Pularvettom / പുലർവെട്ടം

പുലർവെട്ടം 498

{പുലർവെട്ടം 498}

 
വാസ്തവത്തിൽ പള്ളിയിൽ നിന്ന് മുഴങ്ങേണ്ട പദങ്ങളായിരുന്നു അത്. ആ ചരിത്രപരമായ ധർമ്മം കാലഗതിയിൽ അവഗണിക്കുകയോ മറന്നുപോവുകയോ ചെയ്തുകൊണ്ടാണ് തെരുവുകളിൽനിന്നുയർന്ന് കേട്ട ആ വാക്കുകൾ അതിന് ആക്രോശമായും അപമാനമായും അനുഭവപ്പെട്ടതും വല്ലാതെ പരിഭ്രമിച്ചുപോയതും. ഇപ്പോൾ ഒരു ജയിലായി മാറിയിട്ടുള്ള പഴയ ഒരു കോട്ടയിൽ നിന്നാണ് അവയിപ്പോൾ ഇരമ്പിയാർത്ത് നഗരത്തിലേക്ക് എത്തിയിരിക്കുന്നത്. തകർത്ത കോട്ടയിൽ നിന്ന് അടർന്നു വീണ ശിലാപാളികൾ അവർ ഇതിനകം ചന്തയിൽ വില്പനയ്ക്ക് വച്ചിട്ടുണ്ടായിരുന്നു. അടർന്നുപോകുന്ന ഒരു പഴയകാലത്തിൻ്റെ സ്മാരകശിലയെന്ന നിലയിൽ അതിനും ആവശ്യക്കാരുണ്ടായിരുന്നു. ഭരണകൂടം, അതിനോട് മമത പുലർത്തുന്ന പള്ളി ഇവയൊക്കെ തകർക്കപ്പെടേണ്ട കോട്ടകളാണെന്നൊരു സങ്കല്പം അന്തരീക്ഷത്തിലുണ്ടായിരുന്നു. പഴയനിയമത്തിലെ ജെറീക്കോ കോട്ടപോലെയാണത്. നിരായുധരായ മനുഷ്യർ ആരവം മുഴക്കി അതിനെ വലം ചുറ്റിയപ്പോൾ അത് നിലംപൊത്തിയെന്ന രൂപകകഥപോലെ ! പുറത്തിപ്പോൾ ബാസ്റ്റീൽ കോട്ടയിൽ നിന്നെത്തിയ ആ മനുഷ്യർ സായുധരാണെന്ന് വ്യത്യാസം ഉണ്ട്. 1789 ജൂലൈ 14 ആയിരുന്നു അന്ന്. അവർ മുഴക്കിയ പദങ്ങൾ ഏറ്റവും പുരാതനവും അതുപോലെ സദാ നൂതനവുമായ വിചാരമായിരുന്നു : സമത്വം സാഹോദര്യം സ്വാതന്ത്ര്യം.
 
ആ പദങ്ങളുടെ കുഴലൂത്തുകാരാകുമെന്ന് കരുതിയ മനുഷ്യരാണ് ഇപ്പോൾ അതിന്റെ ശത്രുക്കളായി ഗണിക്കപ്പെടുന്നത്. ചരിത്രത്തിലെ ഏറ്റവും കഠിനമായ, ക്രൂരമായ ഐറണിയായി ആ ദിനം ഓർമ്മിക്കപ്പെടും. അതിലെ ശരിതെറ്റുകളല്ല നമ്മുടെ പ്രശ്നം. ശാസ്ത്രപുസ്തകം പോലെ വൈകാരികതയില്ലാതെ വായിക്കപ്പെടേണ്ട ഒന്നാണ് ചരിത്രപുസ്തകവും. ഓഷ്വിറ്റസിൻ്റെ ചിപ്പിയിൽ എഴുതിവച്ചിരിക്കുന്നത് പോലെ നമ്മൾ ചരിത്രം പഠിക്കേണ്ടത് കയ്പ്പുള്ളവരായി മാറാനല്ല, ദുരന്തങ്ങൾ ആവർത്തിക്കാതിരിക്കാനാണെന്നാണ്. അതാണ് അതിന്റെ ശരി.
 
