പുലർവെട്ടം 513

{പുലർവെട്ടം 513}

 
അങ്ങ് എന്റെ ഭവനത്തിൽ വരുവാൻ എനിക്ക് യോഗ്യതയില്ല. ഒരു വാക്ക് ഉച്ചരിച്ചാൽ മതി. എൻ്റെ ആത്മാവ് സുഖം പ്രാപിക്കും. – The most beautiful words in the world എന്നാണ്  Michael Sean Winters എന്നൊരു എഴുത്തുകാരൻ അതിനെ വിശേഷിപ്പിക്കുന്നത്. എത്ര ദൂരത്തുനിന്നും അപരനെ സൗഖ്യപ്പെടുത്തുവാൻ പര്യാപ്തമായ ആ പദം എന്തായിരിക്കും – ക്ഷമിച്ചു എന്നൊരു പദമല്ലാതെ പ്രാണനെ പ്രശാന്ത ജലാശയത്തിലേയ്ക്ക് കൂട്ടിക്കൊണ്ടു പോകുന്ന ആ പദം ഉച്ചരിക്കുവാൻ മനുഷ്യർ എന്താണിത്ര മടിക്കുന്നത്, വൈകുന്നത്? ലോകം കുറേക്കൂടി മെച്ചപ്പെടേണ്ടതുണ്ടെന്ന് നിങ്ങൾക്ക് ഇനിയും ബോധ്യപ്പെട്ടിട്ടില്ലേ? മാന്ത്രിക പദങ്ങളാണ് ബന്ധങ്ങളിൽ നിങ്ങൾ തിരയുന്നതെങ്കിൽ അതിനോളം വിസ്മയം സൃഷ്ടിക്കാനാവുന്ന ഏത് പദമുണ്ടെന്നാണ് നാം കരുതേണ്ടത്?
 
നല്ലതല്ലാത്ത ഒരു ഭൂതകാലത്തിന്റെ നുകത്തിന് താഴെ ഞെരിഞ്ഞമർന്ന ജീവൻ ആ ചൈതന്യത്തോട് ഓരോ മിടിപ്പിലും നിലവിളിക്കുന്നത് ഇങ്ങനെയാണ് : ആ ഒരു പദം കൊണ്ട് ലോകത്തെ സൗഖ്യപ്പെടുത്തുക.
 
പൗലോ കൗലോ മരണാനന്തരവും തന്റെ മക്കളുടെ യശസ്സിനെക്കുറിച്ച് ആകുലപ്പെട്ടുകൊണ്ടിരുന്ന കൃഷിക്കാരനായ ഒരച്ഛനെ അവരുടെ ഭാവിയിലേക്ക് കൂട്ടിക്കൊണ്ടുപോയി അത്ഭുതപ്പെടുത്തുന്ന ഒരു മാലാഖയെക്കുറിച്ച് എഴുതുന്നുണ്ട്. അയാൾക്ക് രണ്ടു മക്കളായിരുന്നു. ഒരാൾ ഇതിനകം കവിയെന്ന് പേരെടുത്ത മകനായിരുന്നു. മറ്റൊരാൾ റോമൻ ഭരണകൂടത്തിലെ ഒരു സൈനികനും.
 
ഒരു മൈതാനത്തിലാണ് അവർ.വലിയൊരു ജനാവലി മുട്ടിന്മേൽ നിന്ന് എന്തോ ചില വരികൾ ഏറ്റ്ചൊല്ലുന്നുണ്ട്. നിൻ്റെ മകൻ്റെ വരികളാണ് അവർ ആവർത്തിക്കുന്നത്.
 
എൻ്റെ കവിയായ മകൻ, അവനിലൂടെ എനിക്ക് തുടർച്ചയുണ്ടാകുന്നു. മാലാഖ തിരുത്തി. കവിയായ മകൻ്റേതല്ല, അവൻ ഭേദപ്പെട്ട ചിലതൊക്കെ എഴുതിയിട്ടുണ്ട്. എന്നിട്ടും വൈകാതെ ലോകം അവനെ മറന്നു. ഇത് പട്ടാളക്കാരനാണ്.
 
അച്ഛൻ്റെ ആത്മാവ് അമ്പരക്കുകയാണ് : അവനോ? ‘അതേ, കുറച്ചുകാലം അവൻ പാലസ്തീനിൽ ഉണ്ടായിരുന്നു. അവിടെവച്ച് അവൻ്റെയൊരു വാല്യക്കാരൻ ജ്വരബാധിതനായി. അയാളെ സൗഖ്യപ്പെടുത്തുമെന്ന് ഇതിനകം നാട്ടുവർത്തമാനങ്ങളിലൂടെ പരിചിതനായ ഒരു യുവയോഗിയെത്തേടി അയാളുടെ അനുചരന്മാർ പോയി. ഹൃദയാലുവായ ആ മനുഷ്യൻ അത് കേട്ട മാത്രയിൽ അവരോടൊപ്പം തിരിച്ചു. എന്തെങ്കിലും ഒരു നിർദ്ദേശമാണ് പരമാവധി അയാൾ സങ്കല്പിച്ചത്. അതുകൊണ്ടുതന്നെ ആ വരവ് അയാളെ അടിമുടി ഉലച്ചു. അയാളുടെ യാത്രയെത്തടഞ്ഞ് ഇങ്ങനെ നിലവിളിച്ചു. നീ എൻ്റെ ഭവനത്തിൽ വരുവാൻ ഞാൻ യോഗ്യനല്ല. ഒരു വാക്ക് ഉച്ചരിച്ചാൽ മാത്രം മതി. അതാണ് അവരിപ്പോൾ ഏറ്റുപാടുന്നത്.
 
പല കാരണങ്ങൾ കൊണ്ട് അകന്നുപോയ ഉറ്റവർക്ക് ഒരു സന്ദേശമയക്കാനുള്ള സാവകാശവും സമാധാനവും സ്വാതന്ത്ര്യവും ഈ ഈറൻ പ്രഭാതം ഉറപ്പ് വരുത്തുന്നെങ്കിൽ നിങ്ങൾ എന്താണ് എഴുതാൻ തുടങ്ങുന്നത്?
 
– ബോബി ജോസ് കട്ടികാട്
Advertisements

One thought on “പുലർവെട്ടം 513

Leave a comment