⚜️⚜️⚜️⚜️ June 28 ⚜️⚜️⚜️⚜️
വിശുദ്ധ ഇരണേവൂസ്
⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️
ഏഷ്യാമൈനര്‍ നിവാസിയെന്ന്‍ കരുതപ്പെടുന്ന വിശുദ്ധ ഇരണേവൂസിന്റെ ജനനം 120-ലായിരുന്നു. സത്യക്രിസ്ത്യാനികളായിരുന്ന, ഇരണേവൂസിന്റെ മാതാപിതാക്കള്‍ വിശുദ്ധനെ അദ്ദേഹത്തിന്റെ യൗവ്വനത്തില്‍ തന്നെ സ്മിര്‍ണായിലെ മെത്രാനായിരുന്ന വിശുദ്ധ പൊളികാര്‍പ്പിന്റെ ശിക്ഷണത്തില്‍ ഏല്‍പ്പിച്ചു. പില്‍ക്കാലത്ത് വിശുദ്ധനെ തിരുസഭയുടെ ആഭരണവും, ശത്രുക്കളുടെ ഭീതിയുമായി മാറ്റുന്നതിന് കാരണമായ ദൈവശാസ്ത്രത്തിലെ അഗാധമായ പാണ്ഡിത്യം നേടുന്നത് ഈ പരിശുദ്ധമായ വിദ്യാലയത്തില്‍ വെച്ചാണ്.
വിശുദ്ധ പോളികാര്‍പ്പ് തന്റെ ശിക്ഷ്യന്റെ പ്രതിഭയെ ആളികത്തിക്കുകയും, തന്റെ ധര്‍മ്മോപദേശത്താലും, മാതൃകയാലും തന്റെ ശിഷ്യന്റെ മനസ്സില്‍ ശക്തമായ ദൈവഭക്തിയെ രൂപപ്പെടുത്തുകയും, തന്റെ ഉത്തമനായ ഗുരു വാഗ്ദാനം ചെയ്ത എല്ലാ നേട്ടങ്ങളും അരുമയായ ശിക്ഷ്യന്‍ വളരെ ശ്രദ്ധാപൂര്‍വ്വം കൊയ്യുകയും ചെയ്തു.
തന്റെ ഗുരുവിനോടുള്ള ശിക്ഷ്യന്റെ ബഹുമാനം അപാരമായിരുന്നു, ഗുരുവിന്റെ എല്ലാ പ്രവര്‍ത്തനങ്ങളേയും, നന്മയേയും സസൂക്ഷ്മം നിരീക്ഷിക്കുകയും, അവയെ തന്റെ ജീവിതത്തില്‍ പകര്‍ത്തുകയും ചെയ്തു. വിശുദ്ധ പൊളികാര്‍പ്പിന്റെ എല്ലാ നിര്‍ദ്ദേശങ്ങളും ഒട്ടും തന്നെ അലംഭാവമില്ലാതെ ഇരണേവൂസ് തന്റെ ഹൃദയത്തില്‍ പതിപ്പിച്ചു. തന്റെ കാലഘട്ടത്തിലെ മതവിരുദ്ധവാദങ്ങളെ നേരിടുന്നതിനായി അദ്ദേഹം വിജാതീയ തത്വ ചിന്തകരുടെ പൊള്ളയായ ആശയങ്ങളുമായി പരിചയപ്പെടുകയും, അതുമൂലം അവയിലെ മുഴുവന്‍ തെറ്റുകളും അതിന്റെ ഉത്ഭവം മുതല്‍ കണ്ടുപിടിക്കുവാനുള്ള കഴിവ് നേടുകയും ചെയ്തു.
തന്റെ രചനകള്‍ വഴി ടെര്‍ടൂല്ലിയന്‍, തിയോഡോറെറ്റ്, വിശുദ്ധ എപ്പിഫാനൂസ് തുടങ്ങിയ മഹാരഥന്‍മാരുമായി വിശുദ്ധന് ബന്ധമുണ്ടായിരുന്നു. ‘അക്കാലഘട്ടങ്ങളിലെ അന്ധകാരത്തില്‍ പ്രകാശം പരത്തിയ സത്യത്തിന്റെ തീപന്തം’ എന്നായിരുന്നു വിശുദ്ധ എപ്പിഫാനൂസ് ഇരണേവൂസിനെ വിശേഷിപ്പിച്ചിരുന്നത്.
