ സര്‍വ്വകലാശാലയില്‍ ചേര്‍ന്ന് ദൈവശാസ്ത്ര പഠനം ആരംഭിച്ചു. ആ വിദ്യാഭ്യാസം വിശുദ്ധന് സെന്റ്‌ ബര്‍ത്തലോമിയോ കോളേജില്‍ വൈദിക സേവനം ചെയ്യുന്നതിനും അടുത്തുള്ള സെന്റ്‌ സെബാസ്റ്റ്യന്‍ ഇടവക വളരെ കാര്യപ്രാപ്തിയോട് കൂടി നോക്കിനടത്തുന്നതിനുള്ള ആത്മവിശ്വാസവും നല്‍കി.

വളരെയേറെ വിഭജനങ്ങളും, കുറ്റവാളികളും നിറഞ്ഞ ഒരു സ്ഥലമായിരുന്നു സലാമാങ്ക. ഈ സാഹചര്യം അവിടത്തെ ജനങ്ങള്‍ക്കിടയില്‍ അനുതാപത്തെകുറിച്ചും, മാനസാന്തരത്തെ കുറിച്ചും പ്രഘോഷിക്കുവാനുള്ള ധാരാളം അവസരം വിശുദ്ധന് നല്‍കി. വിശുദ്ധന്‍ തന്റെ സുവിശേഷപ്രഘോഷണങ്ങള്‍ക്ക് ശേഷം വിശ്വാസികൾക്ക് കുമ്പസാരത്തിലൂടെ വ്യക്തിപരമായ പല ഉപദേശങ്ങളും നല്‍കിവന്നു. മനുഷ്യരുടെ ഉള്ളിരിപ്പ് വായിക്കുന്നതിനുള്ള ഒരു സവിശേഷമായ കഴിവ്‌ വിശുദ്ധനുണ്ടായിരുന്നു. ഇത് ആളുകളെ കുമ്പസാരിപ്പിക്കുമ്പോള്‍ വിശുദ്ധന് സഹായകമായി. പതിവായി പാപം ചെയ്യുന്ന ആളുകള്‍ക്ക് പാപവിമോചനം നല്‍കുന്ന കാര്യത്തില്‍ വിശുദ്ധന്‍ വളരെയേറെ കാര്‍ക്കശ്യം കാണിച്ചു.

കൂടാതെ തങ്ങളുടെ ദൈവനിയോഗത്തിനു ചേരാത്ത വിധം പ്രവര്‍ത്തിക്കുന്ന പുരോഹിതന്‍മാരുടെ കാര്യത്തിലും വിശുദ്ധന്‍ വളരെയേറെ കാര്‍ക്കശ്യമുള്ളവനായിരുന്നു. വിശുദ്ധ കുര്‍ബ്ബാന അര്‍പ്പിക്കുമ്പോള്‍ വിശുദ്ധന്റെ ഭക്തിയും ആവേശവും വിശ്വാസികളെ ഏറെ സ്വാധീനിച്ചിരുന്നു. വാസ്തവത്തില്‍, വിശുദ്ധ കുര്‍ബാന മദ്ധ്യേ വിശുദ്ധന് യേശുവിന്റെ തിരുശരീരം കാണുവാന്‍ കഴിഞ്ഞിരുന്നതായി പറയപ്പെടുന്നു. തന്റെ പ്രാര്‍ത്ഥനകളും, മറ്റ് ഭക്തിപൂര്‍വ്വമായ പ്രവര്‍ത്തികളും കാരണം ദൈവം വിശുദ്ധന്റെ ആത്മാവില്‍ നിറച്ച അനുഗ്രഹങ്ങള്‍ അദ്ദേഹത്തിന്റെ സുവിശേഷ പ്രഘോഷണങ്ങളിലൂടെ പുറത്തേക്കൊഴുകി.

