ആരും സ്വയം ഈ ബഹുമതി ഏറ്റെടുക്കുകയല്ല

അമ്മയനുഭവങ്ങൾ : 13

23/ജൂലൈ/2021
 
ഈശോ മിശിഹയ്ക്ക് സ്തുതിയായിരിക്കട്ടേ !
 
“അഹറോനെപ്പോലെ ദൈവത്താൽ വിളിക്കപ്പെടുകയല്ലാതെ ആരും സ്വയം ഈ ബഹുമതി ഏറ്റെടുക്കുകയല്ല”.
(ഹെബ്രായർ 5:4)
 
പൂനമല്ലിയിൽ നിന്നും വൈദികപഠനം പൂർത്തിയാക്കി 2012 ഒക്ടോബർ മാസം തക്കല രൂപതയിൽ മടങ്ങിയെത്തി. ഇനി പൗരോഹിത്യ സ്വീകരണത്തിനുവേണ്ടിയുള്ള അടുത്ത ഒരുക്കത്തിന്റെ ദിവസങ്ങളാണ്. സാധാരണ എല്ലാ സീറോ മലബാർ രൂപതകളിലും ഡിസംബർ അവസാനവും ജനുവരി ആദ്യവുമായിട്ടാണ് തിരുപ്പട്ട സ്വീകരണം നടക്കുക. എന്നാൽ ഞങ്ങളുടെ രൂപതയിൽ ഈസ്റ്ററിന് ശേഷമായിരുന്നുവത്. ഞങ്ങൾ 5 പേരാണ് ഏപ്രിൽ 6 ന് തിരുപ്പട്ടം സ്വീകരിക്കേണ്ടിയിരുന്നത്.
 
ശുശ്രൂഷാ പൗരോഹിത്യം സ്വീകരിക്കുന്നതിനുമുൻപ് രണ്ട് ധ്യാനങ്ങളിൽ പങ്കെടുക്കുവാനുള്ള ഭാഗ്യം എനിക്ക് സിദ്ധിച്ചു. അട്ടപ്പാടി സെഹിയോൻ ധ്യാനകേന്ദ്രത്തിൽവച്ച് നടത്തപ്പെട്ട ഡീക്കന്മാർക്കുവേണ്ടിയുള്ള ധ്യാനവും, കുളത്തുവയൽ നിർമ്മല ധ്യാന കേന്ദ്രത്തിൽ വച്ച് നടത്തപ്പെട്ട ധ്യാനവും. രണ്ട് ധ്യാനങ്ങളും നല്ലവണ്ണം പ്രാർത്ഥിച്ചൊരുങ്ങി തിരുപ്പട്ടം സ്വീകരിക്കാൻ എന്നെ വളരെയേറെ സഹായിച്ചു.
 
ഇതിനിടയ്ക്ക് തമിഴ് ഭാഷാ പഠനം, പരിശുദ്ധ കുർബാനയർപ്പിക്കാനുള്ള തയാറെടുപ്പുകൾ, കുർബാന പാട്ടുകൾ, സുവിശേഷ പ്രസംഗങ്ങൾ എന്നിങ്ങനെ പൗരോഹിത്യ ജീവിതത്തിനാവശ്യമായ എല്ലാ പരിശീലനങ്ങളും പാസ്റ്ററൽ സെന്ററിൽ ഞങ്ങൾക്ക് നല്കി പോന്നു. അങ്ങനെ ഒരുപാട് പ്രതീക്ഷയോടും, കൊതിയോടും, സ്വപ്നം കണ്ടിരുന്ന തിരുപ്പട്ട സ്വീകരണദിനം വരവായി.
 
പൗരോഹിത്യ സ്വീകരണത്തിന്റെ തലേ ദിവസം ഏറ്റവും അടുത്ത ഒരുക്കത്തിന്റെ ഭാഗമായി ചെറിയൊരു ധ്യാനം സംഘടിപ്പിച്ചിരുന്നു. നിർഭാഗ്യവശാൽ എനിക്കതിൽ പങ്കുചേരാനായില്ല. കലശലായ പനിയും, തലവേദനയും, തൊണ്ടവേദനയും എനിക്കനുഭവപ്പെടാൻ തുടങ്ങി. തൊട്ടടുത്തുള്ള ഒരു ക്ലിനിക്കിൽ പോയി ഇഞ്ചക്ഷൻ ഇട്ടു. അന്ന് രാത്രി മുഴുവൻ ദൈവാലയത്തിൽ പോയിരുന്ന് ജപമാല ചൊല്ലി കണ്ണുനീരോടെ പ്രാർത്ഥിച്ചു. അടുത്ത ദിവസം തിരുപ്പട്ട സ്വീകരണ ശുശ്രൂഷയുടെ ഭാഗമായി ഒരുപാട് നേരം നില്ക്കേണ്ടതും മുട്ടുകുത്തേണ്ടതുമാണ്‌. എല്ലാ ശുശ്രൂഷകളും തീരുന്നതുവരെ ഒരു ക്ഷീണവും അലട്ടാതെ എന്നെ കാത്തുകൊള്ളണേ എന്നതായിരുന്നു എന്റെ പ്രാർത്ഥന.
 
