പുലർവെട്ടം 523

{പുലർവെട്ടം 523}

 
അത് അയാളുടെ കുരിശാരോഹണത്തിൻ്റെ ഒടുവിലത്തെ ആണിയായിരുന്നു. അപക്വത കൊണ്ടും അനിയന്ത്രിതമായ മമതകൾ കൊണ്ടും അയാൾക്ക് ഏറ്റുവാങ്ങേണ്ടി വന്ന അപമാനത്തിന്റെ ഒടുവിലാണത്.
 
കുനിഞ്ഞ ശിരസ്സോടെ, ദുശ്ശാഠ്യക്കാരനായ ആ വല്ല്യച്ചനോടൊപ്പം അയാൾ ബലിയർപ്പണത്തിൽ പങ്കാളിയാവുകയാണ്. ഇതിനകം ഒരു പ്രാദേശിക ദിനപ്പത്രത്തിൻ്റെ തലക്കെട്ടായി അയാളുടെ ഇടർച്ചകൾ ഘോഷിക്കപ്പെട്ടിരുന്നു. ഒരു പറ്റം ആളുകൾ അയാളെ അൾത്താരയുടെ പങ്കുകാരനാക്കില്ല എന്ന് വിളിച്ചു പറയുന്നുണ്ട്. അവരോട് അവിടം വിട്ടുപോകാനാണ് കണിശക്കാരനായ വികാരി ആവശ്യപ്പെട്ടത്. അവശേഷിച്ചവരുമായി കുർബാന തുടരുന്നു. രണ്ടിടങ്ങളിലായി വാഴ്ത്തിയ അപ്പം പങ്കിട്ടു കൊടുക്കാൻ അവരിരുവരും തുടങ്ങുമ്പോൾ കളങ്കിതനായ ചെറുപ്പക്കാരനെ ബോധപൂർവ്വം അവഗണിച്ച് വിശ്വാസികൾ ഒറ്റനിരയായി അപരന്റെ അടുക്കലേക്ക് ഒരു പകയിലെന്നത് പോലെ നടന്നു ചെല്ലുന്നു.
 
ലോകത്തിന്റെ മുഴുവൻ ഏകാന്തതയും ഒരിറക്കിൽ മട്ടോളം മോന്തി അയാൾ ആ വലിയ പള്ളിയിൽ ഒറ്റയാവുകയാണ്.
 
പലകാരണങ്ങൾ കൊണ്ട് അയാളെ അഭിമുഖീകരിക്കേണ്ടി വന്ന ലിസ എന്നൊരു പെൺകുട്ടി കുരിശിന്റെ വഴിയിലെ വെറോനിക്കയെപ്പോലെ അയാളുടെ അടുക്കലേക്ക് എത്തുന്നു. തിരുവോസ്തി സ്വീകരിക്കുന്നു. പിന്നോട്ട് പോകാതെ അയാളെ ഒരു മാത്ര നോക്കി. പിന്നെ ഗാഢമായി ആശ്ലേഷിച്ചു.
 
അനന്തരം പള്ളിയെ നിശ്ചലമാക്കി അവരിരുവരും വിതുമ്പിത്തുടങ്ങി.
 
ശരിയാണ്, ഔദ്യോഗിക സഭ നിശിതമായി നേരിട്ട ഒരു ചിത്രമാണിത്. ആവശ്യത്തിലേറെ ഉതപ്പും വക്രീകരണവും അഡൽറ്റ് കണ്ടൻ്റുമൊക്കെയായി ഒറ്റനോട്ടത്തിൽ വല്ലാത്ത ആശയക്കുഴപ്പം സൃഷ്ടിക്കുന്ന ചിത്രം തന്നെയാണിത്. എന്നിട്ടും മാപ്പിൻ്റെയും അനുഭാവത്തിൻ്റെയും ആ ഗാഢാലിംഗനത്തിൻ്റെ ഒരു മിനിറ്റിൽ മറ്റുള്ളതെല്ലാം മാഞ്ഞുപോകുന്നു. അൻ്റോണിയാ ബേഡിൻ്റെ ‘പ്രീസ്റ്റ്’ എന്ന ചിത്രം നൽകിയ ഹർഷത്തിൽ നിന്നാണിത്.
 
– ബോബി ജോസ് കട്ടികാട്
Advertisements

പുലർവെട്ടം / Pularvettom, Morning Reflection / Meditational Morning Message Series by Fr Bobby Jose Kattikadu OFM Cap. Source: – Official Facebook Page: https://www.facebook.com/pularvettam.book/

Advertisements
Advertisements
Advertisements

One thought on “പുലർവെട്ടം 523

Leave a comment