{പുലർവെട്ടം 499}
“History is cyclical, and it would be foolhardy to assume that the culture wars will never return.”
– Frank Rich
ഇതായിരുന്നു അവൻ്റെ ആദ്യത്തെ പ്രലോഭനം. നാല്പത് ദിവസം അവൻ മരുഭൂമിയിലായിരുന്നു. അതിൻ്റെയൊടുവിൽ അവന് വിശന്നു. തിന്മ ഉടൽരൂപത്തിൽ അവൻ്റെ മുൻപിലെത്തി : ഈ കല്ലുകളെ അപ്പമാക്കുക. ഒറ്റനോട്ടത്തിൽ അപ്പമാണെന്ന് തോന്നിക്കുന്ന വിധത്തിൽ ഉരുളൻ ചുണ്ണാമ്പുകല്ലുകൾ മണലിൽ അങ്ങിങ്ങായി ചിതറി കിടപ്പുണ്ട്. കല്ലിനെത്തന്നെ തിന്നാനുള്ള വിശപ്പുണ്ട്. എന്നാൽ ആ വിശപ്പിനും മീതേ ഉയർന്നുനിൽക്കാൻ അവനാകും: മനുഷ്യർ അപ്പം കൊണ്ട് മാത്രമല്ല ജീവിക്കുന്നത്. ഈശ്വരൻ്റെ അധരങ്ങളിൽ നിന്ന് മൊഴിയുന്ന വാക്ക് കൊണ്ട് കൂടിയാണ്.
നമ്മൾ ക്രിസ്തുവല്ലാത്തതുകൊണ്ട് വിശപ്പ് എന്ന കടമ്പയിൽ തട്ടി വീണേപറ്റൂ. അദ്ധ്യാപകൻ കുട്ടിയുടെ പൊതിച്ചോറ് കവരുന്ന കഥ എഴുതിയത് ഒരു അദ്ധ്യാപകൻ തന്നെയായിരുന്നു. കാരൂർ നീലകണ്ഠപ്പിള്ള. ബഷീറിൻ്റെ ജന്മദിനം വിശപ്പിന്റെ കഥ മാത്രമാണ്. ആ പേരിൽത്തന്നെ ഇവിടെ കഥകളും കവിതകളുമുണ്ടായി. ചലച്ചിത്രങ്ങളിൽ വിശപ്പ് ഒരു പ്രമേയമായി. ഓർക്കുന്നുണ്ട് പഴയകാലത്തെ വിദ്യാലയ യുവജനോത്സവങ്ങളിൽ നാടകത്തിന്റെ അരങ്ങിൽനിന്ന് ചെറിയ കുട്ടികളുടെ ശബ്ദം മൈതാനത്തേക്കിറങ്ങി വന്നു : അമ്മാ വിശക്കുന്നു. കല ഒരു കാലത്തിന്റെ കണ്ണാടിപ്പൊട്ടാണ്.
പൊതുവേ ആ കാലം കടന്നുപോയിരിക്കുന്നു. അതുകൊണ്ടാണ് Perfect Ok തുടങ്ങിയ ഫലിതങ്ങൾ ഉണ്ടാവുന്നത്. കാര്യങ്ങൾ മെച്ചപ്പെട്ടുവെന്ന് കരുതുമ്പോൾ ഭൂതകാലത്തിൽ അതുണ്ടായിരുന്നുവെന്നും നാളെ അതൊരു സാധ്യതയായി നിൽക്കുന്നുണ്ടെന്നുമുള്ള ബോധം കുറേക്കൂടി വിനയത്തോടെ ജീവിതത്തെ കാണുവാൻ എന്നെ സഹായിക്കും.