രാവിലെ തന്നെ പ്രാർത്ഥനയോടെ പാസ്റ്ററൽ സെന്ററിൽ നിന്നും അഭിവന്ദ്യ പിതാവിനോടൊപ്പം പൗരോഹിത്യ സ്വീകരണം നടക്കുന്ന ദൈവാലയത്തിലേക്ക് യാത്ര തിരിച്ചു. യാത്രയിലുടനീളം ജപമാല ചൊല്ലി ഞാൻ പ്രാർത്ഥിച്ചുകൊണ്ടിരുന്നു. അവിടെ എത്തിയപ്പോഴേക്കും ചെറിയ ക്ഷീണമുണ്ടായിരുന്നു. എന്നാൽ തിരുപ്പട്ട സ്വീകരണ ചടങ്ങുകൾ ആരംഭിച്ചതോടെ എല്ലാ അനാരോഗ്യങ്ങളും അപ്രത്യക്ഷമായി. അഭിവന്ദ്യ പിതാവിന്റെ കൈവയ്പ്പു ശുശൂഷയോടെയാണ് നിത്യ പുരോഹിതനായ യേശുവിന്റെ പൗരോഹിത്യത്തിൽ പങ്കുചേരുന്നത്. കൈവയ്പ്പു ശുശൂഷയുടെ സമയത്ത്‌ മനസുരുകി പ്രാർത്ഥിക്കുന്നതൊക്കെ പൗരോഹിത്യ ജീവിതത്തിലുടനീളം നമുക്കുണ്ടാകുമെന്ന് വൈദികർ പറഞ്ഞുതന്നിട്ടുണ്ട്.
 
എന്റെ തലയിൽ അഭിവന്ദ്യ പിതാവ് കരങ്ങൾവച്ച് പ്രാർത്ഥിച്ചപ്പോൾ വിശുദ്ധി നിറഞ്ഞ ഒരു പുരോഹിതനായി ജീവിതാവസാനം എനിക്ക് ജീവിക്കണമെന്നും, എന്റെ കരങ്ങൾ ഉയർത്തി ഞാൻ ആർക്കുവേണ്ടി പ്രാർത്ഥിച്ചാലും അവ കേൾക്കണമെന്നും, വിശുദ്ധ കുർബാന വേണ്ടത്ര ഭക്തിയോടും, ശ്രദ്ധയോടും, വിശുദ്ധിയോടും കൂടെ മാത്രം പരികർമ്മം ചെയ്യാനുള്ള കൃപയ്ക്കയും, അനുരഞ്ജന കൂദാശയിലൂടെ ഒരുപാട് ആത്മാക്കളെ നേടാനുള്ള അനുഗ്രഹത്തിനും, ദൈവ വചനം സധൈര്യം പ്രഘോഷിക്കാനുള്ള വരത്തിനായും, ദൈവജനത്തിന്റെ എല്ലാ ആദ്ധ്യാത്മിക ആവശ്യങ്ങളും നിറവേറ്റുന്ന ഒരു നല്ല ഇടയനായും എന്നെ അഭിഷേകം ചെയ്യണേയെന്ന്‌ പ്രാർത്ഥിച്ചു.
 
ആനന്ദകണ്ണുനീർ പൊഴിച്ചുകൊണ്ട് ഞാൻ ഒരു വൈദികനായി അഭിഷിക്തനായി. ലോകം മുഴുവൻ കീഴടക്കിയ ഒരു പ്രതീതിയായിരുന്നു മനസ്സിൽ. ഈ ഒരു നിമിഷത്തിനുവേണ്ടിയാണല്ലോ തമ്പുരാനെ നീണ്ട 12 വർഷങ്ങൾ ഞാൻ സഹിച്ചത്. മനസ്സും ഹൃദയവും ഈശോയോടുള്ള കൃതജ്ഞതകൊണ്ട് നിറഞ്ഞ നിമിഷങ്ങൾ. ഇനി പ്രഥമ ദിവ്യബലിയർപ്പണത്തിന്റെ നാളുകളാണ്. ഞങ്ങൾ 5 പേരും കേരത്തിലെ വിവിധ രൂപതകളിൽ നിന്ന് തക്കല രൂപതയിലോട്ട് ചേർന്നവരാണ്. അതുകൊണ്ട് തിരുപ്പട്ടം തക്കലയിൽവച്ചും പ്രഥമ ദിവ്യബലിയർപ്പണം സ്വന്തം ഇടവകകളിലുമായിട്ടാണ് ക്രമീകരിച്ചിരുന്നത്. എന്റെ പ്രഥമ ദിവ്യബലിയർപ്പണം ഏപ്രിൽ മാസം 11-നായിരുന്നു. 10 ന് ഞാൻ പാസ്റ്ററൽ സെന്ററിൽ എത്തിച്ചേർന്നു. അവിടെനിന്നും അഭിവന്ദ്യ പിതാവിനോടൊപ്പമാണ് ഇടവക ദൈവാലയത്തിലേക്ക് പുറപ്പെടേണ്ടത്.
 