1463-ല്‍ വിശുദ്ധന് മാരകമായ രോഗം പിടിപ്പെട്ടതിനേതുടര്‍ന്ന് വിശുദ്ധന്‍ സലമാങ്കായിലെ ഓഗസ്റ്റീനിയന്‍ സെമിനാരിയില്‍ ചേരുവാനായി അപേക്ഷിക്കുകയും, തുടര്‍ന്ന് 1464 ഓഗസ്റ്റ്‌ 28ന് സന്യാസവൃതം സ്വീകരിക്കുകയും ചെയ്തു. അധികം താമസിയാതെ വിശുദ്ധന്‍ അവിടത്തെ സന്യാസാര്‍ത്ഥികളുടെ അധ്യാപകനായി മാറി, അതോടൊപ്പം തന്നെ തന്റെ സുവിശേഷ പ്രഘോഷണം തുടരുകയും ചെയ്തു. അനുരജ്ഞനത്തിനു വേണ്ടിയുള്ള വിശുദ്ധന്റെ പ്രവര്‍ത്തനങ്ങള്‍ ഫലം കണ്ടു. 1476-ല്‍ വിശുദ്ധന്റെ എതിര്‍ ചേരിക്കാര്‍ ഒരു സമാധാന കരാറില്‍ ഒപ്പുവച്ചു. ആ സമയമായപ്പോഴേക്കും വിശുദ്ധന്‍ തന്റെ സന്യാസസമൂഹത്തിന്റെ പ്രിയോര്‍ ആയി നിയമിതനായിരുന്നു.

അല്‍ബാ ഡി ടോര്‍മെസില്‍ വെച്ച് അവിടത്തെ ഉന്നത പ്രഭു ഏര്‍പ്പാടു ചെയ്ത രണ്ട് തസ്കരന്‍മാരില്‍ നിന്നും വിശുദ്ധന്റെ ജീവന് ഭീഷണിയുണ്ടായി. മര്‍ദ്ദകരും, അടിച്ചമര്‍ത്തല്‍കാരുമായ പ്രഭുക്കന്മാരുടെ ചെയ്തികളെ വിശുദ്ധന്‍ വിമര്‍ശിച്ചതായിരുന്നു അതിനു കാരണം. എന്നാല്‍ വിശുദ്ധന്റെ സമീപത്തെത്തിയപ്പോള്‍ ആ തസ്കരന്‍മാര്‍ക്ക്‌ പശ്ചാത്താപമുണ്ടാവുകയും, അവര്‍ തങ്ങളുടെ തെറ്റുകള്‍ ഏറ്റു പറഞ്ഞ് വിശുദ്ധനോട് മാപ്പപേക്ഷിക്കുകയും ചെയ്തു. വിശുദ്ധന്റെ ആഴമായ സഭപ്രബോധനങ്ങള്‍ മൂലം അദ്ദേഹത്തോട് മറ്റൊരാള്‍ക്കും പകയുണ്ടായി.

വിഷപ്രയോഗം കൊണ്ടാണ് വിശുദ്ധന്‍ മരണപ്പെട്ടതെന്നു പറയപ്പെടുന്നു. 1479-ല്‍ വിശുദ്ധ ജോണ്‍ തന്റെ സ്വന്തം മരണം മുന്‍കൂട്ടി പ്രവചിച്ചു, അതേ വര്‍ഷം തന്നെ അത് സംഭവിക്കുകയും ചെയ്തു. സലമാങ്കാ നിവാസിയായിരുന്ന ഒരു സ്ത്രീയുടെ രഹസ്യകാമുകന്‍ വിശുദ്ധന്റെ പ്രബോധനങ്ങള്‍ കേട്ട് മാനസാന്തരപ്പെട്ടിരിന്നു. അതിന്റെ പക തീര്‍ക്കുവാനായി ആ സ്ത്രീ വിശുദ്ധന് വിഷം നല്‍കുകയായിരുന്നുവെന്ന് പറയപ്പെടുന്നു. 1601-ല്‍ വിശുദ്ധ പദവിക്കായി ജോണിനെ നാമകരണം ചെയ്യപ്പെടുകയും, 1690-ല്‍ വിശുദ്ധനായി പ്രഖ്യാപിക്കുകകയും ചെയ്തു.