കുറച്ച് വര്‍ഷങ്ങള്‍ ഇരണേവൂസ് കിഴക്കന്‍ തത്വവാദികളുടേയും, ചിന്തകരുടേയും തെറ്റുകളെ പ്രതിരോധിച്ചതിനു ശേഷം വിശുദ്ധ പൊളികാര്‍പ്പ് വിശുദ്ധനെ ഗൗളിലേക്കയക്കുവാന്‍ തീരുമാനിച്ചു. അപ്പോള്‍ മാത്രം വേരുറപ്പിച്ചു തുടങ്ങിയ ക്രിസ്തീയതയെ തുരത്തുക എന്ന ലക്ഷ്യത്തോടു കൂടി ഏഷ്യാ മൈനറിലേ നിരവധി മതവിരുദ്ധവാദികള്‍ ഗൗളിലേക്ക് കുടിയേറിയിരുന്നു. ഏതാണ്ട് 40-ഓളം ക്രിസ്ത്യാനികള്‍ക്കൊപ്പം യേശുവിന്റെ ധീരനായ പോരാളി ല്യോണിലെ മെത്രാനായിരുന്ന വിശുദ്ധ പൊത്തിനൂസിനെ സഹായിക്കുവാനായി ല്യോണിലേക്ക് പോയി.
വിശുദ്ധ പൊത്തിനൂസ് ഇതിനോടകം തന്നെ വൃദ്ധനായി കഴിഞ്ഞിരുന്നു, കൂടാതെ അദ്ദേഹത്തിന്റെ സഭയിലെ പുതുക്രിസ്ത്യാനികള്‍ക്ക് ദുര്‍മ്മാര്‍ഗ്ഗപരമായ തത്വങ്ങളില്‍ നിന്നും സത്യത്തേ വേര്‍തിരിച്ചറിയുന്നതിനുള്ള വിവേചനശക്തി എല്ലായ്പ്പോഴും ഇല്ലായിരുന്നു. വിശുദ്ധ പൊത്തിനൂസ് ഇരണേവൂസിനേയും, സഹചാരികളേയും വളരെ സ്നേഹത്തോടെ സ്വീകരിക്കുകയും, അധികം താമസിയാതെ വിശുദ്ധ ഇരണേവൂസിന് പട്ടം നല്‍കുകയും ചെയ്തു.
വൃദ്ധനായ മെത്രാന്റെ വലതുകരമായി പ്രവര്‍ത്തിച്ചുകൊണ്ടിരുന്ന വിശുദ്ധന് തന്റെ ആവേശം കാരണം രക്തസാക്ഷിയകേണ്ട ഏതാണ്ട് നൂറില്‍പരം സന്ദര്‍ഭങ്ങള്‍ വരെയുണ്ടായി. എന്നാല്‍ ദൈവം ഇരുപത്തഞ്ച് വര്‍ഷങ്ങളോളം ആ കിരീടം വിശുദ്ധനായി കാത്തുസൂക്ഷിച്ചു. 177-ല്‍ വിശുദ്ധ പൊത്തിനൂസ് ഒരു രക്തസാക്ഷിയായി മരണപ്പെട്ടുകൊണ്ട് ദൈവത്തെ മഹത്വപ്പെടുത്തിയതിനെ തുടര്‍ന്ന് വിശുദ്ധ ഇരണേവൂസ് ല്യോണിലെ രണ്ടാമത്തെ മെത്രാനായി അഭിഷിക്തനായി. ല്യോണിലെ ക്രിസ്തുമതം നാമവശേഷമായി കൊണ്ടിരിക്കുകയാണെന്നാണ് മതപീഡകര്‍ കരുതിയിരുന്നത് , അതിനാല്‍ കുറച്ച് കാലങ്ങളോളം അവര്‍ തങ്ങളുടെ പീഡനങ്ങള്‍ക്ക് വിരാമമിട്ടു.
സഭയുടെ ഈ മഹാനായ പണ്ഡിതന്‍ നിരവധി പ്രാധാനപ്പെട്ട രചനകളുടെ ഉടമയാണ്. അതില്‍ ഏറ്റവും പ്രധാനപ്പെട്ടത് വിശ്വാസത്തെ വിശദീകരിച്ചുകൊണ്ട് മതവിരുദ്ധവാദത്തിനെതിരായിട്ടുള്ള വിശുദ്ധന്റെ രചനയാണ്. തന്റെ പ്രബോധനങ്ങളാല്‍ വിശുദ്ധ ഇരണേവൂസ് കുറച്ച് നാളുകള്‍ക്കുള്ളില്‍ ഏതാണ്ട് മുഴുവന്‍ രാജ്യത്തേയും ക്രിസ്തീയ വിശ്വാസത്തിലേക്ക് മതപരിവര്‍ത്തനം ചെയ്തു.
