Inspirational

കണ്ടെത്തലുകൾ = വീണ്ടെടുക്കലുകൾ

💕🙏✝️ജപമണികൾ 🌼🛐 ❣️ – 5

കണ്ടെത്തലുകൾ = വീണ്ടെടുക്കലുകൾ

ജോർജച്ചൻ കുറച്ചുദിവസമായി ടെൻഷനിൽ ആണ്. അച്ഛൻ നടത്തുന്ന ബാലഭവനിലേക്ക് വേണ്ടത്ര സഹായങ്ങൾ എത്തിക്കാനാകുന്നില്ല. ഏകദേശം നാല്പതോളം കുഞ്ഞുങ്ങളെ അച്ചൻ അവിടെ പരിപാലിക്കുന്നുണ്ട്. എല്ലാ കുട്ടികളും വളരെ പാവപ്പെട്ട, പഠിക്കാൻ നിർവാഹമില്ലാത്ത അവസ്ഥകളിൽ നിന്ന് വരുന്നവരാണ്. പലരുടെ കുടുംബത്തിലും അപ്പനോ അമ്മയോ ഇല്ലായിരിക്കും അല്ലെങ്കിൽ അകന്നു കഴിയുന്നവരാകും. മറ്റ് പ്രശനങ്ങൾ മൂലം വീട്ടിൽ നില്ക്കാൻ കഴിയാത്തവരും ഉണ്ട്..അച്ചൻ അവരെയൊക്കെ തള്ളക്കോഴി കുഞ്ഞുങ്ങളെ പരിപാലിക്കുന്നതുപോലെ നോക്കി വളർത്തുകയാണ്. കഴിഞ്ഞ ദിവസം അവിടെ നിന്ന് പോയ ഒരു കുട്ടി പോലീസ് സേനയിൽ അംഗമായപ്പോൾ അച്ചൻ്റെ സന്തോഷം കാണേണ്ടതായിരുന്നു. സ്വന്തം മകന് ജോലി കിട്ടിയ സന്തോഷവും ആത്മാർത്ഥതയും ആയിരുന്നു അച്ചൻ്റെ മുഖത്ത്. ജോർജച്ചനെ അറിയുന്നവർക്കെല്ലാം അത് മനസ്സിലാകും. അച്ചന് ആ കുഞ്ഞുങ്ങൾ എന്നും ഹൃദയത്തിലായിരുന്നു.

കോവിഡ് കാര്യങ്ങൾ മാറ്റി മറിച്ചു. അച്ചനെ സഹായിച്ചിരുന്ന പല പഴയ വിദ്യാർത്ഥികൾക്കും ഉപകാരികൾക്കും കോവിഡ് വലിയ പ്രതിസന്ധി സൃഷ്ടിച്ചു. കുട്ടികളെയെല്ലാം വീട്ടിൽ പറഞ്ഞുവിട്ട് അച്ചനു സ്വസ്ഥമാക്കാമായിരുന്നു. പക്ഷേ, കുട്ടികൾ പോകുന്നത് കൂടുതൽ അരക്ഷിതാവസ്ഥയിലേക്കാണെന്ന് അറിയാവുന്ന അച്ചൻ എത്ര ബുദ്ധിമുട്ടിയാണെങ്കിലും അവരെ പരിപാലിക്കുകയാണ്.

ഈ പ്രായത്തിലെ കുട്ടികളുടെ വളർച്ച വളരെ പെട്ടെന്നാണ്. അവർക്ക് ആവശ്യത്തിന് വസ്ത്രമില്ല എന്നുള്ളതാണ് പ്രധാന പ്രശ്‌നം. പരസ്പരം കടം നൽകിയും കഴുകി ഉപയോഗിച്ചുമൊക്കെയാണ് അവർ മുൻപോട്ട് പോകുന്നത്. എല്ലാവർക്കും ഓരോ ജോഡി വസ്ത്രം വാങ്ങി നൽകുവാൻ അച്ചൻ അതിയായി ആഗ്രഹിച്ചു. അതിനു നല്ലൊരു തുകയും വേണം. ഈ കെട്ടകാലത്ത് ആരോട് ചോദിക്കാനാണ്. അറിയാവുന്ന പലരോടും ചോദിച്ചിട്ട് ഒന്നും നടന്നില്ല. ആളുകളുടെ കയ്യിലും ഒന്നുമില്ല എന്ന് അച്ചനറിയാം.

