പുലർവെട്ടം 507

{പുലർവെട്ടം 507}

 
സ്വർഗ്ഗസ്ഥനായ ഞങ്ങളുടെ അച്ഛാ, എന്ന പ്രാർത്ഥനയെ ആധാരമാക്കിയുള്ള നമ്മുടെ കൊച്ചുവർത്തമാനങ്ങൾക്കിടയിൽ ആ കഥകൂടി ഒന്ന് ഓർമ്മിച്ചെടുക്കുകയാണ്. ടോൾസ്റ്റോയിയുടെ Three Hermits, മൂന്ന് സാധുക്കളുടെ കഥ എന്നായിരുന്നു അതിന്റെ ഭാഷാന്തരം.
 
ഒരു ബിഷപ്പും കുറെ തീർത്ഥാടകരും കൂടെ ദൂരെയുള്ളൊരു ആശ്രമത്തിലേക്ക് ഒരു കപ്പൽയാത്ര നടത്തുകയായിരുന്നു. അകലെയുള്ളൊരു ദ്വീപിൽ തങ്ങളുടെ ആത്മാവിന്റെ രക്ഷയെപ്രതി കാലാകാലങ്ങളായി മാറിപ്പാർക്കുന്ന, ഇപ്പോൾ വൃദ്ധരായ മൂന്ന് സന്യാസിമാരെക്കുറിച്ച് പറയുകയായിരുന്നു. അവരെക്കാണാനുള്ള ബിഷപ്പിന്റെ താത്പര്യത്തെ ക്യാപ്റ്റനുൾപ്പെടെയുള്ളവർ നിരുത്സാഹപ്പെടുത്തി. നമ്മൾ എടുക്കുന്ന ക്ലേശങ്ങൾക്ക് നിരക്കുന്ന ഒന്നും ആ ബുദ്ധിശൂന്യരായ മനുഷ്യർക്ക് ഇല്ല എന്നും ഒന്നും പിടുത്തം കിട്ടാത്ത, ഒന്നും ഉരിയാടാത്ത അവർക്ക് വേണ്ടി സമയം മെനക്കെടുത്തേണ്ടതില്ല എന്നും.എന്നിട്ടും ബിഷപ്പിന്റെ വാശി ജയിച്ചു.
 
അവരുടെ ആത്മീയ ജീവിതത്തെക്കുറിച്ച് ആരാഞ്ഞ ബിഷപ്പിന് കിട്ടിയ മറുപടി ഇതായിരുന്നു. ഒരു ചെറിയ പ്രാർത്ഥന ചൊല്ലാനേ ഞങ്ങൾക്കറിയൂ : Three are ye, three are we, have mercy upon us, നിങ്ങളും മൂന്ന്, ഞങ്ങളും മൂന്ന്. ഞങ്ങളെ കടാക്ഷിക്കണമേ.
 
അങ്ങനെയല്ല പ്രാർത്ഥിക്കേണ്ടതെന്നും തിരുലിഖിതങ്ങളിലൂടെ എങ്ങനെ പ്രാർത്ഥിക്കണമെന്ന് ദൈവം കല്പിച്ചിട്ടുള്ള പ്രാർത്ഥനയെ താൻ പഠിപ്പിച്ചു തരാമെന്നും ബിഷപ്പ് പറഞ്ഞു. അങ്ങനെയാണ് ‘സ്വർഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവേ’ അവർക്ക് വേണ്ടി അയാൾ ചൊല്ലിക്കൊടുക്കുന്നത്. എളുപ്പമായിരുന്നില്ല അവർക്ക് ആ വരികൾ ഹൃദിസ്ഥമാക്കുകയെന്നുള്ളത്. പാതിരാവോളം അദ്ദേഹത്തോടൊപ്പം അത് ആവർത്തിച്ചു ഉരുവിട്ടാണ് കാര്യങ്ങളെ അവർ മന:പ്പാഠമാക്കിയത്.
 
അതിനുശേഷം ബിഷപ്പും തീർത്ഥാടകസംഘവും അവരുടെ യാത്ര തുടർന്നു. ഓളങ്ങളിലൂടെ കുറെ മുൻപോട്ടു ചെല്ലുമ്പോൾ ആരോ ജലോപരിതലത്തിലൂടെ വേഗത്തിൽ നടന്നുവരുന്നത്കണ്ട് ഭയപ്പെട്ടു. അത് ആ മൂന്ന് വയോധികരായിരുന്നു. യാനപാത്രത്തെ തടഞ്ഞ് അതീവവിനയത്തോടെ അവർ വിളിച്ചു പറഞ്ഞു. ഞങ്ങളോട് പൊറുക്കേണമേ. ഞങ്ങൾ ആ പ്രാർത്ഥന മറന്നുപോയി. ഒരിക്കൽക്കൂടി ഞങ്ങൾക്കത് ചൊല്ലിത്തരുമോ?
 
തിരുമേനി തകർന്നു പോവുകയാണ് : നിങ്ങളെ പഠിപ്പിക്കുവാൻ ഞാൻ ആരാണ്? ദൈവമനുഷ്യരേ, നിങ്ങളുടെ പ്രാർത്ഥനതന്നെ മതിയാകും. പാപികളായ ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കണമേ.
 
അതുകേട്ട മാത്രയിൽ അവർ തിരിഞ്ഞ് അലകൾക്ക് മീതേ നടന്ന് തങ്ങളുടെ തുരുത്തിലേക്ക് പോയി.
 
ടോൾസ്റ്റോയി ഈ കഥയുടെ ആമുഖവചനമായി നൽകിയിരിക്കുന്നത് മത്തായിയുടെ സുവിശേഷം ആറാം അദ്ധ്യായത്തിൽ നിന്നുള്ള വചനം കൊണ്ടാണ്. പ്രാർത്ഥിക്കുമ്പോൾ അമിതഭാഷണം കൊണ്ട് അതിനെ സങ്കീർണ്ണമാക്കാതിരിക്കുവാൻ ശ്രദ്ധിച്ചു കൊള്ളുക. നിങ്ങൾ ചോദിക്കുന്നതിനു മുൻപേ നിങ്ങൾക്ക് എന്താണ് ആവശ്യമുള്ളതെന്ന് അവിടുത്തേക്ക് അറിയാമല്ലോ. ലളിതമായ മന്ത്രോച്ചാരണങ്ങളെ തങ്ങളുടെ നിരന്തര പ്രാർത്ഥനയാക്കിയ റഷ്യൻ ഓർത്തഡോക്സ് പാരമ്പര്യത്തിലാണ് ഈ കഥയ്ക്ക് ഇത്രയും മുഴക്കം.
 
കഥയൊക്കെ അവിടെ നിൽക്കട്ടെ. ലളിതമായതിനെ സങ്കീർണ്ണമാക്കുന്ന നമ്മുടെ പുലരിഗൃഹപാഠങ്ങൾ നാളെ തുടരുന്നതാണ്.
 
– ബോബി ജോസ് കട്ടികാട്
Advertisements

One thought on “പുലർവെട്ടം 507

Leave a comment