വിശുദ്ധ ജോണിന്റെ നിര്‍ഭയപൂര്‍വ്വമുള്ള സുവിശേഷ പ്രഘോഷണം കാരണം സലമാങ്കായിലെ സാമൂഹ്യ ജീവിതത്തില്‍ എടുത്ത്‌ പറയേണ്ട മാറ്റങ്ങള്‍ ഉണ്ടായി; ഇക്കാരണത്താല്‍ വിശുദ്ധന് ‘സലമാങ്കായിലെ അപ്പസ്തോലന്‍’ എന്ന പ്രസിദ്ധമായ വിശേഷണം ലഭിക്കുകയുണ്ടായി. വിശുദ്ധന്റെ മരണത്തിന് ശേഷം വിശുദ്ധന്റെ കബറിടത്തില്‍ ധാരാളം അത്ഭുതങ്ങള്‍ സംഭവിക്കുകയും അതൊരു തീര്‍ത്ഥാടനകേന്ദ്രമായി മാറുകയും ചെയ്തു. വിശുദ്ധനെ മധ്യസ്ഥനായി പരിഗണിച്ചു വരുന്ന നഗരത്തിലെ കത്രീഡലിലെ ഒരു ചെറിയ അള്‍ത്താരയില്‍ വിശുദ്ധന്റെ തിരുശേഷിപ്പുകള്‍ ഇന്നും സംരക്ഷിക്കപ്പെടുന്നുണ്ട്. വിശുദ്ധ കുര്‍ബ്ബാനയോടുള്ള ജോണിന്റെ ഭക്തിയെ സൂചിപ്പിക്കുന്നതിനായി, കയ്യില്‍ തിരുവോസ്തിയും പിടിച്ചുകൊണ്ട് നില്‍ക്കുന്ന രീതിയിലാണ് വിശുദ്ധനെ ചിത്രീകരിച്ചിട്ടുള്ളത്.

ഇതര വിശുദ്ധര്‍
⚜️⚜️⚜️⚜️⚜️⚜️

1. സ്വീഡനിലെ ഏഷില്ലസ്

2. സിലീസിയായിലെ ആംഫിയോണ്‍

3. റോമന്‍ പടയാളികളായ ബസിലിഡെസ്,സിറിനൂസ്, നാബോര്‍, നസാരിയൂസ്

4. അയര്‍ലന്‍റിലെ ക്രിസ്ത്യന്
⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️

Advertisements

❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
ഈശോയുടെ തിരുഹൃദയത്തിന്റെ വണക്കമാസം: ജൂണ്‍ 12
❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
ഈശോയുടെ ദിവ്യഹൃദയം എളിമയുടെ മാതൃക
❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

എല്ലാ സദ്‌ഗുണങ്ങളുടെയും വിളനിലമാണ് ഈശോയുടെ ഹൃദയം. എന്നാല്‍ ഈ ദിവ്യഹൃദയം അഗാധമായ എളിമയുടെ അത്ഭുതകരമായ ഒരു‍ മാതൃക കൂടിയാണ്. മനുഷ്യസ്വഭാവം സ്വീകരിച്ച ഈശോ നസ്രത്തെന്ന ഒരു അപ്രസിദ്ധ ഗ്രാമമാണ് സ്വവാസത്തിനു തിരഞ്ഞെടുത്തത്. ജറുസലേം പോലുള്ള പട്ടണത്തിലെ സുന്ദരങ്ങളായ കൊട്ടരങ്ങളൊന്നും അവിടുന്നു സ്വീകരിച്ചില്ല. ദരിദ്രയും ഗ്രാമീണയും എന്നാല്‍ സുശീലയും പുണ്യപൂര്‍ണ്ണയുമായ ഒരു സാധാരണ യഹൂദകന്യകയായിരുന്നു അവിടുത്തെ മാതൃപാദം അലങ്കരിക്കാന്‍ ഭാഗ്യം ലഭിച്ച വനിത. അജ്ഞാതനും ദരിദ്രനുമായ ഒരു മരപ്പണിക്കാരന്‍ ആയിരുന്നു അവിടുത്തെ വളര്‍ത്തു പിതാവായ യൗസേപ്പ്. നീതിനിര്‍വഹണത്തിലുള്ള നിഷ്ഠയും താല്‍പര്യവുമായിരുന്നു അദ്ദേഹത്തിന്‍റെ ഏകധനം. സാധാരണക്കാരായ ഈ രണ്ടു വ്യക്തികളുടെ ഇംഗിതങ്ങള്‍ക്ക് കീഴ്വഴങ്ങി മുപ്പതുവര്‍ഷത്തോളം അവിടുന്ന്‍ ഭൂമിയില്‍ ജീവിച്ചു. മനുഷ്യരെ രക്ഷിക്കുവാന്‍ വന്ന ദൈവപുത്രന്‍റെ ഈ അജ്ഞാതവാസത്തിന്‍റെ രഹസ്യം ഇന്നും ആരും പൂര്‍ണ്ണമായി മനസ്സിലാക്കിയിട്ടില്ല.

