Rev. Fr Sebastian Sankoorickal Passes Away

Rev. Fr Sebastian Sankoorickal

നമ്മുടെ അതിരൂപതാംഗമായ ബഹുമാനപ്പെട്ട സെബാസ്റ്റ്യന്‍ ശങ്കൂരിക്കല്‍ അച്ചന്‍ വാര്‍ദ്ധക്യ സഹജമായ രോഗങ്ങളാല്‍ തൃക്കാക്കര വിജോ ഭവന്‍ പ്രീസ്റ്റ് ഹോമില്‍ വച്ച് ബുധനാഴ്ച (16.06.2021) വൈകിട്ട് കര്‍ത്താവില്‍ നിദ്ര പ്രാപിച്ചു. 85 വയസായിരുന്നു. മൃതദേഹം ശനിയാഴ്ച (19.06.2021) രാവിലെ 9.30 മുതല്‍ 11 വരെ ഞാറക്കലിലുള്ള വസതിയില്‍ പൊതുദര്‍ശനത്തിന് വയ്ക്കും. വീട്ടില്‍ നിന്ന്‌ മൃതസംസ്കാരശുശ്രൂഷയുടെ ഒന്നാം ഭാഗം തുടങ്ങി 11.30-തോടുകൂടി പള്ളിയില്‍ എത്തിക്കും. ഉച്ചകഴിഞ്ഞ് 3 മണിക്ക് ഞാറക്കല്‍ സെന്‍റ് മേരീസ് പള്ളിയില്‍ വച്ച് വിശുദ്ധ കുര്‍ബാനയോടുകൂടി തിരുക്കര്‍മ്മങ്ങള്‍ ആരംഭിക്കും. അഭിവന്ദ്യ മാര്‍ ആന്‍റണി കരിയില്‍ പിതാവ് തിരുക്കര്‍മ്മങ്ങള്‍ക്ക് മുഖ്യകാര്‍മികത്വം വഹിക്കും. സമാപനശുശ്രൂഷയ്ക്ക് കര്‍ദ്ദിനാള്‍ ജോര്‍ജ്ജ് ആലഞ്ചേരി പിതാവ് കാര്‍മികത്വം നിര്‍വഹിക്കും.

1961 സെപ്തംബര്‍ 27-ന് കാര്‍ഡിനല്‍ ജോസഫ് പാറേക്കാട്ടില്‍ പിതാവില്‍ നിന്നു പൗരോഹിത്യം സ്വീകരിച്ചു. മുട്ടം പള്ളിയില്‍ അസിസ്റ്റന്‍റ് വികാരിയായും കച്ചേരിപ്പടി, നോര്‍ത്ത് പറവൂര്‍, ഉദയംപേരൂര്‍ ഓള്‍ഡ്, ഇരുമ്പനം, പാലാരിവട്ടം, തിരുമുടിക്കുന്ന്, മൂക്കന്നൂര്‍, മേലൂര്‍, ആലുവ, ഇടപ്പള്ളി, തലയോലപ്പറമ്പ്, താന്നിപ്പുഴ, ആലങ്ങാട്, വള്ളുവള്ളി, കുറുമശ്ശേരി എന്നീ ഇടവകകളില്‍ വികാരിയായും, സിഎംഎല്‍, ഡിസിഎംഎസ്, ഹോളി ചൈല്‍ഡ്ഹുഡ്, പൊന്തിഫിക്കല്‍ അസോസിയേഷന്‍സ് എന്നീ മേഖലകളില്‍ ഡയറക്ടറായും അച്ചന്‍ സേവനം അനുഷ്ഠിച്ചിട്ടുണ്ട്. ശങ്കൂരിക്കല്‍ പരേതരായ ജോസഫും ത്രേസ്യയുമാണ് മാതാപിതാക്കള്‍. സഹോദരങ്ങള്‍: ജേക്കബ് (Late), മാത്യു (Late), പോള്‍, കുഞ്ഞാറമ്മ (Late), സി. അസ്സീസി എസ്എബിഎസ് (Late), റീത്ത, സി. ആനി ജോസ് എസ്എബിഎസ്, ലൂസി.

NB: കോവിഡ് പ്രോട്ടോകോള്‍ മൂലം മൃതസംസ്കാരശുശ്രൂഷയില്‍ പങ്കെടുക്കുന്നവരുടെ എണ്ണത്തില്‍ പരിമിതികള്‍ ഉള്ളതിനാല്‍ ബഹുമാനപ്പെട്ട അച്ചന്മാര്‍ സൗകര്യപ്രദമായ ഏതെങ്കിലും സമയത്ത് വന്നു പ്രാര്‍ത്ഥിക്കുന്നതായിരിക്കും ഉചിതം.