ല്യോണിലെ ക്രിസ്ത്യാനികള്‍ അവരുടെ ആര്‍ജ്ജവത്താലും, അത്യാഗ്രഹത്തെ ഉപേക്ഷിക്കുകയും, അവരുടെ ദാരിദ്ര്യത്തിലും, വിശുദ്ധിയിലും, ക്ഷമയിലും അവര്‍ മറ്റുള്ളവര്‍ക്ക് മാതൃകയാവുകയും, അതുവഴി തങ്ങളുടെ മതത്തിനു നേരിടേണ്ടി വന്ന നിരവധി കുഴപ്പങ്ങളെ പ്രതിരോധിക്കുകയും ചെയ്തു. അപ്പസ്തോലനായിരുന്ന യോഹന്നാന്റെ ശിക്ഷ്യനും തന്റെ ഗുരുവുമായിരുന്ന വിശുദ്ധ പോളികാര്‍പ്പിനെ അനുകരിക്കുന്നത് ഇരണേവൂസ് തുടര്‍ന്ന് കൊണ്ടിരുന്നു. വിശുദ്ധന്റെ കീഴില്‍ ല്യോണിലെ സഭ വളരെയേറെ പുരോഗതി പ്രാപിച്ചു.
ഏതാണ്ട് എണ്‍പത് വര്‍ഷങ്ങളോളം ദൈവസേവനം ചെയ്തുതിനു ശേഷം അവസാനം 202-ല്‍ സെപ്റ്റിമസ് സെവേരൂസിന്റെ കീഴില്‍ വിശുദ്ധന്‍ മറ്റ് നിരവധിപേര്‍ക്കൊപ്പം രക്തസാക്ഷി മകുടം ചൂടി. സെവേരൂസിന്റെ ഭരണത്തിന്റെ പത്താം വാര്‍ഷികത്തില്‍ മതപീഡനത്തിനുള്ള രാജശാസനം ല്യോണിലുമെത്തി.
ഈ ആഘോഷത്തിന്റെ പേരിലുള്ള ദുരാചാരങ്ങളിലും, കാമാസക്തിയിലും പങ്കെടുക്കുവാന്‍ വിസമ്മതിച്ച ക്രിസ്ത്യാനികളെ അടിച്ചമര്‍ത്തുവാനുള്ള ഒരവസരമായിട്ടാണ് ഈ ആഘോഷത്തെ വിജാതീയര്‍ കണ്ടിരുന്നത്. കൊലപാതകികള്‍ കഠാരകളും, കല്ലുകളും, കത്തികളുമായി നഗരത്തില്‍ അഴിഞ്ഞാടുകയും നഗരത്തെ ചോരകളമാക്കി മാറ്റുകയും ചെയ്തു, ദൈവം തന്റെ ദാസര്‍ക്ക് നല്‍കുന്ന ഏറ്റവും പരമ മഹത്വമാകുന്ന രക്തസാക്ഷിത്വം ആയിരകണക്കിന് ക്രിസ്ത്യാനികള്‍ തങ്ങളുടെ മെത്രാനോടൊപ്പം പുല്‍കുകയുണ്ടായി.
ഇതര വിശുദ്ധര്‍
⚜️⚜️⚜️⚜️⚜️⚜️⚜️
1. സ്കോട്ടിലെ അലാനൂസ്
2. യുട്രെക്ടിലെ ബെനിഞ്ഞൂസ്
3. ക്രൂമ്മിനെ
4. എജിലോ
5. ജര്‍മ്മനിയിലെ ഹെയിമാര്‍ഡ്
⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️

❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
ഈശോയുടെ തിരുഹൃദയത്തിന്റെ വണക്കമാസം: ജൂണ്‍ 2⃣8⃣
❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
ഈശോയുടെ ദിവ്യഹൃദയമാണ് മരണസമയത്തു നമുക്കുള്ള ആശ്വാസം
❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
ജനിച്ചാല്‍ മരിക്കണണമെന്നത് നിഷേധിക്കാന്‍ പാടില്ലാത്ത സത്യമാകുന്നു. പാപം മുഖാന്തിരത്താല്‍ മരണം ലോകത്തിലേക്കു കടന്നുവെന്നു വേദാഗമം സാക്ഷിക്കുന്നു. പരമസ്രഷ്ടാവായ ദൈവം ആദിമാതാപിതാക്കന്‍മാരായ ആദത്തേയും ഹവ്വയേയും സൃഷ്ടിച്ച് പറുദീസായില്‍ അവര്‍ക്ക് ലൗകികമായ സകല സൗഭാഗ്യങ്ങളും നല്‍കി. എന്നാല്‍ വിലക്കപ്പെട്ട കനിയെ ഭക്ഷിച്ച ഉടനെ “നിങ്ങള്‍ മരിക്കും” എന്നായിരുന്നു ദൈവം അവരോടു കല്‍പ്പിച്ചത്. ഈ ആദിമാതാപിതാക്കന്മാര്‍ മനുഷ്യവര്‍ഗ്ഗത്തിന്‍റെ പ്രതിനിധികളായിരുന്നതിനാല്‍ ഇവര്‍ക്കുണ്ടായ ശിക്ഷ അന്നുമുതല്‍ ഉണ്ടാകുവാനിരുന്ന സകല മനുഷ്യരിലും വ്യാപിപ്പാനിടയായി. ചിലര്‍ ദീര്‍ഘകാലം ജീവിച്ചും ചിലര്‍ യൗവനപ്രായത്തിലും മറ്റിചിലര്‍ ശിശുപ്രായത്തിലും എങ്ങനെയെങ്കിലും മരിക്കാതെ നിവൃത്തിയില്ല. ഈ സത്യം ലോകാരംഭം മുതല്‍ ഇന്നുവരെയുള്ള സംഭവങ്ങള്‍ കൊണ്ട് ബോദ്ധ്യപ്പെടാവുന്നവയാണ്.
