യൗസേപ്പിതാവിൽ വിളങ്ങി ശോഭിച്ച നാലു വിശുദ്ധ സുകൃതങ്ങൾ 

ജോസഫ് ചിന്തകൾ 309
യൗസേപ്പിതാവിൽ വിളങ്ങി ശോഭിച്ച നാലു വിശുദ്ധ സുകൃതങ്ങൾ
 
2011 ഒക്ടോബർ 23, അന്നൊരു മിഷൻ ഞായറാഴ്ച ആയിരുന്നു ദിവ്യകാരുണ്യ മിഷനറി സഭയിലെ റോയി മുളകുപാടം (1976-2011) എന്ന യുവ വൈദീകൻ പിതൃസന്നിധിയിലേക്ക് യാത്രയായ ദിനമാണ്. ദിവ്യകാരുണ്യത്തിൻ്റെ മുഖം തൻ്റെ പ്രേഷിത അജപാലന മേഖലകളിൽ പ്രത്യേകിച്ച് യുവമനസ്സുകളിൽ പതിപ്പിച്ചു നൽകാൻ അക്ഷീണം പ്രയ്നിച്ച അച്ചൻ ഈശോയുടെ സന്നിധിയിലേക്ക് യാത്രയായിട്ട് ഇന്നു പത്തു വർഷം തികയുന്നു. ഇന്നേ ദിനം റോയി അച്ചൻ 2010 നവംബർ ഒന്നിനു തൻ്റെ ഡയറിയിൽ കുറിച്ച ഒരു വാചകമാണ് ഇന്നത്തെ ജോസഫ് ചിന്തയുടെ വിഷയം. ആ വാക്കുകൾ ഇപ്രകാരമായിരുന്നു:
 
“വിശ്വാസത്തിൽ ശ്വാസമുണ്ട്
വിശ്വസ്തയിൽ സ്വസ്ഥതയുണ്ട്
വിശുദ്ധിയിൽ വിലയുണ്ട്
വിനയത്തിൽ വിനയില്ല.”
 
വിശുദ്ധ യൗസേപ്പിതാവിൽ വിളങ്ങി ശോഭിച്ചിരുന്ന നാലു വിശുദ്ധ സുകൃതങ്ങളായിരുന്നു വിശ്വാസവും വിശ്വസ്തതയും വിശുദ്ധിയും വിനിയവും. ഈ നാലു പുണ്യങ്ങൾ കൊണ്ട് ദൈവ പിതാവിൻ്റെ ഭൂമിയിലെ പ്രതിനിധിയായി യൗസേപ്പിതാവു തൻ്റെ കടമ നിറവേറ്റി. സ്വർഗ്ഗം അതിനു ആദരവും നൽകി.
 
ചങ്ങനാശ്ശേരി അതിരൂപതയിലെ വിശുദ്ധ യൗസേപ്പിതാവിൻ്റെ നാമധേയത്തിലുള്ള വെരൂർ ഇടവകാംഗമായ റോയി അച്ചൻ തൻ്റെ ജീവിതത്തിൽ യൗസേപ്പിതാവിൻ്റെ വിശ്വാസവും വിശ്വസ്തയും വിശുദ്ധിയും വിനയവും പകർത്താൻ പരിശ്രമിച്ചിരുന്നു.
 
ദൈവ വിശ്വാസം വിശ്വാസിക്കു പ്രാണവായുവാണ്. വിശ്വസ്തത അവരുടെ ജീവിതത്തിൽ ആന്തരിക സ്വസ്ഥത സമ്മാനിക്കും. വിശുദ്ധിക്ക് ഏത് കാലഘട്ടത്തിലും വിലയുണ്ട്, മൂല്യമുണ്ട്. വിനയത്തിൽ ഒരിക്കലും വിനയില്ല.
 
വിശ്വാസത്തിലും വിശ്വസ്തയിലും വിശുദ്ധിയിലും വിനയത്തിലും വളരാൻ റോയി അച്ചൻ്റെ മാതൃകയും യൗസേപ്പിതാവിൻ്റെ മദ്ധ്യസ്ഥതയും നമ്മെ സഹായിക്കട്ടെ
 
ഫാ. ജയ്സൺ കുന്നേൽ mcbs
Advertisements
Advertisements

Leave a comment