ഒരു വൈകുന്നേരം ചെടികളെ പരിപാലിച്ചു നിൽക്കുന്ന അച്ചൻ്റെ അടുത്തേക്ക് ഒരു കാറിൽ രണ്ടുപേരെത്തി. ഭാര്യയും ഭർത്താവുമാണ്. അച്ചനവരെ സ്വീകരിച്ചു. സംസാരിച്ചു. “അച്ചനെന്നെ മനസ്സിലായോ, ഞാൻ നീതുവാണ്‌. . . . . . (സ്ഥലം) ഇടവകയിൽ അച്ചൻ ഉള്ള സമയത്ത് ഞാൻ ഹൈ സ്‌കൂളിൽ പഠിക്കുകയാണ്”. വീട്ടുപേരും പപ്പയുടെ പേരും പറഞ്ഞപ്പോൾ അച്ചന് പെട്ടെന്നവരെ മനസ്സിലായി. പല പഴയ ഓർമ്മകളും അച്ചൻ്റെ മനസ്സിലൂടെ കടന്നുപോയി. നീതുവിപ്പോൾ ജർമ്മനിയിൽ നേഴ്സ് ആണ്. ഭർത്താവിനും അവിടെ തന്നെ ജോലി. രണ്ടു കുട്ടികളുമായി കഴിയുന്നു. അവരുടെ പുരോഗതിയും ഐശ്വര്യവും വളർച്ചയും കണ്ട് അച്ഛന് സന്തോഷമായി. ചായ നൽകി അവരെ അച്ചൻ്റെ കുട്ടികളെയെല്ലാം പരിചയപ്പെടുത്തി. അവർ കൊണ്ടുവന്ന ചോക്കലേറ്റുകളും സമ്മാനങ്ങളും അവർ കുഞ്ഞുങ്ങൾക്ക് നൽകി. എല്ലാവരും സന്തോഷത്തിലായി.

പോകുന്നതിനു മുൻപ് നീതു അച്ചൻ്റെ കയ്യിൽ ഒരു കവർ ഏല്പിച്ചിട്ട് പറഞ്ഞു. “അച്ചാ, ഇത് ഒരു ചെക്ക് ആണ്. അച്ചന് ഏറ്റവും ആവശ്യമുള്ള കാര്യത്തിന് വേണ്ട പൈസ ഇതിൽ എഴുതി എടുത്തുകൊള്ളുക. അടുത്ത മാസം മുതൽ ഒരു നിശ്ചിത തുക ഞാൻ അച്ചന് അയച്ചുകൊള്ളാം. കുഞ്ഞുങ്ങൾക്ക് ഒരു കുറവും വരുത്തരുത്” – അച്ചൻ്റെ കണ്ണുകൾ നിറഞ്ഞു. നീതുവിൻ്റെയും. അച്ചന് സ്തുതി പറഞ്ഞു, അനുഗ്രഹം വാങ്ങി അവർ തിരികെ പോയി.

രാത്രി ഭക്ഷണം കഴിഞ്ഞ് ചാരുകസേരയിൽ എന്തൊക്കെയോ ഓർത്തുകൊണ്ട് കിടക്കുന്ന ജോർജച്ചനെ തേടി പിന്നെയും ഒരു ഫോൺ കോൾ. നീതുവാണ്‌ മറുതലയ്ക്കൽ.

“അച്ചാ, ഞാൻ മോഷ്ടിച്ച ബാനർ അച്ചനു ഓർമ്മയുണ്ടോ?”
“ഉണ്ട്” – ഗദ്ഗദത്തോടെ അച്ചൻ.

“ഇത് അതിനുള്ള പരിഹാരമായി കൂട്ടിയാൽ മതി”

“നീ അതൊന്നും ഇനിയും മറന്നില്ലേ?”