ഭാഗ്യം അല്ലെങ്കില്‍ ദുര്‍ഭാഗ്യം എന്നിവയുടെ ആരംഭം ഭാഗ്യമായ അഥവാ നിര്‍ഭാഗ്യമായ ഒരു മരണത്തിന്‍റെ ഫലമാകുന്നു. എന്നാല്‍ ഈ മരണം വാര്‍ദ്ധക്യത്തിലോ, യൗവ്വനപ്രായത്തിലോ, സ്വഭവനത്തില്‍ വച്ചോ, അന്യസ്ഥലങ്ങളില്‍ വച്ചോ, ദൈവപ്രസാദസ്ഥിതിയിലോ, പാപത്താല്‍ അശുദ്ധമായിരിക്കുമ്പോഴോ എപ്പോഴെന്നും എവിടെവച്ചെന്നും കണ്ടുപിടിക്കാന്‍ മനുഷ്യര്‍ ശക്തരല്ല. എന്തുകൊണ്ടെന്നാല്‍ ആലോചിക്കാത്ത ആ നാഴികയില്‍ ഒരു കള്ളനെപ്പോലെ താന്‍ വരുമെന്ന് പരമ ഗുരുവായ ഈശോമിശിഹാ അരുളിച്ചെയ്തിരിക്കുന്നു. ആകയാല്‍ നിന്‍റെ മരണത്തിന്‍റെ നാഴിക അറിയുന്നയാള്‍ സത്യദൈവമായ ഈശോമിശിഹാ ആകുന്നു. അവിടുന്ന്‍ ഇതിനെ വെളിപ്പെടുത്തുന്നില്ലായെങ്കില്‍ യാതൊരു സൃഷ്ടികള്‍ക്കും കണ്ടുപിടിക്കാനും അറിയുവാനും ഒരിക്കലും കഴിയുകയില്ല.
അതിനാല്‍ നിന്‍റെ ജീവിതകാലത്തില്‍ ഈശോയുടെ പുണ്യങ്ങളെ കണ്ടുപഠിക്കുകയും തന്‍റെ ദിവ്യഹൃദയത്തെ സ്നേഹിക്കുകയും ചെയ്‌താല്‍ തന്‍റെ പ്രസാദം കൂടാതെ ഒരിക്കലും മരിപ്പാന്‍ സംഗതിയാകയില്ല. മരണസമയത്തില്‍ ഉണ്ടാകുന്ന നാനാവിധ പീഡകളില്‍ നിന്നും പരീക്ഷകളില്‍നിന്നും നിന്‍റെ ആത്മാവിന് യാതൊരു അപകടവും നേരിടുകയില്ലായെന്നു തന്നെയല്ല, ഈവക ദുരിതങ്ങളാല്‍ സ്വര്‍ഗ്ഗത്തില്‍ വലുതായ ബിരുദവും മഹിമയുമുള്ള ഒരു സിംഹാസനം ലഭ്യമാകുകയും ചെയ്യും. നിന്‍റെ മരണസമയത്തില്‍ വലുതായ ശരണക്കേടോ നിന്‍റെ ജീവിതകാലത്തില്‍ ചെയ്തു പോയിട്ടുള്ള പാപങ്ങള്‍ക്കു പരിഹാരം ലഭിച്ചോ ഇല്ലയോ എന്നുള്ള സംശയങ്ങളോ നേരിടുന്നതായിരുന്നാല്‍ കൃപനിറഞ്ഞ ഈശോയുടെ ദിവ്യഹൃദയം ആ ഭയങ്കര യുദ്ധത്തില്‍ നിനക്ക് ശരണവും ആശ്രയവും രക്ഷയും ആയിരിക്കും. എന്തുകൊണ്ടെന്നാല്‍, ദിവ്യരക്ഷിതാവുതന്നെ ഭാഗ്യപ്പെട്ട മര്‍ഗ്ഗരീത്തായിക്കു കാണപ്പെട്ട് തന്‍റെ ദിവ്യഹൃദയ ഭക്തന്മാരുടെ ജീവിതകാലത്തിലും പ്രത്യേകം അവരുടെ മരണ സമയത്തിലും താന്‍ അവര്‍ക്കു നിശ്ചയമുള്ള സങ്കേതസ്ഥാനമാകുമെന്നും തന്‍റെ പ്രസാദം കൂടാതെയും ദിവ്യകൂദാശകള്‍ കൈക്കൊള്ളാതെയും അവര്‍ മരിക്കയില്ലായെന്നും അന്തിമസമയം വരെയും അവര്‍ക്കു താന്‍ തുണയായിരിക്കുമെന്നും വാഗ്ദാനം ചെയ്തിരിക്കുന്നു.