അച്ചന്‍റെ വീട്ടിലേക്കുള്ള വഴി

എറണാകുളത്ത് നിന്ന് ഗോശ്രീ പാലം വഴി വൈപ്പിന്‍. വൈപ്പിനില്‍ നിന്ന് വലത്തോട്ട് തിരിഞ്ഞ് നേരെ പോകുമ്പോള്‍ ഞാറക്കല്‍ പള്ളി ജംഗ്ഷന്‍. ഞാറക്കല്‍ പള്ളി ജംഗ്ഷനില്‍ നിന്ന് വലത്തോട്ടു തിരിഞ്ഞ് 500 മീറ്റര്‍ മുന്നോട്ടു പോകുമ്പോള്‍ പള്ളിയുടെ തൊട്ടടുത്തായി അച്ചന്‍റെ വീട് കാണാം.

ഫാ. ഡാര്‍വിന്‍ ഇടശ്ശേരി
Archdiocesan Internet Mission

Advertisements

ബഹുമാനപ്പെട്ട ശങ്കുരിക്കൽ അച്ഛനെ ഞാൻ ആദ്യമായി കാണുന്നത് ചെറുപുഷ്പ മിഷൻ ലീഗ് സംഘടിപ്പിച്ച ഒരു ജാഥയുമായി ബന്ധപ്പെട്ട് വല്ലം ജംഗ്ഷനിൽ വച്ചാണെന്നാണ് എന്റെ ഓർമ്മ.അച്ഛൻ അന്ന് അതിരൂപതാ ഡയറക്ടർ ആണ്.ഞാൻ അന്ന് മിഷൻലീഗിൽ പിച്ചവെക്കുന്ന കാലം. വല്ലം കവലയിൽ പലരും പ്രസംഗിച്ചതിനു ശേഷം അവസാനം ആണ് ശങ്കുരിക്കൽ അച്ഛൻ പ്രസംഗിക്കാൻ എഴുന്നേറ്റത്.പതുക്കെ തുടങ്ങി തീപ്പൊരിയുടെ ആവേശത്തിലൂടെ വല്ലം കവലയിൽ ആ ശബ്ദം മുഴങ്ങിയപ്പോൾ മുസ്ലിം ജനസമൂഹം ഉൾപ്പെടെ നൂറുകണക്കിന് ആളുകളാണ് അച്ഛനെ കേൾക്കാൻ അടുത്ത്കൂടിയത്…..
ആയിരിക്കുന്ന സ്ഥലത്തെ തന്റെ വരുതിയിൽ ആക്കാനുള്ള കഴിവ് അച്ഛന്റെ കഴിവ് ഒന്ന് വേറെ തന്നെ ആണ്…….

രണ്ടാമത്അച്ഛനെ ഞാൻ കാണുന്നത് ആലുവ ചന്ത പള്ളിയിലെ വികാരി ആയിരിക്കുമ്പോൾ ആണ്. വല്ലം പ്രസംഗത്തിന്റെ ഓർമ്മ വച്ചു കൂടാലപ്പാട് പള്ളി തിരുന്നാളിന്റെ മുഖ്യ പ്രാസംഗീകനായി ക്ഷണിക്കാനായിരുന്നു അത്. മൂന്നാം പ്രാവശ്യം ചെന്നപ്പോളാണ് അച്ഛനെ കണ്ടത്. അന്ന് അച്ഛൻ മംഗലപ്പുഴ സെമിനാരിയിൽ പഠിപ്പിക്കുന്നു എന്നാണ് എന്റെ ഓർമ്മ. മുൻകൂട്ടി പരിപാടി ഏറ്റുപോയതുകൊണ്ട് വരാൻ പറ്റില്ലെന്ന് അറിയിച്ചെങ്കിലും ചായ കുടിപ്പിച്ചിട്ടേ വിട്ടുള്ളൂ….

മൂന്നാമത് ഞാൻ അച്ഛന്റെ മികച്ചൊരു സംഘാടന മികവിന് സാക്ഷി ആയിക്കൊണ്ടാണ്. ജീവിച്ചിരുന്നപ്പോൾ തന്നെ വിശുദ്ധ എന്നറിയപ്പെട്ട മദർ തെരേസ ഇടപ്പിള്ളി പള്ളിയുടെ ആഘോഷങ്ങളിൽ പങ്കെടുക്കാൻ വന്നപ്പോഴാണത്.
പതിനായിരങ്ങൾ തടിച്ചു കൂടിയ ആ സമ്മേളനത്തിൽ മദർ തെരേസയെ കണ്ടത് മായാതെ നിൽക്കുന്നതുപോലെ തന്നെ അച്ഛന്റെ സംഘാടന മികവും ആ മുഴങ്ങുന്ന ശബ്ദവും നിറവോടെ നിൽക്കുകയാണ് …..