“ഇല്ല, ആ ഇല്ലായ്മകളും നഷ്ടങ്ങളുമാണ് എന്നെ ഇന്നത്തെ ഞാനാക്കിയത്. അതൊന്നും മറക്കാനുള്ളതല്ല, മറക്കാതിരിക്കാനുള്ളതാണ്”

ഫോൺ വച്ച് അച്ചൻ ചിന്തയിലമർന്നു. ഏകദേശം 30 വർഷത്തോളമായി അതെല്ലാം സംഭവിച്ചിട്ട്. അപ്പൻ മദ്യപാനിയായ ഒരു കുടുംബത്തിലെ ഏറ്റവും ഇളയ കുട്ടിയായിരുന്നു നീതു. എട്ടാം ക്ലാസ്സിലാണ് അവൾ പഠിക്കുന്നത്. അമ്മ ജോലി ചെയ്തുകിട്ടുന്ന നാണയത്തുട്ടിൽ ബാലൻസ് ചെയ്യുന്ന ജീവിതം. ദാരിദ്ര്യം പലവിധത്തിലും തളർത്തിയ ഒരു കുടുംബം. എല്ലാ ദിവസവും അവൾ വി.കുർബ്ബാനയ്ക്ക് ഏറ്റവും മുന്പിലുണ്ടാകും. കൈ കൂപ്പി നിന്ന്, വളരെ ഉറക്കെ പ്രാർത്ഥനകൾ ചൊല്ലും, ഈണത്തിൽ പാട്ടുകൾ പാടും. അത് കാണുന്നത് തന്നെ ഒരു രസമായിരുന്നു. പലപ്പോഴും അവൾ പള്ളിയിൽ വന്നിരുന്നത് സ്‌കൂൾ യൂണിഫോം ധരിച്ചു കൊണ്ടായിരുന്നു. തിരുന്നാളുകൾക്കു പോലും യൂണിഫോം ധരിച്ച് അവൾ പള്ളിയിൽ വരുന്നത് ശ്രദ്ധിച്ചിട്ടുണ്ട്. മാറി ധരിക്കാൻ നല്ലവസ്ത്രം ഇല്ലാതിരുന്നതുകൊണ്ടാണ് അവളത് തന്നെ ധരിച്ചെത്തിയിരുന്നത്. സാധിക്കുന്ന സഹായമെല്ലാം അച്ചൻ അവർക്കായി പലപ്പോഴും ചെയ്തിട്ടുണ്ട്.

പലപ്പോഴും വേദപാഠകുട്ടികളും തിരുബാലസഖ്യം, മിഷൻലീഗ് സംഘടനക്കാരുടെ നേതൃത്വത്തിൽ പല ശുചീകരണപരിപാടികളും പള്ളിയങ്കണത്തിൽ ചെയ്യുമായിരുന്നു. ഒരിക്കൽ ഒരു തിരുനാൾ കഴിഞ്ഞ അവസരത്തിൽ ഇതുപോലുള്ള ഒരു ശുചീകരണ പരിപാടി നടക്കുകയാണ്. പള്ളിയിൽ കുറെ കുട്ടികളും ചെറുപ്പക്കാരും ഉണ്ട്. എല്ലാവരുംകൂടി തോരണങ്ങൾ അഴിക്കുകയും , മുറ്റമടിക്കുകയും, തറ തുടയ്ക്കുകയും ഒക്കെ ചെയ്യുന്നു. അതിനിടയിൽ നീതുവുമുണ്ട്. ജോർജച്ചൻ എല്ലാം നോക്കി നടത്തി മുന്പിലുണ്ട്. പെട്ടെന്നാണ് ഏതോ ക്‌ളാസ് മുറിയിൽ നിന്ന് ഉച്ചത്തിലുള്ള ശബ്ദം കേൾക്കുന്നത്. ആരോ വഴക്കു പറയുകയാണ്, ജോർജച്ചൻ അങ്ങോട്ട് ചെന്നു.

നീതുവിനെ വേദപാഠ അദ്ധ്യാപകൻ വഴക്കു പറയുകയാണ്. അവൾ താഴെനോക്കിനിന്നു കരയുന്നുണ്ട്. അച്ചൻ വേഗം ചെന്ന് കാര്യം തിരക്കി. പള്ളിയുടെ ചുറ്റിലുമായി കെട്ടിയിരുന്ന തുണിയുടെ ബാനറുകൾ അഴിച്ചെടുത്ത് മടക്കിവയ്ക്കുകയായിരുന്നു (അന്ന് ഫ്ലക്സ് ആയിവരുന്നേ ഉള്ളൂ). പുൽക്കൂട് ഉണ്ടാക്കുന്നതിനും വലിയ ആഴ്ചയിൽ ഗാഗുൽത്തായും യേശുവിനെ ഉയിർപ്പിക്കുന്ന ചടങ്ങിന് മലയുണ്ടാക്കാനുമൊക്കെ ആ ബാനറുകൾ ഉപയോഗിക്കുമായിരുന്നു. മടക്കിവച്ച ബാനറുകളിൽ, ഒന്ന് കാണുന്നില്ല എന്നും നീതു അതെടുത്ത് ബാഗിൽ ഒളിപ്പിച്ചു എന്നുമാണ് ആരോപണം. സംഗതി സത്യമാണെന്നു അച്ചന് ബോധ്യപ്പെട്ടു. ബാനർ മോഷ്ടിച്ച നീതുവിനോട് അച്ചന് ദേഷ്യം തോന്നി. അവളെ ശകാരിച്ചു വീട്ടിലേക്ക് പറഞ്ഞയച്ചു. “പോകുന്ന സമയം അവൾ എന്തൊക്കെയോ പറയാൻ ശ്രമിക്കുന്നുണ്ട്. പക്ഷെ ചുണ്ടുകളിൽ നിന്ന് ഒന്നും വീഴുന്നില്ല” അച്ചനത് കാര്യമാക്കാതെ ജോലി തുടർന്നു.