തെരുവിൽ നിന്ന് ഉയർന്നുകേട്ട ആ പദങ്ങളെ ഇത്ര ഋജുവായും പ്രായോഗികമായും അഭിമുഖീകരിച്ച മറ്റൊരു ധർമ്മമില്ല. പിന്നീട് കമ്മ്യൂൺ എന്ന പേരിൽ നാം പരിചയപ്പെടുന്ന സഹജീവിതത്തിൻ്റെയും സമതയുടെയും വേരുകൾ ആ തടിച്ച തുകൽബൈൻഡിട്ട പുസ്തകത്തിന്റെ ഒടുവിലുണ്ട് : വിശ്വസിച്ചവർ എല്ലാവരും ഒരുമിച്ചിരുന്നു. സകലതും പൊതുവക എന്നെണ്ണുകയും ജന്മഭൂമിയിൽ വസ്തുക്കളും വിറ്റ് അവനവന് ആവശ്യമുള്ളത് പോലെ എല്ലാവർക്കുമിടയിൽ പങ്കിടുകയും ചെയ്തു.
ഇടതുപക്ഷ ഭാവന ലോകത്തിന് സമ്മാനിച്ച സഖാവ്, Comrade എന്ന പദം പോലെ ക്രിസ്റ്റ്യാനിറ്റി കണ്ടെത്തി, കൈമാറണം എന്ന് ആഗ്രഹിച്ച വാക്ക് അതായിരുന്നു. ബ്രദർ / സിസ്റ്റർ. അതിനുള്ളിൽ നേരത്തെ പറഞ്ഞ ആ മൂന്ന് പദങ്ങളും വിത്തിനുള്ളിൽ എന്ന പോലെ ഒരു ജൈവിക സാധ്യതയായി അടക്കം ചെയ്തിട്ടുണ്ട്. ഭൂമിയുടെ വിമോചനപ്രക്രിയകളോട് നിങ്ങൾ എത്ര സഹായിയായി നിൽക്കുന്നു എന്നതാണ് എത്ര ആന്തരിക മനുഷ്യനാണ് നിങ്ങളെന്ന് അളന്നെടുക്കുവാൻ ഉപയോഗിക്കേണ്ട ഏക ഏകകം. വേദപുസ്തകത്തിലെ ഒടുവിലത്തെ താളുകൾ നാടുകടത്തപ്പെട്ട ദ്വീപിലിരുന്ന് പുതിയ ആകാശത്തെയും പുതിയ ഭൂമിയെയും കുറിച്ചുള്ള ഒരാളുടെ കാഴ്ചയും ആത്മഗതങ്ങളുമാണ്.
 
ഒരാളെ നമസ്കരിച്ച് ഈ പുലരിയോർമ്മ അവസാനിപ്പിക്കണമെന്ന് തോന്നുന്നു. ഓസ്കാർ റൊമേരോ ആണത്. ആരംഭത്തിൽ യാഥാസ്ഥിതികനായ ഒരു ബിഷപ്പായിരുന്നു. മനുഷ്യാവകാശങ്ങൾക്ക് വേണ്ടി സംസാരിച്ചുകൊണ്ടിരുന്ന ഒരു വൈദികസുഹൃത്തിൻ്റെ മരണമാണ് വീണ്ടുവിചാരത്തിന് കാരണമായത്. എൽ സാൽവദോറിലെ പട്ടാളഭരണകൂടത്തിൻ്റെ ഏറ്റവും വലിയ വിമർശകനായി 24, മാർച്ച്, 1980 റൊമേരോ പട്ടാളക്കാരോട് ദൈവസ്വരത്തിന് കാതോർക്കാനും മനുഷ്യാവകാശത്തിനെതിരായുള്ള എല്ലാത്തരം നെറികേടുകളിൽനിന്ന് അകന്നു നിൽക്കണമെന്നും ആവശ്യപ്പെട്ടു. അന്ന് സന്ധ്യയ്ക്ക് മരണാസന്നരായ രോഗികൾക്ക് വേണ്ടിയുള്ള ആതുരയിടത്തിലെ ചെറിയ ചാപ്പലിൽ കുർബാന അർപ്പിച്ചു. തൻ്റെ പ്രഭാഷണം അവസാനിപ്പിച്ച് വീണ്ടും അൾത്താരയിലേക്ക് മടങ്ങിയെത്തുമ്പോൾ അങ്കണത്തിൽ ഒരു ചുവന്ന കാർ പ്രത്യക്ഷപ്പെട്ടു. അതിൽനിന്നൊരാൾ ഇറങ്ങി. പടിയിൽനിന്ന് തന്നെ വെടിയുതിർത്തു. ഇതെൻ്റെ രക്തമാണ്, ഇതൻ്റെ മാംസമാണ് ഇതെടുത്തുകൊള്ളുക എന്ന കുർബാനമൊഴികൾ വരാനിരിക്കുന്നതേയുണ്ടായിരുന്നുള്ളൂ.
 
നേരമുണ്ടെങ്കിൽ റൊമേരയെന്ന (1989) ഹോളിവുഡ് ഫീച്ചർ ഫിലിം കണ്ടുനോക്കാവുന്നതാണ്.
 
– ബോബി ജോസ് കട്ടികാട്
Advertisements

Pularvettom, Morning Reflection / Meditational Morning Message Series by Fr Bobby Jose Kattikadu OFM Cap.
Source: – Official Facebook Page: https://www.facebook.com/pularvettam.book/

1 reply »

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s