ഹാ! എന്‍റെ ആത്മാവേ! നിന്‍റെ സകല പീഡകളിലും വിഷമതകളിലും നിന്നെ സഹായിപ്പാന്‍ ശേഷിയുള്ള ഒരു സ്നേഹിതനെ ലഭിച്ചാല്‍ അയാളുടെ സ്നേഹബന്ധത്തില്‍ നിന്നു മാറാതിരിക്കാന്‍ എത്രമാത്രം നീ ശ്രദ്ധാലുവായിരിക്കും? നിന്‍റെ സര്‍വ്വവ്യാധികളെയും രോഗങ്ങളേയും കൃത്യമായി തിരിച്ചറിഞ്ഞ് മരണത്തില്‍ നിന്ന്‍ രക്ഷിപ്പാന്‍ പ്രാപ്തിയുള്ള ഒരു വൈദ്യനെ നീ എത്രമാത്രം ബഹുമാനിക്കയും എത്രമാത്രം ധനവ്യയം ചെയ്തു അയാളുടെ പ്രീതി സമ്പാദിക്കയും അയാളില്‍ ആശ്രയിക്കുകയും ചെയ്യുമായിരുന്നു! സകലത്തെയും പൂര്‍ണ്ണമായി തൃക്കണ്പാര്‍ത്തിരിക്കുന്നവനും എല്ലാവക തിന്മകളില്‍ നിന്നും ഒഴിവാക്കുന്ന സര്‍വ്വശക്തനും നിന്‍റെ മരണത്തിന്‍റെ സമയം കൃത്യമായി അറിയുന്നവനും ദുര്‍മരണത്തില്‍ നിന്നു രക്ഷിക്കാന്‍ അത്യാശയോടെ ആഗ്രഹിക്കുന്നവനും ഇങ്ങനെ രക്ഷിപ്പാന്‍ ശക്തിയുള്ളയാളും ഉത്തമ സ്നേഹിതനും ഒരക്കലും തെറ്റുവരാത്ത വൈദ്യനുമായ ഈശോമിശിഹായുടെ ദിവ്യഹൃദയത്തെ സ്നേഹിക്കാതിരിക്കുന്നതെന്തുകൊണ്ട്? സര്‍വ്വ നന്മകളും അടങ്ങിയിരിക്കുന്ന ഈ ദിവ്യഹൃദയത്തെ സ്നേഹിച്ച് സേവിക്കാതിരിക്കുന്നതില്‍ നിനക്കു നഷ്ടീഭവിക്കാനിരിക്കുന്ന ഭാഗ്യത്തെപ്പറ്റി നീ ആലോചിക്കുന്നില്ലല്ലോ? ദുര്‍ഭാഗ്യത്തില്‍ നിന്നും നിത്യമരണത്തില്‍ നിന്നും രക്ഷ പ്രാപിപ്പാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍, സമയമുള്ളപ്പോള്‍തന്നെ കൃപനിറഞ്ഞ ഈശോയുടെ ദിവ്യഹൃദയത്തില്‍ നീ അഭയം പ്രാപിച്ചുകൊള്‍ക.
