പേര്‌ മാത്രമെ വ്യത്യാസമുള്ളൂ ബാക്കിയെല്ലാം ഒരുപോലാണ്

അമ്മയനുഭവങ്ങൾ : 11

21/ജൂലൈ/2021

 
ഈശോ മിശിഹായ്ക്ക് സ്തുതിയായിരിക്കട്ടേ !
റീജൻസി അവസാനിക്കാൻ സമയം ഒരു ദിവസം അഭിവന്ദ്യ പിതാവ് ഫോണിൽ വിളിച്ചിട്ട് എത്രയും പെട്ടെന്ന് ബിഷപ്സ് ഹൗസിൽ എത്താൻ ആവശ്യപ്പെട്ടു. തെല്ല് ഭയാശങ്കകളോടെ പിതാവിന്റെ മുൻപിൽ ചെന്നപ്പോൾ ഒരു ആപ്ലിക്കേഷൻ ഫോം കൈയ്യിലോട്ട് തന്നിട്ട് എത്രയും വേഗം പൂരിപ്പിക്കാൻ പറഞ്ഞു. നോക്കിയപ്പോൾ പൂനമല്ലി തിരു ഹൃദയ മേജർ സെമിനാരിയിലോട്ടുള്ള പ്രവേശന ഫോം ആണ്. നല്ലവണ്ണം പഠിക്കുന്നവരെയും മിടുക്കന്മാരെയും അയയ്ക്കുന്ന സെമിനാരിയിലോട്ട് എന്തിനായിരിക്കും എന്നെ അയയ്ക്കുന്നതെന്ന് ഞാൻ തെല്ലുനേരം ചിന്തിച്ചു. പിതാവിന്റെ ഉത്തരം ലളിതമായിരുന്നു നിന്നെ എവിടെ അയയ്ച്ചാലും നീ നല്ലവണ്ണം പഠിക്കുമെന്ന ബോദ്ധ്യം ഇപ്പോൾ എനിക്കുണ്ട്.
 
കേരളം, തമിഴ്നാട്, ആന്ധ്രാപ്രദേശ് തുടങ്ങിയ മൂന്ന് സംസ്‌ഥാനങ്ങളിൽ നിന്നുള്ള ധാരാളം വൈദികവിദ്യാർത്ഥികളും ഒരുപാട് സന്യാസസഭകളിൽ നിന്നുള്ള വൈദികവിദ്യാർത്ഥികളും പഠിക്കുന്ന വലിയൊരു സെമിനാരിയാണ് പൂനമല്ലി സെമിനാരി. ഒരുകാലത്ത്‌ സലേഷ്യൻ വൈദികരുടെ സെമിനാരിയായിരുന്നുവത്. പിൽക്കാലത്ത്‌ മദ്രാസ് രൂപത ഏറ്റെടുത്തു.
 
ദൈവശാസ്ത്ര പഠനം ആരംഭിച്ചു. ആദ്യദിവസങ്ങളിലെ ക്ലാസ്സുകളൊന്നും കാര്യമായി മനസിലായില്ല. കൂടെയുള്ള സഹോദരന്മാരൊക്കെ നല്ല സ്പഷ്ടമായും, വ്യക്തമായും, വേഗത്തിലും ഇംഗ്ലീഷ് ഭാഷ കൈകാര്യം ചെയ്തിരുന്നത് കാണുമ്പോൾ തെല്ലൊരു അസൂയയോടും ആരാധനയോടും ഞാൻ അവരെ നോക്കി നിന്നിരുന്നു. അവരെപ്പോലെ ഇംഗ്ലീഷ് സംസാരിക്കാനുള്ള കഠിന പരിശ്രമമായിരുന്നു തുടർന്നുള്ള നാളുകളിൽ. അതിനായി ഞാൻ ഒരു മാർഗ്ഗം കണ്ടെത്തി. എന്റെ ബാച്ചിലുള്ള ആന്ധ്രാപ്രദേശിൽ നിന്നുള്ള ഒരു വൈദികവിദ്യാർത്ഥിയുമായി ഞാൻ കൂടുതൽ അടുത്തു. അവന് മലയാളമോ തമിഴോ അറിയില്ല. എനിക്കാണേൽ തെലുഗും അറിയില്ല. അങ്ങനെ ഞങ്ങൾ ഇംഗ്ലീഷിൽ മാത്രം ആശയവിനിമയം നടത്തേണ്ടതായി വന്നു.
 