വിദ്യാഭ്യാസത്തിലോ ധനസ്ഥിതിയിലോ മികച്ച വ്യക്തികളായിരുന്നില്ല ഈശോയുടെ ശിഷ്യന്മാര്‍. ഒന്നാമത്തെ മാര്‍പ്പാപ്പായായി തിരഞ്ഞെടുത്ത വിശുദ്ധ പത്രോസ് അവിശ്വാസിയും, ഗുരുവിനെ പലപ്രാവശ്യം തള്ളി പറഞ്ഞവനുമായിരുന്നു. ദരിദ്രരുടെയും പാപികളുടെയും ഇടയിലാണ് യേശു പ്രവര്‍ത്തിച്ചത്. അവിടുന്നു സ്നേഹിച്ചതും മറ്റാരെയുമല്ല ദരിദ്രരെയും നിരാലംബരേയുമായിരിന്നു. ഗ്രഹിക്കാന്‍ കഴിഞ്ഞ സ്വര്‍ഗ്ഗീയ രഹസ്യങ്ങളെ മീന്‍പിടുത്തക്കാരോടാണ് അവിടുന്ന്‍ ഉപദേശിച്ചത്. ഇതെല്ലാം അവിടുത്തെ എളിമയുടെ ഔന്നത്യം നമ്മെ ഗ്രഹിപ്പിക്കുന്നതിനു വേണ്ടിയായിരുന്നു. ഈശോയുടെ പ്രഭാഷണങ്ങളിലെല്ലാം എളിമയെപ്പറ്റി പ്രസ്താവിച്ചിട്ടുണ്ട്. “സാധുശീലവും ഹൃദയ എളിമയും നിങ്ങള്‍ എന്നില്‍ നിന്നു പഠിക്കുവിന്‍. നിങ്ങള്‍ ശിശുക്കളെപ്പോലെ ആകുന്നില്ലെങ്കില്‍ സ്വര്‍ഗ്ഗരാജ്യത്തില്‍ പ്രവേശിക്കുകയില്ല. അഹംഭാവികളോടു ദൈവം മത്സരിക്കുകയും എളിമയുള്ളവര്‍ക്ക് തന്‍റെ ദാനങ്ങള്‍ നല്‍കുകയും ചെയ്യുന്നു” ഈ ദിവ്യവചനങ്ങള്‍ എല്ലാം എടുത്ത് കാണിക്കുന്നത് അവിടുത്തെ എളിമയെയാണ്.

അഹങ്കാരം സകല ദുര്‍ഗുണങ്ങളുടെയും ആരംഭവും സകല തിന്മകളുടെയും മാതാവുമാണ്. ശുദ്ധത വിലമതിക്കത്തക്ക പുണ്യമാണെങ്കിലും എളിമയാണ് ഏറ്റം ആവശ്യമായ പുണൃമെന്നാണ് വിശുദ്ധ ബര്‍ണ്ണാദ് അഭിപ്രായപ്പെടുന്നു. എളിമയുള്ള ഒരാത്മാവ് സ്വയം മഹാപാപിയെന്നും ദൈവത്തിന്‍റെ പ്രത്യേക സഹായം കൂടാതെ സ്വയം ഒന്നും ചെയ്യാന്‍ സാദ്ധ്യമല്ലെന്നും ഉറപ്പായി വിശ്വസിക്കുന്നു. അവന്‍ അന്യനു ലഭിക്കുന്ന ആദ്ധ്യാത്മികവും ഭൗതികവുമായ നന്മകള്‍ സ്വന്തമെന്ന പോലെ വിചാരിച്ചു സന്തോഷിക്കയും, നേരിടുന്ന മാനസികവും കായികവുമായ വേദനകളില്‍ ദൈവതിരുമനസ്സിനു കീഴ്വഴങ്ങി ഏറ്റം സംതൃപ്തിയോടെ അവയെ സഹിക്കയും ചെയ്യുന്നു.