തിരുപ്പട്ടത്തിന്റെ തലേദിവസം പനിയാണ് എന്നെ പിടികൂടിയിരുന്നതെങ്കിൽ പ്രഥമ ദിവ്യബലിയുടെ തലേ ദിവസം ഛർദിയായിരുന്നു. രാത്രി മുഴുവൻ ഛർദിച്ചു ഞാനൊരു പരുവമായി. അടുത്ത ദിവസമുള്ള എന്റെ ബലിയർപ്പണംഎങ്ങനായിത്തീരുമെന്നോർത്തു ഞാൻ ആകുലപ്പെട്ടു. ഏത് പ്രതിസന്ധി ഘട്ടത്തിലും എന്നെ ശക്തിപ്പെടുത്തിയിരുന്ന ജപമാലയിൽ ഞാൻ അഭയം തേടി. പിറ്റേദിവസം ഒരു ചായ മാത്രം കുടിച്ചുകൊണ്ട് പിതാവിനോടൊപ്പം വാഹനത്തിൽ കയറി എന്റെ ഇടവകയിലോട്ട് യാത്രതിരിച്ചു. വണ്ടിയിലിരുന്ന് ജപമാല പ്രാർത്ഥന ചൊല്ലിക്കൊണ്ടിരുന്നു. എന്റെ പ്രാർത്ഥനകൾ പരിശുദ്ധ മാതാവ് ദൈവസന്നിധിയിൽ എത്തിച്ചതുകൊണ്ടായിരിക്കാം എന്റെ പ്രഥമ ദിവ്യബലിയർപ്പണം ഭംഗിയായി പര്യവസാനിച്ചു. നന്ദിയുടെ സമയം തൊണ്ട ഇടറി, കണ്ണുകൾ നിറഞ്ഞൊഴുകി.
 
ഇന്നും ഞാനെന്റെ ജീവിതത്തിൽ ഒരിക്കലും മറക്കാതെ ഹൃദയത്തിൽ സൂക്ഷിക്കുന്ന രണ്ട് പുണ്യ ദിനങ്ങളാണ് എന്റെ പൗരോഹിത്യസ്വീകരണദിനവും, പ്രഥമ ദിവ്യബലിയർപ്പണദിനവും. ഓരോ വിശുദ്ധ ബലിക്കുമുൻപും ഒരു ജപമാല ചൊല്ലി പ്രാർത്ഥിച്ചുകൊണ്ടാണ് ഞാൻ ബലിപീഠത്തെ സമീപിക്കുക. ഓരോ വിശുദ്ധ കുർബാനയർപ്പിക്കുമ്പോഴും ഇതെന്റെ ആദ്യ ബലിയാണ്, ഇതെന്റെ ഏക ബലിയാണ്, ഇതെന്റെ അന്ത്യ ബലിയാണ് എന്ന ചിന്ത എന്റെ ഉള്ളിലുണ്ട്. എല്ലാ വിശുദ്ധ ബലിക്കുശേഷവും മദ്ബഹായിൽ ചുംബിച്ചുകൊണ്ട് പുരോഹിതൻ ചൊല്ലുന്ന: “വിശുദ്ധീകരണത്തിന്റെ ബലിപീഠമേ സ്വസ്തി! നമ്മുടെ കർത്താവിന്റെ കബറിടമേ സ്വസ്തി! നിന്നിൽ നിന്നും ഞാൻ സ്വീകരിച്ച ഈ കുർബാന എന്നിലെ കടങ്ങളുടെ പൊറുതിക്കും! പാപങ്ങളുടെ മോചനത്തിനും കാരണമാകട്ടെ! ഇനിയൊരു ബലിയർപ്പിക്കാൻ ഞാൻ വരുമോ ഇല്ലയോ എന്നിനിക്കറിഞ്ഞുകൂടാ” എന്ന്‌ ചൊല്ലി അവസാനിപ്പിക്കുമ്പോൾ ആ ബലിപീഠത്തിൽ വീണ് മരിക്കാൻ കഴിഞ്ഞിരുന്നുവെങ്കിൽ …..ഇനിയും ഈ ഭൂമിയിൽ വന്ന് പിറക്കാൻ ഒരു അവസരം ലഭിച്ചാൽ അപ്പോഴും ഈശോയെ കരങ്ങളിൽ വഹിക്കുന്ന ഒരു പുരോഹിതനായാൽ മതിയെനിക്ക്. അത്രമാത്രം ഞാൻ എന്റെ പൗരോഹിത്യത്തെ സ്നേഹിക്കുന്നു. ഈ ജീവിതത്തിൽ അഭിമാനം കൊള്ളുന്നു.
 
ഈശോ മിശിഹായിൽ സ്നേഹപൂർവ്വം,
 
✍️ ഫാദർ സാജൻ നെട്ടപ്പോങ്ങ്
തക്കല രൂപത
Advertisements

Leave a comment