ജപം
❤️❤️
മനുഷ്യരക്ഷമേല്‍ ഇത്രയും താല്പര്യമുള്ള ഈശോയെ! കൃപനിറഞ്ഞ പിതാവേ! ഇതാ ഞാന്‍ അങ്ങേ തിരുസന്നിധിയില്‍ എന്‍റെ പാപങ്ങളില്‍ന്മേല്‍ മനസ്താപപ്പെട്ടു നില്‍ക്കുന്നു. മാധുര്യം നിറഞ്ഞ ഈശോയുടെ ദിവ്യഹൃദയമേ! അങ്ങുമാത്രം എന്‍റെ അവസാന നാഴികയും പിന്നീട് എനിക്ക് സംഭവിപ്പാനിരിക്കുന്നതും അറിയുന്നു. കര്‍ത്താവേ! അങ്ങേ അളവറ്റ കൃപയാല്‍ എനിക്ക് ഒരു നല്ലമരണവും നല്ല വിധിയും കിട്ടുമെന്ന് ശരണപ്പെടുന്നു. കാരുണ്യം നിറഞ്ഞ ഈശോയേ! എന്‍റെ അവസാനത്തെ ആ നാഴിക ഇപ്പോള്‍തന്നെ അങ്ങേയ്ക്കു കയ്യേല്‍പ്പിചിരിക്കുന്നു. എന്‍റെ കാലുകള്‍ ഇളക്കുവാന്‍ വയ്യാതെയും കൈകള്‍ വിറച്ചു മരവിച്ച് കുരിശിന്മേല്‍ പതിക്കപ്പെട്ട അങ്ങയെ പിടിച്ചു തഴുകുവാന്‍ പാടില്ലാതെയിരിക്കുമ്പോഴും മരണ ഭയത്താല്‍ കണ്ണുകള്‍ ഇരുണ്ട് അങ്ങയെ നോക്കി അങ്ങേ തിരുനാമം വിളിക്കുന്ന ആ സമയത്തിലും മരണസമയത്തില്‍ എന്‍റെ രക്ഷയുടെ ശത്രുക്കളോടു യുദ്ധം ചെയ്യുമ്പോഴും,കരുണ നിറഞ്ഞ ഈശോയെ, എന്‍റെ മേല്‍ കൃപയായിരിക്കണമേ. ആ ഭയങ്കര സമയത്തില്‍ എന്‍റെ സകല പാപങ്ങളും നന്ദികേടുകളും ഓര്‍ക്കാതെ അങ്ങേ അളവറ്റ സ്നേഹത്തെയും ദയയും എന്നോടു കാണിച്ചരുളണമേ. എന്‍റെ പാപം നിന്റഞ്ഞ ആത്മാവ് ശരീരത്തില്‍ നിന്നു വേര്‍പിരിയുമ്പോള്‍ അങ്ങേ തിരുരക്തത്താല്‍ അതിനെ കഴുകി ശുദ്ധീകരിച്ച് അങ്ങേ പരിശുദ്ധ ഹൃദയത്തില്‍ കൈക്കൊള്ളണമെന്ന് സാഷ്ടാംഗം വീണ് ഞാന്‍ പ്രാര്‍ത്ഥിക്കുന്നു.
പ്രാര്‍ത്ഥന
❤️❤️❤️❤️
കര്‍ത്താവേ, അങ്ങേ മണവാട്ടിയായ തിരുസ്സഭയ്ക്കു പൂര്‍ണ്ണസ്വാതന്ത്ര്യം കൊടുത്തരുളേണമേ. ഞങ്ങളുടെ പിതാവായ പരിശുദ്ധ പാപ്പായെ സംരക്ഷിക്കണമേ. എല്ലാവരും അങ്ങേ ഏക സത്യസഭയെ അറിഞ്ഞ് ഏക ഇടയന്‍റെ കീഴാകുന്നതിന് വേഗത്തില്‍ ഇടവരുത്തണമേ! നിര്‍ഭാഗ്യ പാപികളുടെമേല്‍ കൃപയായിരിക്കേണമേ. അനുഗ്രഹത്തിന്‍റെ അമ്മയായ മറിയമേ, ദിവ്യഹൃദയത്തിന്‍ നാഥേ! ഞാന്‍ അപേക്ഷിക്കുന്നതും ആഗ്രഹിക്കുന്നതുമായ സകല വരങ്ങളും അങ്ങേ ശക്തമായ മദ്ധ്യസ്ഥതയില്‍ ശരണപ്പെട്ട് അങ്ങു വഴിയായി ലഭിക്കുമെന്ന് പൂര്‍ണ്ണമായി ഉറച്ചിരിക്കുന്നു. ആമ്മേന്‍.
3 സ്വര്‍ഗ്ഗ. 3 നന്മ. 3 ത്രി.
സാധുശീലനും ഹൃദയ എളിമയുള്ളവനുമായ ഈശോയെ! ഞങ്ങളുടെ ഹൃദയവും അങ്ങേ ഹൃദയം പോലെ ആക്കണമേ.
ഈശോമിശിഹായുടെ തിരുഹൃദയ ലുത്തിനിയ
❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
കര്‍ത്താവേ! അനുഗ്രഹിക്കണമേ .
മിശിഹായേ! അനുഗ്രഹിക്കണമേ.