അഹംഭാവത്താല്‍ വ്രണപ്പെട്ട എന്‍റെ ആത്മാവേ! നീ എന്തുകൊണ്ട് ഇത്ര ഗൗരവഭാവം നടിക്കുന്നു? സ്വര്‍ഗ്ഗരാജ്യത്തിനു വേണ്ടി സൃഷ്ടിക്കപ്പെട്ടവരായ വിശുദ്ധാരൂപികളുടെയും പറുദീസായില്‍ വെച്ചു ദൈവം മെനഞ്ഞെടുത്ത ആദിമാതാപിതാക്കളുടെയും അഹംഭാവത്തിനു വന്ന ഘോരശിക്ഷയും നമുക്കു ധ്യാനവിഷയമാക്കാം. ദിവ്യനാഥന്‍റെ വിനീത ജീവിതമായിരിക്കട്ടെ നമ്മുടെ നിരന്തര ധ്യാനവിഷയം.

ജപം
❤️❤️

രാജാധിരാജനും എല്ലാ സൃഷ്ടികളുടെയും പ്രഭുവുമായ ഈശോയേ! അങ്ങേ ഞാന്‍ ആരാധിക്കുന്നു. സന്തോഷപൂര്‍ണ്ണവും സുഖസമൃദ്ധവുമായ സ്വര്‍ഗ്ഗത്തില്‍ നിന്നും അങ്ങിറങ്ങി ഞങ്ങളുടെ ഇടയില്‍ മനുഷ്യനായി പിറക്കുകയും അവര്‍ണ്ണനീയമായ അപമാനവും ക്ലേശപൂരിതമായ കുരിശുമരണവും ഞങ്ങളോടുള്ള സ്നേഹത്തെപ്രതി അങ്ങു സഹിക്കയുണ്ടായല്ലോ. സ്നേഹം നിറഞ്ഞ ഈശോയെ, അഗാധമായ അങ്ങയുടെ എളിമയുടെ മുമ്പില്‍ അഹങ്കാര പ്രമത്തനായി ഞാനിതാ നില്‍ക്കുന്നു. അങ്ങയുടെ ദിവ്യഹൃദയത്തില്‍ നിന്നും പുറപ്പെടുന്ന എളിമയുടെ പ്രകാശക്കതിരുകള്‍ എന്‍റെ ഹൃദയത്തിലും തട്ടുവാന്‍ അനുഗ്രഹം ചെയ്യണമേ.

പ്രാര്‍ത്ഥന
❤️❤️❤️❤️

കര്‍ത്താവേ, അങ്ങേ മണവാട്ടിയായ തിരുസ്സഭയ്ക്കു പൂര്‍ണ്ണസ്വാതന്ത്ര്യം കൊടുത്തരുളേണമേ. ഞങ്ങളുടെ പിതാവായ പരിശുദ്ധ പാപ്പായെ സംരക്ഷിക്കണമേ. എല്ലാവരും അങ്ങേ ഏക സത്യസഭയെ അറിഞ്ഞ് ഏക ഇടയന്‍റെ കീഴാകുന്നതിന് വേഗത്തില്‍ ഇടവരുത്തണമേ! നിര്‍ഭാഗ്യ പാപികളുടെമേല്‍ കൃപയായിരിക്കേണമേ. അനുഗ്രഹത്തിന്‍റെ അമ്മയായ മറിയമേ, ദിവ്യഹൃദയത്തിന്‍ നാഥേ! ഞാന്‍ അപേക്ഷിക്കുന്നതും ആഗ്രഹിക്കുന്നതുമായ സകല വരങ്ങളും അങ്ങേ ശക്തമായ മദ്ധ്യസ്ഥതയില്‍ ശരണപ്പെട്ട് അങ്ങു വഴിയായി ലഭിക്കുമെന്ന് പൂര്‍ണ്ണമായി ഉറച്ചിരിക്കുന്നു. ആമ്മേന്‍.

