Daily Saints, January 15 St. Paul the Hermit

⚜️⚜️⚜️ January 1️⃣5️⃣⚜️⚜️⚜️
ആദ്യ ക്രിസ്ത്യന്‍ സന്യാസിയായ വിശുദ്ധ പൗലോസ്
⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️

ക്രിസ്തുവിനേ പ്രതി, ഏകാന്ത വാസത്തിന്റേയും മരുഭൂമിയിലെ ജീവിതത്തിന്റെയും സകല ദുരിതങ്ങളും അനുഭവിച്ചുകൊണ്ട് പ്രാര്‍ഥനയിലൂടെ മുന്നേറിയ വിശുദ്ധ പൗലോസിന്‍റെ വിശ്വാസ തീക്ഷ്ണത ക്രൈസ്തവരായ നാമെല്ലാവര്‍ക്കും വലിയ ഒരു മാതൃകയാണ്. പ്രാര്‍ത്ഥനയുടെ ഏറ്റവും മഹത്തായ വക്താക്കളായ സന്യാസിമാരുടെ ജീവിതം ആദരിക്കപ്പെടേണ്ട ഒന്നാണ്. ആദ്യത്തെ ക്രിസ്ത്യന്‍ സന്യാസിയെന്നാണ് വിശുദ്ധ പൌലോസിനെ ദൈവശാസ്ത്ര പണ്ഡിതര്‍ വിളിക്കുന്നത്.

പലവിധ പ്രശ്നങ്ങളാലും, വിശ്വാസപരമായ ഭിന്നതയാലും തിരുസഭ കഷ്ടപ്പെട്ടമ്പോള്‍ സന്യസ്ഥരുടെ പ്രാര്‍ത്ഥനകളാണ് തിരുസഭയുടെ രക്ഷക്കെത്തിയിരുന്നത്. തിരുസഭയില്‍ ആശ്രമജീവിതത്തിനും, സന്യാസസഭകളുടെ രൂപീകരണത്തിനും കാരണമായത് വിശുദ്ധ പൌലോസ് ശ്ലീഹായേ പോലുള്ളവരുടെ മഹത്തായ വ്യക്തികളുടെ പ്രവര്‍ത്തനങ്ങള്‍ മൂലമാണ് എന്ന കാര്യത്തില്‍ തര്‍ക്കമില്ല. വിശുദ്ധനെ കുറിച്ച് ആത്മീയോന്നതി നല്‍കുന്ന ഒരു ഐതിഹ്യം സഭാരേഖകളില്‍ കാണാവുന്നതാണ്.

വാര്‍ദ്ധക്യ കാലഘട്ടത്തില്‍ വിശുദ്ധ ആന്‍റണി ദൈവീക പ്രേരണയാല്‍ വിശുദ്ധ പൗലോസിനെ സന്ദര്‍ശിക്കുവാന്‍ തീരുമാനിക്കുന്നു. ഇവര്‍ ഇതിനുമുന്‍പൊരിക്കലും കണ്ടിരുന്നില്ല. പക്ഷെ കണ്ടുമുട്ടിയപ്പോള്‍ പരിശുദ്ധാത്മാവിനാല്‍ നിറഞ്ഞു പരിചിതരെപ്പോലെ സുദീര്‍ഘമായി സംസാരിക്കുവാന്‍ ഇടയായി. വിശുദ്ധന് പതിവായി പകുതിയോളം അപ്പം ഭക്ഷണമായി കൊണ്ടു വന്നിരുന്ന വലിയ കാക്ക അന്ന് പതിവിനു വിപരീതമായി മുഴുവന്‍ അപ്പവും കൊണ്ട് വന്നു.

കാക്ക പറന്നുപോയതിനു ശേഷം വിശുദ്ധ പൌലോസ് വിശുദ്ധ ആന്‍റണിയോട് ഇങ്ങനെ പറയുകയുണ്ടായി, “നമുക്ക് ഭക്ഷണം കൊടുത്തയച്ചിരിക്കുന്ന ദൈവം എത്രമാത്രം നന്മയും കരുണയുള്ളവനുമാണെന്ന് നോക്കൂ, കഴിഞ്ഞ 60 വര്‍ഷമായി എല്ലാ ദിവസവും എനിക്ക് പകുതി അപ്പം മാത്രമാണ് കിട്ടികൊണ്ടിരുന്നത്, എന്നാല്‍ ഇന്ന് അങ്ങയുടെ വരവോടെ യേശു തന്റെ ദാസന്‍മാരുടെ ഭക്ഷണം ഇരട്ടിപ്പിച്ചിരിക്കുന്നു.”