ഉച്ചകഴിഞ്ഞ് സൈക്കിളുമെടുത്ത് പുറത്തിറങ്ങിയപ്പോൾ നീതുവിൻ്റെ വീട് വരെ പോയേക്കാം എന്ന് തോന്നി. അച്ചൻ വീട്ടിലേക്ക് ചെന്നു. വർഷങ്ങളായിട്ട് പണി തീരാത്ത വീട്. വീടിനു മുന്നിൽ ‘പൂമ്പാറ്റ’ വായിച്ചുകൊണ്ട് നീതുവുണ്ട്. അച്ചനെ കണ്ടപാടെ അവൾ ഓടിയിറങ്ങി വന്നു. അച്ചനെ വീട്ടിലേക്ക് സ്വീകരിച്ചു. അവൾ അമ്മയെ വിളിച്ചു. അമ്മ വളരെ ഭവ്യതയോടെ വന്നു വിശേഷങ്ങൾ പങ്കുവച്ചു. അന്ന് പള്ളിയിൽ നടന്നതൊന്നും ‘അമ്മ അറിഞ്ഞിട്ടില്ല എന്ന് ജോർജച്ചനു മനസ്സിലായി. അച്ചനത് പറയുമോ എന്ന് നീതുവിന് നല്ല പേടിയുണ്ട്. അവളുടെ ഹൃദയം പടപടാ മിടിയ്ക്കാൻ തുടങ്ങി.

കട്ടൻ ചായ കുടിക്കുന്നതിനിടയിൽ അച്ചൻ നീതുവിൻ്റെ അമ്മയോട് കാര്യം പറഞ്ഞു. നീതു പിന്നെയും കരയാൻ തുടങ്ങി. അമ്മ ദേഷ്യത്തോടെ അവളോട് കയർക്കുന്നുണ്ട്. അച്ചൻ നീതുവിനെ വിളിച്ച് അടുത്തിരുത്തി. എന്നിട്ട് മോഷ്ടിക്കാൻ പാടില്ലെന്നും അത് ദുശ്ശീലമാണെന്നുമൊക്കെ ഉപദേശിക്കാൻ തുടങ്ങി. അവസാനം അച്ചൻ ചോദിച്ചു “നീ എന്തിനാണ് ആർക്കും വേണ്ടാത്ത, ഒരു വിലയും ഇല്ലാത്ത, ഉപയോഗിക്കാൻ പറ്റാത്ത ഈ പഴയ ബാനർ എടുത്തത്? നിനക്ക് അത് എന്തിനുവേണ്ടിയാണ്?” കാര്യമായ ഒരു ഉത്തരം അച്ചൻ പ്രതീക്ഷിച്ചില്ല എങ്കിലും അവളുടെ നിശബ്ദത അച്ചനെ പിന്നെയും ചോദിയ്ക്കാൻ പ്രേരിപ്പിച്ചു. അവളുടെ കണ്ണുകൾ കൂടുതൽ നിറയാനും, അവൾ കൂടുതൽ സങ്കടപ്പെടാനും തുടങ്ങി.

അച്ചൻ വളരെ ശാതമായി, സ്നേഹത്തിൻ്റെ സ്വരത്തിൽ അവളെ ആശ്വസിപ്പിച്ചുകൊണ്ടു പറഞ്ഞു. ‘എന്ത് ആവശ്യമായിരുന്നെങ്കിലും സാരമില്ല. നീ കാര്യം പറയൂ” അവൾ പിന്നെയും നിമിഷങ്ങളെടുത്തു കണ്ണ് തുടച്ച് കാര്യം പറയുവാൻ.