കര്‍ത്താവേ! അനുഗ്രഹിക്കണമേ.
മിശിഹായേ! ഞങ്ങളുടെ പ്രാര്‍ത്ഥന കേള്‍ക്കണമേ.
മിശിഹായേ! ഞങ്ങളുടെ പ്രാര്‍ത്ഥന കൈക്കൊള്ളണമേ.
ആകാശങ്ങളിലിരിക്കുന്ന ബാവാതമ്പുരാനേ,
ഭൂലോകരക്ഷിതാവായ പുത്രന്‍ തമ്പുരാനേ,
റൂഹാദക്കുദശാ തമ്പുരാനേ,
ഏകസ്വരൂപമായിരിക്കുന്ന ശുദ്ധ ത്രിത്വമേ,
നിത്യപിതാവിന്‍ കുമാരനായ ഈശോയുടെ തിരുഹൃദയമേ,
(ഞങ്ങളെ അനുഗ്രഹിക്കണമേ)
കന്യാസ്ത്രീ മാതാവിന്‍റെ തിരുവുദരത്തില്‍ പരിശുദ്ധാരൂപിയാല്‍ ഉരുവാക്കപ്പെട്ട ഈശോയുടെ തിരുഹൃദയമേ,
ദൈവവചനത്തോടു കാതലായ വിധത്തില്‍ ഒന്നിച്ചിരിക്കുന്ന ഈശോയുടെ തിരുഹൃദയമേ,
അനന്തമഹിമയുള്ള ഈശോയുടെ തിരുഹൃദയമേ,
ദൈവത്തിന്‍റെ പരിശുദ്ധ ആലയമായ ഈശോയുടെ തിരുഹൃദയമേ,
അത്യുന്നതന്‍റെ കൂടാരമായ ഈശോയുടെ തിരുഹൃദയമേ ,
ദൈവഭവനവും മോക്ഷവാതിലുമായ ഈശോയുടെ തിരുഹൃദയമേ,
ജ്വലിച്ചെരിയുന്ന സ്നേഹാഗ്നിച്ചൂളയായ ഈശോയുടെ തിരുഹൃദയമേ,
നീതിയുടെയും സ്നേഹത്തിന്‍റെയും നിധിയായ ഈശോയുടെ തിരുഹൃദയമേ,
നന്മയും, സ്നേഹവും നിറഞ്ഞ ഈശോയുടെ തിരുഹൃദയമേ,
സകല പുണ്യങ്ങളുടെയും ആഴമായ ഈശോയുടെ തിരുഹൃദയമേ,
സകല പുകഴ്ചയ്ക്കും എത്രയും യോഗ്യമായ ഈശോയുടെ തിരുഹൃദയമേ,
സകല പുണ്യവാന്‍മാരുടെയും ആനന്ദമായ ഈശോയുടെ തിരുഹൃദയമേ,
—ഭൂലോക പാപങ്ങളെ നീക്കിക്കളയുന്ന ദിവ്യചെമ്മരിയാട്ടിന്‍ കുട്ടി,
കര്‍ത്താവേ! ഞങ്ങളുടെ പാപങ്ങള്‍ പൊറുക്കണമേ.
—ഭൂലോക പാപങ്ങളെ നീക്കിക്കളയുന്ന ദിവ്യചെമ്മരിയാട്ടിന്‍ കുട്ടി,
കര്‍ത്താവേ! ഞങ്ങളുടെ പ്രാര്‍ത്ഥന കേള്‍ക്കണമേ.
— ഭൂലോക പാപങ്ങളെ നീക്കിക്കളയുന്ന ദിവ്യചെമ്മരിയാട്ടിന്‍ കുട്ടി,
കര്‍ത്താവേ! ഞങ്ങളെ അനുഗ്രഹിക്കണമേ.
പ്രാര്‍ത്ഥിക്കാം
❤️❤️❤️❤️❤️❤️
സര്‍വശക്തനുമായ നിത്യനുമായ സര്‍വ്വേശ്വരാ! അങ്ങേ എത്രയും പ്രിയമുള്ള പുത്രന്‍റെ തിരുഹൃദയത്തേയും പാപികളുടെ പേര്‍ക്കായി അദ്ദേഹം അങ്ങേയ്ക്കു കാഴ്ച വെച്ച സ്തുതികളെയും പാപപരിഹാരങ്ങളെയും ഓര്‍ത്തു അങ്ങേ കൃപയെ യാചിക്കുന്നവര്‍ക്കു ദൈവമായ റൂഹാദക്കൂദശായുടെ ഐക്യത്തില്‍ നിത്യമായി നിന്നോടുകൂടെ ജീവിച്ചു വാഴുന്ന അങ്ങേ പുത്രനായ ഈശോമിശിഹായുടെ നാമത്തില്‍ കൃപയുള്ളവനായി പൊറുതി നല്‍കിയരുളണമേ. ആമ്മേന്‍.