രാത്രിമുഴുവനും അവര്‍ ദൈവത്തെ സ്തുതിച്ചു മഹത്വപ്പെടുത്തി. നേരം വെളുത്തപ്പോള്‍ വിശുദ്ധ പൗലോസ്, വിശുദ്ധ അന്തോണിയോട് തന്റെ ആസന്നമായ മരണത്തെ കുറിച്ചറിയിക്കുകയും, വിശുദ്ധ അത്തനാസിയൂസില്‍ നിന്നും തനിക്ക് ലഭിച്ച മേലങ്കി അണിയുവാനായി എടുത്ത് കൊടുക്കുവാന്‍ ആവശ്യപ്പെട്ടു. അപ്രകാരം ചെയ്ത വിശുദ്ധ അന്തോണി തിരികെ പോകാനിറങ്ങിയപ്പോള്‍ വിശുദ്ധ പൌലോസ് ശ്ലീഹാ അപ്പൊസ്തോലന്മാരാലും മാലാഖ വൃന്ദത്താലും ചുറ്റപ്പെട്ട് സ്വര്‍ഗ്ഗത്തിലേക്കെടുക്കപ്പെടുന്നതായി കണ്ടു.

376-ല്‍ വിശുദ്ധ ജെറോം എഴുതിയ “സന്യാസിയായ പൗലോസിന്റെ ജീവിതം” (The life of Paul the Hermit) എന്ന ഗ്രന്ഥത്തില്‍ വിശുദ്ധനെ കുറിച്ചുള്ള മറ്റ് നിരവധി അനുഭവകഥകളും കാണാവുന്നതാണ്.

ഇതര വിശുദ്ധര്‍
⚜️⚜️⚜️⚜️⚜️⚜️

1. ഫ്ലാന്‍റേഴ്സില്‍ കസ്രേയിലെ ബിഷപ്പായ എമെബെര്‍ട്ട്

2. സിറിയായില്‍ സന്യാസിയായ ഗ്രീക്കുകാരന്‍ അലക്സാണ്ടര്‍ അക്കിമെത്തെസ്

3. ഇംഗ്ലണ്ടില്‍ വച്ച് ഡെയിന്‍സു വധിച്ച ബ്ലെയിത്തു മായിക്കു

4. ക്ലെര്‍മോണ്ടിലെ ബിഷപ്പായ ബോണിന്തൂസ്

5. നോര്‍ത്തംബ്രിയായിലെ രാജാവായിരുന്ന ചെയോവുള്‍ഫ്

6. സര്‍ഡീനിയായിലെ എഫിസിയൂസ്
⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️

