ജോസഫ് ചിന്തകൾ 228
ഈശോയെ കരങ്ങളിൽ വഹിച്ച യൗസേപ്പിതാവ്.
ജൂലൈ 24-ാം തീയതി ജർമ്മൻ ഭാഷ സംസാരിക്കുന്ന രൂപതകളിൽ വിശുദ്ധ ക്രിസ്റ്റഫറിൻ്റെ തിരുനാൾ ആഘോഷിക്കുന്നു. ലത്തീൽ സഭയിൽ ജൂലൈ 25 നാണ് ക്രിസ്റ്റഫറിൻ്റെ തിരുനാൾ. ഓർത്തഡോക്സ് സഭയിൽ മെയ് മാസം ഒൻപതിനാണ് വിശുദ്ധൻ്റെ ഓർമ്മദിനം.
ക്രിസ്റ്റഫർ എന്ന വാക്കിൻ്റെ അർത്ഥം ക്രിസ്തുവിനെ വഹിക്കുന്നവൻ എന്നാണ്. പാരമ്പര്യമനുസരിച്ച് ഒരു നദി മുറിച്ചു കടക്കുവാൻ ക്രിസ്റ്റഫർ ഒരു ശിശുവിനെ സഹായിച്ചു. അവനെ തോളിൽ വഹിച്ചുകൊണ്ട് നദിയുടെ മറുകരയെത്തിയപ്പോൾ ശിശു തൻ്റെ പേര് ഈശോ എന്നു വെളിപ്പെടുത്തി എന്നാണ് വിശ്വാസം. യാത്രക്കാരുടെയും ഡ്രൈവർമാരുടെയും മദ്ധ്യസ്ഥനാണ് വി. ക്രിസ്റ്റഫർ.
ഈശോയെ കരങ്ങളിൽ വഹിക്കാൻ ആദ്യം ഭാഗ്യം ലഭിച്ച മനുഷ്യൻ വിശുദ്ധ യൗസേപ്പിതാവിയിരിക്കണം. ഈശോയെ ഹൃദയത്തിലും കരങ്ങളിലും അവൻ വഹിച്ചു. ഭൂമിയിൽ മനുഷ്യനായി അവതരിച്ച ദൈവപുത്രനെ ഏറ്റവും കൂടുതൽ കരങ്ങളിൽ വഹിച്ചിരുന്നവർ യൗസേപ്പിതാവും മറിയവും ആയിരുന്നല്ലോ.
ഒരു കുഞ്ഞ് ഏറ്റവും കൂടുതൽ സുരക്ഷിത്വം അനുഭവിക്കുന്നത് മാതാപിതാക്കളുടെ കൈകളിൽ ഇരിക്കുമ്പോഴാണല്ലോ. കുഞ്ഞിൻ്റെ ഹൃദയവിചാരങ്ങൾ അപ്പനും അമ്മയും അറിയുന്നത് അവനെ കൈകളിലെടുത്ത് താലോലിക്കുമ്പോഴാണ്.
ദിവ്യകാരുണ്യ സ്വീകരണത്തിലൂടെ ഈശോയെ ഹൃദയത്തിലും മനസ്സിലും സ്വീകരിക്കാൻ വിശ്വസികൾക്കു സാധിക്കുന്നു. അപ്പോൾ ഈശോയുടെ ഹൃദയ വിചാരങ്ങൾ യൗസേപ്പിതാവിനെപ്പോലെ മനസ്സിലാക്കാൻ നമുക്കു കഴിയുന്നു.
ഈശോയുടെ ഹൃദയ വിചാരങ്ങൾ അടുത്തറിയാവുന്ന യൗസേപ്പിതാവിൻ്റെ മാദ്ധ്യസ്ഥം നമ്മുടെ ആത്മീയ ജീവിതത്തിൽ വളരെ സഹായകരമാണ്.
ഫാ. ജയ്സൺ കുന്നേൽ mcbs
Advertisements

Advertisements