പഴയനിയമത്തിലെ ജോസഫ് ഫറവോയോട് സ്വപ്നം വ്യാഖ്യാനിക്കുകയാണ്. സ്വപ്നത്തിൽ അയാൾ നൈൽ നദിക്കരയിലായിരുന്നു: കൊഴുത്ത് അഴകുള്ള ഏഴു പശുക്കള് നദിയില്നിന്നു കയറിവന്നു. അവ പുല്ത്തകിടിയില് മേഞ്ഞുകൊണ്ടുനിന്നു. അതിനുശേഷം മെലിഞ്ഞു വിരൂപമായ വേറെഏഴു പശുക്കള് നൈലില്നിന്നു കയറി, നദീതീരത്തു നിന്നിരുന്ന മറ്റു പശുക്കളുടെ അരികില് വന്നുനിന്നു. മെലിഞ്ഞു വിരൂപമായ പശുക്കള് കൊഴുത്ത് അഴകുള്ള പശുക്കളെ വിഴുങ്ങിക്കളഞ്ഞു. അപ്പോള് ഫറവോ ഉറക്കമുണര്ന്നു. അവന് വീണ്ടും ഉറങ്ങിയപ്പോള് വേറൊരു സ്വപ്നം ഉണ്ടായി: ഒരു തണ്ടില് പുഷ്ടിയും അഴകുമുള്ള ഏഴു ധാന്യക്കതിരുകള് വളര്ന്നുപൊങ്ങി. തുടര്ന്ന് ഏഴു കതിരുകള്കൂടി ഉയര്ന്നുവന്നു. അവ ശുഷ്കിച്ചവയും കിഴക്കന്കാറ്റില് ഉണങ്ങിക്കരിഞ്ഞവയുമായിരുന്നു. ശോഷിച്ച ഏഴു കതിരുകള് പുഷ്ടിയും അഴകുമുള്ള കതിരുകളെ വിഴുങ്ങിക്കളഞ്ഞു. (ഉൽപ്പത്തി 41: 1-7)
ജോസഫ് അതിന്റെ പൊരുൾ പറഞ്ഞു തുടങ്ങി: ഏഴു നല്ല പശുക്കള് ഏഴു വര്ഷമാണ്; ഏഴു നല്ല കതിരുകളും ഏഴു വര്ഷംതന്നെ; സ്വപ്നങ്ങളുടെ അര്ഥം ഒന്നുതന്നെ. അവയ്ക്കു പുറകേവന്ന മെലിഞ്ഞതും വിരൂപവുമായ ഏഴു പശുക്കളും ഏഴു വര്ഷമാണ്. കിഴക്കന് കാറ്റില് ഉണങ്ങിവരണ്ട പതിരു നിറഞ്ഞ ഏഴു കതിരുകള് ക്ഷാമത്തിന്റെ ഏഴു വര്ഷമാണ്. ഞാന് അങ്ങയോടു പറഞ്ഞതുപോലെ, ദൈവം ചെയ്യാന് പോകുന്നത് എന്തെന്ന് അവിടുന്നു ഫറവോയ്ക്കു കാണിച്ചു തന്നിരിക്കുന്നു. ഈജിപ്തു മുഴുവനും സുഭിക്ഷത്തിന്റെ ഏഴു വര്ഷങ്ങള് വരാന്പോകുന്നു. അതേത്തുടര്ന്ന് ക്ഷാമത്തിന്റെ ഏഴു വര്ഷങ്ങളുണ്ടാകും. സമൃദ്ധിയുടെ കാലം ഈജിപ്തുരാജ്യം മറന്നുപോകും. ക്ഷാമം നാടിനെ കാര്ന്നുതിന്നും.
ചരിത്രം രേഖീയമല്ല ചാക്രികമാണ് – ഫ്രാങ്ക് റിച്ച് ഉദ്ധരണിയിലെ സാംസ്കാരിക ആവർത്തനങ്ങൾ സമസ്ത മേഖലയിലും ശരിയാവുന്ന ഒരു നേരാണ്. ഏണിയും പാമ്പും കളിയുടെ പടമല്ലാതെ മറ്റെന്താണ് ചരിത്രം എന്നാണ് നിങ്ങൾ കരുതുന്നത്. ഓർമ്മയുണ്ടായിരിക്കണം. വിശേഷിച്ചും ഇന്നലത്തെ വിശപ്പിൻ്റെയും ദാരിദ്ര്യത്തിന്റെയും ഓർമ്മ.
– ബോബി ജോസ് കട്ടികാട്
Advertisements

Advertisements
Pularvettom, Morning Reflection / Meditational Morning Message Series by Fr Bobby Jose Kattikadu OFM Cap.
Source: – Official Facebook Page: https://www.facebook.com/pularvettam.book/
Reblogged this on Love & Love Alone.
LikeLiked by 1 person