3 സ്വര്‍ഗ്ഗ. 3 നന്മ. 3 ത്രി.

സാധുശീലനും ഹൃദയ എളിമയുള്ളവനുമായ ഈശോയെ! ഞങ്ങളുടെ ഹൃദയവും അങ്ങേ ഹൃദയം പോലെ ആക്കണമേ.

ഈശോമിശിഹായുടെ തിരുഹൃദയ ലുത്തിനിയ
❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

കര്‍ത്താവേ! അനുഗ്രഹിക്കണമേ .

മിശിഹായേ! അനുഗ്രഹിക്കണമേ.

കര്‍ത്താവേ! അനുഗ്രഹിക്കണമേ.

മിശിഹായേ! ഞങ്ങളുടെ പ്രാര്‍ത്ഥന കേള്‍ക്കണമേ.

മിശിഹായേ! ഞങ്ങളുടെ പ്രാര്‍ത്ഥന കൈക്കൊള്ളണമേ.

ആകാശങ്ങളിലിരിക്കുന്ന ബാവാതമ്പുരാനേ,

ഭൂലോകരക്ഷിതാവായ പുത്രന്‍ തമ്പുരാനേ,

റൂഹാദക്കുദശാ തമ്പുരാനേ,

ഏകസ്വരൂപമായിരിക്കുന്ന ശുദ്ധ ത്രിത്വമേ,

നിത്യപിതാവിന്‍ കുമാരനായ ഈശോയുടെ തിരുഹൃദയമേ,

(ഞങ്ങളെ അനുഗ്രഹിക്കണമേ)

കന്യാസ്ത്രീ മാതാവിന്‍റെ തിരുവുദരത്തില്‍ പരിശുദ്ധാരൂപിയാല്‍ ഉരുവാക്കപ്പെട്ട ഈശോയുടെ തിരുഹൃദയമേ,

ദൈവവചനത്തോടു കാതലായ വിധത്തില്‍ ഒന്നിച്ചിരിക്കുന്ന ഈശോയുടെ തിരുഹൃദയമേ,

അനന്തമഹിമയുള്ള ഈശോയുടെ തിരുഹൃദയമേ,

ദൈവത്തിന്‍റെ പരിശുദ്ധ ആലയമായ ഈശോയുടെ തിരുഹൃദയമേ,

അത്യുന്നതന്‍റെ കൂടാരമായ ഈശോയുടെ തിരുഹൃദയമേ ,

ദൈവഭവനവും മോക്ഷവാതിലുമായ ഈശോയുടെ തിരുഹൃദയമേ,

ജ്വലിച്ചെരിയുന്ന സ്നേഹാഗ്നിച്ചൂളയായ ഈശോയുടെ തിരുഹൃദയമേ,

നീതിയുടെയും സ്നേഹത്തിന്‍റെയും നിധിയായ ഈശോയുടെ തിരുഹൃദയമേ,

നന്മയും, സ്നേഹവും നിറഞ്ഞ ഈശോയുടെ തിരുഹൃദയമേ,

സകല പുണ്യങ്ങളുടെയും ആഴമായ ഈശോയുടെ തിരുഹൃദയമേ,

സകല‍ പുകഴ്ചയ്ക്കും എത്രയും യോഗ്യമായ ഈശോയുടെ തിരുഹൃദയമേ,

സകല പുണ്യവാന്‍മാരുടെയും ആനന്ദമായ ഈശോയുടെ തിരുഹൃദയമേ,

—ഭൂലോക പാപങ്ങളെ നീക്കിക്കളയുന്ന ദിവ്യചെമ്മരിയാട്ടിന്‍ കുട്ടി,

കര്‍ത്താവേ! ഞങ്ങളുടെ പാപങ്ങള്‍ പൊറുക്കണമേ.

—ഭൂലോക പാപങ്ങളെ നീക്കിക്കളയുന്ന ദിവ്യചെമ്മരിയാട്ടിന്‍ കുട്ടി,

കര്‍ത്താവേ! ഞങ്ങളുടെ പ്രാര്‍ത്ഥന കേള്‍ക്കണമേ.