‘ബാനർ നന്നായി കഴുകിയെടുത്ത്, എഴുതിയ ഭാഗം ഉള്ളിലേക്ക് വച്ച് പെറ്റികോട്ട് അടിയ്ക്കാനായിരുന്നു. എനിക്ക് സ്‌കൂളിൽ പോകുമ്പോൾ ഇടാൻ പെറ്റിക്കോട്ട് ഇല്ല”

ജോർജച്ചൻ അസ്തപ്രജ്ഞനായി. ഇടിവെട്ടേറ്റതുപോലെ അച്ചൻ അവിടെ നിൽക്കുകയാണ്. നീതുവിൻ്റെ അമ്മ കരയുന്നുണ്ട്. നീതു കൂടുതലൊന്നും പറയാനില്ലാതെ നിൽക്കുകയാണ്. അന്നുതന്നെ നീതുവിന് വേണ്ട ഡ്രസ്സ് വാങ്ങുന്നതിനു അച്ചൻ വേണ്ടതെല്ലാം ചെയ്തു. ആ ഇടവക മാറിപ്പോയിട്ടും കുറെ കാലം അവളുടെ കാര്യങ്ങളിൽ അച്ചൻ വേണ്ടത്ര താല്പര്യമെടുത്തിരുന്നു.

നഷ്ടപ്പെട്ടുപോകുന്നതെല്ലാം കണ്ടെത്താനുള്ളതാണ്, കണ്ടെത്തുന്നതെല്ലാം വീണ്ടെടുക്കാനുള്ളതാണ്. ഇന്ന് നഷ്ടപ്പെട്ട യേശുവിനെ മറിയം ദേവാലയത്തിൽ കണ്ടെത്തുന്നു. വീണ്ടെടുക്കലിൻ്റെ ആദ്യഭാഗം എൻ്റെ നഷ്ടപ്പെടലുകളെ ഞാൻ തിരിച്ചറിയുകയെന്നതാണ്. ചിലതെല്ലാം നഷ്ടപ്പെടുന്നതിനു നമ്മൾ കാരണക്കാരാകണമെന്നില്ല. ചില നഷ്ടപ്പെടലുകൾ അനിവാര്യതയുമാണ്. നഷ്ടപ്പെടുമ്പോഴാണ് പലപ്പോഴും അതിൻ്റെ മൂല്യം നമുക്ക് മനസ്സിലാകുക. കൂടെ കൊണ്ട് നടക്കാനും പരിപാലിക്കാനും വളർത്താനുമായി ദൈവം തന്നവരെ നഷ്ടപ്പെടുത്താതിരിക്കാനും നമുക്ക് കടമയുണ്ട്.

പരി. അമ്മ, നഷ്ടപ്പെടലിൻ്റെ ആഴം അറിഞ്ഞവളാണ്. എന്നെന്നേക്കുമായി തനിക്ക് നഷ്ടപ്പെടാൻ ഉള്ളവനാണ് ക്രിസ്തുവെന്നു അവൾ അറിയുകയായിരുന്നു ഈ നഷ്ടപ്പെടലിലൂടെ. അതേ, ആരെയും നമുക്ക് എന്നെന്നേക്കുമായി ലഭിക്കുന്നില്ല. എല്ലാവരും ഏതാനും നാളുകൾ നമ്മുടെ കൂടെ യാത്ര ചെയ്യുന്നവർ.

നഷ്ടപ്പെട്ടവയെ, കണ്ടെത്തുന്നതും അവയെ വീണ്ടെടുക്കുന്നതും പുണ്യമാണ്. നഷ്ടപ്പെടുന്നത് തിരിച്ചറിയുന്നവർക്ക്, മറ്റൊരാൾക്കും ആ നഷ്ടങ്ങൾ ഉണ്ടാകരുതെന്ന് നിർബന്ധമുണ്ടാകും. നമുക്കാർക്കും ഈശോയെ നഷ്ടപ്പെടരുതെന്ന് മറിയതിനു നിര്ബന്ധമുള്ളതുപോലെ. നീതുവിന് നിർബന്ധമുള്ളതുപോലെ.

🖋Fr Sijo Kannampuzha OM – 9846105325

Advertisements

Categories: Inspirational

Tagged as:

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s