എന്റെ ഇംഗ്ലീഷ് ഭാഷയിലുള്ള പരിജ്ഞാനം ഒരുപാട് വർദ്ധിച്ചു. വളരെ സന്തോഷത്തോടും പ്രത്യാശയോടും കൂടെ മുന്നോട്ട് പോകുമ്പോൾ അപ്രതീക്ഷിതായി ഒരു ദുരന്തം എന്നെ നോക്കി വന്നുകൊണ്ടിരുന്നു. സഭാ നിയമം പഠിപ്പിക്കാൻ വന്ന വിസിറ്റിംഗ് പ്രൊഫസ്സറായ വൈദികൻ പത്ത്‌ പേജുള്ള അസൈൻമെന്റ് ഓറൽ പരീക്ഷയുമായി ബന്ധപ്പെട്ട് സമർപ്പിക്കാൻ ആവശ്യപ്പെട്ടു. കുറെയേറെ കഷ്ടപ്പെട്ട് അസൈൻമെന്റ് തയ്യാറാക്കി. കമ്പ്യൂട്ടർ ലാബിൽ പോയി ടൈപ്പ് ചെയ്ത് പ്രിന്റ് എടുത്ത് പരീക്ഷ ദിവസം അച്ചന്റെ കൈയ്യിൽ കൊടുത്തു. മുഴുവൻ വായിച്ചുനോക്കിയശേഷം എന്റെ നേരെ ദേഷ്യപ്പെട്ടുകൊണ്ട് പറഞ്ഞു. ഈ അസൈൻമെന്റ് ഒരാൾ എനിക്ക് നേരത്തെ സമർപ്പിച്ചതാണ്. പേര്‌ മാത്രമെ വ്യത്യാസമുള്ളൂ ബാക്കിയെല്ലാം ഒരുപോലാണ്. നിങ്ങളിൽ ഒരാൾ മറ്റേയാളുടേത് നോക്കി എഴുതിയിരിക്കുന്നു. ആരാണ് അത് ചെയ്തതെന്ന് എനിക്കറിയില്ല. സെമിനാരിയിൽ നിന്നും പുറത്താക്കാൻ ഇത് ധാരാളം മതി.
 
പെട്ടെന്ന് കണ്ണിലേക്ക് ഇരുട്ടുകയറുന്നതുപോലെ എനിക്കനുഭവപ്പെട്ടു. ആകെ പരിഭ്രമിച്ചുപോയി. എന്റെ സ്വന്തം അദ്വ്നത്തെ മറ്റൊരാൾ മോഷ്‌ടിച്ചു അയാളുടേതാക്കിയിരിക്കുന്നു. പരീക്ഷ ഒരുവിധം പൂർത്തിയാക്കി ഞാൻ ദൈവാലയത്തിലേക്ക് ഓടി. അവിടെപ്പോയിരുന്നു മനസ് ശാന്തമാകുന്നതുവരെ കരഞ്ഞു. കൊന്ത ചൊല്ലി പ്രാർത്ഥിച്ചു. എന്തിനാ തമ്പുരാനെ എന്നെ മാത്രം ഇത്രത്തോളം പരീക്ഷിക്കുന്നത് ? ഞാൻ എന്ത്‌ തെറ്റ് ചെയ്തു ? എപ്പോഴും സംശയത്തിന്റെ നിഴലിലാണല്ലോ ഞാൻ ? എന്നിങ്ങനെ കുറെയേറെ ചോദ്യങ്ങൾ ഞാൻ ദൈവസന്നിധിയിൽ ഉയർത്തി.
 
എനിക്ക് സംഭവിച്ച കാര്യങ്ങളറിഞ്ഞു വന്ന സഹപാഠികളെല്ലാം ഏകസ്വരത്തിൽ എന്റെ അസൈൻമെന്റ് മോഷ്ടിച്ച വ്യക്തിക്കെതിരെ ഡീൻ ഓഫ് സ്റ്റഡീസിന്റെ അടുത്ത് പരാതിപ്പെടാൻ പറഞ്ഞു. അപ്രകാരം ഞാൻ പരാതിപ്പെടുകയാണെങ്കിൽ അടുത്ത നിമിഷം ഈ തെറ്റ് ചെയ്ത വ്യക്തി സെമിനാരിക്ക് പുറത്താകും. ഞാൻ കാരണം ആരുടേയും ദൈവവിളി നഷ്ട്ടപ്പെടരുതെന്നോർത്തു ഞാൻ പരാതിപ്പെട്ടില്ല. ഒരുപാട് സങ്കടമുണ്ടായിരുന്നുവെങ്കിലും ആ വ്യക്തിയോട് ഞാൻ ആത്മാർഥമായി ക്ഷമിച്ചു. എന്റെ വിശുദ്ധീകരണത്തിനായി ദൈവം അനുവദിച്ച ഒരു പരീക്ഷണമായി ഞാനതിനെ അംഗീകരിച്ചു.
 