സുകൃതജപം
❤️❤️❤️❤️❤️
മരണാവസ്ഥയില്‍ ഉള്‍പ്പെട്ട ഈശോയുടെ തിരുഹൃദയമേ, മരിക്കുന്നവരുടെമേല്‍ ദയയായിരിക്കണമേ
സല്‍ക്രിയ
❤️❤️❤️❤️
മരണാവസ്ഥയില്‍ ഉള്‍പ്പെട്ടിരിക്കുന്നവര്‍ക്കു വേണ്ടി 3 സ്വര്‍ഗ്ഗ. 3 നന്മ. 3 ത്രി. ചൊല്ലുക.
❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
🌻പ്രഭാത പ്രാർത്ഥന🌻
മാതാവിന്റെ ഉദരത്തിൽ നിനക്കു രൂപം നൽകുന്നതിനു മുൻപേ ഞാൻ നിന്നെ അറിഞ്ഞു.. (ജറെമിയ: 1/5)
ഞങ്ങളുടെ രക്ഷകനും നാഥനുമായ ദൈവമേ..
ദൈവഹിതത്തിന് സ്വയം സമർപ്പിക്കാനും പരസ്പരം നന്മ ചെയ്തു കൊണ്ട് വിശ്വസ്തനായ സ്രഷ്ടാവിനു ഞങ്ങളുടെ ആത്മാക്കളെ ഭരമേൽപ്പിക്കാനുമുള്ള കൃപയ്ക്കായ് പ്രാർത്ഥിച്ചു കൊണ്ട് ഈ പ്രഭാതത്തിലും പ്രാർത്ഥനയോടെ ഞങ്ങളണഞ്ഞിരിക്കുന്നു.. ഞാൻ നിന്നെ സ്നേഹിക്കുന്നു എന്നൊരായിരം തവണ ആവർത്തിച്ച് ഉരുവിട്ടിട്ടും.. നീയെന്റെ സർവ്വസ്വമാണെന്ന് അനുദിനം ഏറ്റുപറഞ്ഞ് ആത്മാവിൽ ആരാധിച്ചിട്ടും എന്റെ ജീവിതത്തിലെ ഏറ്റവും നിസാരമായ വേദനകളിൽ പോലും ഞാൻ പതറി പോകുന്നു.. പ്രതിസന്ധികളുടെ മുൻപിൽ പ്രത്യാശ നഷ്ടപ്പെട്ടവരെ പോലെ പകച്ചു നിൽക്കുന്നു..മറ്റുള്ളവരുടെ വിലയിരുത്തലുകൾ എന്റെ ജീവിതത്തിലെ അവസാന വാക്കാണെന്നു വിശ്വസിച്ച് ആത്മവിശ്വാസത്തിന്റെ വാതിലുകളെ ഞാൻ എന്നിൽ തന്നെ കൊട്ടിയടയ്ക്കുന്നു.. സഹനങ്ങളിൽ ദൈവഹിതം തിരയാത്ത എന്നിലെ ശൂന്യമായ പ്രവൃത്തികളാൽ പലപ്പോഴും എന്റെ വിശ്വാസം എന്നിൽ തന്നെ നിർജ്ജീവമായി തീരുന്നു..
ഈശോയേ..ഞാൻ നിന്നെ സ്നേഹിക്കുന്നതിനെക്കാൾ അധികമായി നീയെന്നെ സ്നേഹിക്കുന്നുണ്ടെന്ന ഓർമ്മപ്പെടുത്തലായി എന്റെ വേദനകളെ എന്നിൽ തന്നെ അടയാളപ്പെടുത്തേണമേ.. എന്റെ നൊമ്പരങ്ങളുടെ ഇരുളറയ്ക്കപ്പുറം അത്രമേലാഴത്തിൽ തെളിയുന്ന സ്നേഹമുദ്രയായി നിന്റെ തിരുമുഖത്തെ എന്റെ ഹൃദയത്തിലും പതിച്ചരുളുകയും.. സഹനങ്ങളിൽ എന്നെ പൂർണമായി വിശുദ്ധീകരിക്കുകയും ചെയ്യണമേ..
എന്റെമേലുള്ള സ്നേഹത്താൽ എരിയുന്ന ഈശോയുടെ തിരുഹൃദയമേ.. അങ്ങേ മേലുള്ള സ്നേഹത്താൽ എരിയുന്നതിന് എനിക്ക് കൃപചെയ്തരുളേണമേ.. ആമേൻ.