‘വെള്ളിനക്ഷത്രം’- 11
ജാഗ്രത! ഇരുളായി മാറിയേക്കാവുന്ന മങ്ങിയ വെളിച്ചം ഉള്ളിലുണ്ടോ?
ഫാ. ജിയോ കണ്ണൻകുളം സി.എം.ഐ പങ്കുവയ്ക്കുന്ന ക്രിസ്മസ് വിചിന്തനം
‘ക്രിസ്മസിനെ ധ്യാനിക്കുംതോറും നമ്മിൽ വളരേണ്ടത് വെളിച്ചമാണ്.’
ഏതൊരു യാത്രയിലെയും അവശ്യഘടകമാണ് വഴികളിൽ വെളിച്ചവും മിഴികളിൽ തെളിച്ചവും ഉണ്ടായിരിക്കുക എന്നത്. ഉണ്ണീശോയെ കാണുവാനുള്ള ആത്മീയയാത്രയിൽ ഈ ഘടകങ്ങൾ എത്രയോ പ്രധാനപ്പെട്ടവ തന്നെ. ഈ യാത്രയിൽ തിരുവചനം നൽകുന്ന ഉപദേശമിതാണ്. ‘നിന്നിലുള്ള വെളിച്ചം ഇരുളാകാതിരിക്കാൻ സൂക്ഷിച്ചുകൊള്ളുവിൻ’.
പുൽക്കൂട്ടിലേയ്ക്കുള്ള ഈ യാത്രയിൽ അനുദിനം വായിച്ചു ധ്യാനിക്കേണ്ട വചനമാണിത്. യാത്രയിലെ മായക്കാഴ്ചകൾക്കുമുന്നിൽ മനമുടക്കി നിന്നാൽ എത്തേണ്ടിടത്ത് എത്തുകയില്ലല്ലോ. തിളക്കമറ്റ വെള്ളിനക്ഷത്രം ആർക്കാണാവശ്യമുള്ളത്! ശോഭയറ്റ താരകത്തിന് എങ്ങനെയാണ് പുൽക്കൂട്ടിലേക്കുള്ള വഴികാട്ടിയാകുവാൻ കഴിയുന്നത്!
ക്രിസ്മസിനെ ധ്യാനിക്കുംതോറും നമ്മിൽ വളരേണ്ടത് വെളിച്ചമാണ്. നന്മയുടെ, കരുണയുടെ, സ്നേഹത്തിന്റെ വെളിച്ചം. കാരണം ഏറ്റവും ശുദ്ധമായ സ്നേഹത്തിന്റെയും കരുതലിന്റെയും പെരുന്നാളാണ് ക്രിസ്മസ്. എന്നിലെ വെള്ളിനക്ഷത്രചൈതന്യത്തെ വിലയിരുത്താൻ വചനം ഇന്നു നൽകുന്ന ചോദ്യം ഇതാണ്:
ഇരുളാകാൻ സാധ്യതയുള്ള ചില മങ്ങിയ വെളിച്ചങ്ങൾ എന്നിലുണ്ടോ? അൽപ്പം സ്വാർത്ഥതയിലേക്ക് മനസ്സു നീങ്ങിയാൽ, എന്നിലെ നന്മയുടെ വെളിച്ചം ഇരുളായി മാറും.അൽപ്പം അലസതയിലേക്ക് മനസ്സു നീങ്ങിയാൽ, എന്നിലെ പ്രാർത്ഥനാവേളകൾ ഇരുളായി മാറും. അൽപ്പം അധികാര, അഹങ്കാര ചിന്ത തലയ്ക്കു പിടിച്ചാൽ, എന്നിലെ ലാളിത്യവും വ്യക്തിത്വത്തിന്റെ മനോഹാരിതയും ഇരുളു നിറഞ്ഞതാകും.
അൽപ്പംകൂടി ധനമോഹത്തിൽ മനസ്സുടക്കിയാൽ, എന്നിലെ അധ്വാനശീലം മുഴുവൻ ആർത്തിയുടെ ഇരുളിലേക്ക് മറഞ്ഞുപോകും. വെറുപ്പിന്റെയും വാശിയുടെയും നിലയിലേക്ക് മനസ്സു പായും തോറും എന്നിലെ അനുഗ്രഹവഴികൾ ഇരുളുനിറഞ്ഞതാകും. കുറ്റാരോപണങ്ങളുടെയും കുറ്റപ്പെടുത്തലിന്റെയും വഴിയെ നാവു ചലിച്ചാൽ, നന്മകൊണ്ടു നിറയേണ്ട എന്റെ മനസും മനോഭാവങ്ങളും ഇരുളുനിറഞ്ഞതാകും. വെളിച്ചമേ, നയിച്ചാലും…
പുൽക്കൂട്
പുൽക്കൂടോളം എത്തിച്ചേരാനുള്ള ആത്മീയ ഒരുക്കം അനുഗൃഹീതമാകുന്നതിനായി, ഈ സുകൃതജപം നാവിലുണ്ടായിരിക്കട്ടെ: ‘ഉണ്ണീശോയേ എന്റെ ജീവിതത്തെ പുൽക്കൂടിനു യോജിച്ച നക്ഷത്രവെളിച്ചമാക്കി മാറ്റണമേ’.