— ഭൂലോക പാപങ്ങളെ നീക്കിക്കളയുന്ന ദിവ്യചെമ്മരിയാട്ടിന്‍ കുട്ടി,

കര്‍ത്താവേ! ഞങ്ങളെ അനുഗ്രഹിക്കണമേ.

പ്രാര്‍ത്ഥിക്കാം
❤️❤️❤️❤️❤️❤️

സര്‍വശക്തനുമായ നിത്യനുമായ സര്‍വ്വേശ്വരാ! അങ്ങേ എത്രയും പ്രിയമുള്ള പുത്രന്‍റെ തിരുഹൃദയത്തേയും പാപികളുടെ പേര്‍ക്കായി അദ്ദേഹം അങ്ങേയ്ക്കു കാഴ്ച വെച്ച സ്തുതികളെയും പാപപരിഹാരങ്ങളെയും ഓര്‍ത്തു അങ്ങേ കൃപയെ യാചിക്കുന്നവര്‍ക്കു ദൈവമായ റൂഹാദക്കൂദശായുടെ ഐക്യത്തില്‍ നിത്യമായി നിന്നോടുകൂടെ ജീവിച്ചു വാഴുന്ന അങ്ങേ പുത്രനായ ഈശോമിശിഹായുടെ നാമത്തില്‍ കൃപയുള്ളവനായി പൊറുതി നല്‍കിയരുളണമേ. ആമ്മേന്‍.

സുകൃതജപം
❤️❤️❤️❤️❤️

ഹൃദയ ശാന്തതയും എളിമയുമുള്ള ഈശോയുടെ ദിവ്യഹൃദയമേ! എന്‍റെ ഹൃദയം അങ്ങേ ഹൃദയത്തിനു സാദൃശ്യമാക്കിയരുളണമേ.

സല്‍ക്രിയ
❤️❤️❤️❤️
ആരെങ്കിലും ഇന്നു നമ്മെ പരിഹസിക്കുന്നുവെങ്കില്‍ മൗനമായിരുന്നു ദിവ്യഹൃദയ സ്തുതിക്കായി സഹിച്ചുകൊള്ളുക.
❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