Advertisements

ഉണർന്നെഴുന്നേൽക്കുമ്പോൾ…

ഞാൻ കുത്തിമുറിവേൽപ്പിച്ച ചങ്കിലെന്നെത്തന്നെ കൊണ്ടുനടന്നു സ്നേഹിക്കുന്ന എന്റെ ഈശോയെ, താൻ ജീവൻ കൊടുത്ത് സ്നേഹിച്ചവരാൽ ഹൃദയത്തിൽ മരണവേദന ഏൽക്കേണ്ടിവന്നവരുടെ കൂട്ടത്തിൽ, നിന്നോളം വരില്ലെങ്കിലും, ഞാനും ചേരുകയാണ്… ഒത്തിരിപേരെയൊന്നും ഞാൻ സ്നേഹിച്ചിട്ടില്ല… പക്ഷെ, ആ കുറച്ചുപേർക്ക് ഒരുപാട് സ്നേഹം കൊടുത്തിട്ടുണ്ട് ഈശോയെ… എന്റെ ലോകം അവർ മാത്രമാണെന്നുവരെ തോന്നിപ്പോയിട്ടുണ്ട് ചിലപ്പോഴൊക്കെ… സ്വന്തം കാര്യം വരുമ്പോൾ കണ്ണുപൊട്ടുന്ന നുണകൾ പറഞ്ഞു പെട്ടെന്ന് തള്ളിപ്പറയാവുന്ന ഒരു സ്പേസിൽ ആയിരുന്നു ഞാൻ ചങ്കിൽ കൊണ്ട് നടന്നവർ എന്നെ സൂക്ഷിച്ചിരുന്നത് എന്നോർക്കുമ്പോൾ മനസ്സ് വല്ലാതെ പിടഞ്ഞുപോകുന്നു ഈശോയെ… തള്ളിപ്പറയുകയും ഒറ്റിക്കൊടുക്കുകയും ഒക്കെ ചെയ്യും എന്ന് നേരത്തെ അറിഞ്ഞിട്ടും അവരെയൊക്കെ അവസാനംവരെ സ്നേഹിച്ച നിനക്ക് മാത്രമേ ഒത്തിരി സ്നേഹം തിരിച്ചുപ്രതീക്ഷിച്ചു എല്ലാവരെയും സ്നേഹിച്ചു അവസാനം വഞ്ചിക്കപ്പെട്ട എന്റെ നൊമ്പരങ്ങൾ മനസ്സിലാവൂ… ഒരിക്കൽ വഞ്ചിക്കപ്പെട്ടപ്പോൾ ചങ്കുതന്നു കൂടെനിന്ന് ആശ്വസിപ്പിച്ചവർതന്നെ ഇപ്പോൾ എന്റെ ഹൃദയം വെട്ടിനുറുക്കി ശരീരത്തിന് വെളിയിലായുപേക്ഷിച്ചു പോകുമ്പോൾ സഹിക്കാനാവുന്നില്ല എന്റീശോയെ… മനസ്സിൽ വലിയൊരു ഭാരം ആരോ കയറ്റിവച്ചപോലൊരു തോന്നൽ… അവരെയൊക്കെ ജീവനായി സ്നേഹിച്ചതുകൊണ്ടു മനസ്സ് പറയുന്നുണ്ട് “ഈ വേദന ഞാൻ അർഹിക്കുന്നതല്ല” എന്ന്… അവർക്കായി ഞാൻ മാറ്റിവച്ച സമയവും ആരോഗ്യവും സമ്പത്തുമൊക്കെ നിനക്കായി ചിലവഴിച്ചിരുന്നേൽ എനിക്കിന്നിങ്ങനൊന്നും സംഭവിക്കില്ലായിരുന്നല്ലോ… കൊടുത്ത സ്നേഹം പലിശ സഹിതം തിരിച്ചു തരുന്ന ഒരേയൊരു ആൾ നീ മാത്രമാണ് എന്ന് ഞാൻ തിരിച്ചറിയാതെപോയി ഈശോയെ… നിന്നെ ഒറ്റുകൊടുത്ത വേദനയാൽ തൂങ്ങിമരിച്ചവന്റെ ശവമാടത്തിൽ നാല്പതു ദിവസംവരെ നീ മുടങ്ങാതെ സന്ദർശനം നടത്തിയ കഥ കേട്ടപ്പോൾ നിന്നെപ്പോലെ ഭൂമിയിലാർക്കും സ്നേഹിക്കാൻ അറിയില്ലെന്ന് മനസ്സിലായി… ഈശോയെ, ഇനി ആരാലും വഞ്ചിക്കപ്പെട്ടു വലിച്ചെറിയപ്പെടേണ്ട കറിവേപ്പിലപോലെ ആകാൻ എനിക്ക് വയ്യ… ഇത്രയും നാൾ നിനക്ക് തരേണ്ടിയിരുന്ന സ്നേഹത്തിന്റെ കടം ഇനിയെനിക്കുള്ള ചുരുങ്ങിയ നാളുകൾക്കുള്ളിൽ തന്നുമീട്ടുവാൻ ആഗ്രഹിക്കുകയാണ്… അതിനാൽ, അഗസ്തീനോസ് പുണ്യവാളൻ പ്രാർത്ഥിച്ചപോലെ ഞാനും പ്രാർത്ഥിക്കുകയാണ്: ഈശോയെ, “എന്റെ ഞരമ്പുകൾ തിരിയായി മാറുവാനും രക്തം എണ്ണയായി തീരാനും അങ്ങനെ ദൈവസ്നേഹത്താൽ കത്തിയെരിയാനും ഞാൻ ആഗ്രഹിക്കുന്നു”… ആമേൻ

Advertisements

Leave a comment