നാലാം വട്ടം ഞാൻ അച്ഛനെ കാണുന്നത് താന്നിപ്പുഴ പള്ളിയിൽ അദ്ദേഹം വികാരി ആയിരിക്കുമ്പോൾ ആണ്. അന്ന് ഞാൻ വല്ലം മേഖല ഭാരവാഹിയും അദ്ദേഹം ഡയറക്ടറും ആണ്. ഓരോ തവണ അച്ഛനെ കണ്ടിറങ്ങുമ്പോഴും വലിയൊരു ആവേശം നമ്മളിൽ ജനിപ്പിക്കുമായിരുന്നു അദ്ദേഹം……….

അഞ്ചാം വട്ടം കാണുന്നത് ഞാൻ കൂടി സംഘാടകനായ ഒരു അതിരൂപതാ പരിപാടിയിൽ ആണ്. നമ്മുടെ അതിരൂപതയുടെ മുൻ ഡയറക്ടർമാരെ ആദരിച്ച ചടങ്ങിൽ അമ്മ തച്ചിലച്ചൻ ശങ്കുരിക്കൽ അച്ഛന് മുന്നേ മിഷൻ ലീഗിന്റെ അതിരൂപത ഡയറക്ടർ ആയിരുന്നെന്ന് പറഞ്ഞപ്പോൾ തന്റെ നിലപാടുകളുമായി അതിനെ ഘന്ധിക്കുന്ന എന്നും നിലപാടുകളിൽ ഉറച്ചു നിൽക്കുന്ന ശംഖുറിക്കലച്ചനെയാണ് ഞാൻ ഓർക്കുന്നത്…..

ആറാംവട്ടം ഞാൻ കാണുന്നത് അദ്ദേഹത്തിന്റെ പൗരോഹിത്യ സുവർണ ജൂബിലി ആഘോഷത്തിൽ പങ്കെടുത്തു കുറുമശ്ശേരിയിൽ വച്ചാണ്. കൃതജ്ഞതാ ബലിക്കുശേഷം നടന്ന സമ്മേളനത്തിൽ വച്ചു CML അതിരൂപത ഘടകത്തിന്റെ ഉപഹാരം നൽകുമ്പോൾ ആണ്. അന്ന് അച്ഛൻ ഞങ്ങളെ കെട്ടിപ്പിടിക്കുകയും ജൂബിലി ഓർമ്മക്കായി സുറിയാനി കുർബാനയുടെ CD തരികയും ചായ കുടിക്കുന്നു എന്ന് ഉറപ്പുവരുത്തിയും ആണ് ഞങ്ങളെ മടക്കിയത്……..

ഏഴാംവട്ടം ഞാൻ കാണുന്നത് എന്റെ ഇടവകയായ കൂടാലപ്പാട് പള്ളിയിൽ വച്ചു കാറിൽ എത്തി കസേരയിൽ ഇരുത്തി പള്ളിയിലേക്ക് കൊണ്ടു പോകുമ്പോൾ ആണ്. ശാരീരികമായി ആകെ അവശനായിരുന്നു അദ്ദേഹം. എന്റെ ഇടവക അംഗമായിരുന്ന ബഹുമാനപ്പെട്ട ജോർജ് തോട്ടങ്കര അച്ഛന്റെ ശവസംസ്കാര ശുഷ്‌റൂഷയിലെ വിടവാങ്ങൽ ഗീതം ആലപിക്കാനായിരുന്നു ആ വരവ്. വിറവാർന്ന ശബ്ദത്തിൽ കസേരയിൽ ഇരുന്നു അദ്ദേഹം പാടിയ പാട്ട് ഇന്നും ഓർമ്മയിൽ നിൽക്കുന്നു. അന്ന് സംസാരത്തിനിടയിൽ പറഞ്ഞു ഇനി അധികം നാൾ ശങ്കുരിക്കൽ അച്ഛൻ ഉണ്ടാവില്ലെന്ന്……….

ഓരോ പ്രാവശ്യം ശങ്കുരിക്കൽ അച്ഛനെ കണ്ടപ്പോഴും അത് ഓർമ്മയിൽ തങ്ങി നിൽക്കുന്ന മനോഹര മുഹൂർത്തങ്ങളാണ് സമ്മാനിച്ചത്. പ്രിയ അച്ഛാ, അച്ഛനെ കുറിച്ചുള്ള ദീപ്തമായ ഓർമ്മകൾക്ക് മുന്നിൽ ശിരസ്സ് നമിച്ചുകൊണ്ടു ആദരാഞ്ജലികൾ അർപ്പിച്ച് പ്രാർത്ഥിക്കുന്നു. ദൈവം എന്നെ കനിഞ്ഞു അനുഗ്രഹിച്ചാൽ അങ്ങായിരിക്കുന്നിടത്തു വച്ചു ആ സുറിയാനി പാട്ട് കുർബാന ഒരിക്കൽ കൂടി കേൾക്കാൻ സാധിക്കുമാറാകട്ടെ, ആമീൻ.


സെബി ഇഞ്ചിപറമ്പിൽ,
മുൻ പ്രസിഡന്റ്‌,
CML എറണാകുളം -അങ്കമാലി അതിരൂപത.

Advertisements

Leave a comment