ദിവസങ്ങളും മാസങ്ങളും മുന്നോട്ടുപോയിക്കൊണ്ടിരുന്നു. ഒരു ദിവസം അപ്രതീക്ഷിതമായി ഞങ്ങളെ സഭാ നിയമം പഠിപ്പിച്ചിരുന്ന വൈദികൻ ഫോണിൽ വിളിച്ചു എന്നോട് മാപ്പ് ചോദിച്ചു. ഞാൻ പറഞ്ഞു അച്ചനോട് എനിക്ക് യാതൊരു പരിഭവവുമില്ല. അച്ചന്റെ സ്ഥാനത്തു ആരാണെങ്കിലും അങ്ങനെയേ പ്രതികരിക്കൂ. എന്റെ പ്രാർത്ഥനയും കണ്ണുനീരും കണ്ട നല്ല ദൈവം ഞാൻ നിരപരാധിയാണെന്ന് തെളിയിച്ചല്ലോ എനിക്കതുമതി. അതിന് ആ വൈദികൻ നല്കിയ മറുപടി ഇപ്രകാരമായിരുന്നു: “ഞാൻ ആ പരീക്ഷക്കുശേഷം എന്റെ ഇടവകയിൽ മടങ്ങിയെത്തിയതുമുതൽ നിന്റെ മുഖം മാത്രമെ ഉണ്ടായിരുന്നുള്ളൂ. എന്റെ പ്രാർത്ഥനയിലും ബലിയർപ്പണത്തിലുമെല്ലാം നീ ഒരു തെറ്റും ചെയ്തിട്ടില്ലെന്ന് ദൈവം പ്രേരണ നൽകികൊണ്ടേയിരുന്നു. എന്റെ മനഃസമാധാനം നഷ്ടമായി ബ്രദറിനോട്‌ മാപ്പ് ചോദിച്ചു കഴിഞ്ഞപ്പോൾ എല്ലാം നേരെയായി”.
 
എന്നെ വിളിച്ച ദൈവം എന്റെ കാര്യത്തിൽ എന്തുമാത്രം ശ്രദ്ധാലുവാണെന്ന് ഞാൻ തിരിച്ചറിഞ്ഞ നിമിഷങ്ങൾ. കണ്ണുനീരുകൊണ്ട് ഞാൻ ദൈവത്തിന് നന്ദി പറഞ്ഞു. കുറച്ചു ദിവസങ്ങൾക്കുശേഷം മറ്റൊരു കാര്യവും സംഭവിച്ചു. എന്റെ അസൈൻമെന്റ് മോഷ്ടിച്ച വ്യക്തിയെ മറ്റേതോ ഗുരുതര പ്രശ്നത്തിന്റെ പേരിൽ സെമിനാരിയിൽ നിന്നും പറഞ്ഞുവിട്ടു.
 
ജീവിതത്തിൽ എത്ര വലിയ പ്രശ്നങ്ങൾ ഉണ്ടായാലും അതൊക്കെ നിശ്ശബ്ദം ദൈവസന്നിധിയിൽ സമർപ്പിച്ചു ആരെയും പഴിക്കാതെ പ്രാർത്ഥിക്കാനായാൽ അവിടെ നമുക്കുവേണ്ടി ദൈവം പ്രവർത്തിച്ചിരിക്കും.
 
ജീവിതത്തിൽ മറ്റുള്ളവരാൽ അകാരണമായി ഒരുപാട് ആക്രമിക്കപ്പെടുന്നവരും, നുണപ്രചരണങ്ങളുടെ പേരിൽ അപമാനിതരാകുന്നവരും, ചെയ്യാത്ത തെറ്റുകളുടെ ഭാരം ചുമക്കാൻ വിധിക്കപ്പെടുന്നവരും, ദുരാരോപണങ്ങളുടെ മദ്ധ്യേ തളർന്നുപോകുന്നവരും, ആർക്കും ഒരുപദ്രവവും ചെയ്യാതെ നന്മകൾ മാത്രം ചെയ്തു ജീവിച്ചിട്ടും സമൂഹത്തിൽ ഏറ്റവും വലിയ കുറ്റവാളിയാക്കപ്പെട്ടവരും ഒന്ന് മാത്രം എപ്പോഴും ഓർക്കുക. നുണയുടെമേൽ കെട്ടിപ്പൊക്കിയ ആരോപണങ്ങൾക്കും, ഭാവനയിൽ മെനയപ്പെട്ട കഥകൾക്കും ആയുസ്സ് കുറവാണ്. കുറച്ചുകാലത്തേക്ക് അത് നമ്മെ നൊമ്പരപ്പെടുത്തിയേക്കാം. ദൈവസന്നിധിയിൽ നാം നീതിയുള്ളവരാണെങ്കിൽ നമ്മിലെ നിഷ്ക്കളങ്കത ദൈവം തെളിയിച്ചിരിക്കും. ഒരുപക്ഷെ കുറച്ചു കാലതാമസം വന്നേക്കാം. എന്നാലും ദൈവം നമ്മെ ഒരിക്കലും ഉപേക്ഷിക്കില്ല.
 
അമ്മ മാതാവേ എനിക്കുവേണ്ടി നീ ഒഴുക്കിയ കണ്ണുനീരിനും പ്രാർത്ഥനയ്ക്കും സംരക്ഷണത്തിനും പകരം തരാൻ എന്റെ കൈയ്യിൽ ഒന്നുമില്ലല്ലോ……
 
ഈശോ മിശിഹായിൽ സ്നേഹപൂർവ്വം,
 
✍️ ഫാദർ സാജൻ നെട്ടപ്പോങ്ങ്
തക്കല രൂപത
Advertisements

Leave a comment