Advertisements

🌻പ്രഭാതപ്രാർത്ഥന 🌻

സ്വന്തം ഹൃദയം കൈവെള്ളയിൽ വച്ചുകൊണ്ട് ഞങ്ങളെ എല്ലാവരെയും അവിടേക്ക് മാടിവിളിക്കുന്ന ഈശോയെ, നിന്റെ ഹൃദയം എനിക്കൊരു കണ്ണാടിയായിട്ടാണ് തോന്നാറുള്ളത്… മുന്നിൽ വന്നു നിൽക്കുന്നവരുടെ ഹൃദയങ്ങളെ മാത്രം ഒപ്പിയെടുക്കുന്ന ഒരു മാന്ത്രിക കണ്ണാടി… പരിശുദ്ധ കുർബ്ബാനയുടെയും വിശുദ്ധ കുരിശിന്റെയും മാതാവിന്റെയും മറ്റു വിശുദ്ധരുടെയും ഒക്കെ മുന്നിൽ പലപ്പോഴും പാപമെന്തെന്നു പോലും അറിയാത്ത ഒരു അയ്യോ പാവിയെപ്പോലെ വന്നുനിൽക്കാറുണ്ടെങ്കിലും നിന്റെ ഹൃദയത്തിനു മുന്നിൽ നിൽക്കുമ്പോൾ മാത്രം എന്റെ ഒരടവും വിജയിക്കാറില്ല… അത്രയും നേരം ഒരു ഗ്ളാസ്സിൽ നിറച്ചുവെച്ച തെളിനീരുപോലെ ശുദ്ധമായിരുന്ന എന്റെ ഹൃദയം പെട്ടെന്ന് ആരോ വിരലിട്ടു ഇളക്കി, അടിഞ്ഞുകിടന്നിരുന്ന അഴുക്കെല്ലാം തെളിയിച്ചു പുറത്തുകൊണ്ടുവരാറുള്ളതുപോലെയാണ് എന്റെ തിരുഹൃദയ അനുഭവം… അതിനാൽ, നിന്റെ ഹൃദയത്തിനു മുന്നിൽ അൽപ്പം നേരം നോക്കിനിന്നാൽ മതി, പയ്യെ, കണ്ണുകൾ അവിടെനിന്നും പിൻവലിച്ചു, ഹൃദയം രണ്ടു കൈകൾകൊണ്ടും പൊത്തിപ്പിടിച്ചു, ലജ്ജിച്ചു തല താഴ്ത്തി നിൽക്കേണ്ടി വരാറുണ്ടെനിക്ക്… ഹൃദയം ഉള്ളിലായിപ്പോയത് ഒരു അനുഗ്രഹം ആയിപ്പോയി എന്ന് ദൈവത്തിനു നന്ദി പറഞ്ഞു ജീവിക്കുമ്പോൾ നീ മാത്രമാണ് ഹൃദയം എല്ലാവരും കാൺകെ തുറന്നുകാണിക്കാൻ ധൈര്യമുണ്ടോ എന്ന് എന്നെ വെല്ലുവിളിക്കാറുള്ളത്… മറ്റുള്ളവരെയും ചൂണ്ടിക്കാണിച്ചു “ഞാൻ മാത്രമല്ല, അവരും ഇങ്ങനെയാ” എന്ന് മറുപടി പറയാൻ മാത്രമേ എനിക്കറിയാവൂ, ഈശോയെ… ശരീരം വിറ്റു ജീവിക്കുന്നവരെ പുച്ഛിച്ചു തള്ളുന്ന ഞാൻ രഹസ്യത്തിൽ ഹൃദയം വിറ്റാണല്ലോ ജീവിക്കുന്നത് എന്ന് തിരിച്ചറിയുമ്പോൾ എന്ത് പറഞ്ഞുകൊണ്ടാണ് ഞാൻ എന്നെത്തന്നെ ന്യായീകരിക്കേണ്ടത്… “അവൻ അവരെ വിശ്വസിച്ചില്ല, കാരണം അവരുടെ ഉള്ളിലുള്ളത് എന്താണെന്ന് അവനറിഞ്ഞിരുന്നു” എന്ന് വിശുദ്ധ ഗ്രന്ഥം നിന്നെക്കുറിച്ചു പറയുമ്പോൾ എന്റെ ഉള്ളിലിരുപ്പുകൾ എല്ലാം വള്ളിപുള്ളി തെറ്റാതെ നല്ലോണം അറിയാവുന്ന നിനക്ക് എങ്ങനെയാണ് ള്ളിലുള്ളതെല്ലാം മറച്ചുവച്ചു നല്ലപിള്ള ചമയാൻ ആയുസ്സിന്റെ പകുതി സമയവും ആരോഗ്യവും നഷ്ടപ്പെടുത്തുന്ന എന്നെ ഇപ്പോഴും സ്നേഹിക്കാനാകുന്നത്… അമ്മയും അപ്പനും പെങ്ങളും ആങ്ങളയും സുഹൃത്തുക്കളും മേലധികാരിയും ആരും ഒരിക്കലും അറിഞ്ഞുകൂടാത്ത മനോവിചാരങ്ങൾ കൂട്ടായുള്ള ഞാനും യോഗ്യതകളൊന്നുമില്ലെങ്കിലും ദാവീദിനെപ്പോലെ നിന്റെ ഹൃദയത്തിനു ഇണക്കമുള്ളവനായിരിക്കുവാൻ ആഗ്രഹിക്കുന്നു… അനുഗ്രഹിക്കേണമേ, ഈശോയെ… ആമേൻ

Advertisements

കര്‍ത്താവു നല്ലവനാണ്‌, അവിടുത്തെകാരുണ്യം ശാശ്വതമാണ്‌; അവിടുത്തെ വിശ്വസ്‌തത തലമുറകളോളം നിലനില്‍ക്കും.
സങ്കീര്‍ത്തനങ്ങള്‍ 100 : 5

അതിനാല്‍ നമുക്ക്‌ ആത്‌മധൈര്യത്തോടെ പറയാം: കര്‍ത്താവാണ്‌ എന്റെ സഹായകന്‍; ഞാന്‍ ഭയപ്പെടുകയില്ല; മനുഷ്യന്‌ എന്നോട്‌ എന്തു ചെയ്യാന്‍ കഴിയും?
ഹെബ്രായര്‍ 13 : 6

Leave a comment